ഇടയ്ക്കിടയ്ക്ക് ഓടിയെത്തി ചറുപറാന്ന് കല്ലെറിയുന്ന കുസൃതിപ്പയ്യനെ പോലെ ഒരു മഴക്കാലം. വെയിൽ തെളിഞ്ഞു നിൽക്കുമ്പോഴും ചിലപ്പോൾ മഴയിൽ നനയുന്നുണ്ട് മലയാളി. യൂറോപ്പിൽ കാട്ടുതീയുടെ ചുവന്ന മേഘങ്ങളാണെങ്കിൽ, ഇവിടെ കേരളത്തിനു മുകളിൽ കുമ്പാര മേഘങ്ങളുടെ കുമ്മിയടിയാണ്.
കേരളത്തിലെ രാഷ്ട്രീയത്തിലും കാലാവസ്ഥയിലെ അപൂർവപ്രതിഭാസം ദൃശ്യമാണ്. പിണറായിക്കു മുകളിൽ കേന്ദ്ര കമ്മിറ്റി തൊടുത്തുവിട്ട ആരോപണങ്ങളുടെ തീമഴ. പാർട്ടിയിൽ പണ്ട് ഒപ്പം നിന്നവർ പലരും പിണറായിയെ ഇപ്പോൾ പഞ്ഞിക്കിടുന്നു. എം.വി.ഗോവിന്ദനാകട്ടെ, ഇതെല്ലാം ഞങ്ങൾ കൂടിയിരുന്ന് എഴുതിയൊപ്പിച്ച അഭിപ്രായങ്ങളല്ലേയെന്ന പുളുവടിച്ച് വളുവളാന്ന് വാർത്താസമ്മേളനത്തിൽ ഉളുപ്പില്ലാതെ ചിരിക്കുന്നു.
ഓണത്തിനുശേഷം മുണ്ട് മുറുക്കിയുടുക്കണമെന്ന പഴയ 'ബനാന ചൊല്ല്' ധനവകുപ്പ് മാറ്റിപ്പറഞ്ഞു കഴിഞ്ഞു. അനാവശ്യമായ ചെലവുകൾ ഒഴിവാക്കണമെന്ന് ധനവകുപ്പിന്റെ വക മുന്നറിയിപ്പുമുണ്ട്. ഇങ്ങനെയെല്ലാമാണെങ്കിലും പുതിയ സർക്കാർ ക്ഷേമപെൻഷനെല്ലാം കൃത്യമായി നൽകിക്കഴിഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് 26നാണ് തിരുവോണം. സർക്കാർ ജീവനക്കാർക്ക് ശമ്പളവും ബോണസും നൽകണം. ഇതിനകം 10,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കടമെടുത്തിട്ടുണ്ട്.
പതിനാറാം ധനകാര്യ കമ്മീഷൻ കേരളത്തിനായി മറ്റൊരു കെണിയൊരുക്കിയിട്ടുണ്ട്. സെൻസസിനെ ആധാരമാക്കി കേരളത്തിലെ ഗ്രാമങ്ങളെ പട്ടണങ്ങളായി പുനർനിർവചിച്ചിരിക്കുകയാണ് കേന്ദ്രം. ഇതുമൂലം നിലവിൽ കേരളത്തിലെ പല പഞ്ചായത്തുകൾക്കും 'റൂറൽ' എന്ന ലേബലിൽ പ്ലാൻ വിഹിതം ലഭിക്കില്ലെന്നതാണ് പുതിയ പ്രതിസന്ധി.
എല്ലാവരും കൊതിക്കുന്നുണ്ട് പിണറായി 'ഫ്രൈ'
സി.പി.എമ്മിൽ ചിലരെങ്കിലും 'പിണറായി ഫ്രൈ' കൊതിക്കുന്നുണ്ട്. പാർട്ടിയിൽ പുതിയ 'കർമ്മപദ്ധതി' നടപ്പാക്കണമെങ്കിൽ പിണറായിക്ക് മണികെട്ടിയേ പറ്റൂ എന്ന് ചില നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും പറയുന്നു. ബന്ധം കൊണ്ട് ചിറ്റപ്പനായ ഇ.പി.സഖാവ് പോലും ചൊവ്വാഴ്ച പിണറായിയെ പാർട്ടി ഫോറങ്ങളിൽ വിമർശിച്ചതായി മാധ്യമങ്ങളോട് ഏറ്റുപറയുകയുണ്ടായി.
കിഫ്ബിയുടെ തലതൊട്ടപ്പൻ ഡോ. തോമസ് ഐസക്കാകട്ടെ പയ്യന്നൂരിലെ പാർട്ടിഫണ്ട് വിവാദത്തിൽ ചില നേതാക്കളുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാകേഷ് പാർട്ടിക്കാരുടെ കുടുംബസംഗമത്തിൽ 'ഫണ്ട് കണക്ക്' വിശദമാക്കാമെന്ന് പറഞ്ഞിരുന്നതും, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ 'രക്തസാക്ഷി ഫണ്ടി' ന്റെ കണക്ക് പറയേണ്ട സമയത്ത് പറയുമെന്ന് മാധ്യമങ്ങൾക്കു മുമ്പിൽ വീമ്പടിച്ചതും ഐസക്ക് സഖാവ് പരോക്ഷമായി ഓർമ്മിപ്പിക്കുകയുണ്ടായി. ഒടുവിൽ സഖാവിന്റെ ചോദ്യം ''എന്തിന് രക്തസാക്ഷി ഫണ്ടിന്റെ കാര്യം പുറത്തു പറയാതിരിക്കണം'' എന്നായിരുന്നു.
കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനറിപ്പോർട്ട് പാർട്ടിയുടെ വെബ്‌സൈറ്റിൽ വന്നു കഴിഞ്ഞു. ഭരണവിരുദ്ധ വികാരമുണ്ടായിരുന്നു. ഭൂരിപക്ഷ പ്രീണനം നടത്തി, പിണറായിയിൽ മാത്രം പ്രചരണം കേന്ദ്രീകരിച്ചത് വിനയായി, ജനക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ വീഴ്ചയും കാലതാമസവുമുണ്ടായി, പാർട്ടിയുടെ മതേതര സ്വഭാവം കളഞ്ഞുകുളിച്ചു.
പി.എം.ശ്രീയിൽ തെറ്റായ നിലപാടെടുത്തു, സംസ്ഥാന പാർട്ടി നേതൃത്വത്തിന് സർക്കാരിനെ നിയന്ത്രിക്കാനായില്ല തുടങ്ങിയ ആരോപണ മിസൈലുകളെല്ലാം ചെന്നു തറയ്ക്കുന്നത് പിണറായി-ഗോവിന്ദൻ കൂട്ടുകെട്ടിനു നേരെയാണ്. ചൊവ്വാഴ്ചത്തെ (ജൂലൈ 28) വാർത്താ സമ്മേളനത്തിൽ എം.വി.ഗോവിന്ദന്റെ വോൾട്ടേജില്ലാത്ത ചിരി കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിന്റെ മൂർച്ച കുറയ്ക്കാൻ പ്രയോജനപ്പെട്ടതുമില്ല
മുഖ്യമന്ത്രി സതീശന് ഒരു നെടുങ്കൻ സല്യൂട്ട്
ബുധനാഴ്ചത്തെ (ജൂലൈ 29) മന്ത്രിസഭാ തീരുമാനങ്ങൾ സംസ്ഥാന സർക്കാർ പ്രയോജനപ്പെടുത്താൻ പോകുന്ന ഡിജിറ്റൽ സാങ്കേതികവിദ്യകളെപ്പറ്റിയുള്ള സൂചനയായി മാറി. സർക്കാരിന്റെ എല്ലാ ആസ്തികളും കൃത്യമായി രേഖപ്പെടുത്താൻ ഒരു ഡിജിറ്റൽ 'ഇൻഫ്രാസ്ട്രക്ച്ചർ' സർക്കാർ, രൂപപ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നാം കൈവരിക്കാൻ പോകുന്ന വലിയ നേട്ടം തന്നെയാണ്.
മാത്രമല്ല, സർക്കാർ പദ്ധതികളുടെ പ്രൊജക്ട് രജിസ്റ്റർ, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി, ഒരേ സ്വഭാവമുള്ള സ്ഥാപനങ്ങളെ സംയോജിപ്പിക്കൽ, പദ്ധതികൾ പൂർത്തിയായിട്ടും വെറുതെ ശമ്പളം നൽകേണ്ടിവരുന്ന അവസ്ഥ (ഉദാഹരണം: പെരിയാർവാലി കനാൽ പ്രൊജക്ട്) വകുപ്പ് സെക്രട്ടറിമാർ ഉൾപ്പെടുന്ന പദ്ധതി നിരീക്ഷണ എംപവേർഡ് കമ്മിറ്റി എന്നിവയെല്ലാം മലയാളികൾക്ക് പുതുപ്രതിക്ഷ നൽകുന്നുണ്ട്. 591 സ്ഥാപനങ്ങളിലെ സർക്കാർ ജീവനക്കാർക്കായി പ്രതിമാസം 19,000 കോടി രൂപ ശമ്പളമായി നൽകുമ്പോൾ ഇത്തരമൊരു നിരീക്ഷണം അനിവാര്യമാണ്.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഒരു തരത്തിൽ ചില മാധ്യമ പ്രവർത്തകർക്കുള്ള സ്റ്റഡി ക്ലാസായി മാറി. ടി.ജി. മോഹൻദാസിന്റെ സ്ത്രീവിരുദ്ധ പരാമർശം പോലും, മുഖ്യമന്ത്രി ന്യായീകരിച്ചത്. ആ വന്ദ്യവയോധിക നേതാവിനെ തള്ളിപ്പറഞ്ഞ സംസ്ഥാന ബി.ജെ.പി.ക്ക് തിരിച്ചടിയായി. കുണ്ടറയിലെ പൊലീസ് അതിക്രമവും ഒരു വ്യാജവാർത്തയാണെന്ന് മുഖ്യമന്ത്രി തെളിവുകൾ നൽകി ചൂണ്ടിക്കാണിച്ചു. എം.ആർ. അജിത് കുമാറിനെതിരെ നടപടിയെടുക്കാൻ വൈകിയെന്ന മാധ്യമപ്രചാരണത്തെയും മുഖ്യമന്ത്രി ഖണ്ഡിച്ചു.
ചൊവ്വാഴ്ചയാണ് ഏഷ്യാനെറ്റ് ന്യൂസിൽ വിലക്കയറ്റത്തെക്കുറിച്ചുള്ള വാർത്ത വന്നത്. സർക്കാർ വിപണിയിൽ ഇടപെടുന്നില്ലെന്ന ചില പാർട്ടി പത്രങ്ങളുടെ ആരോപണം രണ്ട് മാസത്തിനുള്ളിൽ സപ്ലൈകോയ്ക്ക് 448 കോടി രൂപ അനുവദിച്ച ധനവകുപ്പിന്റെ ഉത്തരവ് ഉദ്ധരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി നേരിട്ടത്. 16 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് വിതരണത്തിനായി സർക്കാർ 854 കോടി രൂപ അനുവദിച്ച കാര്യവും മുഖ്യമന്ത്രി വാർത്താലേഖകരെ അനുസ്മരിപ്പിച്ചു. ലേബർ കോഡിന്റെ പേരിലും തൊഴിലാളിപ്പാർട്ടിയുടെ പത്രത്തിന്റെ ലേഖകൻ ചോദ്യമുയർത്തിയത് വിചിത്രമായി.
ലേബർ കോഡ് കേന്ദ്രം നടപ്പാക്കിയതിനോടൊപ്പം കേരളത്തിലെ മൂന്ന് ലേബർ കോടതികളെ വന്ധ്യംകരിച്ചത് ഇടതുസർക്കാരാണ്. ഈ കോടതികളിലെ 300ഓളം കേസുകളെ സംബന്ധിച്ചും അന്നത്തെ ഇടതുസർക്കാർ മൗനം പാലിക്കുകയായിരുന്നു. നിലവിൽ സംസ്ഥാനത്ത് ഒരു ലേബർ നിയമവും പ്രാബല്യത്തിലില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കേന്ദ്ര നിയമങ്ങളിലെ തൊഴിലാളി വിരുദ്ധ നിർദ്ദേശങ്ങളെക്കുറിച്ച് ട്രേഡ് യൂണിയനുകളുമായി മുഖ്യമന്ത്രി ചർച്ച നടത്തുന്നുമുണ്ട്.
വഖഫ് ബോർഡിന്റെ പ്രശ്‌നത്തിലും ഇടതു സർക്കാരിന്റെ ഒളിച്ചുകളി മുഖ്യമന്ത്രി കോടതിവിധികളുടെ പശ്ചാത്തലത്തിൽ വിവരിച്ചതും പാർട്ടിയുടെ ആസ്ഥാന ലേഖകർക്ക് തലവേദനയായി.
വില്ലൻ അജിത്തും ഹീറോ അജിത്തും
പൊലീസിൽ രണ്ട് സംഘടനകൾ മതിയെന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ നിലപാടിന്റെ വക്താവായിരുന്നു അന്നത്തെ പൊലീസ് സംഘടനയുടെ തലപ്പത്തുണ്ടായിരുന്ന ജി.ആർ. അജിത്ത്. ഇടതു സർക്കാർ ഈ അജിത്തിനെ തേരാപാരാ ട്രാൻസ്ഫർ നൽകിയും, സോളാർ കേസിൽ പെടുത്തിയും നിരന്തരം ദ്രോഹിച്ചത് ഇപ്പോൾ സസ്‌പെൻഷനിൽ കഴിയുന്ന എം.ആർ.അജിത് കുമാറിന്റെ നേതൃത്വത്തിലാണെന്ന ആരോപണമുണ്ട്.
ജി.ആർ. അജിത്ത് പ്രസിഡന്റായി ഒരു പൊലീസ് സഹകരണ സൊസൈറ്റി തലസ്ഥാനത്തുണ്ട്. അജിത്ത് അധികാരമേൽക്കുമ്പോൾ 40 കോടിയായിരുന്നു സൊസൈറ്റിയുടെ ആസ്തി. ഇപ്പോൾ അത് 400 കോടി രൂപയാണ്. ഈ സൊസൈറ്റി പാർട്ടിയുടെ വരുതിയിലാക്കാൻ ഇടതുഭരണം പല അടവുകളും പയറ്റിയെങ്കിലും നടന്നില്ല. സ്‌കൂൾ വർഷാരംഭത്തിൽ സൊസൈറ്റിയുടെ 'സ്‌കൂൾ ചന്ത' യിലെ വിലക്കുറവ് അന്നും ഇന്നും തലസ്ഥാനത്തുള്ള സാധാരണ ജനങ്ങൾക്ക് ആശ്വാസമാണ്. എല്ലാ സാധനങ്ങളും വൻ വിലക്കുറവിൽ നൽകുന്ന സൂപ്പർമാർക്കറ്റും, മരുന്നുകൾക്ക് ന്യായവില മാത്രം ഈടാക്കുന്ന മെഡിക്കൽ സ്റ്റോറുമെല്ലാം ലഭ്യമാകുന്നത് പൊതുജനത്തിന് വലിയ ആശ്വാസമാണ്.
പണ്ട് സി.പി.എം. നിയന്ത്രിച്ചിരുന്ന പൊലീസ് സംഘടനകൾ രണ്ടായി ചുരുങ്ങിയതോടെ യു.ഡി.എഫ്. ഭരണത്തിൽ പൊലീസ് കുറേക്കൂടി സ്വതന്ത്രമാകാൻ പോകുകയാണ്. എങ്കിലും ചുവപ്പും കാവിയുമെല്ലാമുള്ളവർ ഈ കാക്കിപ്പടയിലുണ്ടെന്ന കാര്യം മന്ത്രി രമേശ് ചെന്നിത്തല മറക്കരുത്. പൊലീസ് മേധാവികളെ പോലും 'ചെവിക്ക് പിടിച്ചിരുന്ന' യൂണിയൻ നേതാക്കളുടെ കാലം കഴിഞ്ഞല്ലോയെന്നാണ് ജനം ഇപ്പോൾ ആശ്വസിക്കുന്നത്.
എല്ലാം കൂട്ടണം, കൂട്ടണം എന്നു നിലവിളിക്കുമ്പോൾ
പഞ്ചായത്തുകൾക്കുള്ള പ്ലാൻ ഫണ്ട്, പട്ടികജാതി/വർഗക്കാർക്കുള്ള ഫണ്ട് വിഹിതം, ആശമാരുടെ ശമ്പളം അങ്ങനെ ഉടനടി എല്ലാം വർദ്ധിപ്പിക്കണമെന്നു പുതിയ പ്രതിപക്ഷ നേതാവും ഇടതു തൊഴിലാളി യൂണിയനുകളും തൊള്ള തുറക്കുമ്പോൾ നാം ചിരിക്കണോ കരയണോ?
ആശമാർക്ക് 100 രൂപയെങ്കിലും കൂട്ടിയാൽ ഞങ്ങൾ സമരം നിർത്താമെന്ന് ഇടതു സർക്കാരിനെ അറിയിച്ചിട്ടും, അവരെ പരിഹസിച്ച യൂണിയൻ നേതാക്കൾ ഇപ്പോൾ പറയുന്നത് കേട്ടോ.
ആശമാർക്ക് 26,000 രൂപ പ്രതിമാസ ശമ്പളം നൽകണമെന്നാണ് സി.ഐ.ടി.യു.വിന്റെ പുതിയ ഡിമാൻഡ്.ഇനി പഞ്ചായത്തുകൾക്കുള്ള ഫണ്ട് വിഹിതത്തിന്റെ കാര്യം. ഇടതുസർക്കാരിന്റെ കാലത്ത് കൊടുക്കാതിരുന്ന തദ്ദേശ സ്ഥാപനങ്ങളുടെ ആദ്യ ഗഡു ഈ സർക്കാർ കൊടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. പ്ലാൻ ഫണ്ട് പാസാക്കി, പിറ്റേന്ന് ട്രഷറി പൂട്ടിയ വിദ്വാൻമാരാണ് ഇപ്പോൾ പഞ്ചായത്തുകൾക്കുള്ള ഫണ്ട് വിഹിതം വൈകുന്നതിനെക്കുറിച്ച് നിലവിളിക്കുന്നത്!
അക്ഷരങ്ങൾക്കു പകരം രാസലഹരി
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലുള്ള ബി.ആർ.സി.യിലെ മൂന്ന് അധ്യാപികമാരെ മയക്കുമരുന്നു കേസുകളിൽ അറസ്റ്റ് ചെയ്ത വാർത്ത നമ്മെ ഞെട്ടിക്കുന്നു. കേരളത്തിലെ 'അണ്ടർ വേൾഡി' ന് പാലും തേനും നൽകി വളർത്തിയ ആഭ്യന്തര വകുപ്പിനെപ്പറ്റി എന്തേ മാധ്യമങ്ങൾ ഇപ്പോൾ മിണ്ടുന്നില്ല? പിരിച്ചുവിട്ട അധ്യാപികമാരായ കാവ്യയും കീർത്തനയും വിവാഹമോചിതരാണെന്നത് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിലെ അക്ഷരത്തെറ്റുകളായി തന്നെ കാണണം.
കേരളത്തിൽ ഇന്ന് (ബുധൻ) പ്രഭാതത്തിലെ ഏഷ്യാനെറ്റ് വാർത്തകളെല്ലാം തന്നെ ക്രൈം സ്വഭാവമുള്ളവയായിരുന്നു. കാക്കനാട്ട് ആയോധന കലയിൽ മിടുക്കനായ ഗുണ്ടയുടെ നേതൃത്വത്തിൽ നടന്ന ആക്രമണം, ബിവറേജസ് കോർപ്പറേഷന്റെ സ്റ്റോറിനു മുമ്പിലെ ക്യൂവിൽ നിന്നിരുന്നവർ ഒരു മധ്യവയസ്‌ക്കനെ ചവിട്ടിക്കൂട്ടിയ സംഭവം തുടങ്ങി എല്ലാ വാർത്തകളും പൊലീസിന്റെ ക്രമസമാധാനം 'അക്രമസമാധാന' മായി വളർന്നതിനുള്ള ഉദാഹരണമല്ലേ?
നിരപരാധികൾ ഇങ്ങനെ പരുക്കേറ്റ് മൃതപ്രായരായി കിടക്കുമ്പോൾ, പരാതി കിട്ടാത്തതുകൊണ്ട് കേസെടുത്തില്ലെന്നു പറയുന്ന പഴയ 'പിണറായി പൊലീസി' ന്റെ പ്രേതരൂപങ്ങൾ ഇപ്പോഴും പൊലീസ് സ്റ്റേഷനുകൾ ഭരിക്കുന്നുണ്ടെന്നല്ലേ ജനം കരുതേണ്ടത്?
ആന്റണിചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
