ജസ്റ്റിസ് ബി.ആര്‍ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. മെയ് 14-ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുക്കും എന്ന് ഉറപ്പായി. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മെയ് 13-ന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും വിരമിക്കും. ജസ്റ്റിസ് ഖന്ന തന്നെ ജസ്റ്റിസ് ഗവായിയെ പിന്‍ഗാമിയായി ശുപാര്‍ശ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആരാണ് ബിആര്‍ ഗവായ്
ദളിത് വിഭാഗത്തില്‍ നിന്നും ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ഭൂഷണ്‍ രാമകൃഷ്ണ ഗവായി എന്ന ബി.ആര്‍ ഗവായി. മലയാളിയായ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാഗത്വം നഷ്ടപ്പെടുന്നതിന് വരെ കാരണമായ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്തത് ഉള്‍പ്പെടെ നിരവധി ശ്രദ്ധേയമായ ഉത്തരവുകള്‍ പുറപ്പെടുവിച്ച വ്യക്തി കൂടിയാണ് അദ്ദേഹം.
രാഷ്ട്രീയ ബന്ധം
1960 നവംബര്‍ 24 നാണ് ബി.ആര്‍ ഗവായിയുടെ ജനനം. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി രാഷ്ട്രീയ ബന്ധമുള്ള ഒരു കുടുംബത്തില്‍ പെട്ടയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പിതാവ് ജസ്റ്റിസ് രാമകൃഷ്ണ സൂര്യഭാന്‍ ഗവായ് (ആര്‍എസ് ഗവായ്) മഹാരാഷ്ട്രയിലെ പ്രമുഖ ദളിത് നേതാവ് അംബേദ്കറൈറ്റ് സംഘടനയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (ആര്‍ പി ഐ) സ്ഥാപകനുമായിരുന്നു. 1964 മുതല്‍ 1998 വരെ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ സജീവമായിരുന്നു അദ്ദേഹം.
1998 ല്‍ അമരാവതി നിയോജക മണ്ഡലത്തില്‍ നിന്ന് ആര്‍പിഐയുടെ സ്ഥാനാര്‍ത്ഥിയായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ അധികാരത്തിലിരുന്ന 2006 നും 2011 നും ഇടയില്‍ ബീഹാര്‍, സിക്കിം, കേരളം എന്നിവയുടെ ഗവര്‍ണറായും ആര്‍.എസ് ഗവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അഭിഭാഷകനായി 1985 ല്‍ തുടക്കം
1985 ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത ജസ്റ്റിസ് ഗവായ് 2003 നവംബര്‍ 14 ന് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഗവണ്‍മെന്റ് പ്ലീഡറായും പിന്നീട് ഗവണ്‍മെന്റ് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുപ്രീം കോടതിയിലേക്ക് എത്തുന്നതിന് മുമ്പ് 16 വര്‍ഷം ബോംബെ ഹൈക്കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2019-ല്‍ തന്നെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നേതൃത്വം നല്‍കുന്ന എസ്സി കൊളീജിയം അദ്ദേഹത്തിന്റെ പേര് ശുപാര്‍ശ ചെയ്തിരുന്നു.
സുപ്രധാന വിധികള്‍
2025 മെയ് 14 മുതല്‍ നവംബര്‍ 24 വരെയായിരിക്കും അദ്ദേഹത്തിന്റെ കാലാവതി. 2019 മെയ് 24 ന് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് ഗവായ് നിരവധി സുപ്രധാന വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ നിലവില്‍ കേള്‍ക്കുന്ന ഭരണഘടനാ ബെഞ്ചിലും അദ്ദേഹം അംഗമാണ്.
കേന്ദ്രത്തിന്റെ 2016-ലെ നോട്ട് അസാധുവാക്കല്‍ പദ്ധതിയെ ശരിവച്ചെ 2023 ജനുവരി 2 ലെ ബെഞ്ചിലെ അംഗം കൂടിയാണ് അദ്ദേഹം. ജസ്റ്റിസ് ഗവായ്, ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യന്‍ എന്നിവര്‍ക്ക് വേണ്ടി 258 പേജുള്ള ഭൂരിപക്ഷ അഭിപ്രായം എഴുതിയതും അദ്ദേഹമായിരുന്നു. നടപടിക്ക് മുമ്പ് കുറഞ്ഞത് ആറ് മാസമെങ്കിലും ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും പരസ്പരം കൂടിയാലോചന നടത്തിയിരുന്നുവെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. ഏതൊരു മൂല്യമുള്ള കറന്‍സിയും അസാധുവായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നും അന്ന് കോടതി വ്യക്തമാക്കി.
2022 നവംബര്‍ 11 ന് രാജീവ് ഗാന്ധി വധക്കേസില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി ജീവപര്യന്തം തടവ് അനുഭവിക്കുന്ന ആറ് കുറ്റവാളികളെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവിട്ടതും ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു. വണ്ണിയാര്‍ വിഭാഗത്തിന് വിദ്യാഭ്യാസത്തിലും ജോലിയിലും തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണം 'ഭരണഘടനാ വിരുദ്ധം' എന്ന് വിധിച്ച 2022 മാര്‍ച്ച് 31 ലെ സുപ്രീം കോടതി ബെഞ്ചിലും അദ്ദേഹം അംഗമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്