അമേരിക്കന്‍ പൗരത്വം ലക്ഷ്യമിട്ടുള്ള പ്രസവ മാഫിയകള്‍ക്ക് പൂട്ടുവീഴുന്നു: 'ബര്‍ത്ത് ടൂറിസം' ഏജന്‍സികള്‍ക്കെതിരെ യുഎസ് പാര്‍ലമെന്ററി സമിതിയുടെ ക്രിമിനല്‍ അന്വേഷണം

JULY 18, 2026, 11:32 AM

വാഷിംഗ്ടണ്‍: വിദേശ പൗരന്മാര്‍ക്ക് അമേരിക്കയില്‍ എത്തി പ്രസവിക്കുന്നതിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് യുഎസ് പൗരത്വം ഉറപ്പാക്കിക്കൊടുക്കുന്ന 'ബര്‍ത്ത് ടൂറിസം' കമ്പനികള്‍ക്കെതിരെ ശക്തമായ നിയമനടപടിയുമായി യു.എസ് ജനപ്രതിനിധി സഭ. ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ ക്രിമിനല്‍ ഗൂഢാലോചനയുടെ പരിധിയില്‍ വരുമെന്നും ഇവര്‍ക്കെതിരെ കര്‍ശന അന്വേഷണം ആരംഭിച്ചതായും ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി ടാസ്‌ക് ഫോഴ്സ് അധ്യക്ഷന്‍ ബ്രാന്‍ഡന്‍ ഗില്‍ വ്യക്തമാക്കി.

നിലവിലെ യുഎസ് നിയമപ്രകാരം പൗരത്വം നേടുക എന്ന ലക്ഷ്യത്തോടെ മാത്രം രാജ്യത്തേക്ക് യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിദേശികളായ ഗര്‍ഭിണികള്‍ക്ക് വിസ അപേക്ഷകളിലും ഇമിഗ്രേഷന്‍ രേഖകളിലും തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ഈ ഏജന്‍സികള്‍ സഹായം നല്‍കുന്നുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ മിയാമി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബര്‍ത്ത് ടൂറിസം കമ്പനികള്‍ക്ക് സമിതി സമന്‍സ് അയച്ചിട്ടുണ്ട്.

യുഎസ് ഇമിഗ്രേഷന്‍ സംവിധാനത്തെയും ജനങ്ങളുടെ കാരുണ്യത്തെയും ചൂഷണം ചെയ്യുന്ന ഇത്തരം മാഫിയകള്‍ക്ക് അറുതി വരുത്തുകയാണ് ലക്ഷ്യമെന്ന് സമിതി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ, മെക്‌സിക്കോ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ടെക്‌സാസിലെ മിഷന്‍ റീജിയണല്‍ മെഡിക്കല്‍ സെന്റര്‍ സ്ഥാപിച്ച ഒരു പരസ്യബോര്‍ഡാണ് ഈ വിഷയത്തില്‍ വലിയ ജനരോഷത്തിന് കാരണമായത്.

മെക്‌സിക്കന്‍ പൗരന്മാരെ ലക്ഷ്യമിട്ട് സ്പാനിഷ് ഭാഷയില്‍ സ്ഥാപിച്ച ബോര്‍ഡില്‍ കുറഞ്ഞ നിരക്കില്‍ ടെക്‌സാസില്‍ പ്രസവ സൗകര്യം ലഭ്യമാക്കുമെന്ന വാഗ്ദാനവും അന്താരാഷ്ട്ര ഫോണ്‍ നമ്പറുകളും ഉള്‍പ്പെടുത്തിയിരുന്നു. ഈ വിവാദത്തെ തുടര്‍ന്ന് ടെക്‌സാസ് സംസ്ഥാന ഭരണകൂടവും ആശുപത്രിക്ക് എതിരെ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വയമേവ പൗരത്വം ലഭിക്കുന്ന 'ബര്‍ത്ത് റൈറ്റ് സിറ്റിസണ്‍ഷിപ്പ്' നിയമത്തില്‍ വ്യക്തത വരുത്താന്‍ പുതിയ നിയമനിര്‍മ്മാണത്തിന് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഒരുങ്ങുകയാണ്.

അനധികൃത കുടിയേറ്റത്തിലൂടെ എത്തുന്നവര്‍ ഈ ആനുകൂല്യം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയുള്ള ബില്ലാണ് പരിഗണനയിലുള്ളത്. എന്നാല്‍ ഈ പരസ്യ പ്രചാരണം തങ്ങളുടെ സേവനങ്ങളെ പരിചയപ്പെടുത്താന്‍ മാത്രമായിരുന്നെന്നും നിയമവിരുദ്ധമായ യാതൊരു പ്രവര്‍ത്തനത്തെയും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam