തിരുവനന്തപുരം: ഏതു അസമയത്തും സംസ്ഥാനത്തു എവിടെയും വനിതകൾക്ക് സ്വന്തന്ത്രമായി സഞ്ചരിക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കുന്ന കേരള പോലീസിന്റെ നിർഭയ നിശ പദ്ധതിക്ക് സമാരംഭമായി.
തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ നിർഭയനിശ പതിനാല് ജില്ലകളിലും നടപ്പാകുന്നതിന്റെ തുടക്കം കുറിച്ചു.
വനിതാ പോലീസ് ഡ്രൈവർമാർ ഡ്രൈവ് ചെയ്യുന്ന 28 ഫോഴ്സ് ഗൂർഖ ജീപ്പുകളുടെ ഫ്ലാഗ്ഗ് ഓഫും പദ്ദതി ഉദ്ഘാടന വേളയിൽ അദ്ദേഹം നിർവഹിച്ചു.
രാത്രി 09 മണി മുതൽ രാവിലെ 05 മണിവരെ സ്ത്രീകൾക്ക് ജോലി, പഠനം, ചികിത്സ, കുടുംബപരവും വ്യക്തിപരവുമായ ആവശ്യങ്ങൾ എന്നിവയ്ക്കായി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ച് യാത്രചെയ്യുമ്പോൾ നേരിടേണ്ടി വരുന്ന സുരക്ഷാവെല്ലുവിളികൾക്ക് പരിഹാരമായാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
ഫെബ്രുവരി 24ന് നിർഭയ നിശയുടെ പൈലറ്റ് പ്രോജക്ടിന് ആരംഭം കുറിച്ച് കൊണ്ട് ഈ പദ്ധതിയിലൂടെ സ്ത്രീ സുരക്ഷയ്ക്കായി മാതൃകാപരമായ ചുവടുവയ്പ്പാണ് കേരള പോലീസ് നടപ്പിലാക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
ശാന്തിയും സമാധാനവും പുലരുന്ന നാടാണ് കേരളമെങ്കിലും സ്ത്രീ ശാക്തീകരണത്തിന്റെ മേഖലയിൽ നമ്മൾ ബഹുദൂരം മുന്നോട്ടു സഞ്ചരിക്കേണ്ടതുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
നിർഭയനിശ പദ്ധതിയിലൂടെ ഏതു അസമയത്തും തൊഴിലാവശ്യത്തിനും മറ്റുമായി യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിത ബോധം പ്രധാനം ചെയ്യുകയാണ് പോലീസ് ചെയ്യുന്നത്. പോലീസിന്റെ വിപുലമായ സുരക്ഷാ സംവിധാനങ്ങൾ രാത്രി യാത്ര ചെയ്യുന്ന സ്ത്രീജനങൾക്ക് വലിയ തോതിൽ സുരക്ഷാബോധം പ്രധാനം ചെയ്യാൻ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര പോലീസ് സേവനങ്ങൾ ആവശ്യമുള്ള സ്ത്രീകൾക്ക് അവ ലഭ്യമാകുന്നതിനു എമർജൻസി റെസ്പോൺസ് ആൻഡ് സപ്പോർട്ട് സിസ്റ്റം (ഇ. ആർ. എസ്. എസ്), Pol App ലെ SOS ബട്ടൺ, 112 ഹെൽപ്പ് ലൈൻ, ജില്ലാ കൺട്രോൾ റൂമുകൾ, കൺട്രോൾ റൂം വാഹനങ്ങൾ, ഹൈവേ പട്രോളുകൾ, പിങ്ക് പെട്രോൾ വാഹനങ്ങൾ തുടങ്ങിയവയുടെ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ ഈ പദ്ധതി വിഭാവനം ചെയ്യുന്നു.
സ്ത്രീകളുടെ ആത്മവിശ്വാസവും പ്രവർത്തനസ്വാതന്ത്ര്യവും വളർത്തിയെടുക്കുവാനും പോലീസും പൊതുസമൂഹവുമായുള്ള മൈത്രി ബന്ധം ഊട്ടിയുറപ്പിക്കാനും ഈ പദ്ധതി സഹായകരമാകുന്നു.
നിർഭയ നിശ പദ്ധതിയുടെ ഭാഗമായി സ്ത്രീകൾ അധികമായി യാത്ര ചെയ്തുവരുന്ന തിരക്കുള്ള നഗരപ്രദേശങ്ങളിൽ എ ഐ ക്യാമറ വേധിതവും അപകട വേളകളിൽ സ്ത്രീകൾക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധ ആകർഷിക്കുവാനായുള്ള അലാറം പാനിക് ബട്ടൻ എന്നീ സൗകര്യമുള്ളതും തിരക്കുള്ള ഇടങ്ങളിൽ കുറ്റവാളികളെ തിരിച്ചറിയുന്നതിനായി ഫേഷ്യൽ റിക്കവേഷൻ സംവിധാനം എന്നിവയോടു കൂടിയതുമായ നിർഭയ നിശ സേഫ്റ്റി പോളുകൾ സ്ഥാപിക്കും.
പോലീസ് സേനയുടെ എമർജൻസി റെസ്പോൺസ് ആൻഡ് സപ്പോർട്ട് സിസ്റ്റം (ഇ.ആർ.എസ്.എസ്), പോൽ -ആപ്പിലെ SOS ബട്ടൺ, 112 ഹെൽപ്പ് ലൈൻ, ജില്ലാ കൺട്രോൾ റൂമുകൾ, ഹൈവേ പട്രോൾ, പിങ്ക് പട്രോൾ വാഹനങ്ങൾ തുടങ്ങിയ അടിസ്ഥാന സംവിധാനങ്ങളുടെ ഏകോപനത്തിലൂടെയാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്..
സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഗാർഹിക പ്രശ്നപരിഹാര കേന്ദ്രങ്ങൾ, വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി, നിർഭയ, പിങ്ക് പട്രോൾ തുടങ്ങി നിരവധി കർമ്മ പദ്ധതികൾ കേരള പോലീസ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്.
സേനയിലെ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനും ലിംഗ സമത്വം ഉറപ്പാകുന്നതിനുമുള്ള നടപടികൾക്ക് കഴിഞ്ഞ പത്തുവർഷത്തിൽ ശ്രെദ്ധേയമായ മുന്നേറ്റം കൈവരിക്കുവാനും കഴിഞ്ഞിട്ടുണ്ട്.
കേരള പോലീസിൽ നിലവിൽ ലഭ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ആധുനിക സാങ്കേതികവിദ്യയും സംയോജിപ്പിച്ച് വനിത ശിശുവികസന വകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുടെ സഹകരണത്തോടെ സമഗ്രവും ഏകീകൃതവുമായ സ്ത്രീ സുരക്ഷ പദ്ധതിയായ നിർഭയ നടപ്പാക്കിക്കൊണ്ട് സ്ത്രീ ശാക്തീകരണ രംഗത്ത് രാജ്യത്തെ മറ്റു സേനകൾക്ക് മാതൃക കാട്ടിയിരിക്കുകയാണ് കേരളപോലീസ്.
എ ഡി ജി പിമാരായ എസ് ശ്രീജിത്ത് , എച് വെങ്കടേഷ് , ഐ ജി സൗത്ത് സോൺ ജി സ്പർജൻ കുമാർ , തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ കെ കാർത്തിക്ക് മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
