തിരുവനന്തപുരം: ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് അരക്കോടിയിലധികം രൂപ തട്ടിയ പൊലീസുകാരൻ അറസ്റ്റിൽ. ഓൺലൈൻ റമ്മി കളിച്ചുണ്ടായ കടം വീട്ടാനാണ് തട്ടിപ്പ് നടത്തിയതെന്നാണ് മൊഴി.
തിരുവനന്തപുരം മണ്ണന്തലയിലെ അഖിൽ രാജാണ് പിടിയിലായത്. വട്ടപ്പാറ സ്വദേശിയായ അഖിൽ രാജ്, പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ്. ബാങ്ക് ജീവനക്കാരനായ വിഴിഞ്ഞം സ്വദേശിയും അറസ്റ്റിലായി. പൊലീസുകാരന്റെ ഭാര്യയും അമ്മയും കേസിൽ പ്രതികളാണ്.
അഖിൽ രാജിനെയും സുനിലിനെയും അറസ്റ്റ് ചെയ്ത് ബാങ്കിലെത്തിച്ച് തെളിവെടുത്തു. ഓൺലൈൻ റമ്മി കളിച്ചുണ്ടായ കടം വീട്ടാനാണ് തട്ടിപ്പ് നടത്തിയെന്നാണ് അഖിൽ രാജിന്റെ മൊഴി. സമാന രീതിയിൽ മറ്റ് ബാങ്കുകളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നു. പ്രതി ചേർത്തെങ്കിലും അഖിൽ രാജിന്റെ ഭാര്യയെയും അമ്മയെയും അറസ്റ്റ് ചെയ്തിട്ടില്ല.
കനറാ ബാങ്കിന്റെ നാലാഞ്ചിറ ശാഖയിലാണ് തട്ടിപ്പ് നടന്നത്. വാർഷിക പരിശോധനയിലാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ജൂലൈയിൽ അഖിൽ രാജ് ഇവിടെ ആഭരണങ്ങൾ പണയം വച്ചു. പല തവണകളിലായി ഇയാളുടെ ഭാര്യയും അമ്മയും സ്വർണാഭരണങ്ങൾ പണയം വച്ചു.
ബാങ്ക് നടത്തിയ പരിശോധനയിൽ ഇതിൽ ചിലത് മുക്കുപണ്ടമെന്ന് കണ്ടെത്തി. മണ്ണന്തല പൊലീസിന് ബാങ്ക് മാനേജർ പരാതി നൽകി. അന്വേഷണത്തിൽ 52 ലക്ഷത്തി എൺപത്തിയൊൻപതായിരം രൂപ വ്യാജ ആഭരണങ്ങൾ പണയം വച്ച് തട്ടിയതായി തെളിഞ്ഞത്. ബാങ്കിലെ ഗോൾഡ് അപ്രൈസർ സുനിലിന്റെ പങ്കും കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
