പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാൻ മുരളീധരന് തിടുക്കമായി

APRIL 16, 2025, 5:18 AM

കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ഉള്ളിൽ നിന്നുള്ള നീക്കങ്ങളിലൂടെ മുഖ്യമന്ത്രിപദങ്ങളിൽ നിന്ന് ആദ്യം കരുണാകരനെയും പിന്നീട്  ആന്റണിയും മാറ്റിയ പഴയ നാടകങ്ങൾ പോലെ ഒന്ന് വീണ്ടും അരങ്ങേറാൻ വഴി ഒരുങ്ങുകയാണെന്ന് ഐ വിഭാഗം സ്വപ്‌നം കണ്ടു. ഇപ്പോൾ തീ കൊളുത്തിവിട്ടാൽ ക്രമേണയായി അത് ആളിപ്പടർന്നോളും. അങ്ങനെ വന്നാൽ ഉമ്മൻചാണ്ടി അതിൽ വീണ് ഉടഞ്ഞുകൊള്ളും എന്നവർ കണക്കുകൂട്ടി. അങ്ങനെ വരുമ്പോൾ ആന്റണിയെ തന്നെ വീണ്ടും പുതിയ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിക്കൊണ്ട് ഒരു കൊട്ടാര വിപ്ലവം ആസൂത്രണം ചെയ്യാൻ അവർ ഒരുങ്ങി.

ഉമ്മൻചാണ്ടി വാസ്തവത്തിൽ ഭരണം സംബന്ധിച്ച ഒരൊറ്റ കാര്യങ്ങളിലും കരുണാകര വിഭാഗത്തോട്  ഒരുതരത്തിലും ചർച്ച ചെയ്തിരുന്നുമില്ല. സത്യത്തിൽ ഐ വിഭാഗം രൂപം കൊണ്ട് അന്നുമുതൽ ഇക്കണ്ട കാലമത്രയും കോൺഗ്രസ് ഭരിക്കുമ്പോൾ അനുഭവിച്ചിട്ടില്ലാത്ത തരം കടുത്ത അവഗണനയാണ് കരുണാകര വിഭാഗത്തിന് ഉമ്മൻചാണ്ടിയുടെ ഏഴുമാസത്തെ ഭരണം കൊണ്ട് സംഭവിച്ചത്. 

ഇത് കോൺഗ്രസിൽ ആത്മാഭിമാനം ഉള്ള പ്രവർത്തകരെ സന്തോഷിപ്പിച്ചു. ഭരണം ഉള്ളപ്പോൾ മേൽപ്പറഞ്ഞ തരത്തിലുള്ള സ്വാധീനവും സ്ഥാനമാനങ്ങളും ഏതൊരു നേതാവിന്റെയും ഗ്രൂപ്പിന്റെയും നിലനിൽപ്പിനും വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ്. ഇവയൊന്നും ഇല്ലെങ്കിൽ അവരുടെ രാഷ്ട്രീയ മരണം ഉറപ്പ്. ഐ വിഭാഗത്തെ അങ്ങനെ ഒരു മരണത്തിലേക്ക് ആയിരുന്നു എതിരാളികൾ തള്ളിവിട്ടത്.  അതേസമയം അഴിമതി സ്വജനപക്ഷപാദം എന്നിങ്ങനെ ഭരണമുള്ളപ്പോൾ ഒക്കെ ഐ ഗ്രൂപ്പ് ഉദാരമായി നടപ്പിലാക്കിയിരുന്ന കലാപരിപാടികൾക്ക് ഒക്കെ തന്നെയും ഉമ്മൻചാണ്ടി കൂച്ചുവിലങ്ങിട്ടു എന്ന പ്രതീതി ജനിപ്പിക്കാൻ കഴിഞ്ഞു.

vachakam
vachakam
vachakam


സത്യത്തിൽ അങ്ങനെ അല്ലെങ്കിൽ പോലും...! പി.എസ്.സി, ദേവസ്വം ബോർഡ് നിയമനങ്ങൾ, പോലീസ് സ്ഥലംമാറ്റം എന്നിവയൊക്കെ നടക്കുമ്പോൾ അഴിമതിയും സ്വജനപക്ഷപാതവും മറ്റും നടന്നിരുന്നു. ക്രമേണ രാഷ്ട്രീയ ചിത്രം മാറിമറിയാൻ തുടങ്ങി. മുഖ്യമന്ത്രിപദം നഷ്ടപ്പെട്ട ആന്റണി പരോക്ഷമായെങ്കിലും തന്റെ നിരാശപ്രകടിപ്പിച്ചു കൊണ്ടിരുന്നു. അതാണ് മൃതാവസ്ഥയിൽ ആയിരുന്ന ഐ ഗ്രൂപ്പിന്റെ പ്രാണവായുവായി മാറിയത്. അതോടൊപ്പം ഉമ്മൻചാണ്ടിയുടെ ചുറ്റും ഒരു സംഘം അമിതശക്തി ആർജ്ജിച്ചു തുടങ്ങിയിരിക്കുന്നു. എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുന്ന ഈ സംഘത്തിൽ ഉമ്മൻചാണ്ടിയുടെ വിശ്വസ്തരായ ആര്യാടൻ മുഹമ്മദ,് കെ.പി. വിശ്വനാഥൻ, ബെന്നി ബഹനാൻ, പി.ടി. തോമസ്, എം.ഐ. ഷാനവാസ് എന്നിവരാണ് ഉൾപ്പെടുന്നത്. 

ഇവരിൽ ഏറെയും മുഖ്യമന്ത്രിയായിരുന്ന ആന്റണിയുടെ പല രീതികളിലും ശക്തമായ എതിർപ്പുണ്ടായിരുന്നവർ ആണ്. ഈ സംഘത്തിന്റെ ആധിപത്യം ക്രമേണ ഏറി വരുന്നതിൽ ആന്റണി ഖിന്നനായിരുന്നു. അപ്പോഴേക്കും രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ആന്റണി തള്ളപ്പെട്ടു കഴിഞ്ഞിരുന്നന്നു. ആന്റണിക്കൊപ്പം മന്ത്രി പദം നഷ്ടമായ മറ്റു മന്ത്രിമാരും ഗ്രൂപ്പ് കക്ഷി ഭേദമില്ലാതെ ആന്റണിയുടെ പരിഭാവ സംഘത്തിൽ ചേർന്നു. ഉമ്മൻചാണ്ടി ഭരണമേറിയപ്പോൾ മുതൽ പിണങ്ങിയിരുന്ന ബാലകൃഷ്ണപിള്ള, ജേക്കബ് വിഭാഗങ്ങളും പാർട്ടിയിൽ തങ്ങളുടെ എതിർ വിഭാഗത്തെയാണ് ഉമ്മൻചാണ്ടി സഹായിക്കുന്നത് എന്ന് വിശ്വസിച്ച. ആർ.എസ്.പിയിലെ താമരാക്ഷനും ഷിബു ബേബി ജോണും ഉമ്മൻചാണ്ടി വിരുദ്ധ സംഘത്തിന്റെ സഖ്യശക്തികളായി മാറിക്കഴിഞ്ഞിരുന്നു. 

vachakam
vachakam
vachakam

ഇവർക്കൊക്കെപ്പുറമേ, ഉമ്മൻചാണ്ടിയുടെ സംഘത്തിന്റെ വാഴ്ചക്കെതിരെ യു.ഡി.എഫിൽ തന്നെ പുതിയ ചില എതിരാളികൾ കൂടി ഉണ്ടായി എന്നതാണ് വിചത്രമായ സംഭവം..! എം.വി രാഘവനും കെ.ആർ. ഗൗരിയും മാത്രമല്ല കെ.എം. മാണിയും ആ പക്ഷത്തു ചേർന്നു. ഇതിനിടെ നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിനെ ചൊല്ലി മന്ത്രിസ്ഥാനം ഇല്ലാത്ത എല്ലാ ലീഗ് നേതാക്കളും രോഷപ്രകടനങ്ങൾ പതിവാക്കിക്കഴിഞ്ഞിരുന്നു. അതോടെ കുഞ്ഞാലിക്കുട്ടിയിലും രാഷ്ട്രീയ സമവാക്യങ്ങൾ മാറണമെന്ന ചിന്ത ഉദിച്ചു. ഇതറിഞ്ഞ ഉമ്മൻചാണ്ടിയും സംഘവും ഒന്ന് പതറി. ഈയൊരു അവസ്ഥ ഐ ഗ്രൂപ്പിന് ഗുണമായി മാറി.

കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ഉള്ളിൽ നിന്നുള്ള നീക്കങ്ങളിലൂടെ മുഖ്യമന്ത്രിപദങ്ങളിൽ നിന്ന് ആദ്യം കരുണാകരനെയും പിന്നീട് ആന്റണിയും മാറ്റിയ പഴയ നാടകങ്ങൾ പോലെ ഒന്ന് വീണ്ടും അരങ്ങേറാൻ വഴി ഒരുങ്ങുകയാണെന്ന് ഐ വിഭാഗം സ്വപ്‌നം കണ്ടു. ഇപ്പോൾ തീ കൊളുത്തിവിട്ടാൽ ക്രമേണയായി അത് ആളിപ്പടർന്നോളും. അങ്ങനെ വന്നാൽ ഉമ്മൻചാണ്ടി അതിൽ വീണ് ഉടഞ്ഞുകൊള്ളും എന്നവർ കണക്കുകൂട്ടി. അങ്ങനെ വരുമ്പോൾ ആന്റണിയെ തന്നെ വീണ്ടും പുതിയ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിക്കൊണ്ട് ഒരു കൊട്ടാര വിപ്ലവം ആസൂത്രണം ചെയ്യാൻ അവർ ഒരുങ്ങി. അതുവഴി ഹൈകമാന്റിനെ വരുതിയിൽ കൊണ്ടുവരാൻ കഴിയുമെന്നും അവർ കണക്കുകൂട്ടി..! 

പുതിയ കലാപത്തിന് അങ്ങനെയാണ് ഐ ഗ്രൂപ്പ് ഊർജ്ജം കൈവരിച്ചത്. ഒരുപക്ഷേ വീണ്ടും ഒരു നേതൃമാറ്റം നടക്കണമെന്നില്ല പ്രത്യേകിച്ച് കാര്യങ്ങൾ അത്ര വരെ കൊണ്ടുപോകാൻ ആഗ്രഹമുള്ള ആളുമല്ല, അതിനുള്ള ചങ്കൂറ്റവും ആന്റണിക്കില്ല. എന്നാൽ ആന്റണിയെ മുന്നിൽ നിർത്തിയില്ലെങ്കിൽ ആ നീക്കം നടക്കുകയുമില്ല. കളി എല്ലാം മറ്റുള്ളവർ കളിച്ച ശേഷം അവസാന രംഗത്ത് രാജഹംസത്തിൽ വന്നിറങ്ങി മുഖ്യമന്ത്രി കസേരയിൽ ആസനസ്ഥനായ പഴയ കാലമല്ല ഇത്. 

vachakam
vachakam
vachakam

പണ്ട് ആന്റണിക്ക് വേണ്ടി പടന്നയിച്ച ഉമ്മൻചാണ്ടിയുടെ റോൾ എടുക്കുന്ന മുരളിയാകട്ടെ ഉമ്മൻചാണ്ടിയും അല്ലല്ലോ...! എന്തുതന്നെയായാലും ഇപ്പോഴുള്ള പ്രതിസന്ധി നിയമസഭാ തിരഞ്ഞെടുപ്പ് വരെ കൊണ്ടുപോകണം. അങ്ങനെ വന്നാൽ യു.ഡി.എഫും കോൺഗ്രസും കൂടുതൽ കൂടുതൽ ആഭ്യന്തരഭിനതയിലേക്ക് നീങ്ങും എന്ന് സംശയമില്ല. പുതിയ കലാപത്തോടെ തിരഞ്ഞെടുപ്പ് പരാജയം ഒന്നുകൂടി ഉറപ്പായാൽ യു.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നിന്ന് രക്ഷപ്പെടാനുള്ള നേതാക്കളുടെ  തിരക്ക് വർധിക്കുകയുള്ളൂ. എൻ.എസ്.എസും എസ്.എൻ.ഡി.പിയും നായാടി മുതൽ നമ്പൂതിരി വരെയുള്ളവരുടെ ഐക്യത്തിലൂടെ സ്വന്തം തടി രക്ഷിക്കാൻ മാർഗം തേടിയതാണ്.

ഇതിന്റെ ആദ്യ സൂചന ഇനി ഉടൻ സാധ്യതയുള്ളത് നരേന്ദ്ര കമ്മീഷൻ റിപ്പോർട്ടിനെ ചൊല്ലി മുസ്ലിംലീഗിന്റെ രോഷപ്രകടനങ്ങൾ ആയിരിക്കും. യു.ഡി.എഫ് കപ്പലിൽ നിന്ന് രക്ഷപ്പെടാനുള്ള തിരക്കിലേറെ ഇത് ലീഗിന് അത്യന്താപേക്ഷിതം ആയിരിക്കുന്നത് മുസ്ലിം സമുദായത്തിനുള്ളിൽ പാർട്ടി നേരിടുന്ന വിശ്വാസ തകർച്ചയാണ്. തൽക്കാലം പാർട്ടിക്കുള്ളിൽ വളർന്നുവന്ന വിമതശല്യം ഒതുക്കിയെങ്കിലും മുസ്ലിം മത സംഘടനകളിൽ നിന്നു തന്നെയുള്ള എതിർപ്പുകൾ ലീഗിന്റെ അടിത്തറ ഇളക്കാൻ കഴിയുന്നതാണ്. ഇതിനെയൊക്കെ മറികടന്ന് സമുദായിക വികാരം തങ്ങൾക്ക് അനുകൂലമാക്കാൻ അവസാന മാർഗമായി നരേന്ദ്രൻ റിപ്പോർട്ട് ഉപയോഗിക്കാമെന്ന് ലീഗ് കരുതുന്നുണ്ട്. എന്നാൽ ഇത് യു.ഡി.എഫിന്റെ അന്ത്യത്തിലേക്ക് വഴിവയ്ക്കുമെന്നുറപ്പാണ്. എന്നിട്ടും അവർ അതിന് കച്ചമുറുക്കുകയാണ്. 

എൻ.എസ്.എസ്., എസ്.എൻ.ഡി.പി സഖ്യവും മുസ്ലീം ലീഗും തമ്മിൽ ഇത് നേരിട്ട് യുദ്ധത്തിന് ഇടയാക്കും. ഹിന്ദുത്വ ശക്തികളും അവസരം ഉപയോഗിക്കാതിരിക്കില്ല. ഒരുപക്ഷേ ഇത് വർഗീയ സംഘർഷങ്ങൾക്ക് പോലും കാരണമായേക്കാം. അതുകൊണ്ട് മുരളീധരൻ പറയുന്ന ഒരു കാര്യം ശരിയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്നത്തെ നിലയിൽ യു.ഡി.എഫ് നിലനിൽക്കാൻ ഇടയില്ല. ഇത് വിശ്വസിക്കാനും ഏറെപ്പേരുണ്ടായിരുന്നു.  
എന്നാൽ ഏറെ താമസിയാതെ കാര്യങ്ങൾ കുഴഞ്ഞുമറിയാൻ തുടങ്ങി. സംഭവബഹുലമായ ഒരു രാഷ്ടീയ ജീവിതത്തിന് കാലം അർദ്ധവിരാമം ഇടുകയാണോ എന്നു ശങ്കിക്കുന്ന ഒട്ടേറെ രാഷ്ട്രീയ നിരീക്ഷകരുണ്ടിവിടെ. 

പറഞ്ഞുവരുന്നത് കരുണാകരനെ കുറിച്ച് തന്നെയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന രാഷ്ട്രീയ സംഘടനയിൽ നിന്നുതന്നെ താൻ ബഹിഷ്‌കൃതനാകുകയാണോ..? അങ്ങിനെ ഒരവസ്ഥയിലേക്ക് ആ പാർട്ടിയിലെ കാര്യങ്ങൾ എത്തപ്പെട്ടിരിക്കുകയാണെന്ന് കരുണാകരന് തോന്നിത്തുടങ്ങി. താൻ താലോലിച്ചുകൊണ്ട് നടന്ന രാഷ്ട്രീയ സംഘടനയിൽ നിന്നും പുറത്തു പോകുന്നതല്ല കരുണാകരനെ വിഷമിപ്പിക്കുന്നത്. നേരെ മറിച്ച് തനിക്കെതിരെ കർക്കശമായ ഒരു നടപടി പോലും എടുക്കാതെ, രക്തസാക്ഷിത്വ പരിവേഷം പോലും നൽകാതെ കോൺഗ്രസ് തന്നെ തികച്ചും അരക്ഷിത്വമായ ഒരു ഘട്ടത്തിൽ എത്തിച്ചിരിക്കുന്നു. 

ഇതാണ് കരുണാകരനെ വിഷമിപ്പിക്കുന്നത്. 2005 ഏപ്രിൽ പത്താം തീയതി എ.ഐ.സി.സി ജനറൽ സെക്രട്ടറി ജനാർദ്ദനൻ ദ്വിവേദി, കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും കെ. മുരളീധരനെ ആറു വർഷത്തേക്ക് പുറത്താക്കിയ വാർത്ത മാധ്യമങ്ങളെ അറിയിക്കുമ്പോൾ അത് മുരളീധരനെ ലക്ഷ്യമാക്കിയുള്ള ഒരസ്ത്രം അല്ല എന്നത് രാഷ്ട്രീയ കേന്ദ്രങ്ങൾക്ക് നന്നായി അറിയാവുന്നതാണ്.

ജോഷി ജോർജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam