കണ്ണൂര്‍: പയ്യന്നൂര്‍ ഫണ്ട് വിവാദത്തില്‍ മുന്‍ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞിക്കൃഷ്ണന്റെ കണക്ക് ഇന്ന് പുറത്ത് വിടും. പയ്യന്നൂരിലെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട കണക്ക് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തന്റെ പുസ്തക പ്രകാശനത്തിന് മുന്‍പ് അത് അവതരിപ്പിക്കണമെന്ന കുഞ്ഞിക്കൃഷ്ണന്റെ ആവശ്യത്തോട് സി.പി.എം നേതൃത്വം മുഖംതിരിക്കുകയായിരുന്നു.
കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം ഇറങ്ങും മുന്‍പ് കണക്ക് പുറത്തുവിടാന്‍ മനസില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിരുന്നു. പുസ്തകത്തിലെ കാര്യം മനസിലാക്കി കണക്ക് അവതരിപ്പിക്കാനുള്ള ശ്രമമാണ് പാര്‍ട്ടി നടത്തുന്നതെന്ന കുഞ്ഞിക്കൃഷ്ണന്റെ ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
എന്നാല്‍, താന്‍ മാറിനിന്ന സമയത്ത് പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയില്‍ നേതൃത്വം ഒരു കണക്ക് അവതരിപ്പിച്ചിരുന്നെന്നും പാര്‍ട്ടിയെ രക്ഷിക്കാന്‍ ഈ കണക്ക് അംഗീകരിക്കണമെന്ന് അതില്‍ ജില്ലാ നേതാക്കള്‍ അഭ്യര്‍ഥിക്കുകയായിരുന്നെന്നും കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. യഥാര്‍ഥ കണക്കുണ്ടെങ്കില്‍, ദിവസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞിക്കൃഷ്ണന്‍ ആരോപണവുമായി രംഗത്തുവന്നപ്പോള്‍ തന്നെ പാര്‍ട്ടിക്ക് പുറത്തുവിടാമായിരുന്നു. പുസ്തകത്തിലെ കണക്കറിഞ്ഞശേഷമുള്ള പാര്‍ട്ടിയുടെ കണക്ക് 'കണക്കായിരിക്കും' എന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ കണക്കുകൂട്ടല്‍.
പാര്‍ട്ടി കണക്ക് പരസ്യമാക്കേണ്ടതില്ലെന്ന നിലപാടാണ് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് കൈക്കൊണ്ടത്. അതിനെതിരേ പാര്‍ട്ടിയില്‍നിന്നും പൊതുസമൂഹത്തില്‍ നിന്നും ശക്തമായ എതിര്‍പ്പുയര്‍ന്നതോടെയാണ് കണക്ക് പുറത്തുവിടുമെന്ന തിരുത്തുമായി സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്.
ഫണ്ടുവിവാദങ്ങളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുമായി കുഞ്ഞിക്കൃഷ്ണന്‍ എഴുതി പ്രസിദ്ധീകരിക്കുന്ന 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകുന്നേരം നാലരയ്ക്ക് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
