കൊച്ചി: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തായിരുന്ന സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ജാമ്യാപേക്ഷയിൽ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
യുവതിയുടെ വീട്ടുകാരെ കുറ്റപ്പെടുത്തിയാണ് സുകാന്തിന്റെ മുൻകൂർ ജാമ്യഹർജി. മേഘയുടെ മരണത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സുകാന്ത് ഹർജിയിൽ പറയുന്നു. മറിച്ച് വൈകാരികമായും മാനസികമായും ഏറെ അടുത്തവരായിരുന്നു തങ്ങളെന്നും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും ഹർജിയിൽ പറയുന്നു.
യുവതി ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയും തന്റെ മാതാപിതാക്കൾ യുവതിയുടെ വീട്ടിലെത്തി വിവാഹ കാര്യങ്ങൾ സംസാരിക്കുകയും ചെയ്തെന്നും ഹർജിയിൽ പറയുന്നു. എന്നാൽ ജ്യോതിഷിയുടെ അഭിപ്രായം ഇക്കാര്യത്തിൽ തേടാനായിരുന്നു യുവതിയുടെ വീട്ടുകാരുടെ തീരുമാനം. ജ്യോതിഷിയെ കണ്ടതിനു ശേഷം എന്താണ് പറഞ്ഞത് എന്നതുൾപ്പെടെ ഒരു കാര്യവും പറയാൻ യുവതിയുടെ വീട്ടുകാർ തയാറായില്ല. മാത്രമല്ല, താനുമായി ഏതെങ്കിലും വിധത്തിൽ ബന്ധം പുലർത്തുന്നതിനെ രൂക്ഷമായി എതിർത്തുവെന്നും ജാമ്യഹർജിയിൽ പറയുന്നു.
മൊബൈൽ നമ്പർ പോലും ബ്ലോക്ക് ചെയ്ത് തമ്മില്‍ ബന്ധപ്പെടാതിരിക്കാൻ യുവതിയോട് നിർദേശിച്ചു. എന്നാൽ മാതാപിതാക്കളുടെ ഇത്തരം സമീപനത്തിൽ നിരാശയായ യുവതി തനിക്കൊപ്പം നിൽക്കാനാണ് തീരുമാനിച്ചത് എന്നാണ് സുകാന്ത് പറയുന്നത്. ബന്ധം തുടരാൻ തീരുമാനിച്ച് ഇരുവരും ചേർന്ന് നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് വീടെടുത്ത് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയെന്നും ഹർജിയിൽ പറയുന്നു.
പതിവു പോലെ ജോലിക്കു പോയ യുവതി തന്നോട് ജോലിക്കാര്യങ്ങളെ കുറിച്ച് സാധാരണ സംസാരിക്കാറുള്ളതു പോലെ സംസാരിച്ചെന്നും സുകാന്ത് പറയുന്നു. എന്നാൽ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്ന മാതാപിതാക്കളുടെ സമ്മർദത്താൽ യുവതി വളരെയധികം ബുദ്ധിമുട്ടിയിരുന്നു എന്ന് പിന്നീട് വ്യക്തമായിരുന്നു. യുവതി ഏതെങ്കിലും വിധത്തിൽ ആത്മഹത്യ ചെയ്തതാണെങ്കില്‍ അതിന് പിന്നിൽ തങ്ങളുടെ ബന്ധത്തെ എതിർത്ത മാതാപിതാക്കൾ ഏൽപ്പിച്ച സമ്മർദവും വിഷമവുമാണ് കാരണമെന്നും സുകാന്ത് ഹർജിയിൽ ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്