കാനഡയിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികളുടെയും, അവിടെ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെയും പങ്കാളികൾക്കുള്ള ഓപ്പൺ വർക്ക് പെർമിറ്റ് (OWP) നിയമങ്ങളിൽ കാനഡ സർക്കാർ സുപ്രധാന മാറ്റങ്ങൾ വരുത്തി. 2025 ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് പ്രയോജനകരമാകും. പ്രത്യേകിച്ച് കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ വലിയൊരു ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരായതിനാൽ ഈ മാറ്റം അവർക്ക് ഏറെ ഗുണകരമാകും.
പുതിയ നിയമപ്രകാരം, ചില പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കുന്ന വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും പങ്കാളികൾക്ക് മാത്രമേ OWPക്ക് അപേക്ഷിക്കാൻ സാധിക്കൂ. പഠന കോഴ്‌സിന്റെ ദൈർഘ്യം, ഉയർന്ന തൊഴിൽ സാധ്യതയുള്ള മേഖലകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്.
മാസ്റ്റേഴ്‌സ് പ്രോഗ്രാമിൽ 16 മാസത്തിൽ കൂടുതൽ പഠിക്കുന്നവരുടെയും, ഡോക്ടറൽ പ്രോഗ്രാമുകളിൽ പഠിക്കുന്നവരുടെയും, തിരഞ്ഞെടുത്ത പ്രൊഫഷണൽ പ്രോഗ്രാമുകളിൽ പഠിക്കുന്നവരുടെയും പങ്കാളികൾക്ക് പുതിയ നിയമം അനുസരിച്ച് OWPക്ക് അപേക്ഷിക്കാം.
അതുപോലെ, TEER 1 വിഭാഗത്തിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെയും, തൊഴിൽ ക്ഷാമം അനുഭവപ്പെടുന്ന TEER 2, TEER 3 വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരുടെയും, സർക്കാർ മുൻഗണന നൽകുന്ന മേഖലകളിൽ ജോലി ചെയ്യുന്നവരുടെയും പങ്കാളികൾക്കും OWP ലഭിക്കും. പ്രകൃതി ശാസ്ത്രം, അപ്ലൈഡ് സയൻസസ്, നിർമ്മാണം, ആരോഗ്യ സംരക്ഷണം, പ്രകൃതി വിഭവങ്ങൾ, വിദ്യാഭ്യാസം, കായികം, സൈന്യം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ പങ്കാളികൾക്കാണ് പ്രധാനമായും ഇതിന്റെ പ്രയോജനം ലഭിക്കുക എന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു.
വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റിന് കുറഞ്ഞത് 16 മാസത്തെ കാലാവധി ബാക്കിയുണ്ടായിരിക്കണം എന്നതാണ് മറ്റൊരു നിബന്ധന. കൂടാതെ, ആശ്രിതരായ കുട്ടികൾക്കുള്ള ഫാമിലി OWPയുടെ അർഹതാ മാനദണ്ഡങ്ങളിലും കാനഡ സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പഴയ നിയമപ്രകാരം അംഗീകാരം ലഭിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച് പുതുക്കുന്നതിന് അപേക്ഷിക്കാം. ഫാമിലി OWPക്ക് അർഹതയില്ലാത്തവർക്ക് കാനഡയുടെ മറ്റ് വർക്ക് പെർമിറ്റ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാവുന്നതാണ് എന്നും IRCC അറിയിച്ചു.
2023ൽ കാനഡ നൽകിയ പഠന പെർമിറ്റുകളിൽ ഏകദേശം 37% ഇന്ത്യക്കാർക്കായിരുന്നു. ഈ പുതിയ നിയമം ഇന്ത്യൻ വിദ്യാർത്ഥികളുടെ പങ്കാളികളെയും കുടുംബങ്ങളെയും കാനഡയുടെ തൊഴിൽ ശക്തിയിലേക്ക് കൂടുതൽ അടുപ്പിക്കാൻ സഹായിക്കും.
കാനഡയുടെ താൽക്കാലിക റെസിഡന്റ് പ്രോഗ്രാമുകൾ ശക്തിപ്പെടുത്തുന്നതിന്റെയും രാജ്യത്തിന്റെ സാമ്പത്തിക, തൊഴിൽ വിപണി ആവശ്യകതകൾ നിറവേറ്റുന്നതിന്റെയും ഭാഗമാണ് ഈ പുതിയ നീക്കം. താൽക്കാലിക റെസിഡന്റുമാരുടെ എണ്ണം 2026ഓടെ കാനഡയുടെ മൊത്തം ജനസംഖ്യയുടെ 6.5%ൽ നിന്ന് 5% ആയി കുറയ്ക്കുവാനും കാനഡ സർക്കാർ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി 2025ൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പഠന പെർമിറ്റുകളുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. 2024ൽ 4,85,000 പെർമിറ്റുകൾ നൽകാൻ ലക്ഷ്യമിട്ടിരുന്നത് 2025ൽ 4,37,000 ആയി കുറച്ചു. 2026ൽ ഈ എണ്ണത്തിൽ മാറ്റമുണ്ടാകില്ല എന്നും IRCC അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്