ഇന്നുമുതൽ സർക്കാരിന്റെ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ മലയാളികളുടെ കൈകളിലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വാർത്താ സമ്മേളനം വിളിച്ചുകൂട്ടിയാണ് മുഖ്യമന്ത്രി ജനങ്ങൾക്കു വേണ്ടിയുള്ള ഓണക്കരുതലുകളെക്കുറിച്ച് വിശദീകരിച്ചത്. കഴിഞ്ഞ 10 വർഷമായി ഇങ്ങനെയൊരു ആനുകൂല്യ വിതരണം കേരള ജനത അനുഭവിച്ചിട്ടില്ല. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കേണ്ടിവന്ന കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം പ്രത്യേക സഹായമായി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇപ്പോൾ മുടങ്ങിക്കിടന്നതും കുടിശ്ശികയുള്ളതുമായ എല്ലാ ആനുകൂല്യങ്ങളും യു.ഡി.എഫ്. സർക്കാർ കഴിയാവുന്ന രീതിയിൽ ജനങ്ങൾക്ക് നൽകിത്തുടങ്ങിയതിനെ നുണ പ്രചരണം കൊണ്ട് നേരിടാനുള്ള സി.പി.എം.ന്റെ തന്ത്രം ഏതാണ്ട് പൊളിഞ്ഞ മട്ടാണ്. കിടപ്പു രോഗികളെ ശുശ്രൂഷിക്കുന്നവർക്ക് ആശ്വാസകിരണമെന്ന പദ്ധതിയിലൂടെ നൽകിവന്ന തുച്ഛമായ തുകയും, സ്‌കൂളുകളിലെ പാചകത്തൊഴിലാളികൾക്ക് നൽകിവന്ന നിസ്സാരമായ തുകയും വരെ കുടിശ്ശികയാക്കിയ ചരിത്രമാണ് പിണറായി സർക്കാരിന്റേത്. യഥാർത്ഥ വാർത്താ യാഥാർത്ഥ്യം വിഴുങ്ങിയതിനുശേഷം പാർട്ടി നൽകിയ 'ചൂടൻ നിർദ്ദേശം' മോന്തിക്കുടിച്ചശേഷം പാർട്ടി പത്രത്തിന്റെ ലേഖകൻ ഇന്നലത്തെ വാർത്താ സമ്മേളനത്തിനെത്തിയിരുന്നു.
ഓണക്കിറ്റ് വിതരണത്തിൽ പാളിച്ചയുണ്ടെന്ന് മുഖ്യമന്ത്രിയുടെ മുമ്പിൽ ആ മാന്യസുഹൃത്ത് പരാതിപ്പെടുകയും ചെയ്തു. ഉടനെ വന്നൂ, മുഖ്യന്റെ മറുപടി. ഓണക്കിറ്റ് വിതരണത്തിന്റെ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 2.30 വരെയുള്ള കണക്ക് കൈവശമുണ്ടെന്നായി മുഖ്യമന്ത്രി. മൊത്തം വേണ്ട ഓണക്കിറ്റുകളുടെ എണ്ണം 6 ലക്ഷത്തിൽ പരമാണ്. ഇതിനായി 5 ലക്ഷം കിറ്റുകൾ ഇപ്പോൾ തന്നെ തയ്യാറാക്കി അതാത് ജില്ലകളിലേക്ക് അയച്ചിട്ടുണ്ടെന്നും അതിന്റെ ജില്ല തിരിച്ചുള്ള കണക്ക് തന്റെ കൈവശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ പാർട്ടി പത്രത്തിന്റെ ലേഖകന് കണ്ടംവഴി ഓടേണ്ടിവന്നു.
ഓണത്തിന് എൻഡോസൾഫാൻ ദുരിതബാധിതർക്കുപോലും യു.ഡി.എഫ്. സർക്കാർ കഴിയാവുന്ന സഹായം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും നുണകൾ കൊണ്ട് സോഷ്യൽമീഡിയയിൽ ഭരണമുന്നണിയോടുള്ള വിരോധം തീർക്കാൻ നടക്കുന്ന സഖാക്കൾ ഇനിയെങ്കിലും ഈ നാണംകെട്ട പ്രചരണം അവസാനിപ്പിക്കണേ.
സഖാക്കളെ പോഷിപ്പിക്കാൻ മാത്രം...
സാമൂഹ്യക്ഷേമപെൻഷൻ നേരിട്ട് അർഹരിൽ എത്തണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശമുള്ളത്. കേരളത്തിൽ മാത്രം എന്തുകൊണ്ട് പെൻഷൻ സഹകരണബാങ്കുകൾ വഴി ചില 'ഇടനിലക്കാർ' വീടുകളിൽ എത്തിച്ചുകൊടുക്കുന്നുവെന്നതിന്റെ ഉത്തരം 2016 മുതൽ 2022 വരെയുള്ള ക്ഷേമപെൻഷൻ വിതരണസംവിധാനം ഓഡിറ്റ് ചെയ്തു സി.എ.ജി. തയ്യാറാക്കിയ 2023ലെ ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.
ആകെ ക്ഷേമ പെൻഷൻ ലഭിക്കുന്നവർ 52 ലക്ഷമാണ്. ഇതിൽ 23 ലക്ഷം പേർക്കും സഹകരണ ബാങ്ക് വഴിയാണ് പെൻഷൻ നൽകിക്കൊണ്ടിരിക്കുന്നത്. പെൻഷൻ വീടുകളിലെത്തിക്കുന്ന ഒരാൾക്ക് 25 രൂപയും സഹകരണബാങ്കിന് 5 രൂപയും സർക്കാർ ഖജനാവിൽ നിന്ന് നൽകിവന്നിരുന്നു. ഇൻഫർമേഷൻ കേരളാ മിഷൻ തയ്യാറാക്കിയ 'സേവന സോഫ്റ്റ് വെയർ' ഉപയോഗിച്ചാണ് പെൻഷൻ വിതരണം. എന്നാൽ ഈ സോഫ്റ്റ്‌വെയറിൽ നിന്ന് മരിച്ചവരെയോ, ഒന്നിലധികം പെൻഷൻ വാങ്ങുന്നവരെയോ ഒഴിവാക്കാൻ ഭരണകർത്താക്കൾ ശ്രദ്ധിച്ചില്ല.
1458 സർക്കാർ ജീവനക്കാർ ഈ പെൻഷൻ വാങ്ങുന്നുണ്ട്. പ്രതിമാസം ഇങ്ങനെ 2.70 കോടി രൂപ സർക്കാരിന് നഷ്ടമാകുന്നുണ്ടെന്ന് സി.എ.ജി. ചൂണ്ടിക്കാട്ടി. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, മലപ്പുറം, പത്തനംതിട്ട എന്നീ ജില്ലകളിൽ സി.എ.ജി. നടത്തിയ സർവേയിലാണ് ഈ അപാകത കണ്ടെത്തിയത്. ബാക്കി ജില്ലകളിലേക്ക് കൂടി പരിശോധന നീണ്ടാൽ അനർഹരിലേക്ക് ഒഴുകിപ്പോയത് നിരവധി കോടികളാണെന്ന് പറയേണ്ടിവരും.
ബാങ്കുകളിൽ നിന്ന് പെൻഷൻ വീടുകളിലേക്ക് കൊണ്ടുപോയി നൽകിവന്നവരെല്ലാം പഴയ ഭരണകക്ഷിയിൽ പെട്ടവരായിരുന്നുവെന്ന് ആരോപണമുണ്ട്. ഈ കെടുകാര്യസ്ഥതയ്ക്ക് അറുതിവരുത്താൻ ഇടതുഭരണം തയ്യാറാകാത്തതിന്റെ മുഖ്യകാരണവും ഇതുതന്നെയായിരുന്നുവെന്ന് കരുതാം. പാർട്ടിക്ക് വൻതോതിലുള്ള 'ധനസമാഹരണം' ഈ സംവിധാനം വഴി നടന്നിരിക്കാമെന്ന് ചിലർ കുറ്റപ്പെടുത്തുന്നുണ്ട്.
വിഴിഞ്ഞം: 10 വർഷം പാഴാക്കിയോ?
വിഴിഞ്ഞം തുറമുഖ വികസനത്തിന്റെ ഒരു പ്രധാന ചുവട് കൂടി നാം കടന്നു കഴിഞ്ഞു. ആഗോള വ്യാപാര കവാടമെന്ന നിലയിൽ ഓഗസ്റ്റ് 18ന് ഉദ്ഘാടനം ചെയ്യപ്പെട്ട 'എക്‌സിം' കേരളത്തിന്റെ വരുമാനത്തിന് ഗതിവേഗം നൽകും. എന്നാൽ തുറമുഖത്തേയ്ക്കുള്ള റെയിൽ റോഡ് ശൃംഖല കൂടുതൽ ശക്തിപ്പെടുത്താൻ കഴിഞ്ഞ സർക്കാർ പ്രകടിപ്പിച്ച പത്തുവർഷക്കാലത്തെ ആലസ്യവും അനാസ്ഥയും വേണ്ടതുപോലെ ചർച്ച ചെയ്യപ്പെടുന്നില്ല.
തുറമുഖത്തേയ്ക്കുള്ള റിംഗ് റോഡ് നിർമ്മാണത്തിനായി 6500ൽ ഏറെ കുടുംബങ്ങളുടെ ഭൂമിയാണ് സർക്കാർ അളന്നു തിട്ടപ്പെടുത്തിയത്. അന്ന് 1600 കോടി രൂപ മതിയായിരുന്നു അക്വയർ ചെയ്ത ഭൂമി ഏറ്റെടുക്കാൻ. ഇപ്പോഴാകട്ടെ 3200 കോടി രൂപയാണ് ഭൂമി വിലയായി കണക്കാക്കുന്നത്. മുൻസർക്കാർ ഭൂമി ഏറ്റെടുക്കലിൽ പ്രകടിപ്പിച്ച 'മെല്ലെപ്പോക്ക്' പരിഹരിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. സർക്കാർ. വികസന കാര്യത്തിൽ രാഷ്ട്രീയമരുതെന്ന് ഭരിക്കുമ്പോൾ ഇടതു നേതാക്കൾ പറഞ്ഞിരുന്നു.
ഇപ്പോഴാകട്ടെ സി.പി.എം. മാത്രമല്ല ബി.ജെ.പി.യും ഇടതു വഴിയിലൂടെ സഞ്ചരിക്കുന്നതിന്റെ സൂചനകൾ ഉദ്ഘാടനച്ചടങ്ങിൽ കാണാൻ കഴിഞ്ഞു. തുറമുഖവകുപ്പിന്റെ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും തിരുവനന്തപുരം നഗരസഭയുടെ ബി.ജെ.പി.മേയറായ വി.വി.രാജേഷും ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടുനിന്നു. തുറമുഖ നടത്തിപ്പുകാരായ അദാനി പോർട്ടിന്റെ ഉടമകളും ഉദ്ഘാടനച്ചടങ്ങിനെത്തിയില്ല. പ്രതിപക്ഷനേതാവ് പിണറായിയും ചടങ്ങിനുണ്ടായിരുന്നില്ല.
കയറ്റുമതിക്കും ഇറക്കുമതിക്കുമുള്ള പരിശോധനയും മറ്റും പൂർത്തിയാക്കാനുള്ള ഔദ്യോഗിക സംവിധാനങ്ങൾ വിഴിഞ്ഞത് ആരംഭിക്കുന്നതുവഴി, കയറ്റുമതിക്കുള്ള ചരക്കുമായി കൊച്ചി തുറമുഖത്ത് പോകേണ്ടിവന്നിരുന്ന ബുദ്ധിമുട്ടാണ് ഇല്ലാതാകുന്നത്. ചരക്കുകൾ ഇറക്കുമതി ചെയ്യാനും കയറ്റുമതി ചെയ്യാനും അവ നേരിട്ട് വിഴിഞ്ഞത് എത്തിച്ചാൽ മതി. ഇതുമൂലം കേരളത്തിലെ മാത്രമല്ല, തമിഴ്‌നാട്ടിലെ വ്യാപാരികൾക്ക് പോലും വിഴിഞ്ഞം ഏറെ പ്രയോജനപ്പെടും.
താളം തെറ്റുന്ന കുടുംബബന്ധങ്ങൾ
കുടുംബങ്ങളിൽ ചോരക്കറ വീണ് നനയുന്നത് നമ്മുടെ സാമൂഹികാന്തരീക്ഷങ്ങളിലെ തമോഗർത്ത കാഴ്ചകളായി മാറിക്കഴിഞ്ഞു. മാതാപിതാക്കളെ കുത്തിക്കൊല്ലുന്ന ലഹരി മൂത്ത മകൻ പറയുന്നത് 'ദൈവം പറഞ്ഞിട്ട് കൊന്നു' വെന്നാണ്. ഇടുക്കിയിൽ ചൊവ്വാഴ്ച സ്വന്തം പിതാവിനെ അടിച്ചുകൊന്ന മകന്റെ മുഖത്ത് നിർവികാരതയാണ് കാണാനായത്. കരുവാറ്റയിൽ മാതാപിതാക്കളുടെ സ്‌നേഹം ഇതുവരെ ലഭിച്ചില്ലെന്ന് അലമുറയിട്ട് കരയുന്ന പതിമൂന്നുകാരി ആസൂത്രണം ചെയ്ത കൊലപാതകത്തിന്റെ രഹസ്യങ്ങളറിയാൻ പെൺകുട്ടിയുടെ വൈദ്യപരിശോധനയും കൗൺസിലിങ്ങും കഴിയണം.
പൊലീസിനോ സർക്കാരിനോ മാത്രം പരിഹരിക്കാവുന്നതല്ല, കുടുംബ ബന്ധങ്ങളിലെ അപതാളങ്ങൾ. മതസാമൂഹികസാംസ്‌ക്കാരിക കൂട്ടായ്മകളുടെ സാമൂഹിക പരിഷ്‌ക്കരണത്തിനായുള്ള കടമ, ആ പ്രസ്ഥാനങ്ങൾ ഇനിയും വീണ്ടെടുക്കേണ്ടതുണ്ടെന്ന്. കേരളത്തിലെ കുടുംബങ്ങളിൽ നിന്നുള്ള വാർത്തകൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.
എങ്ങനെയും പണമുണ്ടാക്കാൻ ഏത് അധാർമിക മാർഗവും സ്വീകരിക്കാമെന്നു കരുതുന്നവരുടെ എണ്ണം കൂടിവരികയാണ്.
ഇത്തരം ദുഷ്പ്രവണതകളെ പ്രതിരോധിക്കാനുള്ള സാമൂഹിക മുന്നേറ്റങ്ങളാകട്ടെ തികച്ചും വിഭജിതവും വികലവുമാണ് ഇന്ന്. ലൈംഗികതയുടെ ഹീനമായ വഴികളിലേക്കാണ് ഇന്റർനെറ്റിലെ ചില സൈറ്റുകൾ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ഇത്തരം സൈറ്റുകളുടെ പ്രവർത്തനം നിരോധിക്കാൻ ഭരണകൂടങ്ങളാണ് ജാഗ്രതപുലർത്തേണ്ടത്.
ഓണക്കാലം 'മായ' ക്കാലമാകരുതേ
ഭക്ഷ്യവസ്തുക്കളിൽ മായം കലർന്നതും, പഴകിയ ഭക്ഷ്യവിഭവങ്ങൾ വിൽക്കുന്നതുമെല്ലാം ഓണ ദിനങ്ങളിൽ പോലും നാം കാണേണ്ടിവരുന്നു. 'ഭക്ഷ്യസുരക്ഷ' എന്നൊരു വകുപ്പ് നമുക്കുണ്ട്. പക്ഷെ, ആവശ്യത്തിന് സ്റ്റാഫില്ല. മൊബൈൽ പരിശോധനാ ലാബറട്ടറികളില്ല. ഇത്തരമൊരു മൊബൈൽ ലാബറട്ടറി ലക്ഷങ്ങൾ ചെലവഴിച്ച് ഒരു ന്യൂജനറേഷൻ ബാങ്ക് കൊച്ചി കോർപ്പറേഷന് നൽകിയത് കുറെ നാളുകളായി എറണാകുളം ടൗൺഹാളിനു സമീപം പാർക്ക് ചെയ്തിരുന്നു. ഇപ്പോൾ ആ വാഹനത്തിന്റെ അവസ്ഥ എന്താണെന്നറിയില്ല.
കേരളത്തിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങളുടെയും പരിശോധന കർശനമാക്കാൻ തമിഴ്‌നാട്ടിലെ 'വിജയ് സർക്കാർ' തീരുമാനിച്ചുക്കഴിഞ്ഞു. എന്നാൽ കേരളത്തിലേക്ക് തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടുവന്ന പച്ചക്കറികളും മറ്റും മലയാളികളിൽ ക്യാൻസർ ഉണ്ടാക്കാൻ കാരണമാകുന്നുണ്ടെന്നത് ഒരു യാഥാർത്ഥ്യമല്ലേ?
പുതിയ സർക്കാർ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വിഷം കലർന്ന പച്ചക്കറികൾ കേരളത്തിന്റെ അതിർത്തി കടക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കണം. ഓണനാളുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ചില കമ്പനികളുടെ വെളിച്ചെണ്ണ, ക്ഷീരോൽപ്പന്നങ്ങൾ എന്നിവയെല്ലാം തന്നെ മായം കലർന്നവയായി കണ്ടെത്താറുണ്ട്. ഉദ്യോഗസ്ഥർ കടലാസിൽ നിരോധിച്ചാലും അവ വിപണിയിൽ വീണ്ടും പ്രത്യക്ഷപ്പെടാറുമുണ്ട്. ഇത്തവണയെങ്കിലും ഈ 'മായാജാലം' കാണാൻ ഇടയാക്കരുതേ.
ജയിപ്പിച്ചിട്ടും ജനത്തോട് കലിപ്പോ?
യു.ഡി.എഫ് എന്ന ടീം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയപ്പോൾ, മുന്നണിയിലെ 'വല്യേട്ടൻ' എന്ന നിലയിൽ കോൺഗ്രസ് പാർട്ടിയെ ജനം കൂടുതൽ ഉത്തരവാദിത്വമേൽപ്പിക്കുകയാണുണ്ടാത്.
മലബാറിലെ ഒരു ഡി.സി.സി. ചടങ്ങിൽ ജനം ജയിപ്പിച്ച എം.എൽ.ഏ.മാർ 'കെ.സി.യാണ് ഞങ്ങളുടെ വിജയത്തിന്റെ കാരണ' മെന്ന് പരസ്യമായി പ്രഖ്യാപിച്ചത് ഒരു തരം കൊഞ്ഞനം കുത്തലായി. ചടങ്ങിൽ ഉണ്ടായിരുന്ന ഒരു ലീഗ് എം.എൽ.ഏ. മാത്രമാണ് മുഖ്യമന്ത്രി സതീശനുവേണ്ടി സംസാരിച്ചത്. വേദിയിലുണ്ടായിരുന്ന കെ.സി. പരസ്യമായി തന്നെ 'ഇത്തരം ഡയലോഗൊന്നും വേണ്ട കേട്ടോ' എന്നു പറയാനുള്ള വിവേകം ആ സമ്മേളനത്തിൽ കാണിച്ചതുമില്ല.
അതിനർത്ഥം, ഏതെങ്കിലും അവസരം കൈവന്നാൽ കെ.സി.ഡെൽഹി വിട്ട് കേരളത്തിലെത്തി മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ ആഗ്രഹിക്കുന്നുവെന്നു തന്നെയല്ലേ? അങ്ങനെ വന്നാൽ കെ.സി.യുടെ പുതിയ ക്യാബിനറ്റിൽ കയറിപ്പറ്റാമെന്ന പൂതി മനസ്സിൽവച്ചാണോ ആര്യാടൻ ഷൗക്കത്തും വി.എസ്. ജോയിയുമെല്ലാം അവരുടെ കെ.സി. പ്രേമം പരസ്യമാക്കിയത്?
ഓണം തൂക്കാൻ മമിതയോ?
ഓണക്കാലത്തെ റിലീസ് സിനിമകൾ ഏതെല്ലാമെന്ന് വ്യക്തമായിക്കഴിഞ്ഞു. എന്തായാലും ഈ ഓണം കോട്ടയത്തുകാരിയായ മമിത ബൈജു തൂക്കുമെന്ന് സിനിമാപ്രേമികൾ പ്രവചിക്കുന്നു. വിജയ്‌യുടെ ജനനായകനും സൂര്യയുടെ വിശ്വനാഥ് ആൻഡ് സൺസും തീയറ്ററുകളിലുണ്ട്. ഈ രണ്ട് സിനിമകളിലും മമിത പ്രധാനപ്പെട്ട റോളുകളിലുണ്ട്. ഓഗസ്റ്റ് 20ന് പൃഥ്വിരാജിന്റെ ഖലീഫയും 21ന് നിവിൻപോളിയുടെ ബത്‌ലെഹം കുടുംബ യൂണിറ്റും തിയറ്ററുകളിലെത്തും. ദുൽക്കറിന്റെ പാൻ ഇന്ത്യാ സിനിമയായ 'ഐ ആം ഗെയിം' ഓണറിലീസായി തിയറ്ററുകളിലെത്തില്ല. സെപ്തംബർ 3 ആണ് പുതിയ റിലീസ് തീയതി.
മോഹൻലാൽ ജൂഡ് ആന്തണി ജോസഫിന് പുതിയ ചിത്രത്തിന്റെ ഓഫർ നൽകിയിട്ടുണ്ട്. 'തുടക്ക' ത്തിന് നല്ല കളക്ഷനുണ്ട്. പൃഥ്വീരാജിന്റെ ഖലീഫ മലബാറിലെ 'സ്വർണം പൊട്ടിക്കൽ' സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിർമ്മിച്ചതാണ്. മാമ്പറക്കൽ അഹമ്മദാലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹൻലാലിന്റെ 'ഇൻട്രോ' അടങ്ങിയ ട്രെയിലർ ഗംഭീരമാണ്. യാനിക് ബെൻ എന്ന വിലയേറിയ സ്റ്റണ്ട് സംവിധായകനോടൊപ്പം മറ്റു രണ്ടു സംഘട്ടന സംവിധായകർ കൂടി ഖലീഫയിലുണ്ട്.
വളരെ ലളിതമായ ഒരു കുടുംബ ചിത്രമെന്ന നിലയിൽ 'ബെത്‌ലഹം കുടുംബ യൂണിറ്റ്' ജയിച്ചാൽ നിവിൻ പോളിയുടെ മാർക്കറ്റ് റേറ്റ് കൂടും. ബിലായത്ത് ബുദ്ധ, അയാം നോ ബഡി എന്നീ ഫ്‌ളോപ്പുകൾക്കുശേഷമുള്ള പൃഥ്വിയുടെ 'ഖലീഫ' വിജയിച്ചില്ലെങ്കിൽ തീർച്ചയായും ആ നായക നടന്റെ ഫ്യൂച്ചറിൽ കരിനിഴൽ വീഴാം. നമ്മുടെ പൃഥ്വിയല്ലേ അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
ആന്റണിചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
