ഡാളസ്: കേരളത്തിന്റെ മുന്നോട്ടുള്ള പുരോഗതിയിൽ പ്രവാസികളായ മലയാളികളുടെ സംഭാവന വളരെ വലുതാണെന്ന് ഫ്രാൻസിസ് ജോർജ് എം.പി. ഡാളസ് മലയാളി അസോസിയേഷൻ (DMA) സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണം ശരിയായ രീതിയിൽ വിനിയോഗിക്കാൻ കൃത്യമായ പദ്ധതികൾ ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കുകളിൽ മൂന്ന് ലക്ഷം കോടി രൂപയോളം പ്രവാസികളുടെ നിക്ഷേപമായി കിടപ്പുണ്ട്. സർക്കാർ മറ്റ് ഉറവിടങ്ങളിൽ നിന്ന് ഉയർന്ന പലിശയ്ക്ക് കടമെടുക്കുന്നതിനേക്കാൾ ലാഭകരമായി, പ്രവാസികൾക്ക് ബാങ്ക് പലിശയേക്കാൾ ഒന്നുരണ്ട് ശതമാനം കൂടുതൽ നൽകുന്ന പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് ഈ തുക സംസ്ഥാനത്തിന്റെ വികസനത്തിന് ഉപയോഗിക്കാൻ കഴിയും.
ഇത് സർക്കാരിനും പ്രവാസികൾക്കും ഒരുപോലെ പ്രയോജനപ്പെടുമെന്നും കേരളത്തിന്റെ വികസനത്തിൽ പങ്കാളികളാകാൻ പ്രവാസികൾക്ക് ഇതിലൂടെ സാധിക്കുമെന്നും എം.പി കൂട്ടിച്ചേർത്തു.
പ്രളയകാലത്തും കോവിഡ് മഹാമാരിയുടെ സമയത്തും പ്രവാസി സഹോദരങ്ങൾ കയ്യും മെയ്യും മറന്ന് നടപ്പാക്കിയ കാരുണ്യ പ്രവർത്തനങ്ങളും സേവനങ്ങളും കേരള ജനതയ്ക്ക് ഒരിക്കലും മറക്കാനാവില്ല. വിദേശരാജ്യങ്ങളിൽ പ്രവാസികൾ ആർജിച്ച അറിവും പരിചയസമ്പത്തും നാട്ടിൽ പ്രയോജനപ്പെടുത്താനുള്ള അനുകൂല അന്തരീക്ഷവും അവസരവും ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും ഫ്രാൻസിസ് ജോർജ് എം.പി ഓർമിപ്പിച്ചു.
നമ്മുടെ പുതിയ തലമുറയെ നാടുമായി ബന്ധപ്പിച്ചു നിർത്താനും, പുതിയ സംരംഭങ്ങളിൽ പങ്കാളികളാക്കാനും, അവരെ നാട്ടിലേക്ക് അടുപ്പിക്കാനും മലയാളി അസോസിയേഷനുകൾക്ക് വലിയ പങ്കുണ്ട്. സംഘടനകൾക്ക് ഇത്തരം നല്ല കാര്യങ്ങൾ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും.
ലോകമെമ്പാടുമുള്ള മലയാളികളുടെ ദേശീയ ഉത്സവമായ ഓണനാളുകളിൽ സംഘടനാ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിക്കുകയാണെന്നും ഫ്രാൻസിസ് ജോർജ് എം.പി വ്യക്തമാക്കി.
മാർട്ടിൻ വിലങ്ങോലിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
