വിലക്കയറ്റത്തിന്റെ കൂറ്റൻ സുനാമി വരുന്നു; പൊതുജനം നെഞ്ച് നീറി ചോദിക്കുന്നു; നമ്മൾ എന്തു ചെയ്യും മല്ലയ്യാ

MAY 13, 2026, 6:26 AM

കുപ്പിയിലടച്ച ഭൂതമെന്നത് ഇപ്പോൾ പഴങ്കഥ. പകരം എണ്ണ വീപ്പയിൽ നിന്നാണ് നമ്മെ വിഴുങ്ങാനുള്ള 'ബിഗ് ഭൂതം' വരാൻ പോകുന്നത്. തമിഴ്‌നാട്ടിലെ വിജയിന്റെ സ്ഥാനാരോഹണം, ബംഗാളിലും കേരളത്തിലും മമതയുടെയും പിണറായിയുടെയും തോൽവി, കേരളത്തിലെ മുഖ്യമന്ത്രിത്തർക്കം എന്നിങ്ങനെ മാധ്യമങ്ങൾ നിറയെ 'രാഷ്ട്രീയപ്പായസ'വും വളിച്ച സാമ്പാറും വിളമ്പുമ്പോൾ, പൊതുജനം വിലക്കയറ്റത്തിന്റെ കൊടും ദുരിതാനുഭവത്തിലാണ്. 

2024ൽ തുടങ്ങിയതാണ് കേരളത്തിലെ മൃഗീയമായ വിലവർദ്ധനയുടെ കുത്തൊഴുക്ക്. കേരളം ഇലക്ഷനിലേക്ക് അടുത്തുകൊണ്ടിരിക്കവേ, വാർത്തകളുടെ കുത്തിയൊഴുക്കിൽ ഒലിച്ചു പോയത് ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്‌നങ്ങളാണ്.

തെരഞ്ഞെടുപ്പിന്റെ മെഗാ തിരുവാതിരയിൽ ആരും ഗൗനിക്കാതെ പോയ നിരവധി ജനകീയ പ്രശ്‌നങ്ങളുണ്ട്. ആ പ്രശ്‌നങ്ങളെല്ലാം കൂടി ഒറ്റയടിക്ക് യു.ഡി.എഫ്. സർക്കാരിന് പരിഹരിക്കാൻ കഴിയില്ലായിരിക്കാം. എങ്കിലും അവന്റെ കഞ്ഞിക്കലത്തിൽ വീണ വിലക്കയറ്റത്തിന്റെ തീക്കട്ടകൾ എടുത്തു മാറ്റാൻ അടിയന്തിരമായ ശ്രമമുണ്ടാവേണ്ടതല്ലേ?

vachakam
vachakam
vachakam

രാഷ്ട്രീയ മറപ്പുരകളിലെ തരികിടകൾ

വിലക്കയറ്റം പിടിച്ചുനിർത്താൻ ഏതൊരു ഭരണകൂടത്തിനും അതിന്റേതായ ഔദ്യോഗിക സംവിധാനങ്ങളുണ്ട്. 2024 ഡിസംബർ മുതൽ വിലക്കയറ്റം ജനങ്ങളെ വട്ടം ചുറ്റിച്ചു തുടങ്ങിയിരുന്നുവെന്ന് ഉപഭോക്തൃ വില സൂചികകളിലെ കണക്കുകളിൽ പറയുന്നു. വിലക്കയറ്റത്തിന്റെ ദേശീയ ശരാശരി 1.33 ശതമാനം മാത്രമായിരിക്കെ 7 മാസമായി കേരളത്തിലെ വിലക്കയറ്റത്തോത് കുത്തനെ വർദ്ധിക്കുകയാണുണ്ടായത്. 2025 ജൂൺ മാസത്തിൽ വിലക്കയറ്റത്തിന്റെ ദേശീയ ശരാശരി 2.1 ശതമാനമായപ്പോൾ കേരളത്തിൽ വിലക്കയറ്റത്തോത് 6.76 ശതമാനമായി.

ഈ കാലഘട്ടത്തിൽ മറ്റൊരു പ്രവണത കൂടി കാണാനായി. കേരളത്തിലെ നഗരങ്ങളിൽ വിലക്കയറ്റത്തോത് 7.13 ശതമാനം, ഗ്രാമങ്ങളിൽ 10.77 ശതമാനം എന്ന ക്രമത്തിലായി. ഇനം തിരിച്ച കണക്കുകളിലെ വ്യത്യാസവും ഭീകരമായിരുന്നു. ടൂത്ത് പേസ്റ്റ് പോലുള്ള പേഴ്‌സണൽ കെയർ സാധനങ്ങൾക്ക് 59.20 ശതമാനം വില കൂടിയപ്പോൾ പാചക എണ്ണയ്ക്കും മറ്റുമായി വർദ്ധിച്ചത് 57.56 ശതമാനമായിരുന്നു. ഇറച്ചിക്കും മീനിനും 12.85 ശതമാനം വിലകൂടി. മുട്ടയ്ക്ക് 7.72 ശതമാനവും പഴവർഗങ്ങൾക്ക് 8.86 ശതമാനവുമാണ് വില കൂടിയത്. വിലക്കയറ്റത്തിന്റെ കാര്യത്തിൽ ഇതോടെ കേരളം നമ്പർ വൺ ആയി മാറി. എന്നിട്ടും ധനവകുപ്പ് ഈ ജനകീയ പ്രശ്‌നത്തെ നേരിടാൻ ഒന്നും ചെയ്തില്ല.

vachakam
vachakam
vachakam

പകരം വീടുകളിൽ ഭരണകക്ഷിക്ക് അനുകൂലമായി സർവേ നടത്താനും, ശബരിമലയിൽ 'ഉണ്ടപ്പരുവത്തിലുള്ള' സംഗമം നടത്താനും സർക്കാർ കോടികൾ മാറ്റിവച്ചു. വന്യമൃഗങ്ങൾ വക വരുത്തിയവർക്കോ, മറ്റ് ദുരന്തങ്ങളിൽപെട്ടവർക്കോ ന.പ.കൊടുക്കാൻ സർക്കാർ തയ്യാറായില്ല. വിലക്കയറ്റം നിയന്ത്രിക്കേണ്ട 'സിവിൽ സപ്ലൈസ് വകുപ്പ്' വിപണിയിൽ ഇടപെട്ടതിന്റെ കുടിശ്ശിക പോലും സർക്കാരിൽ നിന്ന് ലഭിക്കാതെ വാ പൊളിച്ചു നിന്നു. ഇപ്പോൾ വിലക്കയറ്റം സർക്കാർ ഇടപെട്ട് നിയന്ത്രിക്കാതെയിരുന്ന അന്തരീക്ഷം കൂടുതൽ ദുരിതമയമാക്കാൻ ഇന്ധന വിലകൾ കൂട്ടാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം.

ലാഭം കിട്ടുമ്പോൾ മിണ്ടില്ല, നഷ്ടം വന്നാൽ നിലവിളി

പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ ജനങ്ങളോട് പല കാര്യങ്ങളിലും സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു കഴിഞ്ഞു. വിവാഹം പോലുള്ള ചടങ്ങുകൾ പൊതുസ്ഥലങ്ങളിൽ നടത്താതിരിക്കുക, ഒറ്റയ്ക്കുള്ള കാർ യാത്രകൾ ഒഴിവാക്കുക, വിനോദയാത്രകൾ തൽക്കാലത്തേയ്ക്ക് മാറ്റിവയ്ക്കുക കഴിയുന്നതും മെട്രോ ട്രെയിൻ യാത്രകളിലേക്ക് തിരിയുക, ഒരു വർഷത്തേയ്ക്ക് സ്വർണ്ണം വാങ്ങാതിരിക്കുക, വിദേശയാത്രകൾ ഉപേക്ഷിക്കുക എന്നിങ്ങനെയുള്ള നിരവധി നിർദ്ദേശങ്ങൾ പുതിയ പി.എം.സ്‌കീമിലുണ്ട്. ഹാൻട വൈറസിന്റെ പേരിലോ, യുദ്ധ സാഹചര്യത്തിന്റെ പേരിലോ ഭാഗികമായോ പൂർണ്ണമായോ ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ, മേൽ വിവരിച്ച പ്രധാനമന്ത്രിയുടെ നിർദ്ദിഷ്ട നിർദ്ദേശങ്ങൾ ഇത്തരം കടുത്ത നിയന്ത്രണങ്ങൾക്ക് സമാനമല്ലേയെന്ന് പലരും ചോദിക്കുന്നു. 

vachakam
vachakam
vachakam

ആയുധങ്ങൾ വാങ്ങുന്നതിലും കേന്ദ്ര സർക്കാരിന്റെ ചില പ്രത്യേക തരത്തിലുള്ള ഇമേജ് വർദ്ധിപ്പിക്കാനായി ഇന്ത്യയൊട്ടുക്കും നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഇവന്റുകളിലും കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണാവോ? അയൽ രാജ്യങ്ങളുമായുള്ള സമാധാന പൂർണ്ണമായ സഹവർത്തിത്വം ഉറപ്പാക്കാൻ മടിക്കുന്നതും, അന്താരാഷ്ട്ര സമാധാന ചർച്ചകൾക്ക് പാക്കിസ്ഥാനെ പോലെയുള്ള രാജ്യങ്ങൾ വേദിയാകുന്നതും നമുക്ക് ദോഷം ചെയ്യില്ലേ? അന്താരാഷ്ട്ര തലത്തിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ അവിശ്വസനീയവും ചാഞ്ചാട്ടവുമുള്ള നീക്കങ്ങളും നടപടികളും മൂലമായിരിക്കാം,

ഒരു പക്ഷെ ഇന്ത്യ ഒഴിഞ്ഞുനിൽക്കുന്നത് എങ്കിലും ഇന്ധന രംഗത്ത് ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടാതിരിക്കാനുള്ള ശ്രമങ്ങൾ മാറ്റിവയ്ക്കാനാവില്ലല്ലോ. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ക്ഷാമവും വിലവർദ്ധനയും എല്ലാ മേഖലകളെയും ബാധിക്കും. മരുന്ന്, പെയിന്റ് തുടങ്ങിയ ഉൽപ്പാദന മേഖലകൾ വലയും. വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില  ഒരു രാജ്യത്തുമില്ലാത്ത നിരക്കിലേക്ക് എത്തിക്കഴിഞ്ഞു. ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോൾ ഇന്ത്യയിൽ ചുട്ടുപൊള്ളുന്ന വിലയാണ്. അങ്ങനെ വരുമ്പോൾ വരാൻ പോകുന്ന ടൂറിസ്റ്റ് സീസണെ അത് ഗുരുതരമായി ബാധിക്കും.

ആഹാ, കേരളാ, അല്ല കേരളം!

സംസ്ഥാനത്തിന്റെ പേര് 'കേരളാ' അല്ല 'കേരളം' എന്നാക്കണമെന്നു പിണറായി സർക്കാരിനു തോന്നിയത് ഭരണത്തിന്റെ അന്ത്യനാളുകളിലാണ്. ഇതിനു വേണ്ടി പുതിയ സർക്കാർ കണ്ടത്തേണ്ടത് 300 കോടിയോളം രൂപയാണ്. 80 ശതമാനം അവശ്യ സാധനങ്ങളും പുറത്തുനിന്ന് വരുത്തുകയാണ് നാം. അതുകൊണ്ടു തന്നെ ഇന്ധനവില വർദ്ധിച്ചാൽ മാലപ്പടക്കം പോലെ വിലക്കയറ്റം കത്തിക്കയറും. 'കുട്ടനാടൻ താറാവി' ന് അന്താരാഷ്ട്ര പേറ്റന്റ് കിട്ടിയിട്ട് ഒരു വർഷമായിട്ടില്ല.

എന്നാൽ ഓരോ സീസൺ വരുന്നതിനു മുമ്പും എന്തുകൊണ്ട് കേരളത്തിൽ താറാവും കോഴിയുമെല്ലാം വളർത്തുന്നവരുടെ വയറ്റത്തടിക്കാൻ 'പക്ഷിപ്പനി' പറന്നുവരുന്നുവെന്ന് ആ വകുപ്പ് അവസാനമായി ഭരിച്ച മന്ത്രി ചിഞ്ചു ചേച്ചിക്കു പോലും പിടി കിട്ടിയിട്ടില്ല. ആ വഴിക്കുള്ള ഗവേഷണവും പനി പിടിച്ച് പാളിയ മട്ടിലാണ്. എന്തിന് ഏഴ് വർഷങ്ങൾക്കു മുമ്പ് കുറെ മനുഷ്യ ജീവനുകൾ പൊലിഞ്ഞ നിപ്പാ വൈറസിന്റെ കാരണം പോലും ഇപ്പോഴും കാണാമറയത്താണ്! പക്ഷിപ്പനിയുണ്ടായാൽ ഓടിവരുന്ന ക്ഷീരവകുപ്പ് ഉദ്യോഗസ്ഥരുടെ താറാവുകളെയും കോഴികളെയും ഒരുമിച്ച് കത്തിച്ചുകളയാനുള്ള തിടുക്കം കണ്ടാൽ 'വന്ദേ ഭാരത് ട്രെയിനി' ന്റെ വേഗം ഒന്നുമല്ലെന്നു തോന്നും:

വിജയ് ജയിച്ചു, നല്ലതു തന്നെ, പക്ഷെ?

അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ ചലച്ചിത്ര നടൻ വിജയ് ജയിച്ച് മുഖ്യമന്ത്രിയായത് നല്ലത്. വിജയിനോടൊപ്പം ഭരണം പങ്കിടാൻ കോൺഗ്രസും സി.പി.എമ്മും സി.പിഐ.യുമുണ്ട്. എന്നാൽ അഴിമതിയുടെ നിഴൽ കണ്ടാൽ പോലും 'തുപ്പാക്കി' യെടുക്കുന്ന വിജയ് മുല്ലപ്പെരിയാർ വിഷയത്തിൽ എന്ത് നിലപാടെടുക്കും? ടി.വി.കെ. പ്രകടനപത്രികയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടി ആക്കുമെന്ന് കർഷകർക്ക് ഉറപ്പ് നൽകിയിരുന്നു. ഓരോ തമിഴ്‌നാട് സർക്കാരും മുല്ലപ്പെരിയാർ സംരക്ഷിച്ചു നിർത്താൻ കേരളത്തിലെ രാഷ്ട്രീയക്കാർക്ക് പ്രതിവർഷം 100 കോടിയിലേറെ രൂപ നൽകിവന്നിരുന്നതായി ഒരിക്കൽ ആരോ പറഞ്ഞത് ഓർമ്മിക്കുന്നു.

തലസ്ഥാനത്തെ സെക്രട്ടറിയേറ്റിൽ പോലും തമിഴ്‌നാടിനെതിരെ ഒരു ഫയൽ പോലും നിങ്ങാതിരിക്കാൻ ഒരു തുണിസഞ്ചിയിൽ കറൻസി നോട്ടുമായി ചിലർ ചുറ്റിത്തിരിയുന്നുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും ഒരൊറ്റ ഭരണാധികാരിയും അത്തരം ആരോപണങ്ങൾക്ക് പിന്നാലെ പോയില്ല. വിജയ് എന്ന നടൻ യൂത്തിനും സ്ത്രീകൾക്കും കുട്ടികൾക്കുമിടയിൽ ഒരു ബ്രാൻഡായി വളർന്ന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിലെ യൂത്ത്‌വനിതാ വിഭാഗങ്ങൾക്കൊന്നും അവകാശപ്പെടാനാവാത്ത വിധം 50 ലക്ഷം അംഗങ്ങളാണ് കേരളത്തിലെ വിജയ് ഫാൻസ് അസോസിയേഷനിൽ ഉള്ളതത്രെ. ഈ ജന പിന്തുണ തീർച്ചയായും തമിഴ്‌നാട്ടിൽ അടുത്ത ഏതൊരു തെരഞ്ഞെടുപ്പിലും ടി.വി.കെയ്ക്കു ജനപ്രീതി സമ്മാനിക്കും.

ആ ജനപ്രീതിയുടെ മധുരക്കഷണങ്ങൾ കോൺഗ്രസിനും ഇടതു പാർട്ടികൾക്കും അവിടെ കിട്ടുമായിരിക്കാം. ഒരർത്ഥത്തിൽ ദേശീയ പ്രതിപക്ഷ നേതാവിന്റെ കസേര പോലും നഷ്ടപ്പെട്ടേക്കാമെന്ന 'റിസ്‌ക്ക്' ഏറ്റെടുത്താണ് രാഹുൽ ഗാന്ധി വിജയ്‌നെ പിന്തുണച്ചത്. തന്റെ സ്ഥാനം പോയാലും ദക്ഷിണേന്ത്യയിൽ തെലങ്കാന, തമിഴ്‌നാട്, കർണ്ണാടകം എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ ഭരിക്കാൻ കഴിയുമെന്നത് കോൺഗ്രസ് പാർട്ടിക്ക് ദേശീയതലത്തിൽ വലിയ നേട്ടമുണ്ടാക്കും, കർണ്ണാടകത്തിൽ ശിവകുമാറും, കേരളത്തിൽ കെ.സി.യ്‌ക്കെതിരെയുള്ള നേതാക്കളും, തെലങ്കാനയിൽ രേവന്ത റെഡ്ഡിക്കു എതിരെ നിലകൊള്ളുന്ന രണ്ട് ഉപമുഖ്യമന്ത്രിമാരും കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ ചോദ്യം ചെയ്യാനുള്ള തന്ത്രങ്ങൾ മെനയുമെന്ന കാര്യം ഉറപ്പാണ്. അത്തരം ദുർദ്ദശ കോൺഗ്രസിന് ഉണ്ടാകാതിരിക്കട്ടെ. 

ക്യാബിനറ്റ് റാങ്കും കാറും ഗൺമാനും...

മുഖ്യമന്ത്രിയായി തുടരാൻ കഴിയില്ലെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ പിണറായി ആഗ്രഹിക്കുന്നുണ്ടെന്ന വാർത്ത നവമാധ്യമങ്ങളിലുണ്ട്. അകമ്പടിയായി ഒന്നോ രണ്ടോ വാഹനങ്ങളും, ഒരു ഗൺമാനും, 30ഓളം പെഴ്‌സണൽ സ്റ്റാഫും ഓഫീസും കന്റോൺമെന്റ് ഹൗസുമെല്ലാം കിട്ടുമല്ലോ എന്ന ചിന്ത പിണറായിക്കുണ്ട്. ഈ പ്രശ്‌നത്തിൽ ചൊവ്വാഴ്ച ചേർന്ന സി.പി.എം. പാർട്ടി സെക്രട്ടറിയേറ്റും ബുധൻ, വ്യാഴം ദിവസങ്ങളിൽ ചേരുന്ന സ്റ്റേറ്റ് കമ്മറ്റിയും തീരുമാനം എടത്തേക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളായി (മേയ് 11,12) നടത്താൻ നിശ്ചയിച്ച പി.ബി.യോഗം തിങ്കളാഴ്ച തന്നെ തീർക്കാൻ ദേശീയ സെക്രട്ടറി എം.എ.ബേബി തിടുക്കം കൂട്ടിയെങ്കിലും പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്തിന് വാശിപിടിച്ചതോടെ ആ യോഗം ചൊവ്വാഴ്ചത്തേയ്ക്കും നീണ്ടു.

ഇതിനിടെ പ്രതിപക്ഷ ഉപ നേതാവ് എന്ന പദവി സി.പി.എ.യും ആവശ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ധർമ്മടം സീറ്റ് രാജിവച്ചൊഴിയാൻ പിണറായി നേരത്തെ തീരുമാനിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിണറായിക്ക് ചുറ്റുമുള്ള 'കോക്കസ്' അദ്ദേഹത്തെ ആ നീക്കത്തിൽ നിന്ന് പിന്തിരിപ്പിച്ചുവത്രെ, ഏപ്രിൽ 19ന് ചികിത്സാർത്ഥം യു.എസിന് പോകാനിരുന്ന പിണറായി ആ യാത്ര റദ്ദാക്കുകയായിരുന്നു. മുഖ്യമന്ത്രിസ്ഥാനമില്ലെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന് ചികിത്സാച്ചെലവും മറ്റും നേടിയെടുക്കാനുള്ള തന്ത്രമാണത്രെ പിണറായി പയറ്റുന്നത്. ഒരു പഴയ ശ്രീനിവാസൻ സിനിമയിലെ മക്കളെ അച്ഛൻ പഠിപ്പിച്ച പാട്ട് പോലെ ''അയ്യോ അച്ഛാ പോകല്ലേ'' എന്ന് ചുറ്റും നിന്ന് പാടുന്നവരുടെ നിർബന്ധത്തിന് പിണറായി വഴങ്ങുകയായിരുന്നു.

തന്നെ തോൽപ്പിച്ചത് ജനമല്ല. മാധ്യമങ്ങളാണെന്ന് പിണറായി ഇപ്പോഴും വിശ്വസിക്കുന്നു. കണ്ണൂരിൽ നിന്ന് വിമാന മാർഗം തിരുവനന്തപുരത്തെത്തിയപ്പോഴും പി.ബി. യോഗത്തിൽ പങ്കെടുക്കാനായി ഡെൽഹിയിൽ എത്തിയപ്പോഴും മാധ്യമങ്ങളോടുള്ള കട്ടക്കലിപ്പ് പിണറായിയുടെ ശരീര ഭാഷയിൽ പ്രകടമായിരുന്നു. പിണറായി ചൊവ്വാഴ്ച രാത്രി തലസ്ഥാനത്ത് എത്തിയപ്പോഴേക്കും അദ്ദേഹത്തിനുള്ള വിശാലമായ വാടക വീട് തയ്യാറായി കഴിഞ്ഞിരുന്നു. തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനിൽ 4500 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായുള്ള വീട് അഞ്ച് വർഷത്തേക്കാണ് പിണറായിയുടെ കുടുംബം വാടകയ്‌ക്കെടുത്തിട്ടുള്ളത്.  തോറ്റു കഴിഞ്ഞപ്പോൾ മാണി ഗ്രൂപ്പിലെ ജോസ് മോനും കോവൂർ കുഞ്ഞമോനുമെല്ലാം തോൽവിക്ക് കാരണം പിണറായിയാണെന്നാണ് വിലപിച്ചത് ജനം മുഖവിലയ്‌ക്കെടുക്കുന്നില്ല. പറയേണ്ടത് പറയേണ്ട സമയത്ത് പറയേണ്ടവരോട് പറഞ്ഞില്ലെങ്കിൽ രാഷ്ട്രീയത്തിൽ ഇത്തരം വിഢ്ഢിക്കോ മരങ്ങളെ ഇനിയും കേരളം കാണേണ്ടിവരും.

ആന്റണിചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam