വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഡിമെന്‍ഷ്യയാണോയെന്ന് സംശയം ഉയര്‍ത്തി ചില റിപ്പോര്‍ട്ടുകള്‍. ചില സംഭവങ്ങളെ മുന്‍നിര്‍ത്തിയാണ് ട്രംപിന്റെ ആരോഗ്യം ക്ഷയിക്കുകയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയരുന്നത്. തന്റെ പിന്നിലുള്ള ആളുകളെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ തുടങ്ങിയ കാര്യങ്ങളെ മുന്‍നിര്‍ത്തി അയര്‍ലന്‍ഡ് മാധ്യമമായ 'ദി ഐറിഷ് സ്റ്റാര്‍' ആണ് കമാന്‍ഡര്‍-ഇന്‍-ചീഫിന് തന്റെ വൈജ്ഞാനിക ആരോഗ്യം അതിവേഗം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന ആശങ്ക പങ്കുച്ചുകൊണ്ടുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സംസാരിക്കുമ്പോള്‍ തൊട്ടുപിന്നിലിരിക്കുന്ന ആളിനെ തിരിച്ചറിയുന്നതിലെ ബുദ്ധിമുട്ട്, ട്രംപിന്റെ തന്നെ ബന്ധുക്കള്‍ ഉയര്‍ത്തുന്ന ആശങ്ക, വാക്കുകളില്‍ പലപ്പോഴും സംഭവിക്കുന്ന ഇടര്‍ച്ച എന്നിവയെല്ലാം ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്.
ട്രംപിന്റെ അനന്തരവള്‍ മേരി ട്രംപും തന്റെ അമ്മാവന്റെ മാനസികാരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. അദ്ദേഹത്തിന് വൈജ്ഞാനിക ആരോഗ്യം വേഗത്തില്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും ഓരോ ദിവസവും അത് നഷ്ടപ്പെടുന്നുവെന്നും അവര്‍ പറയുന്നു. ട്രംപിന്റെ മൂത്ത സഹോദരന്‍ ഫ്രെഡ് ട്രംപ് ജൂനിയറിന്റെ മകളായ മേരി, പ്രസിഡന്റ് വൈജ്ഞാനിക തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നും വ്യക്തമായി വൈകാരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ കാണിക്കുന്നുണ്ടെന്നും വ്യക്തമാക്കി. അമേരിക്കയിലെ വിഖ്യാത സൈക്കോളജിസ്റ്റാണ് ട്രംപ്.
കഴിഞ്ഞ ദിവസം സാങ്കേതിക രംഗത്തെ പ്രമുഖ ബ്രാന്‍ഡായ ആപ്പിള്‍ യുഎസില്‍ അധികമായി നൂറ് ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ട്രംപ് ഒരു വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഈ വമ്പന്‍ പദ്ധതിയുടെ പ്രഖ്യാപനം നടത്തുന്നതിനിടെ ട്രംപിന് വലിയൊരു അബദ്ധം പറ്റി. മാധ്യമ അഭിസംബോധനയ്ക്കിടെ സ്‌കോട്ട് ബെസന്റിനും ഹോവാര്‍ഡ് ലുട്‌നിക്കിനും നിങ്ങള്‍ എവിടെയായിരുന്നാലും നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉടന്‍തന്നെ ലുട്‌നിക്ക് ട്രംപിനെ വിളിച്ച് ഞാന്‍ നിങ്ങളുടെ തൊട്ടുപിന്നിലുണ്ടെന്ന് പറഞ്ഞു. ഓ, നിങ്ങളവിടെ ഉണ്ടോ എന്ന് ട്രംപ് ഉടന്‍ പ്രതികരിക്കുകയും ചെയ്തു. ഈ സംഭവം ഉടനടി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. മിനിറ്റുകള്‍ക്ക് മുന്‍പ് ഒരുമിച്ച് മുറിയിലേക്ക് വന്നത് അദ്ദേഹം ഇതിനകം തന്നെ മറന്നുപോയി എന്നായിരുന്നു ഒരരാളുടെ പ്രതികരണം. ഭൂമിയിലെ ഏറ്റവും ശക്തനായ മനുഷ്യന് സമനില തെറ്റിയിരിക്കുന്നു എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
ഇത് ആദ്യമായല്ല ട്രംപിന് ഇത്തരത്തില്‍ അബദ്ധം പിണയുന്നത്. കായികം, ഫിറ്റ്‌നസ്, പോഷകാഹാരം എന്നിവയ്ക്കായുള്ള കൗണ്‍സില്‍ വികസിപ്പിക്കുന്നതിനുള്ള എക്‌സിക്യുട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചപ്പോഴും ഓര്‍മക്കേടിന്റെ ലക്ഷണം അദ്ദേഹത്തില്‍ കാണാനുണ്ടായിരുന്നു. ഡബ്ല്യുഡബ്ല്യുഇ താരം ട്രിപ്പിള്‍ എച്ചിനെ പരിചയപ്പെടുത്തിയപ്പോള്‍, അദ്ദേഹം അവിടെത്തന്നെയുണ്ടായിരിക്കേ, സംസാരിക്കുമ്പോള്‍ ചുറ്റും പരതിക്കൊണ്ടിരുന്നു. ഇതിന് മുന്‍പ് ട്രംപിന്റെ വാക്കുകള്‍ ഇടറുകയും ചെയ്തിരുന്നു. അതെല്ലാം അദ്ദേഹത്തിന് വാര്‍ധക്യസഹജമായ മറവിയാണെന്ന് പലരും വിശ്വസിക്കാന്‍ കാരണമായി. ട്രംപിന്റെ ബൗദ്ധികാരോഗ്യം കഴിഞ്ഞ കുറച്ച് മാസമായി ചര്‍ച്ചാവിഷയമാണ്.
ട്രംപ് ഡിമെന്‍ഷ്യയുടെ പ്രാരംഭ ഘട്ടങ്ങളിലായിരിക്കാമെന്ന് സൂചിപ്പിക്കുന്ന നാല് ലക്ഷണങ്ങള്‍ കഴിഞ്ഞ ജൂലൈയില്‍ ഒരു വിദഗ്ധന്‍ കണ്ടെത്തിയതായി യുഎസ് എക്‌സ്പ്രസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രംപിന്റെ ചലനശേഷിയില്‍ ഇത് പ്രകടമാണെന്നും അദ്ദേഹം ആരോപിച്ചു. സമീപവര്‍ഷങ്ങളിലായി ട്രംപിന്റെ ശരീര ഏകോപനം അത്യധികം കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പടികള്‍ കയറുമ്പോഴടക്കം തട്ടിവീഴുന്നതും ഇദ്ദേഹം ചൂണ്ടിക്കാട്ടി. ട്രംപ് നടക്കുമ്പോള്‍ വലതുകാല്‍ അര്‍ധവൃത്താകൃതിയില്‍ ചുഴറ്റി നടക്കുന്നതും ഇതിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്