ഡോളറിലെ മുഖംമാറ്റം: അമേരിക്ക നേരിടുന്ന ജനാധിപത്യ പ്രതിസന്ധിയോ ?

MAY 29, 2026, 5:43 AM

അമേരിക്കന്‍ ഐക്യനാടുകളുടെ സാമ്പത്തിക പരമാധികാരത്തിന്റെയും ആഗോള സ്വാധീനത്തിന്റെയും ഏറ്റവും വലിയ അടയാളമാണ് 'അമേരിക്കന്‍ ഡോളര്‍'. കറന്‍സി നോട്ടുകളില്‍ ആരുടെയൊക്കെ ചിത്രങ്ങള്‍ വരണമെന്നതിന് രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള കര്‍ശനമായ ചില പാരമ്പര്യങ്ങളും ഫെഡറല്‍ നിയമങ്ങളും അമേരിക്കയ്ക്കുണ്ട്. എന്നാല്‍ ഈ പാരമ്പര്യങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് സ്വന്തം വ്യക്തിമുദ്ര രാജ്യത്തിന്റെ ഔദ്യോഗിക സ്ഥാപനങ്ങളിലും കറന്‍സിയിലും പതിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡൊണാള്‍ഡ് ട്രംപും.

അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയതായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന 250 ഡോളറിന്റെ കറന്‍സി ബില്ലില്‍ നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം ഉള്‍പ്പെടുത്താനുള്ള നിയമനിര്‍മ്മാണ നിര്‍ദ്ദേശമാണ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.

160 വര്‍ഷത്തെ ചരിത്രം തിരുത്താന്‍ വൈറ്റ് ഹൗസ് നീക്കം

ഒരു പുതിയ 250 ഡോളര്‍ ബില്ലില്‍ ജീവിച്ചിരിക്കുന്ന വ്യക്തിയായ ഡൊണാള്‍ഡ് ട്രംപിന് സ്ഥാനം നല്‍കുന്നതിനായി ഫെഡറല്‍ നിയമത്തില്‍ മാറ്റം വരുത്താനുള്ള നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണം ഇപ്പോള്‍ അമേരിക്കന്‍ ജനപ്രതിനിധി സഭയ്ക്കും സെനറ്റിനും മുന്നിലുണ്ട്. അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഒരു വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. '250-ാം വാര്‍ഷിക ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റായ വ്യക്തിയുടെ ചിത്രം ഉണ്ടാകുന്നതില്‍ എന്തെങ്കിലും അനിഷ്ടകരമായ കാര്യം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല,'' എന്നാണ് സ്‌കോട്ട് ബെസെന്റ് ഭരണകൂടത്തെ അവുകൂലിച്ച് പറഞ്ഞത്.

പ്രധാന പ്രതിസന്ധി എന്താണെന്നു വെച്ചാല്‍ ജീവിച്ചിരിക്കുന്ന പ്രസിഡന്റുമാരെയോ ഭരണാധികാരികളെയോ അമേരിക്കന്‍ കറന്‍സി പണത്തില്‍ ചിത്രീകരിക്കുന്നത് നിരോധിക്കുന്ന കര്‍ശനമായ ഫെഡറല്‍ നിയമം നിലവിലുണ്ട്. ഈ നിയമത്തെ അട്ടിമറിച്ചുകൊണ്ട് മാത്രമേ ട്രംപിന്റെ ചിത്രം കറന്‍സിയില്‍ അച്ചടിക്കാന്‍ സാധിക്കൂ.

ഇത് നടപ്പിലാക്കുകയാണെങ്കില്‍, ഒന്നര നൂറ്റാണ്ടിനുശേഷം (ഏകദേശം 160 വര്‍ഷങ്ങള്‍ക്കിപ്പുറം) ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ചിത്രം അമേരിക്കന്‍ കറന്‍സിയില്‍ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമായിരിക്കും. മുന്‍കാലങ്ങളില്‍ രാജ്യത്തെ കെട്ടിപ്പടുത്ത അന്തരിച്ച മുന്‍ പ്രസിഡന്റുമാര്‍ക്കും സ്വാതന്ത്ര്യസമര സേനാനികള്‍ക്കും മാത്രം നല്‍കിയിരുന്ന ആദരവാണ് ട്രംപ് തന്റെ അധികാരമുപയോഗിച്ച് സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് എന്നാണ് പുറത്തുവരുന്ന പ്രതികരണം. ഇതിനകം തന്നെ ഈ കറന്‍സിയുടെ പ്രോട്ടോടൈപ്പുകളും ഡിസൈന്‍ മോക്ക്-അപ്പുകളും തയ്യാറാക്കാന്‍ ട്രഷറി ഡിപ്പാര്‍ട്ട്മെന്റിലെ ട്രംപ് അനുകൂലികള്‍ ബ്യൂറോ ഓഫ് എന്‍ഗ്രേവിംഗ് ആന്‍ഡ് പ്രിന്റിംഗ് ജീവനക്കാരോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ ഡിസൈനില്‍ 'അമേരിക്ക 250-ാം വാര്‍ഷികം' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

നിയമം ഓര്‍മ്മിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികാര നടപടി

ഭരണകൂടത്തിന്റെ ഈ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ അമേരിക്കന്‍ സാമ്പത്തിക മന്ത്രാലയത്തിനുള്ളില്‍ തന്നെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ആശങ്കകളും ഉയര്‍ന്നിട്ടുണ്ട്. കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്ന പ്രിന്റിംഗ് ബ്യൂറോ ഡയറക്ടര്‍ പട്രീഷ്യ സോളിമെന്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുകയും, കോണ്‍ഗ്രസിന്റെ കൃത്യമായ അനുമതിയില്ലാതെയും നിയമങ്ങള്‍ ലംഘിച്ചുകൊണ്ടും ഇത്തരമൊരു നീക്കം നടത്തുന്നത് ഗുരുതരമായ നിയമപരമായ തടസ്സങ്ങള്‍ ഉണ്ടാക്കുമെന്ന് ട്രംപ് അനുകൂലികളായ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

എന്നാല്‍, ജനാധിപത്യപരമായ ഉദ്യോഗസ്ഥ മര്യാദകളെ മാനിക്കുന്നതിന് പകരം പ്രിന്റിംഗ് ബ്യൂറോ ഡയറക്ടര്‍ പട്രീഷ്യ സോളിമെനെ ഉടനടി സ്ഥാനത്തുനിന്ന് മാറ്റുകയാണുണ്ടായത്. നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് ട്രംപിന്റെ ചിത്രം കറന്‍സിയില്‍ കൊണ്ടുവരാന്‍ തങ്ങളെ നിര്‍ബന്ധിക്കുകയാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പല മന്ത്രാലയ ജീവനക്കാരും മാധ്യമങ്ങളോട് സമ്മതിച്ചിട്ടുണ്ട്. ട്രഷറി വക്താവ് ഔദ്യോഗികമായി ഇതിനെ 'കൃത്യമായ ആസൂത്രണം' എന്ന് വിളിച്ച് ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോഴും, ഉള്ളില്‍ നടക്കുന്നത് കടുത്ത ഉദ്യോഗസ്ഥ പീഡനമാണെന്ന് വ്യക്തമാണെന്ന് പലരും പ്രതികരിക്കുന്നു.

കറന്‍സി മാത്രമല്ല, പാസ്പോര്‍ട്ടും സ്ഥാപനങ്ങളും ട്രംപ് മയം

കറന്‍സി നോട്ട് മാത്രമല്ല, അമേരിക്കയുടെ ചരിത്രപ്രസിദ്ധമായ സാംസ്‌കാരിക, സാമൂഹിക, ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും സ്വന്തം പേരിടാന്‍ ട്രംപ് നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത തരത്തിലുള്ള വ്യക്തിത്വ ആരാധനയാണ് ട്രംപിന് ചുറ്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിര്‍മ്മിച്ചെടുക്കുന്നതെന്നാണ് പ്രധാന ആക്ഷേപം.

അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്ര പ്രസിദ്ധമായ സാംസ്‌കാരിക, സാമൂഹിക, ഭരണഘടനാ സ്ഥാപനങ്ങളെയാകെ സ്വന്തം പേരിനടിയിലാക്കാന്‍ ട്രംപ് നടത്തുന്ന ശ്രമങ്ങള്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇതിന്റെ ഭാഗമായി അമേരിക്കന്‍ കമ്മീഷന്‍ ഓഫ് ഫൈന്‍ ആര്‍ട്സ്, ട്രംപ് നിയമിച്ച അംഗങ്ങളുടെ സ്വാധീനത്തില്‍ 24 കാരറ്റ് സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ഒരു സ്മാരക ''സെമിക്വിന്‍സെന്റേനിയല്‍ ഗോള്‍ഡ് കോയിന്‍'' നിര്‍മ്മിക്കാന്‍ ഏകകണ്ഠമായി അനുമതി നല്‍കിയിരിക്കുകയാണ്. ഇതിനുപുറമേ, ചരിത്രപ്രസിദ്ധമായ 'ജോണ്‍ എഫ്. കെന്നഡി സെന്റര്‍ ഫോര്‍ ദി പെര്‍ഫോമിംഗ് ആര്‍ട്സ്' എന്ന പ്രശസ്തമായ സാംസ്‌കാരിക കേന്ദ്രത്തിന്റെ പേര് മാറ്റി ട്രംപിന്റെ പേര് ഉള്‍പ്പെടുത്തുകയും, അന്താരാഷ്ട്ര സമാധാനത്തിനായി നിലകൊള്ളുന്ന അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസിന്റെ പേര് ട്രംപിന്റെ പേര് കൂടി ചേര്‍ത്ത് പുനര്‍നാമകരണം ചെയ്യുകയും ചെയ്തിരിക്കുകയാണ്.

ഭരണ സംവിധാനങ്ങളിലും ഇത് ദൃശ്യമാണ്. അമേരിക്കന്‍ നീതിന്യായ വകുപ്പ്, കൃഷി വകുപ്പ് എന്നിവയുടെ ഔദ്യോഗിക ബാനറുകളില്‍ ഇപ്പോള്‍ ട്രംപിന്റെ രൂപം വ്യക്തമായി പ്രദര്‍ശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനെയെല്ലാം കടത്തിവെട്ടുന്ന തരത്തില്‍, വരും ദിവസങ്ങളില്‍ സാധാരണക്കാരായ അമേരിക്കന്‍ ജനത ഉപയോഗിക്കുന്ന ഔദ്യോഗിക അമേരിക്കന്‍ പാസ്പോര്‍ട്ടുകളില്‍ പോലും ട്രംപിന്റെ രൂപം അച്ചടിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പദ്ധതിയിടുന്നു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത തരത്തിലുള്ള കടുത്ത വ്യക്തിത്വ ആരാധനയിലേക്കാണ് ഈ നീക്കങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത്.

രാജ്യത്തിന്റെ പാരമ്പര്യം തകരുന്നതിനെതിരെ പ്രതിഷേധം ശക്തം

ഭരണകൂടത്തിന്റെ ഈ നടപടിക്കെതിരെ അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും ലോകമെമ്പാടുമുള്ള രാഷ്ട്രീയ നിരീക്ഷകരില്‍ നിന്നും അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സെനറ്റിന്റെ ബാങ്കിംഗ് കമ്മിറ്റി അംഗമായ സെനറ്റര്‍ മാര്‍ക്ക് വാര്‍ണര്‍ ഇതിനെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. ഈ അഭൂതപൂര്‍വമായ നിര്‍ദ്ദേശം വൈറ്റ് ഹൗസ് പ്രസിഡന്റിന്റെ അഹങ്കാരത്തെ പ്രകോപിപ്പിക്കുന്നതിനും രാജ്യത്തിന്റെ പൊതുസമ്പത്ത് ഒരു വ്യക്തിയുടെ പരസ്യത്തിനായി ദുരുപയോഗം ചെയ്യുന്നതിനും തുല്യമാണെന്ന് അദ്ദേഹം തുറന്നടിച്ചു.

താന്‍ രാജ്യത്തിന് മുകളിലാണെന്ന ട്രംപിന്റെ ധാര്‍ഷ്ട്യമാണ് ഇതിലൂടെ പുറത്തുവരുന്നത്. സ്വേച്ഛാധിപത്യ രാജ്യങ്ങളില്‍ രാജാക്കന്മാരും ഏകാധിപതികളും സ്വന്തം ചിത്രം കറന്‍സികളിലും നാണയങ്ങളിലും അച്ചടിച്ച് ജനങ്ങളുടെ മേല്‍ സ്ഥാപിക്കുന്നതിന് സമാനമായ ശൈലിയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യ്യമെന്ന് അവകാശപ്പെടുന്ന അമേരിക്കയില്‍ ഇപ്പോള്‍ നടമാടുന്നത്. സ്വന്തം പൗരന്മാരുടെയും ഉദ്യോഗസ്ഥരുടെയും താല്പര്യങ്ങളെ ബലി കഴിച്ചുകൊണ്ട്, ഭരണഘടനയെപ്പോലും തിരുത്തിയെഴുതിക്കൊണ്ട് ഒരു വ്യക്തിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്ന ഈ പ്രവണത അമേരിക്കയുടെ ആഗോള പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.

അമേരിക്കയിലെ സാധാരണ ജനങ്ങള്‍ സാമ്പത്തിക പ്രതിസന്ധികളും ആഭ്യന്തര പ്രശ്‌നങ്ങളും നേരിടുമ്പോള്‍, കോടിക്കണക്കിന് ഡോളര്‍ ചിലവഴിച്ച് പുതിയ കറന്‍സി നോട്ടുകള്‍ രൂപകല്‍പ്പന ചെയ്യാനും സ്ഥാപനങ്ങളുടെ പേര് മാറ്റാനും ഭരണകൂടം മുന്‍കൈ എടുക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ആക്ഷേപമുണ്ട്. നിയമനിര്‍മ്മാണം സഭകളില്‍ പാസാക്കിയെടുക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സാധിച്ചേക്കുമെങ്കിലും, ഇത് അമേരിക്കന്‍ ജനാധിപത്യത്തിന്റെ അന്തസ്സും പാരമ്പര്യവും തകര്‍ക്കുന്ന ഒന്നായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.

ലോകത്തിന് മുന്നില്‍ ജനാധിപത്യത്തിന്റെ കാവലാളുകളാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന അമേരിക്ക, സ്വന്തം ഭരണാധികാരിയുടെ അഹങ്കാരത്തിന് മുന്നില്‍ നിയമ വ്യവസ്ഥകളെ അടിയറവ് വെക്കുന്ന കാഴ്ചയാണ് 250 ഡോളര്‍ ബില്ലിനായുള്ള ഈ നിര്‍ദ്ദേശത്തിലൂടെ പ്രകടമാകുന്നത്. ഈ പദ്ധതി നടപ്പിലായാല്‍, അത് അമേരിക്കന്‍ ജനാധിപത്യത്തിന്റെ വലിയൊരു വീഴ്ചയായി മാറുമെന്നതില്‍ യാതൊരു സംശയവുമില്ല.

English Summary

Trumping the Dollar & Institutions: Where is America Heading?

The Republican Party and the Donald Trump administration are pushing for unprecedented changes to mark the 250th anniversary of the United States (the Semiquincentennial). The most controversial proposal involves passing federal legislation to print a new $250 currency bill featuring the image of sitting President Donald Trump. This move directly challenges a 160-year-old federal law that strictly prohibits depicting living individuals on U.S. currency.

Beyond currency, a broader pattern of institutional renaming and branding is underway, sparking fierce debates over democratic values, institutional independence, and the rise of a political cult of personality in the United States.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam