ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഹല്‍ദോനി ഗ്രാമ സ്വദേശിയായ ബല്‍രാജ് ആണ് വെടിയേറ്റു മരിച്ചത്. പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി സമീപത്തെ പാടത്ത് ഉപേക്ഷിക്കുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് വീട്ടുമുറ്റത്ത് നിന്ന് കുട്ടിയെ കാണാതാകുന്നത്. മുതിര്‍ന്നവര്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിര്‍ണായകമായത് പ്രദേശത്തെ രണ്ട് സിസിടിവി ദൃശ്യങ്ങളാണ്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ കുട്ടി ബല്‍രാജിന് ഒപ്പം നടന്നുപോകുന്നതും, വൈകിട്ട് അഞ്ചു മണിയോടെ ഇയാള്‍ ഭാരമുള്ള ഒരു ചാക്കുമായി പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത ബല്‍രാജിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതി നല്‍കിയ വിവരമനുസരിച്ച് ഗ്രാമത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള പാടത്തുനിന്നും കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് നടന്ന പൊലീസ് നടപടികള്‍ക്കിടയിലാണ് പ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്.
കൊല്ലപ്പെട്ട പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മാവന്റെ അയല്‍വാസിയായ ബല്‍രാജ് ലഹരിക്ക് അടിമയായിരുന്നുവെന്നും കുടുംബവുമായി അടുത്ത പരിചയമുണ്ടായിരുന്ന വ്യക്തിയാണെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ടെന്നും നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിക്കുമെന്നും സെന്‍ട്രല്‍ നോയിഡ ഡിസിപി ശൈലേന്ദ്ര സിങ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ പീഡനം നടന്നിട്ടുണ്ടോ എന്നതടക്കമുള്ള മരണകാരണത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ എന്ന് പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
