സർക്കാരിനും നിയമപാലകർക്കും പൊതു സമൂഹത്തിനും മുന്നറിയിപ്പാകുമോ കൊച്ചിയിൽ അനാവൃതമായ അവയവ റാക്കറ്റ് എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. അന്താരാഷ്ട്ര ബന്ധമുള്ള മാഫിയയുടെ ഒരു കണ്ണിയാണ് ഇപ്പോൾ വലയിലായ ഗൂഢ സംഘമെന്ന് പോലീസ് കരുതുന്നു. വിശദമായ അന്വേഷണത്തിലൂടെയേ ഈ റാക്കറ്റിന്റെ വേരുകൾ എവിടേക്കെല്ലാം പടർന്നിട്ടുണ്ടെന്ന് കണ്ടെത്താൻ കഴിയൂ. അവയവം മാറ്റിവെക്കുന്ന ചില ആശുപത്രികളിലെ ഡോക്ടർമാർ റാക്കറ്റിൽ കണ്ണികളാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അത്തരം ആശുപത്രികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടങ്ങിക്കഴിഞ്ഞു.
വമ്പൻ സ്രാവുകൾ ഉൾപ്പെട്ട ശൃംഖലയായതിനാൽ തുടരന്വേഷണം അത്ര സുഗമമാകില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. വർഷങ്ങളായി, കേരളത്തിൽ അവയവ കച്ചവട റാക്കറ്റിന്റെ പ്രവർത്തനം സജീവമാണെന്ന വിവരം ഇടയ്ക്കിടെ പുറത്തുവരാറുണ്ടെങ്കിലും അതീവ ഗുരുതരമാണ് ഈ രംഗത്തെ അവസ്ഥയെന്ന് വ്യക്തമായത് ഈയിടെയാണ്. കൊച്ചി കേന്ദ്രമാക്കി വ്യാജരേഖ ചമച്ച് അവയവക്കച്ചവടം നടത്തി വന്നിരുന്ന വൻ റാക്കറ്റിനെക്കുറിച്ചുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ റെയ്ഡിൽ വൃക്കദാതാവും സ്വീകർത്താവും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനായി നിർമിച്ച വ്യാജ സത്യവാങ്മൂലങ്ങൾ, വില്ലേജ് ഓഫീസർമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും, എം.എൽ.എ മാരുടെയും എം.പി മാരുടെയും സീലുകൾ പതിപ്പിച്ച വ്യാജ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ കണ്ടെത്തിയതോടെയാണ് ഗൂഢ സംഘത്തിന്റെ പ്രവർത്തന തീവ്രത പോലീസിനു വ്യക്തമായത്.
ദാനമായി ലഭിക്കുന്ന അവയവങ്ങൾ ഉപയോഗപ്പെടുത്തിയല്ലാതെ, അവയവങ്ങൾ വില കൊടുത്ത് വാങ്ങി മാറ്റിവെക്കുന്നത് ഇന്ത്യയിൽ നിയമപരമായി അനുവദനീയമല്ല. 1994ലെ 'അവയവം മാറ്റിവെക്കൽ നിയമ' പ്രകാരം അവയവങ്ങൾ വാങ്ങുന്നതും അവയവ കൈമാറ്റവുമായി ബന്ധപ്പെട്ട പണമിടപാടുകളും വിലക്കപ്പെട്ടതാണ്. അതേസമയം അവയവങ്ങൾ ആവശ്യമുള്ളവർക്ക് നിയമപരമായി അത് ലഭിക്കാൻ പലപ്പോഴും കാലതാമസം നേരിടുന്നു. ഈ കാത്തിരിപ്പും അത്യാഹിത രോഗികളുടെ അവസ്ഥയും ചൂഷണം ചെയ്താണ് അവയവ മാഫിയ പ്രവർത്തിക്കുന്നത്. ജീവൻ രക്ഷിക്കാനുള്ള തിടുക്കം ഒരു വശത്ത്. മറ്റൊരു വശത്ത് കടുത്ത ദാരിദ്ര്യം.
ഇത് രണ്ടിനുമിടയിൽ അനധികൃത അവയവക്കച്ചവടത്തിനുള്ള വിപണി രൂപപ്പെടുക സ്വാഭാവികം.
കേരളത്തിൽ നിന്ന് യുവാക്കളെ ജോലി വാഗ്ദാനം ചെയ്ത് ഇറാനിലെത്തിച്ച് വൃക്കയുൾപ്പെടെ അവയവദാനം നടത്തിപ്പിക്കുന്ന അന്താരാഷ്ട്ര റാക്കറ്റിലെ കണ്ണിയായ തൃശൂർ വലപ്പാട് സ്വദേശി 2024 മേയിൽ കൊച്ചിയിൽ പിടിയിലായിരുന്നു. വൃക്കയ്ക്ക് വലിയ തുകയാണ് റാക്കറ്റ് വാഗ്ദാനം ചെയ്തിരുന്നതെങ്കിലും കുറഞ്ഞ തുകയേ നൽകിയുള്ളൂ. തെക്കൻ കേരളത്തിലെ തീരപ്രദേശങ്ങളിലെ അവയവ റാക്കറ്റിന്റെ പ്രവർത്തനം സംബന്ധിച്ച് 2021 നവംബറിൽ വാർത്ത പുറത്തുവരികയും അന്നത്തെ ആരോഗ്യ മന്ത്രി വീണാ ജോർജ് അതേക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തു.
കോവിഡും കടൽക്ഷോഭവും കാരണം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട കുടുംബങ്ങളെയാണ് റാക്കറ്റ് നോട്ടമിട്ടത്. ഇവരുടെ വലയിൽ അകപ്പെട്ട് 2019 -21 കാലയളവിൽ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ഒരു വാർഡിൽ നിന്ന് മാത്രം 19 പേരാണ് വൃക്ക വിറ്റത്. അവരിൽ ഏറെയും സ്ത്രീകളായിരുന്നു.
തൊഴിലില്ലായ്മ, ഭാരിച്ച ചികിത്സാ ചെലവ്്, വിവാഹച്ചടങ്ങ് പോലുള്ള കുടുംബപരമായ ബാധ്യതകൾ തുടങ്ങിയവ മൂലം കടുത്ത സാമ്പത്തിക പ്രയാസമനുഭവിക്കുന്ന സാധാരണക്കാരാണ് അവയവ മാഫിയയുടെ മുഖ്യ ഇരകൾ. ഇപ്പോൾ കൊച്ചിയിലും നേരത്തേ തെക്കൻ കേരളത്തിലെ തീരപ്രദേശങ്ങളിലും അവയവ റാക്കറ്റ് ലക്ഷ്യമിട്ടത് ലക്ഷക്കണക്കിനു രൂപ കടബാധ്യതയുള്ളവരെയും നിത്യവൃത്തിക്ക് വകയില്ലാത്തവരെയുമാണ്. അഞ്ച് മുതൽ എട്ട് ലക്ഷം രൂപ വരെയാണ് വൃക്കയ്ക്ക് മാഫിയ വില പറയുന്നത്. അവർ വിൽക്കുന്നത് 20 ലക്ഷത്തിനു മുകളിലും. സ്വീകർത്താക്കളുടെ സാഹചര്യം നോക്കി 50 ലക്ഷം വരെ വാങ്ങുന്ന കേസുകളും ധാരാളം.
അതേസമയം ഇരകൾക്ക് നേരത്തേ പറഞ്ഞുറപ്പിച്ചതിനേക്കാൾ കുറഞ്ഞ തുകയേ നൽകൂ. 2014ൽ കൊച്ചിയിൽ വൃക്കയ്ക്ക് നേരത്തേ വാഗ്ദാനം ചെയ്ത പണം നൽകിയില്ലെന്ന് ഒരു വീട്ടമ്മ ചാനലുകളുടെ മുമ്പാകെ പരാതിപ്പെട്ടിരുന്നു. എട്ടര ലക്ഷം വില പറഞ്ഞുറപ്പിച്ചാണ് വൃക്ക നൽകിയത്. ലഭിച്ചത് മൂന്നര ലക്ഷം മാത്രം.
മികച്ച ആരോഗ്യ പുരോഗതി, മെച്ചപ്പെട്ട വിദ്യാഭ്യാസം, ഉയർന്ന സാമൂഹിക പുരോഗതി എന്നിവയിൽ അഭിമാനം കൊള്ളുന്ന കേരളത്തിൽ പോലും മനുഷ്യാവയവ കച്ചവട മാഫിയകൾ പ്രവർത്തിക്കുന്നുവെന്നത് അതീവ ഗൗരവതരമാണെന്ന് സാമൂഹിക ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. അവയവദാനം ലാഭക്കൊതിയുടെ ഇരുണ്ട വിപണിയാകുന്നതും പണമുണ്ടാക്കാനുള്ള എളുപ്പവഴിയായി മാറുന്നതും ഇതിന്റെ ലക്ഷ്യത്തെ അട്ടിമറിക്കുന്നു. പണമുള്ളവർക്ക് മാത്രം അവയവം ലഭിക്കുന്ന ദുരവസ്ഥ. പാവപ്പെട്ടവർ ദുരിതത്തിലാകുന്ന സാമൂഹിക അനീതിയാണിതിന്റെ പരിണിതഫലം. അവയവ കച്ചവടത്തിൽ ചില സ്വകാര്യ ആശുപത്രികൾക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തൽ സമൂഹത്തെ ഞെട്ടിക്കുന്നു.
നേരത്തേ അവയവ കച്ചവടത്തിനായി ഇറാനിലേക്ക് ആളുകളെ കടത്തിയ കേസിൽ അവയവ റാക്കറ്റിന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ സഹായം ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയക്ക് ആവശ്യമായ രേഖകൾ തയ്യാറാക്കാനും പരിശോധനകൾ നടത്താനും സ്വകാര്യ ആശുപത്രികൾ സഹായം നൽകിയതായി മുഖ്യപ്രതി മൊഴി നൽകുകയും ചെയ്തു. ഇത് ആശുപത്രികളെക്കുറിച്ചുള്ള വിശ്വാസ്യത തകരാൻ ഇടയാക്കി. പണത്തിനു വേണ്ടി വ്യാജ രേഖകൾ സൃഷ്ടിക്കാൻ മടിയില്ലാത്ത ആരോഗ്യ പ്രവർത്തകരുടെ മുമ്പിലെത്തുന്ന ഒരു രോഗിക്ക്, ആശുപത്രി വിടുമ്പോൾ തന്റെ എല്ലാ അവയവങ്ങളും സുരക്ഷിതമാണെന്ന് എങ്ങനെ വിശ്വസിക്കാനാകുമെന്ന ചോദ്യം അതീവ ഗൗരവമുള്ളതു തന്നെ.
'ആത്മാർത്ഥ ദാനം' ?
കേരളത്തിലെ തീരപ്രദേശങ്ങളിലെ ദാരിദ്ര്യം മുതലെടുത്ത് സ്ത്രീകളെ അവയവ കച്ചവടത്തിനായി മാഫിയാ സംഘങ്ങൾ വ്യാപകമായി ഇരയാക്കുന്നതായി തൃശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ ഈയിടെ ചൂണ്ടിക്കാട്ടി. ഒരു ദിവസം പരിഗണിച്ച എട്ട് അവയവദാന കേസുകളിൽ ഏഴിലും ദാതാക്കൾ സ്ത്രീകളാണെന്ന വസ്തുതയുടെ വെളിച്ചത്തിലാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ ഈ ഭീതിജനകമായ വിവരം പുറത്തുവിട്ടത്. ദരിദ്രരായ സ്ത്രീകളെ സമ്മർദ്ദത്തിലാക്കി കൃത്രിമ കഥകൾ ചമച്ച് നടത്തുന്ന ഈ 'അവയവ ദാനം' യഥാർത്ഥത്തിൽ വലിയ സാമ്പത്തിക ഇടപാടുകൾ മറച്ചുവെക്കാനുള്ള നാടകമാണെന്ന് ഡോ. ഹിതേഷ് ശങ്കർ പറയുന്നു.
അവയവദാന സമിതിക്ക് മുന്നിലെത്തുന്ന പല കേസുകളിലും ദാതാക്കളായ സ്ത്രീകൾക്ക് സ്വീകർത്താവായ രോഗിയെ നേരിട്ട് അറിയില്ല എന്നതാണ് ഏറ്റവും വലിയ ദുരൂഹത. 'ഭർത്താവിന്റെ സുഹൃത്താണ്', 'ഭർത്താവിന് വർഷങ്ങളായുള്ള പരിചയമാണ് ' തുടങ്ങിയ ന്യായങ്ങൾ പറഞ്ഞാണ് രോഗിയെ നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത സ്ത്രീകൾ അവയവം നൽകാൻ തയ്യാറാകുന്നത്. ദാരിദ്ര്യവും അറിവില്ലായ്മയും മുതലെടുത്ത് കുടുംബാംഗങ്ങൾ തന്നെ സ്ത്രീകളെ ഇതിനായി നിർബന്ധിക്കുന്നതായും സംശയിക്കപ്പെടുന്നു. 'ആത്മാർത്ഥമായ ദാനം' എന്ന് തോന്നിപ്പിക്കാൻ വൈകാരികമായ കൃത്രിമ കഥകൾ മാഫിയാ സംഘങ്ങൾ മുൻകൂട്ടി തയ്യാറാക്കി നൽകുന്നു.
തൃശൂരിലെ കൈപ്പമംഗലം, കൊടുങ്ങല്ലൂർ, ആലപ്പുഴയിലെ ചേർത്തല, കൊല്ലത്തെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെയാണ് അവയവ മാഫിയ പ്രധാനമായും നോട്ടമിടുന്നത്. വൻ തുക വാഗ്ദാനം ചെയ്ത് ഇവരെ പ്രലോഭിപ്പിക്കുകയും തുടർന്ന് ശസ്ത്രക്രിയയ്ക്കായി വ്യാജരേഖകൾ ചമയ്ക്കുകയും ചെയ്യുന്നു. ജില്ലാതല സമിതികൾ
തള്ളിക്കളയുന്ന കേസുകൾ പോലും ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങി വീണ്ടും കൊണ്ടുവരുന്ന പ്രവണത വർധിക്കുകയാണ് ഡോ. ഹിതേഷ് ശങ്കർ ചൂണ്ടിക്കാട്ടുന്നു.
അവയവദാനത്തിന് അനുമതി നൽകാൻ സമിതി അംഗങ്ങൾക്ക് മേൽ ഉന്നതതലങ്ങളിൽ നിന്ന് സമ്മർദ്ദമുണ്ടാകുന്നുണ്ട്. 'അനുമതി നൽകണം' എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോൺ വിളികൾ വരുന്നത് ഇതിന് പിന്നിലെ സംഘടിതമായ ഇടപെടലുകളുടെ സൂചനയാണ്. തൃശൂർ ജില്ലയ്ക്ക് പുറത്തുള്ള കേസുകൾ പോലും പ്രത്യേക സാഹചര്യങ്ങളിൽ ഇവിടുത്തെ സമിതിക്ക് പരിഗണിക്കേണ്ടി വരുന്നു. ഇത് നിയമപരമായ നടപടിക്രമങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പണമുള്ളവർക്ക് വേണ്ടി നിയമം വളച്ചൊടിക്കപ്പെടുമ്പോൾ ചൂഷണം ചെയ്യപ്പെടുന്നത് ദരിദ്ര സ്ത്രീകളാണ്.
അവയവദാന രംഗവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഡോക്ടർമാർ പറയുന്നതിങ്ങനെ: ഒന്നുകിൽ അവയവ കച്ചവടം കടുത്ത നിയന്ത്രണങ്ങളോടെ നിയമപരമാക്കണം, അല്ലെങ്കിൽ നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കി മാഫിയാ ശൃംഖലയെ തകർക്കണം. ആരോഗ്യരംഗത്തെ നൈതികതയും സ്ത്രീകളുടെ സുരക്ഷയും ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. അവയവമാറ്റ ശസ്ത്രക്രിയയിൽ സ്വകാര്യ ആശുപത്രികൾ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ കർശനമായ പരിശോധനകളും ഓഡിറ്റിംഗും ആവശ്യമാണ്. അവയവ ദാനം സംബന്ധിച്ച് ശക്തമായ ബോധവത്കരണവും നടത്തേണ്ടതുണ്ട്.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
