മുന്നറിയിപ്പില്ലാതെ വീണ്ടും സ്‌പൈസ്‌ജെറ്റ് വിമാനം റദ്ദാക്കി; കൊച്ചിയില്‍ യാത്രക്കാരുടെ പ്രതിഷേധം

AUGUST 24, 2026, 9:12 AM

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി സ്‌പൈസ്‌ജെറ്റ് വിമാനം മുന്നറിയിപ്പില്ലാതെ വീണ്ടും റദ്ദാക്കി. കൊച്ചിയില്‍ നിന്ന് ഫുജൈറയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എസ്ജി 081 വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. ഇതോടെ രാവിലെ മുതല്‍ വിമാനത്താവളത്തില്‍ എത്തിയ നൂറുകണക്കിന് യാത്രക്കാര്‍ വലിയ പ്രതിസന്ധിയിലാവുകയും വിമാനക്കമ്പനിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.

രാവിലെ 11.45 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ആദ്യം രാത്രി 9.40 ലേക്ക് പുനക്രമീകരിക്കുന്നു എന്നാണ് കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാരെ വൈകിട്ടോടെ സര്‍വീസ് പൂര്‍ണ്ണമായി റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. വിമാനം മുടങ്ങിയതിനെ കുറിച്ച് വ്യക്തമായ കാരണങ്ങള്‍ നല്‍കാനോ കൃത്യമായ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാനോ എയര്‍ലൈന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്‌പൈസ്‌ജെറ്റിന്റെ സര്‍വീസുകള്‍ നിരന്തരം വൈകുന്നതും റദ്ദാക്കുന്നതും പതിവായിരിക്കുകയാണ്. മോശം കാലാവസ്ഥ കാരണമാണ് സര്‍വീസുകള്‍ തടസ്സപ്പെടുന്നത് എന്ന എയര്‍ലൈനിന്റെ വാദം കൊച്ചി വിമാനത്താവള അധികൃതര്‍ തള്ളിക്കളഞ്ഞു. മറ്റ് വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ സാധാരണ നിലയില്‍ നടക്കുമ്പോഴാണ് സ്‌പൈസ്‌ജെറ്റ് മാത്രം സാങ്കേതിക തടസ്സങ്ങളും കാലാവസ്ഥയും ചൂണ്ടിക്കാട്ടി സര്‍വീസുകള്‍ മുടക്കുന്നത്. തുടര്‍ച്ചയായ പരാതികള്‍ ഉയര്‍ന്നിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്‌പൈസ്‌ജെറ്റ് തയ്യാറാകാത്തതില്‍ സിയാല്‍ ശക്തമായ അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്.

സര്‍വീസുകളില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍, സ്‌പൈസ്‌ജെറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുന്‍പ് എയര്‍ലൈനുമായി നേരിട്ട് ബന്ധപ്പെട്ട് വിമാനത്തിന്റെ നിലവിലെ സമയക്രമം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam