കാഡോ കൗണ്ടി(ഒക്ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ 'ആർജെ' ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ, അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ ഞെട്ടിക്കുന്ന ബാലപീഡന വിവരങ്ങളാണ് പുറത്തുവരുന്നത്.
കുട്ടിയുടെ അമ്മ കിംബെർലി കോൾ, രണ്ടാനച്ഛൻ ജോർജ്ജ് കോൾ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശിശു പീഡനം, ലൈംഗിക അതിക്രമം, അവഗണന തുടങ്ങി നിരവധി ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജനുവരി 11നാണ് കുട്ടിയെ കാഡോ കൗണ്ടിയിലെ സിമെന്റിന് സമീപത്ത് നിന്നും കണ്ടെത്തിയത്. കുട്ടി കാണാതായ സമയത്ത് തന്നെ പോലീസ് മാതാപിതാക്കളെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. ജയിലിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച രണ്ടാനച്ഛനായ ജോർജ്ജ് കോൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിലവിൽ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ജോർജ്ജ് കോളിന് 25 ലക്ഷം ഡോളർ (ഏകദേശം 20 കോടി രൂപ) ബോണ്ട് തുകയായി കോടതി നിശ്ചയിച്ചു. ജാമ്യത്തിൽ ഇറങ്ങിയാൽ കുട്ടികളുമായോ മൃഗങ്ങളുമായോ സമ്പർക്കം പുലർത്തരുത്, ജിപിഎസ് ഉപകരണം ധരിക്കണം തുടങ്ങിയ കർശന നിബന്ധനകളും കോടതി മുന്നോട്ടുവെച്ചു.
കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ അറ്റോർണി ഓഫീസ് അറിയിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
