സി.പി.എം.ന് ഇപ്പോൾ രണ്ട് ടാസ്‌ക്കുകളുണ്ട്. ഒന്നാമതായി തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് അണികളോട് ന്യായീകരിക്കണം. 40 ചോദ്യങ്ങൾ അണികളോട് ചോദിച്ചുകൊണ്ട് തൽക്കാലം പിടിച്ചു നിൽക്കുകയാണവർ. രണ്ടാമതായി പ്രതിപക്ഷ നേതാവെന്ന നിലയിൽ പിണറായി വിജയനെ രാഷ്ട്രീയ ശത്രുക്കളിൽ നിന്നും ഇ.ഡി.പോലുള്ള കേന്ദ്ര ഏജൻസികളിൽ നിന്നും അമ്പുകളേൽക്കാതെ പൊതിഞ്ഞു സൂക്ഷിക്കണം. ഇന്ന് സംസ്ഥാനമൊട്ടാകെ ' പിണറായി സംരക്ഷണം' അണികളെകൊണ്ട് പാർട്ടി നടപ്പാക്കി. ഇക്കാര്യത്തിൽ എന്തായാലും മോദിയെ സ്തുതിക്കണം. പിണറായിക്കെതിരെയുള്ള എല്ലാ കരുനീക്കങ്ങളും ഇതോടെ സി.പി.എം ൽ നനഞ്ഞ പടക്കമായോ ? ഏതോ ക്രിയ നടത്തിയവനെ ചുമന്നവനും നാരുമെന്ന സ്ഥിതിയിലാകുമോ പാർട്ടി ?
കാസർകോട് മുതൽ പാറശ്ശാല വരെയുള്ള എല്ലാ ജില്ലാ കമ്മിറ്റികളും നിലവിലുള്ള പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഇ.ഡി. വന്ന് പിണറായിയുടെ വീട്ടിൽ വന്നു കയറിയത്. അതിന് തടയിടാൻ കഴിയാത്തവിധം പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പരിക്ഷീണിതനാണ്. ഗോവിന്ദന്റെ ഭാര്യയുടെ തളിപ്പറമ്പിലെ തോൽവി പാർട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിൽ ഗോവിന്ദ വിരുദ്ധരുടെ എണ്ണം കൂട്ടിക്കഴിഞ്ഞു. ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ട് തെരഞ്ഞെടുപ്പിൽ ജേതാക്കളായ കുഞ്ഞിക്കൃഷ്ണനും ടി.കെ. ഗോവിന്ദനും പിണറായിയല്ല, തങ്ങളുടെ ശത്രുവെന്ന് എം.എൽ.എ.മാർക്കായുള്ള സത്യപ്രതിജ്ഞാ വേളയിൽ പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ട്.
ഇന്ന് (ബുധൻ) രാവിലെ മാസപ്പടിക്കേസിൽ പിണറായിയുടെ വാടകവീട്ടിലും മകൾ വീണയുടെ ഫ്‌ളാറ്റിലും മുൻമന്ത്രി റിയാസിന്റെ കോഴിക്കോട്ടെ കോട്ടൂളിയിലെ വീട്ടിലുമടക്കം 12 കേന്ദ്രങ്ങളിൽ ഇ.ഡി. പരിശോധനയ്‌ക്കെത്തിയതും വീണയെ ചോദ്യം ചെയ്തതുമെല്ലാം വലിയ രാഷ്ട്രീയ കോലാഹലമുയർത്തിക്കഴിഞ്ഞു. സി.പി.എം.ന്റെ സോഷ്യൽ മീഡിയാ ഹാൻഡിലുകൾ റെയിഡ് രാഷ്ട്രീയ പകപോക്കലാണെന്നു ആരോപിച്ചു കഴിഞ്ഞിട്ടുണ്ട്.
എന്നാൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ, ബി.ജെ.പി. അണികൾ എന്തുകൊണ്ട് പിണറായിക്കും മകൾക്കുമെതിരെ കേസുകളുണ്ടായിട്ടും നടപടിയെടുക്കുന്നില്ലെന്ന് ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇ.ഡി. നടപടിക്കു മുതിർന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. മാത്രമല്ല, ബി.ജെ.പി.യുടെ മൂന്ന് എം.എൽ.ഏ.മാർ നിയമസഭയിലുള്ളപ്പോൾ അവർക്കും പിടിച്ചു നിന്നേ പറ്റൂ. ബി.ജെ.പി.യുമായി സി.പി.എം. ഡീൽ ഉണ്ടാക്കിയിട്ടുണ്ടെന്ന കോൺഗ്രസ് ആരോപണത്തിന്റെ മുനയൊടിക്കാൻ ഇന്ന് നടത്തിയ റെയ്ഡിലൂടെ കഴിയുമെന്ന് സംസ്ഥാന ബി.ജെ.പി. നേതൃത്വം കരുതുന്നു. സി.പി.എം. ആകട്ടേ കോൺഗ്രസ് ആർ.എസ്.എസ് ഡീലാണ് റെയ്‌ഡെന്ന് പറഞ്ഞു കഴിഞ്ഞു.
അണികളെ തെറ്റിദ്ധരിപ്പിക്കാനോ സമരം?
കേരളാ വാഴ്‌സിറ്റി തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ. ജയിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച (മേയ് 26) നടന്ന വിജയാഹ്ലാദറാലി പാളയത്തുവച്ച് കോൺഗ്രസുകാരുടെ ഫ്‌ളെക്‌സുകൾ നശിപ്പിക്കുന്ന അക്രമ ശൈലിയിലേക്ക് മാറിയത് കെ.എസ്.യു.ക്കാരെ ചൊടിപ്പിച്ചു. രാജ്യസഭാ എം.പി. എ.എ.റഹീം സ്ഥലത്തെത്തി എസ്.എഫ്.ഐ. കുട്ടികൾക്ക് സമരാഹ്വാനത്തിന്റെ 'കുപ്പിപ്പാൽ' കൊടുത്തതോടെ എസ്.എഫ്.ഐ. കുഞ്ഞുങ്ങൾക്ക് പിരിവെട്ടി. അവർ കൂടുതൽ അക്രമാസക്തരായി. അതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസുകാരെ എസ്.എഫ്.ഐ. ആക്രമിച്ചതും പ്രശ്‌നം വഷളാക്കി.
തിരുവനന്തപുരം മണ്ണന്തല സ്റ്റേഷനിലെ എസ്.എച്ച്.ഒ. അനൂപിന്റെ കൈ സമരക്കാർ തല്ലിയൊടിച്ചതോടെ പോലീസ് ലാത്തിവീശി. ചൊവ്വാഴ്ച എസ്.എഫ്.ഐ. നേതാക്കളിൽ ചിലർ കൈ ബാൻഡേജിട്ട പരുവത്തിലാണ് സമരത്തിനെത്തിയത്. ആ ബാൻഡേജിന്റെ രൂപം കാണുമ്പോൾ, അതൊരു ഉഡായിപ്പ് പരിപാടിയാണോയെന്ന് സംശയം തോന്നും. എന്തായാലും ജലപീരങ്കിക്കു മുമ്പിലേക്ക് പാവം പിള്ളേരെ തള്ളിവിട്ടശേഷം 'ഡബിൾ എ റഹീം' മുങ്ങിയെന്നാണ് നവമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
എന്തിനായിരുന്നു വാഴ്‌സിറ്റി തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടും എസ്.എഫ്.ഐ.ക്കാരെ സമരരംഗത്തേക്ക് പാർട്ടി നേതൃത്വം തള്ളിവിട്ടത്? വിവിധ ജില്ലാകമ്മിറ്റികളിൽ പാർട്ടി നേതൃത്വത്തിനെതിരെ ഉയരുന്ന പ്രതിഷേധം മാധ്യമങ്ങളിൽ ആളിപ്പടരുമ്പോൾ, അത് മറച്ചുവയ്ക്കാൻ ഇതല്ലാതെ മറ്റ് വഴിയില്ലെന്ന് ഏ.കെ.ജി. സെന്ററിലെ 'ചിന്താ പണ്ഡിതർ' കരുതിയിരിക്കാം.
ഭരണ സുതാര്യതയും സതീശനും...
ജനപക്ഷത്തിന്റെ പിന്തുണയാണ് വി.ഡി.സതീശനെ മുഖ്യമന്ത്രി പദത്തിലെത്തിച്ചത്. ജനത്തിനു മുമ്പിലും ഘടക കക്ഷികൾക്കു മുമ്പിലും ഭരണത്തിലെ സുതാര്യത ഉറപ്പ് വരുത്താൻ പുതിയ മുഖ്യമന്ത്രി കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രിയെ കണ്ടശേഷം സതീശൻ നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളുടെ ഒരു ചോദ്യത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറിയില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, ധനമന്ത്രി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകൾക്കു ശേഷം ഇങ്ങനെ മാധ്യമ പ്രവർത്തകർക്കു മുമ്പിൽ ഇരുന്നുകൊടുത്തിട്ടില്ലെന്ന് നമുക്കറിയാം. എന്നിട്ടും, ചോദ്യമുനകളിൽ കുടുക്കാൻ ചില രാഷ്ട്രീയ പത്രങ്ങളുടെ ലേഖകർ മുതിർന്നപ്പോൾ ആ നീക്കത്തെ ചിരിച്ചുകൊണ്ടാണ് സതീശൻ നേരിട്ടതെന്ന് ഓർമ്മിക്കണം.
കേരളത്തിന്റെ സ്വപ്ന പദ്ധതികൾക്ക് കേന്ദ്രം പിന്തുണ നൽകുമെന്ന പ്രതീക്ഷയാണ് സതീശൻ പ്രകടിപ്പിച്ചത്. ഒരു കാര്യം തീർച്ചയാണ്. കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരിൽ പലരും മുൻ മുഖ്യമന്ത്രിയുടെ കാല് തിരുമ്മി സ്വന്തം ലാവണത്തിൽ പിടിച്ചുനിന്നപ്പോൾ, സ്വന്തം ഔദ്യോഗിക ചുമതലകൾ നിറവേറ്റാൻ അവർക്ക് കഴിയാതെ പോയി.
കേന്ദ്രം അനുവദിച്ച പദ്ധതി വിഹിതങ്ങളുടെ യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് നൽകാതെ പോയതും, സപ്ലൈകോ പോലുള്ള സ്ഥാപനങ്ങളിൽ വർഷങ്ങളായി ഓഡിറ്റ് നടത്താത്തതുമെല്ലാം കേന്ദ്ര ഫണ്ടിന്റെ നിർബാധമായ ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്. സമയാസമയങ്ങളിൽ കേന്ദ്രത്തിൽ നിന്നുവരുന്ന ചോദ്യങ്ങൾക്ക് വിശദീകരണം നൽകാൻ പോലും പല വകുപ്പ് മേധാവികളും തയ്യാറായിരുന്നില്ല. ഒരർത്ഥത്തിൽ മുഖ്യമന്ത്രിക്കു ചുറ്റും കുറെ സ്തുതിപാഠകർ നടത്തിയ 'തിരുവാതിരകളി'യല്ലാതെ സംസ്ഥാനത്തിന്റെ പൊതുഭരണം പൂർണ്ണമായും ഇടത് ഭരണ കാലത്ത് നിശ്ചലമായിരുന്നുവെന്ന് പറയുന്നതാകും ശരി.
ഖജനാവിലുണ്ടേ ഒരാന മുട്ട!
കേരളത്തിന്റെ ഖജനാവിൽ ആവശ്യത്തിലേറെ പണം ശേഖരിച്ചുവച്ചിട്ടാണ് ഇടതുമുന്നണി അധികാരം വിട്ടിറങ്ങിയതെന്ന മുൻ ധനമന്ത്രി ബാലഗോപാലിന്റെ തള്ള് നവമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പേർ 'ഇമോജി' യിട്ട് ആഘോഷിച്ചത് കണ്ടു. ഏപ്രിൽ മാസത്തിൽ മാത്രം വരവിനേക്കാൾ 11,503 കോടി രൂപ ധൂർത്തടിച്ചിട്ടാണ് പഴയ ധനമന്ത്രി പടം മടക്കിയതെന്ന് കണക്കുകളുണ്ട്. മറ്റാരും പറഞ്ഞതല്ല. സംസ്ഥാനത്തിന്റെ ഓഡിറ്റർ ജനറൽ പുറത്തുവിട്ട കണക്കാണിത്.
ഖജനാവിലുള്ള 6000 കോടി രൂപയിൽ 4000 കോടിയും വാട്ടർ അതോറിറ്റിക്ക് നബാർഡ് നൽകിയ വായ്പയാണ്. മൊത്തം 9000 കോടിയാണ് വായ്പ. ഇതിൽ നിന്ന് ആദ്യ ഗഡുവായി 5000 കോടി കിട്ടി. നേരത്തെ കൃഷിവകുപ്പിന് ലഭിച്ച ലോകബാങ്ക് വായ്പ പോലും വക മാറ്റി പുട്ടടിക്കാൻ ഒരുങ്ങിയ കക്ഷിയാണ് പഴയ ധനമന്ത്രി. എന്നാൽ ലോകബാങ്ക് മീശ പിരിച്ചതോടെ പണം ഖജനാവിലേക്ക് തിരിച്ചടച്ചു. 5000 കോടി വാട്ടർ അതോറിറ്റിക്കായി നബാർഡ് നൽകിയിട്ടും അതിൽ 3000 കോടി മാത്രമേ അതോറിറ്റിക്ക് കൊടുത്തിട്ടുള്ളൂ. 1800 കോടി രൂപ വാട്ടർ അതോറിറ്റിയുടെ കരാറുകാർക്ക് കുടിശ്ശികയുണ്ട്. ആ കുടിശ്ശിക ഭാഗികമായെങ്കിലും തീർക്കാൻ വാട്ടർ അതോറിറ്റിയും ശ്രമിച്ചില്ല. കരാറുകാർ ഇനി എപ്പോൾ പണം കിട്ടുമെന്ന അങ്കലാപ്പിലാണ്. 29ന് 1800 കോടി രൂപ സംസ്ഥാന സർക്കാർ കടമെടുത്താൽ മാത്രമേ ശമ്പളവും പെൻഷനും നൽകാനാവൂ എന്ന അവസ്ഥയാണിപ്പോൾ.
മലയിടംതുരുത്തും മുനമ്പവും...
പണ്ട് നടൻ ജയറാം മകൻ കാളിദാസനോട് ചെറുപ്പ കാലത്ത് പറഞ്ഞ ഒരു കോമഡിയുണ്ട്. കേരളത്തിൽ മാത്രം ആർത്തുവളരുന്ന ഒരു മരമുണ്ട്. വാ പൊളിച്ചു നിന്ന കുഞ്ഞു കാളിദാസനോട് ജയറാം അന്നു പറഞ്ഞു: മോനേ, അതാണ് സമരം!''
വേണ്ടവിധം ഭരിക്കാൻ അറിയാത്ത ഇടതുമുന്നണി ഏതായാലും സമരങ്ങളുടെ പരമ്പരയുമായി വരുമെന്ന കാര്യം തീർച്ചയാണ്. യു.ഡി.എഫ്. ഭരണമേറ്റെടുത്ത് 48 മണിക്കൂർ തികയുന്നതിനു മുമ്പ് എറണാകുളം ജില്ലയിലെ മലയിടംതുരുത്തിലെ പരിയാത്തുകാവിൽ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനും പോലീസിനുമെതിരെ സി.പി.എം. സമരം ചെയ്യാനിറങ്ങിയത് കൗതുകമായി. ഇടതുഭരണ കാലത്ത് പതിനാല് തവണ കുടിയൊഴിപ്പിക്കാൻ ശ്രമമുണ്ടായിട്ടും പ്രശ്‌നം പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിക്കാത്തവർ പെട്ടെന്ന് സമരരംഗത്തിറങ്ങിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമേയുള്ളൂ. കുടിയിറക്കാനെത്തിയവരെ ചെറുക്കാൻ ആദ്യമെത്തിയത് മുൻ എം.എൽ.ഏയും, മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മരുമകനുമായ പി.വി.ശ്രീനിജനാണ്.
സമരത്തിന്റെ രണ്ടാം ദിവസത്തിൽ മുൻമന്ത്രി പി.രാജീവും രംഗത്തെത്തി. കോടതിയും കേസുമൊന്നും അറിയാത്തവരല്ല ഇരുവരും. ശ്രീനിജൻ വക്കീലാണ്. പി.രാജീവാകട്ടെ അഡ്വക്കേറ്റ് മാത്രമല്ല, മുൻ നിയമമന്ത്രി കൂടിയാണ്. എന്നിട്ടും ഒരു പ്രഹസനമെന്നോണം ഇരുവരും 8 ദളിത് കുടുംബങ്ങൾക്കൊപ്പം സമരത്തിനിറങ്ങിയത് തികഞ്ഞ കാപട്യമാണെന്നാണ് ജനത്തിന്റെ പരാതി.
മുനമ്പത്തെ 404 ഏക്കർ വരുന്ന ഭൂമി സംബന്ധിച്ച പ്രശ്‌നവും വഷളാക്കാൻ സി.പി.എം. ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നുണ്ട്. വഖഫ് ബോർഡംഗങ്ങളിൽ രണ്ടുപേർ സി.പി.എം. അംഗങ്ങളാണ്.
നിലവിലുള്ള വഖഫ് ബോർഡംഗങ്ങളെ നിയമിച്ചതും ഇടതുസർക്കാരാണ്. പിണറായി കാവൽ മുഖ്യമന്ത്രിയായിരിക്കെ ഏപ്രിൽ 26നാണ് മുനമ്പം ഭൂമി കേന്ദ്രസർക്കാരിന്റെ ഉമീദ് പോർട്ടലിൽ വഖഫ് ഭൂമിയായി രജിസ്റ്റർ ചെയ്തത്. ഈ നടപടി പൊതുവേ ദൂരുഹമെന്ന് സംശയിക്കപ്പെടുന്നുണ്ട്.
എങ്ങനെയും ജാതി സ്പർദ്ധ വളർത്താൻ ചില രാഷ്ട്രീയ പാർട്ടികളെങ്കിലും ശ്രമിക്കുന്നുണ്ടെന്ന കാര്യം തീർച്ചയാണ്. രാഷ്ട്രീയക്കാരുടെ ഈ നിഴൽ നാടകത്തിൽപെട്ടുപോകുന്നത് എവിടെയും പാവപ്പെട്ട ജനങ്ങളാണ്. നികുതിയടച്ച് കൈവശം വച്ചിരിക്കുന്ന ഭൂമി എങ്ങനെ വഖഫ് ഭൂമിയായി രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന ചോദ്യമുയർത്തിയിട്ടുണ്ട്. 'ഞങ്ങൾ രക്ഷിക്കാം' എന്ന് മുനമ്പത്തുകാരെ തെറ്റിദ്ധരിപ്പിച്ച എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ പാവങ്ങൾക്കു മുമ്പിൽ ഇനിയും കാപട്യം കാണിക്കരുതെന്നേ ജനത്തിനു പറയാനുള്ളൂ.
'അമ്മ'യും മക്കളും കുടുംബകലഹവും
മലയാള സിനിമാതാരങ്ങളുടെ 'അമ്മ' എന്ന സംഘടന ആ രംഗത്തെ ദുർബലരെയും രോഗികളെയും ചേർത്തുപിടിക്കുന്നതിൽ എക്കാലത്തും പല സംഘടനകൾക്കും മാതൃകയായിരുന്നു. മോഹൻലാലിനു പകരം പ്രസിഡന്റ് പദമേറ്റെടുത്ത ശ്വേത മേനോനും സെക്രട്ടറി പദത്തിലെത്തിയ കുക്കു പരമേശ്വരനും കൈകാര്യം ചെയ്യാൻ കഴിയാത്ത വിധം നടൻ ടിനി ടോമും നടി അൻസിബയും തമ്മിലുള്ള തർക്കം വളർന്നു കഴിഞ്ഞിട്ടുണ്ട്. അൻസിബ പോലീസിൽ പരാതി കൊടുത്തുകൊണ്ട് ടിനി ടോമിനെതിരെ കോടതി കയറാൻ ഒരുങ്ങുന്നു.
ഇതിനിടെ ഒരു ക്ഷേത്രത്തിന്റെ സ്‌പോൺസർഷിപ്പ് തുകയും വിവാദമായിട്ടുണ്ട്. സൂപ്പർ താരങ്ങൾ ഇതുവരെ ഈ തർക്കത്തിൽ ഇടപെട്ടിട്ടില്ല. തർക്കം തീർക്കാൻ അമ്മയുടെ ജനറൽ ബോഡി വിളിച്ചിട്ടുണ്ടെങ്കിലും പലരും പങ്കെടുക്കുമെന്ന് കരുതുക വയ്യ. കോടികൾ മറിയുന്ന സിനിമാരംഗത്ത് അംഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി 'അമ്മ' എന്നുമുണ്ടാകണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ട്. കൊച്ചി നഗരത്തെ ഒരു 'ഫിലിംസിറ്റി' എന്ന നിലയിൽ വളർത്തുമെന്ന് മുഖ്യമന്ത്രി തനിക്ക് ലഭിച്ച സ്വീകരണ മധ്യേ പറയുകയുണ്ടായി.
സിനിമാ നിർമ്മാണം വലിയ പ്രതിസന്ധി നേരിടുമ്പോൾ ഇത്തരം തർക്കങ്ങളും കേസുകളും ഒഴിവാക്കേണ്ടതല്ലേ? ഇപ്പോഴും ജാതിയോ മതമോ നോക്കാതെ എല്ലാവരും ഒന്നിച്ച് ജോലി ചെയ്യുന്ന സിനിമാ നിർമ്മാണ മേഖലയിൽ വർഗീയതയുടെ വിഷവിത്ത് വിതയ്ക്കാൻ ആരെയും അനുവദിക്കരുതേ.
ആന്റണിചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
