കാലിഫോണിയയിലെ സാക്രമെന്റൊവിൽ കേരളത്തിന്റെ പാരമ്പര്യ താള വാദ്യ കലയായ പഞ്ചരിമേളത്തിന് പുതിയ ചരിത്രം കുറിച്ചു 'താളം 'എന്ന പേരിൽ ആദ്യ അരങ്ങേറ്റം ജൂൺ 27ന് മക്കെല്ലൻ കമ്മ്യൂണിറ്റി ഔട്രിച് അക്കാദമി സ്കൂൾ ഹാളിൽ നടത്തപ്പെട്ടു.
രണ്ട് വർഷ കാലത്തെ നീണ്ട അധ്വാനത്തിന്റെയും അർപ്പണ ബോധത്തിന്റെയും ഫലമായിട്ടാണ് എട്ട് കലാകാരന്മാർ അരങ്ങേറ്റത്തിന് സജ്ജരായത്. ഓൺലൈൻ ക്ലാസ്സുകളിൽ കൂടി ആണ് അവർ പഞ്ചരിമേളം അഭ്യസിക്കാൻ ആരംഭിച്ചത്. തുടർന്ന് നിരന്തരമായ പരിശീലനവും നേരിട്ടുള്ള വർക്ക് ഷോപ്പുകളും നടത്തി അവർ അരങ്ങേറ്റത്തിന് തയ്യാറായി.
കേരളത്തിൽ നിന്ന് അകന്നു വിവിധ മേഖലകളിൽ പ്രവർത്തിക്കുമ്പോഴും നമ്മുടെ നാടിന്റെ പാരമ്പര്യ താള വാദ്യം അഭ്യസിക്കാനുള്ള ആവേശമാണ് ഇവരെ ഒന്നിപ്പിച്ചത്. ബാലു വർക്കി, ബിനോജ് സേവിയർ, ജയ് നായർ, കൃഷ്ണദാസ് ചെറുമ്പത്തു, രമേശ് ഇല്ലിക്കൽ, സജീവ് പിള്ള, ഷിബു ശ്രീധരൻ, വിനോദ് ബാലകൃഷ്ണ എന്നിവരാണ് അരങ്ങേറ്റം കുറിച്ച കലാകാരന്മാർ.
പ്രശസ്ത ഗുരുക്കന്മാരായ കലാമണ്ഡലം ശിവദാസ് ആശാനും കലാമണ്ഡലം രാജേഷ് നായർ ആശാനും കീഴിലാണ് ഇവർ പരിശീലനം നടത്തിയത്. കേരളത്തിലും അമേരിക്കയിലുമായി ആയിരകണക്കിന് മൈലുകൾക്കു അകലെ ആയിരുന്നു എങ്കിലും ഗുരു ശിഷ്യ ബന്ധം ആത്മാർത്ഥമായി കൊണ്ടുപോകാൻ ഇവർക്ക് സാധിച്ചു.
പരമ്പരാഗത കേരളീയ രീതിയിൽ നിലവിളക്ക് കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് സജീവ്പിള്ളയുടെ പൂജയും ജയ്നായരുടെ പ്രാർത്ഥന ഗാനവും ഉണ്ടായിരുന്നു. തുടർന്ന് രമേശ് ഇല്ലിക്കൽ, ഷിബു ശ്രീധരൻ എന്നിവരുടെ സ്വാഗതപ്രസംഗവും ഉണ്ടായിരുന്നു. പ്രേമ നാരായണ സ്വാമി പരിപാടികൾക്ക് നേതൃത്വം നൽകി.
അതിനെ തുടർന്ന് കലാകാരന്മാർ ഗുരുദക്ഷിണ നൽകി ഗുരുക്കന്മാരുടെ കൈയിൽ നിന്ന് ചെണ്ടക്കോൽ സ്വീകരിച്ചു. തുടർന്ന് ഗുരുക്കന്മാർ ചെണ്ട ഉയർത്തി ശിഷ്യർക്ക് കൈമാറിയതിന് ശേഷം അരങ്ങേറ്റം ആരംഭിച്ചു..
കലാമണ്ഡലം ശിവദാസ് ആശാന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച പഞ്ചരിമേളം രണ്ടാം കാലത്തിലെ കാലിടലോടെയാണ് ആരംഭിച്ചത്.
തുടർന്ന് മൂന്നും നാലും അഞ്ചും കാലങ്ങളിലൂടെ ഒന്നര മണിക്കൂർ നീണ്ട മേളം തീരു കലാശത്തിലെത്തിയപ്പോൾ കാണികൾ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കലാകാരന്മാരെ നീണ്ട കൈയടികളോടെ അഭിനന്ദിച്ചു.
അരങ്ങേറ്റത്തിന്റെ മാറ്റു കൂട്ടാൻ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരും അരങ്ങേറ്റക്കാരോടൊപ്പം അണിനിരന്നിരുന്നു.
ഫാദർ ജിബി പൊങ്ങൻപാറ, ഫാദർ കുര്യാക്കോസ് പുതുപ്പാടി എന്നിവരുടെ ആശംസ പ്രസംഗം നടത്തി. അരങ്ങേറ്റത്തിന് ശേഷം അരങ്ങേറ്റക്കാർക്ക് അരങ്ങേറ്റ സർട്ടിഫിക്കറ്റ് സമ്മാനിച്ചു. തുടർന്ന് പുതിയ ബാച്ച് ആരംഭിക്കുന്നതായി താളം സാക്രമെന്റോ അറിയിച്ചു
കേരളത്തിന്റെ ഈ അമൂല്യ പാരമ്പര്യം അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആണ് പുതിയ ബാച്ച് ആരംഭിക്കുന്നത് എന്ന് താളം സാക്രമെന്റോ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
