വാഷിംഗ്ടണിലെ ചൈനീസ് എംബസി വെള്ളിയാഴ്ച ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത അറിയിപ്പ് അനുസരിച്ച്, ജനുവരി 1 മുതല്‍, അമേരിക്കന്‍ വിനോദസഞ്ചാരികള്‍ക്ക് ഇനി മുതല്‍ മടക്കയാത്ര വിമാന ടിക്കറ്റുകള്‍, ഹോട്ടല്‍ റിസര്‍വേഷനുകളുടെ തെളിവുകള്‍, യാത്രാ പദ്ധതികള്‍ അല്ലെങ്കില്‍ ചൈനയിലേക്കുള്ള ക്ഷണങ്ങള്‍ എന്നിവ സമര്‍പ്പിക്കേണ്ടതില്ല.
ലളിതവല്‍ക്കരിച്ച അപേക്ഷാ പ്രക്രിയ 'ചൈനയ്ക്കും യുഎസിനും ഇടയില്‍ ആളുകള്‍ തമ്മിലുള്ള കൈമാറ്റം കൂടുതല്‍ സുഗമമാക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്' എന്ന് അറിയിപ്പില്‍ പറയുന്നു.
മൂന്ന് വര്‍ഷത്തെ കര്‍ശനമായ കോവിഡ് മഹാമാരി പ്രതിരോധ നടപടികള്‍ക്ക് ശേഷം ചൈന അതിന്റെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പാടുപെടുകയാണ്. ഈ വര്‍ഷമാദ്യം നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞെങ്കിലും അന്താരാഷ്ട്ര യാത്രക്കാര്‍ പഴയപോലെ മടങ്ങിയത്തിയിട്ടില്ല.
ഇമിഗ്രേഷന്‍ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 2023 ന്റെ ആദ്യ പകുതിയില്‍, ചൈനയില്‍ 8.4 ദശലക്ഷം വിദേശികളാണെത്തിയത്. കോവിഡിന് മുന്‍പ് 2019 ല്‍ ഇത് 977 ദശലക്ഷമായിരുന്നു.
ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, സ്‌പെയിന്‍, മലേഷ്യ എന്നിവിടങ്ങളിലെ പൗരന്മാര്‍ക്ക് 15 ദിവസം വരെ വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന് ചൈന കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ അമേരിക്കന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ വിജയിക്കുമോയെന്ന് കണ്ടറിയണം. ഉഭയകക്ഷി ഉടമ്പടി പ്രകാരം സജ്ജീകരിച്ചിരിക്കുന്ന ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള വിമാന സര്‍വീസുകള്‍, കോവിഡ് കാലത്തേതിനേക്കാള്‍ വളരെ താഴെയാണ്.
ബെയ്ജിംഗും വാഷിംഗ്ടണും തമ്മിലുള്ള ബന്ധം വഷളായപ്പോള്‍ കസ്റ്റഡിയിലെടുക്കാനുള്ള അപകടസാധ്യത ചൂണ്ടിക്കാട്ടി ചൈനയിലേക്കുള്ള യാത്ര പുനഃപരിശോധിക്കാന്‍ യുഎസ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പ് ഇതുവരെ പിന്‍വലിച്ചിട്ടില്ല.