കോഴിക്കോട്: ഒൻപത് വർഷം കൊണ്ട് കേരളത്തെ പുതുവഴിയിലെത്തിച്ചെന്ന് അവകാശപ്പെടുന്ന പിണറായി സർക്കാർ ഇക്കാലയളവിൽ നവകേരളത്തെ പെരുവഴിയിലാക്കുകയാണ് ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
നാലാം വാർഷികത്തിന്റെ പേരിൽ സാധാരണക്കാരന്റെ നികുതിപ്പണമാണ് സർക്കാർ ധൂർത്തടിക്കുന്നത്. ജനങ്ങളുടെ ചെലവിൽ പി.ആർ വർക്ക് എന്നതിന് അപ്പുറം നാലാം വാർഷികത്തിൽ കൊട്ടിഘോഷിച്ച് അവതരിപ്പിക്കാൻ എന്താണ് ഈ സർക്കാരിനുള്ളത്. കളങ്കിതരെ സംരക്ഷിച്ചും അഴിമതിക്ക് പരവതാനി വിരിച്ചും ജനത്തെ ദ്രോഹിച്ചതല്ലാതെ ഇടതു ഭരണം കൊണ്ട് ഒരു പ്രയോജനവുമില്ല.രണ്ടാമതൊരു അവസരം ഇവർക്ക് നൽകിയ അബദ്ധത്തിൽ ജനം തലയിൽ കൈവെച്ച് സ്വയംപഴിക്കുകയാണ്.
കുടുംബത്തിന് വേണ്ടി അഴിമതി നടത്തിയ മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ മുൻകാല കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരിൽ നിന്ന് വ്യത്യസ്തനാണ്. ചെയ്യാത്ത സേവനത്തിന് കോടികൾ മാസപ്പടി വാങ്ങിയ മകളുടെ സാമ്പത്തിക ഇടപാട് എസ്എഫ്‌ഐഒ കണ്ടെത്തിയിട്ടും ഉളുപ്പും നാണവുമില്ലാതെ മുഖ്യമന്ത്രി സ്ഥാനത്ത് അള്ളിപ്പിടിച്ച് ഇരിക്കുന്ന പിണറായി വിജയന്റെ തൊലിക്കട്ടി അപാരം തന്നെയെന്നും സുധാകരൻ പരിഹസിച്ചു.
ജീവിക്കാനായി 100 രൂപ അധികം കൂലി ചോദിക്കുന്ന തൊഴിലാളികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സർക്കാരാണ് നൂറ് കോടിയോളം രൂപ വാർഷിക ആഘോഷത്തിന്റെ പേരിൽ ധാരാളിക്കുന്നത്.കഴിഞ്ഞ 72 ദിനരാത്രങ്ങൾ സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാവർക്കർമാരുടെ കണ്ണീര് തുടയ്ക്കാൻ കഴിയാത്തവർക്ക് എങ്ങനെയാണ് ജനക്ഷേമ സർക്കാരെന്ന് അവകാശപ്പെടാൻ കഴിയുക. ആശുപത്രിയിൽ മരുന്നുണ്ടോ? സിവിൽ സപ്ലൈസിലും റേഷൻ കടകളിലും ഭക്ഷ്യ സാധനങ്ങളുണ്ടോ? ക്ഷേമപദ്ധതിയും പെൻഷനും മുടങ്ങാതെ നൽകാൻ പോലും കഴിയാത്ത സർക്കാരാണിത്.
പിണറായി സർക്കാരിന്റെ ഇതുവരെയുള്ള ഉത്പ്പന്നം അഴിമതി മാത്രമാണ്. സർവ്വതല സ്പർശിയായി അഴിമതി വളർന്നു. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് അഴിമതിയും അനധികൃത സ്വത്ത് സമ്പാദിക്കാനും മുഖ്യമന്ത്രിയാണ് പ്രചോദനം. തുടർഭരണം ധനസമ്പാദനത്തിനുള്ള ഉപാധിയാക്കിയ മുഖ്യമന്ത്രിയുടെ അദൃശ്യ സംരക്ഷകർ ബിജെപിയാണ്. അവരുമായുള്ള ഇഴയടുപ്പം കൊണ്ട് മാത്രമാണ് കൽത്തുറുങ്കിൽ കിടക്കേണ്ട അദ്ദേഹം ഇപ്പോഴും അധികാര കസേരയിലിരുന്ന് ജനത്തെ ദ്രോഹിക്കുന്നതെന്നും കെ.സുധാകരൻ കുറ്റപ്പെടുത്തി.
അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്കിടെ വാർഷിക ആഘോഷത്തിനായി നൂറ് കോടിയോളം രൂപ പരസ്യധൂർത്തിന് മാറ്റിവെച്ചത് നീതികരിക്കാൻ കഴിയുന്നതല്ല.
സംസ്ഥാനത്തിന്റെ പൊതുകടം ആറു ലക്ഷം കോടിയാക്കി ഉയർത്തിയ പിണറായി സർക്കാർ അതിന്റെ തിരിച്ചടവിനായി വീണ്ടും നികുതി വർധിപ്പിച്ച് ജനത്തെ പിഴിയാനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിനിടെയാണ് ഇത്തരം ഒരു ധൂർത്ത് അഭ്യാസം. പി.ആർ.ഡി വഴി അനുവദിച്ച 25.91 കോടി രൂപയുടെ 60 ശതമാനം തുകയും പിണറായി വിജയന്റെ ബ്രാന്റിംഗിനായിട്ടാണ് വിനിയോഗിക്കുന്നത്.
കേരളീയം, നവകേരള സദസ്സ് തുടങ്ങിയ മുഖ്യമന്ത്രിയുടെ പി.ആർ. വർക്ക്‌ഷോപ്പ് കേരളം കണ്ടതാണ്. കേരളീയം പരിപാടിയുടെ സ്‌പോൺസർഷിപ്പ് വിവരങ്ങൾ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. നവ കേരള സദസ്സെന്ന മാമാങ്കത്തിൽ ലഭിച്ച പരാതികളിൽ പലതും അട്ടപ്പുറത്താണ്. അത്താഴപട്ടിണിക്കാരുടെ അന്നം മുട്ടിച്ച് നടത്തുന്ന ഇത്തരം പ്രതിച്ഛായ നിർമ്മിതിയെ ചോദ്യം ചെയ്യാൻ വിവേകമുള്ള ഒറ്റ കമ്യൂണിസ്റ്റ് നേതാക്കൾ പോലും ഇല്ലാതെ പോയിയെന്നതാണ് ആ പ്രസ്ഥാനം ഇന്ന് നേരിടുന്ന ഏറ്റവും വലിയ അപചയമെന്നും കെ.സുധാകരൻ കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്