യു.എസ്. പ്രസിഡൻഷ്യൽ സ്‌കോളേഴ്‌സ് ബഹുമതി മലയാളി വിദ്യാർത്ഥിനി ജിസ്മി മാത്യുവിന്

OCTOBER 29, 2026, 11:45 AM

ന്യൂജേഴ്‌സി: അമേരിക്കയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ദേശീയ അംഗീകാരങ്ങളിലൊന്നായ 2026ലെ യു.എസ്. പ്രസിഡൻഷ്യൽ സ്‌കോളേഴ്‌സ് ബഹുമതിക്ക് ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവറിൽ താമസിക്കുന്ന മലയാളി വിദ്യാർത്ഥിനി ജിസ്മി മാത്യു അർഹയായി. അക്കാദമിക മികവ്, സാങ്കേതികവിദ്യയിലെ നേട്ടങ്ങൾ, നേതൃത്വപാടവം, സാമൂഹികസേവനം എന്നിവയിലൂടെ ശ്രദ്ധേയയായ ജിസ്മിയുടെ നേട്ടം അമേരിക്കൻ മലയാളി സമൂഹത്തിനും അഭിമാനമായി.

ഒക്ടോബർ 27ന് യു.എസ്. വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച 161 പ്രസിഡൻഷ്യൽ സ്‌കോളർമാരിൽ കരിയർ ആൻഡ് ടെക്‌നിക്കൽ എജ്യുക്കേഷൻ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർത്ഥികളിൽ ഒരാളാണ് ജിസ്മി. രാജ്യത്താകമാനം 6,700ലധികം വിദ്യാർത്ഥികൾ പരിഗണനയ്ക്ക് അർഹരായ മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഈ ബഹുമതി നേടിയത്. രാജ്യവ്യാപകമായി തിരഞ്ഞെടുക്കപ്പെട്ട 627 സെമിഫൈനലിസ്റ്റുകളിൽനിന്നാണ് അന്തിമ വിജയികളെ കണ്ടെത്തിയത്.

ന്യൂജേഴ്‌സിയിലെ മോറിസ് കൗണ്ടി സ്‌കൂൾ ഓഫ് ടെക്‌നോളജിയിൽ കമ്പ്യൂട്ടർ ഇൻഫർമേഷൻ സയൻസസ് അക്കാദമിയിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജിസ്മി, പഠനത്തിലെ മികവിന് സ്‌കൂളിലെ കമ്പ്യൂട്ടർ സയൻസ് അക്കാദമി സ്‌കോളർ എന്ന അംഗീകാരത്തിനും അർഹയായി. ഹൈസ്‌കൂൾ ഗ്രാജുവേഷൻ ചടങ്ങിൽ തന്റെ ബാച്ചിനെ അഭിസംബോധന ചെയ്ത് പ്രസംഗിക്കാനും ജിസ്മിക്ക് അവസരം ലഭിച്ചു. പഠനമികവിനൊപ്പം നേതൃത്വപാടവവും പ്രകടമാക്കുന്നതായിരുന്നു ഈ നേട്ടങ്ങൾ.

vachakam
vachakam
vachakam

സാങ്കേതികവിദ്യയിലും ശ്രദ്ധേയമായ നേട്ടങ്ങളാണ് ജിസ്മി കൈവരിച്ചിട്ടുള്ളത്. ന്യൂജേഴ്‌സി ടെക്‌നോളജി സ്റ്റുഡന്റ് അസോസിയേഷന്റെ വെബ്മാസ്റ്റർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ജിസ്മി, കൗണ്ടി കോളേജ് ഓഫ് മോറിസിന്റെ 2025 ഫാൾ സെമസ്റ്റർ ഡീൻസ് ലിസ്റ്റിലും ഇടംനേടി. വെബ് ഡെവലപ്‌മെന്റ്, യൂസർ എക്‌സ്പീരിയൻസ് ഡിസൈൻ, ഡിജിറ്റൽ മീഡിയ എന്നീ മേഖലകളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

പഠനമികവിനൊപ്പം സാമൂഹികസേവനത്തിനും ജിസ്മി വലിയ പ്രാധാന്യം നൽകുന്നു. ഫൊക്കാന, ഫാദർ മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകളുടെ വെബ്‌സൈറ്റ് വികസനത്തിനും ഡിജിറ്റൽ പ്രവർത്തനങ്ങൾക്കും ജിസ്മി സാങ്കേതിക സഹായം നൽകിയിട്ടുണ്ട്.

സാങ്കേതികവിദ്യയിലേക്ക് പെൺകുട്ടികളെ കൂടുതൽ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന 'ഗേൾസ് ഹൂ കോഡ് ' സംഘടനയുടെ സ്‌കൂൾതല സഹപ്രസിഡന്റായും സ്റ്റുഡന്റ് കൗൺസിൽ ട്രഷററായും ജിസ്മി പ്രവർത്തിച്ചിട്ടുണ്ട്. 2023ൽ ഈസ്റ്റ് ഹാനോവർ സെൻട്രൽ എലിമെന്ററി സ്‌കൂളിൽ ആരംഭിച്ച 'കമ്പ്യൂട്ടർ സയൻസ് ആൻഡ് STEM ഫാമിലി നൈറ്റ് ' പരിപാടി ജിസ്മിയുടെ നേതൃത്വപാടവത്തിന്റെ മറ്റൊരു ഉദാഹരണമാണ്. കുട്ടികൾക്കും കുടുംബങ്ങൾക്കും ശാസ്ത്രസാങ്കേതിക മേഖലകളെ പരിചയപ്പെടുത്തുന്ന ഈ സംരംഭം പിന്നീട് വാർഷിക പരിപാടിയായി മാറി.

vachakam
vachakam
vachakam

1964ൽ ആരംഭിച്ച യു.എസ്. പ്രസിഡൻഷ്യൽ സ്‌കോളേഴ്‌സ് പ്രോഗ്രാം അമേരിക്കയിലെ മികച്ച ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ അക്കാദമിക നേട്ടങ്ങളും നേതൃത്വഗുണങ്ങളും സാമൂഹിക പ്രതിബദ്ധതയും അംഗീകരിക്കുന്ന ദേശീയ പദ്ധതിയാണ്.

ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ജിസ്മി ഇപ്പോൾ ന്യൂജേഴ്‌സി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ആൽബർട്ട് ഡോർമൻ ഓണേഴ്‌സ് കോളേജിൽ കമ്പ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്തുകയാണ്.

ഈസ്റ്റ് ഹാനോവറിൽ താമസിക്കുന്ന ലിന്റോ മാത്യുവിന്റെയും ജിനു മാത്യുവിന്റെയും മകളാണ് ജിസ്മി. ജൂഡിത്ത്, ജേസൺ എന്നിവർ സഹോദരങ്ങളാണ്.

vachakam
vachakam
vachakam

ജിസ്മിയുടെ ഈ വിജയം അമേരിക്കൻ മലയാളി സമൂഹത്തിനും സാങ്കേതികവിദ്യയിൽ മുന്നേറാൻ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്കും പ്രചോദനമാകുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam