യെമനിലെ ഹൂതി വിമതർ: ഉത്ഭവം, വളർച്ച, ഇപ്പോഴത്തെ അവസ്ഥയും ഭാവിയും

OCTOBER 15, 2026, 12:36 AM

'പതിറ്റാണ്ടുകളായി പുകയുന്ന ആഭ്യന്തരകലഹങ്ങളുടെ കൽക്കലങ്ങളിൽ വെന്തുരുകുന്ന യമൻ ഇന്ന് ലോകം കണ്ട ഏറ്റവും വലിയ മാനവിക ദുരന്തത്തിന്റെ നേർസാക്ഷ്യമാണ്. 2014ൽ ഹൂതി വിമതർ തലസ്ഥാനമായ സനാ പിടിച്ചടക്കിയതോടെ ആരംഭിച്ച രക്തരൂഷിതമായ ആഭ്യന്തരയുദ്ധം ഇതിനകം ഒന്നര ലക്ഷത്തിലധികം മനുഷ്യജീവനുകളാണ് കവർന്നെടുത്തത്. വെടിയുണ്ടകൾക്കും മിസൈലുകൾക്കുമപ്പുറം, യുദ്ധം സൃഷ്ടിച്ച സാമ്പത്തിക തകർച്ചയും ഉപരോധങ്ങളും ഇരുപത്തിരണ്ട് കോടിയിലേറെ ജനങ്ങളെയാണ് കടുത്ത പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടിരിക്കുന്നത്. ഒരു തലമുറയെ മുഴുവൻ അനാഥത്വത്തിലേക്കും പട്ടിണിമരണങ്ങളിലേക്കും നയിക്കുന്ന യമൻ യുദ്ധത്തിന്റെ ഉത്ഭവവും അതിന്റെ ഭീകരതയും ലോകക്രമത്തിൽ അത് ചെലുത്തുന്ന സ്വാധീനവും പരിശോധിക്കുകയാണ് ഇവിടെ.'

യെമൻ എന്ന പശ്ചിമേഷ്യൻ രാജ്യത്തെ പതിറ്റാണ്ടുകളായി ആഭ്യന്തരയുദ്ധത്തിന്റെ കെടുതികളിൽ നിർത്തിയിരിക്കുന്നതും, ആഗോള ഭൗമരാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നതുമായ ഒരു സായുധ രാഷ്ട്രീയ പ്രസ്ഥാനമാണ് ഹൂതികൾ. ഔദ്യോഗികമായി 'അൻസാർ അള്ളാ'  ദൈവത്തിന്റെ സഹായികൾ എന്നറിയപ്പെടുന്ന ഈ സംഘടന, വടക്കൻ യമൻ കേന്ദ്രീകരിച്ച് ഉയർന്നുവന്ന് ഇന്ന് അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുന്ന ഒരു  സൈനിക ശക്തിയായി മാറിയിരിക്കുന്നു.

ഹൂതികളുടെ ഉത്ഭവം, അവരുടെ വളർച്ചയുടെ ഘട്ടങ്ങൾ, നിലവിലെ സങ്കീർണ്ണമായ അവസ്ഥ, വരാനിരിക്കുന്ന ഭാവി എന്നിവ പരിശോധിക്കുകയാണിവിടെ. വടക്കൻ യമനിലെ സാദ പ്രവിശ്യയിലാണ് ഹൂതി പ്രസ്ഥാനം രൂപംകൊള്ളുന്നത് 1990 കളിലാണ്.  ഹുസൈൻ ബദറുദ്ദീൻ അൽഹൂതി എന്ന നേതാവാണ് ഈ പ്രസ്ഥാനത്തിന് അടിത്തറയിട്ടത്. അദ്ദേഹത്തിന്റെ കുടുംബപ്പേരിൽ നിന്നാണ് 'ഹൂതികൾ' എന്ന പേര് വരുന്നത്.

vachakam
vachakam
vachakam

യമനിലെ ജനസംഖ്യയുടെ മൂന്നിലൊന്നോളം വരുന്ന ഷിയാ മുസ്ലിംങ്ങളിലെ 'സൈദി' വിഭാഗത്തിൽപ്പെട്ടവരാണ് ഹൂതികൾ. നൂറ്റാണ്ടുകളായി യമൻ ഭരിച്ചിരുന്ന സൈദി ഇമാമുകളുടെ ഭരണം 1962ലെ ആഭ്യന്തരയുദ്ധത്തോടെയാണ് അവസാനിച്ചത്. അതിനുശേഷം വടക്കൻ യമനിൽ തങ്ങളുടെ മതപരവും സാംസ്‌കാരികവുമായ ഐഡന്റിറ്റി നഷ്ടപ്പെടുന്നുവെന്ന ആശങ്ക സൈദികൾക്കിടയിൽ ശക്തമായി.
യമനിലെ ദീർഘകാല ഭരണാധികാരിയായിരുന്ന അലി അബ്ദുള്ള സലെയുടെ അഴിമതി നിറഞ്ഞ

ഭരണത്തോടുള്ള എതിർപ്പും, യമനിൽ വർദ്ധിച്ചുവരുന്ന സൗദി അറേബ്യയുടെ വഹാബി/സലഫി ചിന്താഗതികളുടെ സ്വാധീനവുമാണ് ഹൂതികളെ ഒരു പ്രതിരോധ പ്രസ്ഥാനമായി മാറാൻ പ്രേരിപ്പിച്ചത്. അതോടൊപ്പം കടുത്ത അമേരിക്കൻഇസ്രായേൽ വിരുദ്ധതയും ഇവരുടെ പ്രത്യയശാസ്ത്രത്തിന്റെ മുഖമുദ്രയായി മാറി. യമൻ സർക്കാരുമായി ഹൂതികൾ നിരന്തരം ഏറ്റുമുട്ടി. 2004ൽ യമൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഹുസൈൻ അൽഹൂതി കൊല്ലപ്പെട്ടു. തുടർന്ന് അദ്ദേഹത്തിന്റെ സഹോദരൻ അബ്ദുൽ മാലിക് അൽഹൂതി പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തു. 2010 വരെ സർക്കാരിനെതിരെ ആറോളം ഗറില്ലാ യുദ്ധങ്ങൾ ഹൂതികൾ നയിച്ചു.

2011ൽ പശ്ചിമേഷ്യയിലാകെ വീശിയടിച്ച 'അറബ് വസന്തം' യമനിലും മാറ്റങ്ങൾ വരുത്തി. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പ്രസിഡന്റ് അലി അബ്ദുള്ള സലെക്ക് അധികാരം ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. സലെയുടെ പതനത്തോടെ രാജ്യത്തുണ്ടായ രാഷ്ട്രീയ അസ്ഥിരത ഹൂതികൾക്ക് അനുകൂലമായി മാറി. തങ്ങളുടെ പഴയ ശത്രുവായിരുന്ന അലി അബ്ദുള്ള സലെയുടെ സൈന്യവുമായി ഹൂതികൾ തന്ത്രപരമായ സഖ്യമുണ്ടാക്കി യമനിലെ പ്രധാന നഗരങ്ങൾ പിടിച്ചെടുക്കാൻ തുടങ്ങി.

vachakam
vachakam
vachakam

2014 സെപ്തംബറിൽ ഹൂതികൾ യമന്റെ ഔദ്യോഗിക തലസ്ഥാനമായ സനാ  പിടിച്ചെടുത്തു. പുതിയ പ്രസിഡന്റായ അബ്ദുറബ്ബ് മൻസൂർ ഹാദിയെ അവർ വീട്ടുതടങ്കലിലാക്കുകയും തുടർന്ന് അദ്ദേഹം തെക്കൻ നഗരമായ ഏദനിലേക്ക് ഓടിപ്പോകുകയും ചെയ്തു. ഹൂതികൾ യമൻ പൂർണ്ണമായി പിടിച്ചടക്കുന്നത് തടയാൻ 2015 മാർച്ചിൽ സൗദി അറേബ്യയുടെയും യു.എ.ഇയുടെയും നേതൃത്വത്തിലുള്ള സഖ്യസേന യമനിൽ വ്യോമാക്രമണവും സൈനിക ഇടപെടലും ആരംഭിച്ചു. ഇതോടെ യമൻ യുദ്ധം ആഗോള ശക്തികളുടെ ഒരു പ്രോക്‌സി യുദ്ധമായി മാറി. ഹൂതികൾക്ക് സാങ്കേതികവും ആയുധപരവുമായ പിന്തുണ നൽകി ഇറാൻ അവരുടെ പിന്നിൽ നിലയുറപ്പിച്ചു.

ഇപ്പോഴത്തെ അവസ്ഥ

വർഷങ്ങൾ നീണ്ട യുദ്ധത്തിനും ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള വെടിനിർത്തൽ ശ്രമങ്ങൾക്കും ശേഷം, നിലവിൽ യമനിലെ സാഹചര്യം വീണ്ടും കടുത്ത യുദ്ധത്തിലേക്ക് വഴിമാറിയിരിക്കുകയാണ്.

vachakam
vachakam
vachakam

2022 മുതൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാറുകൾ പൂർണ്ണമായും തകരുകയും, യമൻ വീണ്ടും ഒരു വൻ ആഭ്യന്തരയുദ്ധത്തിലേക്ക് വഴുതിവീഴുകയും ചെയ്തിട്ടുണ്ട്. യമന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളും തലസ്ഥാനമായ സനായും ഹൂതികളുടെ ശക്തമായ നിയന്ത്രണത്തിലാണ്.

ആഗോള വ്യാപാര പാതയിലിപ്പോൾ ശക്തമായ  ആധിപത്യം ഉറപ്പിക്കുകയിണിവർ. തന്ത്രപ്രധാനമായ ബാബ് അൽമന്ദബ് കടലിടുക്കിന്റെയും ചെങ്കടൽ തീരങ്ങളുടെയും  വലിയൊരു ഭാഗം ഹൂതികൾ സൈനിക നീക്കത്തിലൂടെ പിടിച്ചെടുത്തിരിക്കുകയാണ്. ഇത് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും ആഗോള എണ്ണവിലയെയും വൻതോതിൽ ബാധിക്കുന്നു.

സൗദി സഖ്യസേന ഹൂതികൾക്ക് നേരെ ശക്തമായ ബോംബാക്രമണങ്ങൾ തുടരുമ്പോൾ, ഹൂതികൾഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് സൗദിക്ക് തിരിച്ചടി നൽകുന്നു. അടുത്തിടെ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്  നേരെ ഹൂതികൾ നടത്തിയ മാരകമായ മിസൈൽ ആക്രമണങ്ങളിൽ നിരവധി ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. സൗദി അറേബ്യയുടെ വിമാനത്താവളങ്ങളും ഊർജ്ജ നിലയങ്ങളും തങ്ങളുടെ ലക്ഷ്യങ്ങളാണെന്ന് ഹൂതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

മിസൈൽ ഘടകങ്ങൾ ഇറാനിൽ നിന്ന് നേരിട്ടെത്തിച്ച് സ്വന്തമായി അസംബിൾ ചെയ്യാനും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാനും ശേഷിയുള്ള ഒരു വൻ സൈനിക ശക്തിയായി ഹൂതികൾ മാറിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. ഇറാന്റെ 'ആക്‌സിസ് ഓഫ് റെസിസ്റ്റൻസ്'  എന്ന സഖ്യത്തിലെ ഏറ്റവും സജീവമായ ഗ്രൂപ്പാണ് അവർ.
ഇതൊരു വലിയ മാനവിക പ്രതിസന്ധിയായി വളരുകയാണ്.  തുടർച്ചയായ യുദ്ധം കാരണം യമനിലെ ജനസംഖ്യയുടെ ഭൂരിഭാഗവും (ഏകദേശം 18 മില്യണിലധികം ആളുകൾ) കടുത്ത പട്ടിണിയിലും ദാരിദ്ര്യത്തിലുമാണ്. ലക്ഷക്കണക്കിന് ആളുകൾ അഭയാർത്ഥികളായി തുടരുന്നു.

ഇനി എന്ത്?

ഹൂതികളുടെയും യമന്റെയും ഭാവി വരും ദിവസങ്ങളിലെ പ്രാദേശിക സഖ്യങ്ങളെയും അന്താരാഷ്ട്ര ഇടപെടലുകളെയും ആശ്രയിച്ചിരിക്കുന്നു. പ്രധാനമായും മൂന്ന് സാധ്യതകളാണ് മുന്നിലുള്ളത്:

1. പ്രാദേശിക യുദ്ധത്തിന്റെ വ്യാപനം: അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നിവർ തമ്മിലുള്ള

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഹൂതികൾ കൂടുതൽ ആക്രമണോത്സുകരാകാൻ സാധ്യതയുണ്ട്. ചെങ്കടലിലെ ആധിപത്യം ഉപയോഗിച്ച് ആഗോള സമ്പദ്‌വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കാനും സൗദിയുടെ ഉള്ളിലേക്ക് കൂടുതൽ ആക്രമണങ്ങൾ വ്യാപിപ്പിക്കാനും ഹൂതികൾ ശ്രമിച്ചേക്കാം.

2. സൈനിക ഉപരോധവും ആഭ്യന്തര ചെറുത്തുനിൽപ്പും: സൗദി പിന്തുണയുള്ള യമൻ ഔദ്യോഗിക സർക്കാരും (ജഘഇ) പാശ്ചാത്യ ശക്തികളും ചേർന്ന് ഹൂതികളെ പൂർണ്ണമായി ഒറ്റപ്പെടുത്താനും അവരുടെ ആയുധശേഖരം തകർക്കാനും സൈനിക നടപടികൾ കടുപ്പിച്ചേക്കാം. നിലവിൽ യമൻ സർക്കാർ സൈന്യം ഹൂതികൾക്കെതിരെ കടുത്ത തിരിച്ചടികൾ ആരംഭിച്ചിട്ടുണ്ട്.

3. നയതന്ത്രപരമായ വെടിനിർത്തൽ: കടുത്ത ഉപരോധങ്ങളും യുദ്ധവും മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായാൽ, ഹൂതികൾ ഇറാൻ വഴി പുതിയൊരു സമാധാന ചർച്ചയ്‌ക്കോ താൽക്കാലിക വെടിനിർത്തലിനോ തയ്യാറായേക്കാം. എന്നാൽ തങ്ങൾ പിടിച്ചെടുത്ത തന്ത്രപ്രധാനമായ പ്രദേശങ്ങൾ വിട്ടുകൊടുക്കാൻ അവർ തയ്യാറാകില്ല എന്നതിനാൽ ശാശ്വതമായ സമാധാനം എളുപ്പമാകില്ല.

ഒരു സാധാരണ ഗോത്രവർഗ്ഗമത നവീകരണ പ്രസ്ഥാനമായി തുടങ്ങി, ഇന്ന് പശ്ചിമേഷ്യയിലെയും ചെങ്കടലിലെയും ആഗോള ശക്തികളെ വെല്ലുവിളിക്കാൻ തക്ക ശേഷിയുള്ള സൈനിക സംഘടനയായി ഹൂതികൾ മാറിക്കഴിഞ്ഞു. അവരുടെ സൈനിക നീക്കങ്ങൾ യമനിലെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കുന്നുണ്ടെങ്കിലും, പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ ഒഴിവാക്കാനാകാത്ത ഒരു ഘടകമായി ഹൂതികൾ നിലനിൽക്കുന്നു.

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam