ഫ്‌ളോറിഡ: ഫോമായുടെ 2026-28 ഭരണ സമിതിയിലേയ്ക്ക് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മൽസരിക്കുന്ന ബിജു തോണിക്കടവിലിനെ ഫ്‌ളോറിഡയിലെ ജനപ്രിയ സംഘടനയായ നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്‌ളോറിഡ എൻഡോഴ്‌സ് ചെയ്തു.
സൺഷൈൻ മുൻ ആർ.വി.പിയും കേരള അസോസിയേഷൻ ഓഫ് പാം ബീച്ചിന്റെ മുൻ പ്രസിഡന്റുമായിരുന്ന ബിജു തോണിക്കടവിൽ ഫോമായുടെ വിവിധ നേതൃപദവികളിൽ പ്രവർത്തിച്ച് അമേരിക്കൻ മലയാളികളുടെ ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ വ്യക്തിയാണെന്നും അദ്ദേഹം ഫോമായുടെ പ്രസിഡന്റായി വരുന്നത് നമ്മുടെ അസോസിയേഷനും സൗത്ത് ഫ്‌ളോറിഡയിലെ മലയാളികൾക്കും തികച്ചും അഭിമാനകരമാണെന്നും ബിജുവിനെ നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്‌ളോറിഡ ഏകകണ്ഠമായി എൻഡോഴ്‌സ് ചെയ്യുന്നുവെന്നും പ്രസിഡന്റ് കുര്യൻ വർഗീസ് അറിയിച്ചു. യോഗത്തിൽ ഷാന്റി വർഗ്ഗീസിനെ സൺഷൈൻ റീജിയൺ വൈസ് പ്രസിഡന്റായും എൻഡോഴ്‌സ് ചെയ്‌യ്തിട്ടുണ്ട്.
ഫോമായ്ക്ക് ശക്തമായ അടിത്തറയുണ്ടാക്കിക്കൊടുത്ത ഫോമാ വില്ലേജ് പ്രോജക്ട് പോലുള്ള പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിച്ചതിലൂടെ സംഘടനയിൽ അദ്ദേഹത്തിന് നേടിക്കൊടുത്ത സ്ഥാനങ്ങൾ ചെറുതല്ലെന്ന് യോഗം വിലയിരുത്തി.
ഫിലപ്പ് ചാമത്തിൽ പ്രസിഡന്റായി പ്രവർത്തിച്ച കാലഘട്ടത്തിൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കക്കെടുതി മുതൽ ജീവകാരുണ്യ പ്രവർത്തനരംഗത്ത് ഫോമായ്‌ക്കൊപ്പം അഹോരാത്രം പ്രവർത്തിച്ച ആർ.വി.പി എന്ന നിലയിൽ ഫോമാ വില്ലേജിന് ബിജു തോണിക്കടവിൽ നൽകിയ സംഭാവനകൾ വിലപ്പെട്ടതായിരുന്നു. തുടർന്ന് അനിയൻ ജോർജ് പ്രസിഡന്റായ സമയത്ത് ജോയിന്റ് ട്രഷററായി നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
കോവിഡ് കാലത്ത് ഫോമാ നടത്തിയ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായ ബിജു ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. കോവിഡ് വ്യാപന സാഹചര്യത്തിൽ കേരളത്തിലെ വിവിധ ആശുപത്രികളിൽ വെന്റിലേറ്ററുകൾ നൽകുന്നതിൽ മികച്ച സേവനമാണ് ഫോമാ അന്ന് നൽകിയത്. പിന്നീട് ഡോ. ജേക്കബ് തോമസ് പ്രസിഡന്റായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ഫോമയുടെ ട്രഷററായി ബിജു നടത്തിയ സംഘടനാ പ്രവർത്തനങ്ങൾ പ്രവാസി സംഘടനകൾക്ക് മാതൃകയായി.
കേരളാ കൺവൻഷൻ, കാൻ കൂൺ കൺവൻഷൻ, കൂടാതെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റക്കാനയിൽ വച്ചുനടന്ന ഇന്റർനാഷണൽ ഫാമിലി കൺവൻഷൻ എന്നിവ ഏറ്റവും ഭംഗിയായി സംഘടിപ്പിക്കുവാൻ കഴിഞ്ഞു. 2024ൽ അധികാരം കൈമാറുമ്പോൾ 88,856 ഡോളർ മിച്ചം വെച്ച് ഫോമയെ പുതിയ ടീമിനെ ഏൽപ്പിച്ച ട്രഷറർ എന്ന ഖ്യാതി ബിജു തോണിക്കടവിലിന് സ്വന്തമാണെന്ന് കുര്യൻ വർഗീസ് വ്യക്തമാക്കി.
നഷ്ടങ്ങളുടെ കണക്കിൽ നിന്ന് നീക്കിയിരിപ്പിന്റെ മികവിലേക്ക് ഫോമയെ ഉയർത്തിയ ട്രഷറർ എന്ന നിലയിൽ നിന്ന് ഇനിയും ഫോമയ്ക്ക് നീക്കിയിരിപ്പിന്റെ ചരിത്രം സൃഷ്ടിക്കുവാനും, ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെ ഫോമയ്ക്ക് ആഗോള തലത്തിൽ പ്രാവിണ്യം നേടാനുമുള്ള പദ്ധതികൾക്കാണ് ബിജു തോണിക്കടവിൽ ലക്ഷ്യമിടുന്നത്. സുവ്യക്തമായ കാഴ്ചപ്പാടും വലിയ വ്യക്തിബന്ധങ്ങളുമുള്ള ബിജു തോണിക്കടവിൽ ഫോമയ്ക്ക് എന്നും പ്രതിച്ഛായ സമ്മാനിക്കുന്ന നേതാവും സർവ്വ സമ്മതനുമാണെന്ന് നവകേരള അസോസിയേഷൻ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ നേതാക്കൾ അഭിപ്രായപ്പെട്ടു.
അതേസമയം, ഷാന്റി വർഗ്ഗീസ് നവകേരളാ അസോസിയേഷൻ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ മുൻ പ്രസിഡന്റും, ഇപ്പോഴത്തെ ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗവുമാണ്. കൂടാതെ മൂന്ന് പതിറ്റാണ്ടായി സംഘടനാ പ്രവർത്തനങ്ങളിലൂടെ വ്യതിമുദ്ര പതിപ്പിച്ച സംഘാടകനുമാണ്. ഫോമായിൽ വിവിധ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ബിജു തോണിക്കടവിലിനെയും അദ്ദേഹം നേതൃത്വ നൽകുന്ന ടീം വോയ്‌സ് ഓഫ് ഫോമാ അംഗങ്ങളെയും, ഒപ്പം ഷാന്റിയെയും എൻഡോർസ് ചെയ്യുന്നതായി സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജൻ ജോർജ്, ബിജോയ് ജോസഫ്, ഗോപൻ നായർ, എമേഴ്‌സൺ ചാലിശ്ശേരി,കുര്യാക്കോസ് പൊടിമറ്റം, എക്‌സ് ഒഫീഷ്യോ ഏലിയാസ് പനങ്ങയിൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ബിജോയ് സേവ്യർ, സജോ പെല്ലിശേരി എന്നിവർ ഐകകണ്‌ഠ്യേന അംഗീകരിച്ചതാണെന്നും പ്രസിഡന്റ് കുര്യൻ വർഗീസ് അറിയിച്ചു.
അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന വേറിട്ട ഒരു വികസനോൻമുഖ ഭരണം കാഴ്ചവയ്ക്കുന്നതിനായി വോട്ടുകൾ നൽകി തങ്ങളെ ആശീർവദിക്കണമെന്ന് വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവിൽ (പ്രസിഡന്റ്), പോൾ പി ജോസ് (ജനറൽ സെക്രട്ടറി), പ്രദീപ് നായർ (ട്രഷറർ), സാമുവൽ മത്തായി (വൈസ് പ്രസിഡന്റ്), ഡോ. മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോൺസൺ കണ്ണൂക്കാടൻ (ജോയിന്റ് ട്രഷറർ) എന്നിവർ ഏവരോടും ഹൃദയപൂർവം അഭ്യർത്ഥിക്കുന്നു.
ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ എൻഡോഴ്‌സ് ചെയ്തതിൽ നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ഭാരവാഹികളോടും അംഗങ്ങളോടും ബിജു തോണിക്കടവിൽ നന്ദി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
