വെള്ളിത്തിരയിലെ മായാലോകം: സിനിമ വെറുമൊരു കാഴ്ചയല്ല, അതൊരു അനുഭൂതിയാണ്!

MAY 31, 2026, 10:44 PM

നിർമ്മാണ കമ്പനി, കഥ, സംവിധാനം, അഭിനേതാക്കൾ, കഥാതന്തു... എല്ലാം കാലേകൂട്ടി പറഞ്ഞിട്ട്, ക്ലൈമാക്‌സ് മാത്രം പറയാതെ പറഞ്ഞ് നമ്മളെ വെള്ളിത്തിരയിലേക്ക് ആകർഷിക്കുന്ന ഒരു മാന്ത്രികവിദ്യയുണ്ട് സിനിമയ്ക്ക്. സാധാരണക്കാരന്റെ ഏറ്റവും വലിയ വിനോദമായ ഈ മായാലോകം കാലഘട്ടത്തിന് മുൻപേ സഞ്ചരിക്കുവാൻ തുടങ്ങിയിട്ട് കാലമേറെയായി.

സിനിമ തിയേറ്റർ കഴിഞ്ഞാൽ ജീവിതത്തിൽ നമ്മൾ കേൾക്കുന്ന വേറൊരു തീയറ്റർ, ഞാൻ മനസ്സിലാക്കിയിട്ടുള്ളത് ഓപ്പറേഷൻ തിയേറ്റർ മാത്രമാണ്. കൗതുകകരമായ കാര്യം എന്തെന്നാൽ, ഇവ രണ്ടിന്റെയും പ്രവർത്തനരീതിയിൽ നല്ല സാമ്യമുണ്ട്! മിക്കവാറും കാര്യങ്ങൾ കാലേകൂട്ടി പ്രവചിച്ച്, ഫോൺ ഓഫ് ചെയ്ത്, ചുറ്റിനും ഇരിക്കുന്നത് ആരെന്നറിയാതെയാണ് രണ്ടു സ്ഥലത്തും ആളുകൾ ഇരിക്കുന്നത്.

വലിയ ആരാധനാലയങ്ങളിൽ പോലും ഉണ്ടാകില്ല സിനിമ തിയേറ്ററിലെ അത്രയധികം നിശബ്ദതയും ശ്രദ്ധയും! ഇവിടെ സിനിമയെ വെറുമൊരു കലാരൂപമായി മാത്രമല്ല, സ്വന്തം ജീവിതം തൽക്കാലത്തേക്ക് മറന്ന് ആസ്വദിക്കാനുള്ള ഒരു അത്ഭുത മാധ്യമമായിട്ടാണ് ആളുകൾ കാണുന്നത്.

vachakam
vachakam
vachakam

സിനിമ എന്ന് പറഞ്ഞാൽ അതിൽ വലിയ തത്ത്വചിന്തകളും കടിച്ചാൽ പൊട്ടാത്ത തിയറികളും വേണമെന്നില്ല. ആഴ്ചാവസാനം കയ്യിലൊരു ബക്കറ്റ് പോപ്‌കോണും പിടിച്ച്, സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം തിയേറ്ററിലെ ഇരുട്ടിലിരുന്ന് ഒന്നിച്ച് ചിരിക്കാനും കയ്യടിക്കാനും സാധിക്കുന്നതാണ് സിനിമയുടെ യഥാർത്ഥ മാന്ത്രികത.

എന്നാൽ ഇന്നത്തെ കാലത്ത് ഒരു സിനിമ ഇറങ്ങുമ്പോൾ തന്നെ അതിനെ കീറിമുറിച്ച് പരീക്ഷിച്ച്, കുറ്റങ്ങൾ മാത്രം കണ്ടുപിടിക്കാൻ വലിയൊരു വിഭാഗം ആളുകളുണ്ട്. അമിതമായ ഈ കുറ്റപ്പെടുത്തലുകൾ പലപ്പോഴും സിനിമ തരുന്ന ആ വലിയൊരു സന്തോഷത്തെ നശിപ്പിച്ചു കളയാറുണ്ട് എന്നതാണ് വാസ്തവം. എല്ലാ സിനിമയിലും ലോജിക്കും ജീവിത യാഥാർത്ഥ്യങ്ങളും തിരയേണ്ടതില്ല.

ചിലപ്പോഴൊക്കെ യുക്തിയില്ലാത്ത കോമഡികളും, വായുവിൽ പറക്കുന്ന ഫൈറ്റുകളും തരുന്ന ആ ഒരു രസം വേറെ തന്നെയാണ്! ആഴ്ച മുഴുവൻ ജോലി ചെയ്ത് മടുത്ത മനസ്സിന്, രണ്ട് മണിക്കൂർ എല്ലാ ടെൻഷനുകളും മറന്ന് ഇരിക്കാൻ സിനിമയേക്കാൾ നല്ലൊരു മരുന്ന് വേറെയില്ല. സുഹൃത്തുക്കൾക്കൊപ്പം തിയേറ്ററിൽ ഇരുന്ന് കൂവുന്നതിലും ആർത്തുവിളിക്കുന്നതിലും ഒരു പ്രത്യേക രസമുണ്ട്. കുടുംബത്തോടൊപ്പം വൈകാരികമായ രംഗങ്ങൾ കണ്ട് ഒന്നിച്ച് കണ്ണുനിറയുന്നതിൽ ഒരു ഒത്തൊരുമയുണ്ട്. ഈ ഒത്തൊരുമ പ്രേക്ഷകന് നൽകുന്ന പോസിറ്റീവ് എനർജി ചെറുതല്ല.

vachakam
vachakam
vachakam

'ക്രിട്ടിക്കുകളുടെ കണ്ണട മാറ്റിവെച്ച്, ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ സ്‌ക്രീനിലേക്ക് നോക്കൂ... അവിടെ വിരിയുന്ന ഓരോ ഫ്രെയിമും നിങ്ങളെ സന്തോഷിപ്പിക്കും. സിനിമ കാണുന്നത് ആസ്വദിക്കാനാണ്, അതിനെ പഠിക്കാൻ മാത്രമല്ല!'

തീയേറ്ററിലെ ലൈറ്റുകൾ അണയുമ്പോൾ നമ്മൾ മറ്റൊരു ലോകത്തേക്ക് മാറുകയാണ്. അവിടെ പാട്ടും ഡാൻസും തമാശകളും ആക്ഷനും നിറഞ്ഞ ഒരു ഉത്സവപ്പറമ്പാണ് കാത്തിരിക്കുന്നത്. ആ മൂഡ് കളയാതെ, ആസ്വദിക്കണമെന്ന നല്ലൊരു മനസ്സ് കൂടെയുണ്ടെങ്കിൽ എല്ലാ സിനിമയും ഒന്നിനൊന്ന് മെച്ചമായി തോന്നും! തീർച്ചയായും, സിനിമ ഒരു വലിയ വിസ്മയം തന്നെയാണ്.

സണ്ണി മാളിയേക്കൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam