ഗുജറാത്തിൽ കണ്ടൊരു സവിശേഷത പൊതു ഇടങ്ങളിൽ ഒരിടത്തും ഒരു രാഷ്ടീയ പാർട്ടികളുടേയും കൊടികളോ, ഫ്‌ളെക്‌സുകളോ മറ്റുതോരണങ്ങളോ കാണാനില്ല എന്നതാണ്. എന്നാൽ എ.ഐ.സി.സി സമ്മേളന നഗറിനുചുറ്റിലും വഴിയരികുകളിലും മറ്റും മല്ലികാർജുൻ ഖർഗെ, സോണിയാ ഗാന്ധി, പ്രിയങ്ക, രാഹുൽ, കെ.സി.വേണുഗോപാൽ എന്നിവർക്കൊപ്പം പ്രാദേശിക നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ബോർഡുകൾ കാണാമായിരുന്നു. റോഡിലെ ഡിവൈഡറുകളിലെല്ലാം കോൺഗ്രസ് പതാകകൾ, പ്രാദേശിക നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ബോർഡുകളുണ്ടായിരുന്നു.
42 ഡിഗ്രിയാണ് ചൂടിലും അവിടമാകെ തിരഞ്ഞെടുപ്പു പ്രചാരണം പോലെയുള്ള കാഴ്ചകൾ. വാസ്തവത്തിൽ ഗുജറാത്തിലെ എ.ഐ.സി.സി സമ്മേളനം സിംഹത്തിന്റെ മടയിൽ കയറി കൊടിനാട്ടിയ അനുഭവമാണ് കാഴ്ചവച്ചത്. പോരാത്തതിന് അഡൽ ബ്രിഡ്ജിന് സമീപമാണ് എ.ഐ.സി.സി സമ്മേളനം നടക്കുന്നത്. അഡൽ ബ്രിഡ്ജ് കാണാനുള്ളവരുടെ തിരക്കും സമ്മേളനത്തിന് കൊഴുപ്പുകൂട്ടിയെന്നു പറയാം.
2027 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിനെ ആദ്യ പ്രത്യേക പ്രമേയത്തിനായി എ.ഐ.സി.സി സമ്മേളനം തിരഞ്ഞെടുത്തത് എന്തുകൊണ്ട്? ഈചോദ്യത്തിന്റെ ഉത്തരമിതാണ്. ഗുജറാത്തിൽ കോൺഗ്രസ് 30 വർഷമായി അധികാരത്തിൽ നിന്ന് പുറത്തായതിനാൽ, സംഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിൽ നിന്ന് ജാതി സെൻസസ് പ്രതിജ്ഞയെടുക്കുന്നതിലേക്കും ഗാന്ധിയുടെയും സർദാർ പട്ടേലിന്റെയും പാത പിന്തുടരുന്നതിലേക്കും തിരിച്ചുവരവ് പദ്ധതി പ്രമേയം മുന്നോട്ടുവയ്ക്കുന്നു.
64 വർഷങ്ങൾക്ക്‌ശേഷമാണ് ഗുജറാത്തിൽ എ.ഐ.സി.സി സമ്മേളനം നടക്കുന്നത്. അവസാനമായി സമ്മേളനം നടന്നത് 1961 ൽ ഭാവ്‌നഗറിലായിരുന്നു. 'ആപ് ഘരോംസേ ബഹാർ നികാലിയേ, ബദ്‌ലവ് ആപ്കി പ്രതീക്ഷമേംഹേ (നിങ്ങളുടെ വീടുകളിൽ നിന്ന് പുറത്തുകടക്കുക, മാറ്റം നിങ്ങൾക്കായി കാത്തിരിക്കുന്നു)' എന്ന് കോൺഗ്രസ് ദേശീയ പ്രസ്‌പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. അഹമ്മദാബാദിൽ നടന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എ.ഐ.സി.സി) സമ്മേളനം അവസാനിച്ചതിന് രണ്ട് ദിവസത്തിന്‌ശേഷമാണ് ഈ സമ്മേളനം 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ ഗതി പട്ടികപ്പെടുത്തുന്ന ഗുജറാത്ത് പ്രത്യേക പ്രമേയം പാസാക്കിയത്.
30 വർഷമായി അധികാരത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഗുജറാത്തിൽ തന്റെ പാർട്ടിയുടെ 'സജീവവുംപോരാട്ടവീര്യവുമുള്ള' സംഘടനാ ശക്തി തെളിയിക്കപ്പെട്ടത്, ഷാഹിബാഗിലെ സർദാർ പട്ടേൽ സ്മാരകത്തിൽ അഹമ്മദാബാദ് വിപുലമായ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സി.ഡബ്ല്യു.സി) യോഗവും 1961 ന്‌ശേഷം സംസ്ഥാനത്തെ ആദ്യത്തെ എ.ഐ.സി.സി സമ്മേളനവും ഏപ്രിൽ 8-9 തീയതികളിൽ സബർമതി നദിയുടെ തീരത്ത് സംഘടിപ്പിച്ചതിലൂടെയാണെന്ന് ഖാർഗെ അഭിപ്രായപ്പെട്ടു.
ഇതിനിടയിലും പാർട്ടിയിലെ മുതിർന്ന നേതാക്കളും യുവനേതാക്കളും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക്, തിരഞ്ഞെടുപ്പുവരെ കേഡർമാർക്കിടയിൽ ആവേശം നിലനിർത്താനാകുമോ എന്ന ആശങ്ക ഇല്ലാതില്ല. കോൺഗ്രസ് പുനഃസംഘടനയുടെ കാതൽ, ഡി.സി.സികൾ അതിന്റെ പുനരുജ്ജീവനത്തിന് എന്തുകൊണ്ട് നിർണായകമാണ്. പാർട്ടിനേതൃത്വം 41 ജില്ലാകോൺഗ്രസ് കമ്മിറ്റികൾക്കും (ഡി.സി.സി) ഓരോന്നിനും ഒരു എ.ഐ.സി.സി നിരീക്ഷകനെയും നാല് പ്രദേശ്‌കോൺഗ്രസ് കമ്മിറ്റി (പി.സി.സി) നിരീക്ഷകരെയും നിയമിച്ചു. ഡി.സി.സി പ്രസിഡന്റുമാരെ നിയമിക്കുന്ന പ്രക്രിയയ്ക്ക്‌മേൽനോട്ടം വഹിക്കാൻ വേണ്ട ക്രിമീകരണവും നടത്തി. എ.ഐ.സി.സി. സമ്മേളനത്തിൽ എടുത്ത തീരുമാനങ്ങൾ അനുസരിച്ച് ജില്ലാതല യൂണിറ്റുകൾ ശക്തിപ്പെടുത്തുക എന്നതാണ് പാർട്ടിയുടെ പുനരുജ്ജീവന പദ്ധതിയുടെ കേന്ദ്രബിന്ദു.
എ.ഐ.സി.സി സമ്മേളനത്തിൽ 'പ്രഭാവമുള്ള പ്രതിപക്ഷമായി' മാറണമെന്ന് ആഹ്വാനം ചെയ്ത ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ജിഗ്‌നേഷ്‌മേവാനി 'വാചകം'ന്യൂസിനോടു പറഞ്ഞു. 'എ.ഐ.സി.സിയും രാഹുൽജിയും തീർച്ചയായും ഗുജറാത്തിനെ വളരെ ഗൗരവമായി കാണുന്നു. യോഗം പാർട്ടി കേഡർമാർക്ക് ഊർജ്ജം നൽകി... മുഴുവൻ പാർട്ടി യൂണിറ്റും ഉത്സാഹഭരിതരാണ്.'
മറ്റൊരു മുതിർന്ന സംസ്ഥാന നേതാവ് പറഞ്ഞതിങ്ങനെ: ''ഡി.സി.സിയെ നയിക്കാൻ ആരെ നിയമിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. കൂടാതെ, നമ്മുടെ യുവ പ്രവർത്തകർ ജനങ്ങളിലേക്ക് പോകേണ്ടിവരും, ആദ്യ തവണ സ്വീകാര്യത ലഭിച്ചില്ലെങ്കിൽപോലും അവരോടൊപ്പം സഹകരണ മനോഭാവത്തോടെ ഇടപഴകണം. വോട്ടർമാർ തങ്ങളെ ഗൗരവമായി എടുക്കുന്നതിനുള്ള ഒരേയൊരു മാർഗ്ഗമാണിത്,'' അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധിയുടെയും സർദാർ വല്ലഭായ് പട്ടേലിന്റെയും പാത പിന്തുടരുമെന്ന് വാഗ്ദാനം ചെയ്യുന്ന പ്രമേയം, കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഗുജറാത്തിൽ ജാതി സെൻസസ് നടത്താനും പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്ടി), ന്യൂനപക്ഷങ്ങൾ, മറ്റ് പിന്നോക്ക വിഭാഗങ്ങൾ (ഒബിസി) എന്നിവർക്ക് ഭരണഘടനാപരമായ അവകാശങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും നിർദ്ദേശിക്കുന്നു.
'മൂന്ന് കാര്യങ്ങളെ ചുറ്റിപ്പറ്റിയാണ് പ്രമേയം കേന്ദ്രീകരിച്ചിരിക്കുന്നത്: കോൺഗ്രസ് തിരിച്ചുവരികയും അഭിവൃദ്ധി കൊണ്ടുവരികയും ചെയ്യും; ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്‌നേതൃത്വം നൽകിയ പാർട്ടി, വീണ്ടും (ബി.ജെ.പിക്കെതിരെ) മറ്റൊരു സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകും; ഗുജറാത്തിൽ നിന്ന് ആരംഭിച്ച ഈപോരാട്ടം ഗാന്ധിജിയുടെയും സർദാർ പട്ടേലിന്റെയും നാട്ടിൽ നിന്ന് വീണ്ടും ആരംഭിക്കാൻപോകുന്നു' എന്ന് പ്രമേയം അവതരിപ്പിച്ച മുൻ സംസ്ഥാന പ്രതിപക്ഷനേതാവ് പരേഷ് ധനാനി പറയുന്നു.
'വെല്ലുവിളികൾ വ്യത്യസ്തമാണ്, കഠിനാധ്വാനത്തിന് പകരം മറ്റൊന്നില്ല.
അധികാരത്തിൽ തിരിച്ചെത്താൻ നമുക്ക് പോരാട്ടവീര്യവും ശാഠ്യവും ഉണ്ടായിരിക്കണം,' കലാപങ്ങളുടെ പശ്ചാത്തലത്തിൽ വളരെ ധ്രുവീകരിക്കപ്പെട്ട അന്തരീക്ഷത്തിൽ 2002 ൽ തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ വിജയിച്ച ധനാനി പറയുന്നു. 1985 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വൻ വിജയത്തിന് കാരണമായ കെ.എച്ച്.എ.എം അല്ലെങ്കിൽ ക്ഷത്രിയ, ഹരിജൻ, ആദിവാസി, മുസ്ലീം സഖ്യവുമായി കോൺഗ്രസിന്റെ നിലവിലെ ജാതി സെൻസസ് ആവശ്യത്തെ താരതമ്യം ചെയ്യുന്നത് 'തെറ്റായ പ്രചാരണം' ആണെന്നും ധനാനി പറഞ്ഞു.
'അരക്ഷിതാവസ്ഥ അനുഭവിക്കുന്ന എല്ലാ ജാതിക്കാർക്കും ജാതി സെൻസസ് ആത്മവിശ്വാസം നൽകും... നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് പറയാനുള്ള ഒരു ഉപകരണമാണിത്. അവർ (ബി.ജെ.പി) ഭയത്തിന്റെ ഒരു സാങ്കൽപ്പിക മതിൽ സൃഷ്ടിച്ചു, അതിന് ആളുകൾ ഇരയായി,' ബി.ജെ.പി 'ആദിവാസികളെപോലും ഉപവിഭാഗങ്ങളായി വിഭജിച്ചു' എന്നും ഈ സമുദായങ്ങളിൽ 'ആഴത്തിലുള്ള വിഭജനങ്ങൾ' സൃഷ്ടിച്ചു എന്നും ധനാനി കാര്യകാരണ സഹിതം വിവരിക്കുന്നു.
കോൺഗ്രസിന്റെ പുനരുജ്ജീവന തന്ത്രം ഫലപ്രദമാകുമോ?
സംസ്ഥാന രാഷ്ട്രീയത്തിൽ ജാതി ഒരു പ്രേരകശക്തിയായി മാറിയിട്ടുണ്ടെന്ന് കോൺഗ്രസ് സേവാദൾ ദേശീയ പ്രസിഡന്റ് ലാൽജിദേശായി അഭിപ്രായപ്പെട്ടു. ''കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, നമ്മുടെ ആശുപത്രികൾ, സ്‌കൂളുകൾ, ബിസിനസുകൾ, ശ്മശാനങ്ങൾ, ക്ഷേത്രങ്ങൾ, അനാഥാലയങ്ങൾ എന്നിവപോലും ജാതി അടിസ്ഥാനമാക്കിയുള്ളതായി മാറിയിരിക്കുന്നു. മുഴുവൻ അധികാര ഘടനയും ജാതിയുടെ ആധിപത്യത്തിലാണ്. ബഹുജനനേതാക്കൾക്ക് പകരം ആളുകൾ ജാതിനേതാക്കളായി മാറിയിരിക്കുന്നു. ഒരു സെൻസസ് നടത്തിയാൽ മാത്രമേ ഏത് ജാതി എവിടെയാണെന്ന് നമുക്ക് അറിയാൻ കഴിയൂ.
ഉദാഹരണത്തിന്, ഒരു പാട്ടിദാർ കർഷകനോ ഒരു ചെറുകിട കർഷകനോ ഉണ്ടാകാം, അവരുടെ സാമ്പത്തിക സ്ഥിതിമോശമായിരിക്കാം. മുമ്പ്, കുറഞ്ഞത് ഒരു സർക്കാർ ജോലിയുടെ സുരക്ഷ ഉണ്ടായിരുന്നു; ഇന്ന്, എല്ലാം ഔട്ട്‌സോഴ്‌സ് ചെയ്തതും കരാറടിസ്ഥാനത്തിലുള്ളതുമാണ്, ''ദേശായി പറഞ്ഞു.1990 കളിൽ ഗുജറാത്തിൽ ബി.ജെ.പി പ്രബല ശക്തിയായി മാറിയതിനുശേഷം, 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു, സംസ്ഥാനത്തെ 182 സീറ്റുകളിൽ 77 എണ്ണംനേടി. ഇത് ബി.ജെ.പിയെ ഭയപ്പെടുത്തി. 99 സീറ്റുകൾനേടിയ ബി.ജെ.പിക്ക് 1990 ന്‌ശേഷം ആദ്യമായി 100 സീറ്റ്‌നേടാനായില്ല.
ആ തിരഞ്ഞെടുപ്പിലെ ഫലങ്ങൾ പ്രധാനമായും ഹാർദിക് പട്ടേൽ നയിച്ച പാട്ടിദാർ പ്രക്ഷോഭത്തിന് കാരണമായി. സമുദായത്തിന് ഒബിസി പദവി ആവശ്യപ്പെട്ട് അവർ നടത്തിയ പ്രക്ഷോഭമാണ് ഇതിന് പ്രധാന കാരണം. പരമ്പരാഗതമായി ബി.ജെ.പിയുടെ വിശ്വസ്ത മണ്ഡലമായിരുന്ന പട്ടിദാർ പാർട്ടിക്കെതിരെവോട്ട് ചെയ്യുകയും കോൺഗ്രസിനെ സഹായിക്കുകയും ചെയ്തു. 2019 ൽ ഹാർദിക് കോൺഗ്രസിൽചേർന്നു, എന്നാൽ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയിലേക്ക് കളംമാറി, ഇപ്പോൾ എം.എൽ.എയാണ്. 2022 ൽകോൺഗ്രസ് വെറും 17 സീറ്റുകൾ മാത്രമാണ് നേടിയത്, നിരവധി എം.എൽ.എമാർ ബി.ജെ.പിയിൽ ചേരാൻ രാജിവച്ചതിനെത്തുടർന്ന് ഇന്നിപ്പോൾ 12 സീറ്റായി കുറഞ്ഞു.
'കോൺഗ്രസ് പഴയ പ്രത്യയശാസ്ത്രത്തിലേക്ക് തിരിച്ചുപോകുന്നു, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉയർന്നുവന്ന അധികാര ഘടനകളിലെ അസമത്വങ്ങൾ പരിഹരിക്കുന്നു' എന്നതോന്നലാണ് എ.ഐ.സി.സി സമ്മേളനം കൊണ്ടുവന്നതെന്ന് ദേശായി പറഞ്ഞു. 'മുതലാളിത്തം, ഫ്യൂഡലിസം, ജാതീയത, മതഫാസിസം, പുരുഷാധിപത്യം, ലിംഗ അസമത്വങ്ങൾ' എന്നിവയ്‌ക്കെതിരെ പാർട്ടിപോരാടും, ദേശായി പറഞ്ഞു.
പാർട്ടിക്കുള്ളിലെ ആഴത്തിലുള്ള ഭിന്നതകളും വിഭവങ്ങളുടെ പരിമിതിയും കണക്കിലെടുക്കുമ്പോൾ, ഗുജറാത്ത് പ്രദേശ്‌കോൺഗ്രസ് കമ്മിറ്റി (ജിപിസിസി)മേധാവിയും രാജ്യസഭാ എംപിയുമായ ശക്തിസിങ്‌ഗോഹിലിന്റെ ചുമതല വളരെ വലുതാണ്.
എ.ഐ.സി.സി മീറ്റിംഗ് അവസാനിപ്പിച്ച്, ഗോഹിലിലേക്ക് നോക്കി ഖാർഗെ പറഞ്ഞ ഒരു വാചകം ശ്രദ്ധേയമായിരുന്നു: 'ശക്തിസിൻഹ്, തുംഹാരി ശക്തി ദിഖാവോ, സബ്‌കോ സാത്ത്‌ലോ ഔർ ആഗേ ബധോ (ശക്തിസിൻഹ്, നിങ്ങളുടെ ശക്തി കാണിക്കൂ, എല്ലാവരേയും ഒപ്പം കൂട്ടി മുന്നോട്ട്‌പോകൂ).'
അഹമ്മദാബാദിൽ നിന്നും വാചകം ന്യൂസ് വീക്കിലി എഡിറ്റർ
ജോഷിജോർജിന്റെ റിപ്പോർട്ട്
ഒരു പ്രമേയം കൊണ്ടുവരുന്നത് തന്റെ പാർട്ടിയുടെ 140 വർഷത്തെ ചരിത്രത്തിൽ ആദ്യം: ജയറാം രമേശ്
എ.ഐ.സി.സി സമ്മേളനത്തിൽ ഗുജറാത്തിന് മാത്രമായി ഒരു പ്രമേയം കൊണ്ടുവരുന്നത് തന്റെ പാർട്ടിയുടെ 140 വർഷത്തെ ചരിത്രത്തിൽ ആദ്യമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ഇൻചാർജ് കമ്മ്യൂണിക്കേഷൻസ് ജയറാം രമേശ് പറയുന്നു.
ഈ പ്രമേയത്തിന്റെ മുദ്രാവാക്യം 'നൂതൻ ഗുജറാത്ത്, നൂതൻകോൺഗ്രസ്' എന്നതാണ്,' 'ഗുജറാത്തിലെ എല്ലാ വലിയ ഫാക്ടറികളും കോൺഗ്രസ് ഭരണകാലത്താണ് സ്ഥാപിതമായത്. ഗുജറാത്തിലെ വ്യാവസായികമേഖലയെ പ്രോത്സാഹിപ്പിച്ചത് കോൺഗ്രസാണ്,' അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സ്റ്റെയിൻലെസ് സ്റ്റീൽ യൂണിറ്റുകളിൽ 80 ശതമാനവും ഗുജറാത്തിലാണെന്നും എന്നാൽ ചൈനീസ് ഇറക്കുമതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി യാതൊരു നിയന്ത്രണവും ഏർപ്പെടുത്താത്തതിനാൽ അവയിൽ മൂന്നിലൊന്ന് ഇപ്പോൾ അടച്ചുപൂട്ടിയിരിക്കുകയാണെന്നും രമേശ് അഭിപ്രായപ്പട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്