ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) നേതാവ് സനേ തകായിച്ചി ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിപിക്കുണ്ടായ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ച ഒഴിവിലേക്കാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത്.
ഷിഗെരു ഇഷിബ സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്ന് പാര്‍ട്ടിക്കകത്ത് നടന്ന തിരഞ്ഞെടുപ്പില്‍ സനേ തകായിച്ചിയെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കുക ആയിരുന്നു. ഭരണകക്ഷി നേതാവാണ് ജപ്പാനില്‍ പ്രധാനമന്ത്രി പദത്തിലെത്തുക.
നിലവിലെ കൃഷിമന്ത്രിയും മുന്‍ പ്രധാനമന്ത്രി ഷിന്‍ജിരോ കൊയ്സുമിയുടെ മകനുമായ ഷിന്‍ജിരോ കൊയ്സുമിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് മുന്‍ സാമ്പത്തിക സുരക്ഷാ മന്ത്രി സനേ തകായിച്ചി പാര്‍ട്ടിയുടെ നേതൃ സ്ഥാനത്തെത്തിയത്. ഇതോടെ സനേ തകായിച്ചിയ്ക്ക് പ്രധാനമന്ത്രി പദത്തിലേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു ഷിഗെരു ഇഷിബയുടെ രാജി. ഒരു വര്‍ഷത്തോളമാണ് ഷിഗെരു ഇഷിബ പദവിയിലിരുന്നത്.
അതേസമയം എല്‍ഡിപി പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും ഇരുസഭകളിലും സഖ്യത്തിന് കൃത്യമായ ഭൂരിപക്ഷം ഇല്ല. ഇന്നലെ പുതിയ കക്ഷിയുമായി സഖ്യകരാറില്‍ ഏര്‍പ്പെട്ടതോടെ ആണ് ആദ്യ വനിതാ പ്രധാനമന്ത്രിയിലേക്കുള്ള വാതില്‍ തുറന്നത്. ഒസാക്ക ആസ്ഥാനമായുള്ള വലതുപക്ഷ ജപ്പാന്‍ ഇന്നൊവേഷന്‍ പാര്‍ട്ടിയുമായും ഇഷിന്‍ നോ കൈയുമായും ആയാണ് പാര്‍ട്ടി സഖ്യം സ്ഥാപിച്ചത്. ഭൂരിപക്ഷമില്ലെങ്കിലും പ്രതിപക്ഷത്തെ ഭിന്നതകള്‍ എല്‍ഡിപിയെ സഹായിച്ചു.
സഖ്യത്തിന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇപ്പോഴും ഭൂരിപക്ഷമില്ല. അതുകൊണ്ടു തന്നെ ഏതെങ്കിലും നിയമനിര്‍മ്മാണം പാസാക്കാന്‍ അവര്‍ മറ്റ് പ്രതിപക്ഷ ഗ്രൂപ്പുകളെ സമീപിക്കേണ്ടതുണ്ട്. ഇത് സര്‍ക്കാരിനെ അസ്ഥിരമാക്കാന്‍ സാധ്യതയുണ്ട്. സ്ഥിരതയില്ലാതെ, ശക്തമായ സമ്പദ്വ്യവസ്ഥയ്ക്കോ നയതന്ത്രത്തിനോ വേണ്ടിയുള്ള നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന്, ജെഐപി നേതാവും ഒസാക്ക ഗവര്‍ണറുമായ ഹിരോഫുമി യോഷിമുറയുമായുള്ള സഖ്യകക്ഷി കരാര്‍ ഒപ്പുവക്കല്‍ ചടങ്ങില്‍ തകായിച്ചി പറയുകയുണ്ടായി.
ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് ദീര്‍ഘകാല പങ്കാളിയായ ബുദ്ധമത പിന്തുണയുള്ള കൊമൈറ്റോയെ നഷ്ടപ്പെട്ട് 10 ദിവസത്തിന് ശേഷമാണ് പുതിയ സഖ്യകക്ഷി വരുന്നത്. തകായിച്ചിയുടെയും എല്‍ഡിപിയുടെ ഏറ്റവും ശക്തനായ കിംഗ് മേക്കര്‍ ടാരോ അസോയുടെയും നേതൃത്വത്തിലുള്ള മന്ത്രിസഭാ രൂപീകരണമാണ് അടുത്ത കടമ്പ.
അതേസമയം എല്‍ഡിപിയുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് തന്റെ പാര്‍ട്ടിക്ക് ആത്മ വിശ്വാസം തോന്നുന്നതുവരെ തകായിച്ചിയുടെ മന്ത്രിസഭയില്‍ ജെഐപി മന്ത്രി സ്ഥാനങ്ങള്‍ വഹിക്കില്ലെന്ന് യോഷിമുര പറഞ്ഞിരുന്നു. ജപ്പാന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ വനിത ആണെങ്കിലും ലിംഗ സമത്വമോ വൈവിധ്യമോ പ്രോത്സാഹിപ്പിക്കാത്ത അതീവ യാഥാസ്ഥിതികയാണ് തകായിച്ചി.
സ്ത്രീകളുടെ പുരോഗമന നടപടികള്‍ക്ക് തടസം നില്‍ക്കുന്ന ജാപ്പനീസ് രാഷ്ട്രീയക്കാരില്‍ ഒരാളാണ് തകായിച്ചി. പുരുഷന്മാര്‍ക്ക് മാത്രമുള്ള പിന്തുടര്‍ച്ചാവകാശത്തെ തകൈച്ചി പിന്തുണയ്ക്കുകയും സ്വവര്‍ഗ വിവാഹത്തെയും വിവാഹിതരായ ദമ്പതികള്‍ക്ക് പ്രത്യേക കുടുംബപ്പേരുകള്‍ അനുവദിക്കുന്നതിനെയും എതിര്‍ക്കുകയും ചെയ്തിരുന്നു.
കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ശിഷ്യയായ തകായിച്ചി, ശക്തമായ സൈനിക, സമ്പദ്‌വ്യവസ്ഥ പരിഷ്‌കരണം എന്നിവയുള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ നയങ്ങള്‍ അനുകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്