സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ പരോക്ഷ വിമർശനത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെതിരെ സമസ്ത നേതാക്കൾ.
ജിഫ്രി തങ്ങളെ ഒട്ടും മാന്യമല്ലാത്ത ശൈലിയിലാണ് സലാം ആക്ഷേപിച്ചിരിക്കുന്നതെന്നാണ് സമസ്ത നേതാക്കളുടെ വിമർശനം. മുസ്ലീം ലീഗിൻ്റെ മറപിടിച്ച് സുന്നി വിശ്വാസങ്ങളെയും , സമസ്തയെയും നിരന്തരമായി ആക്ഷേപിക്കുന്നുവെന്നും സമസ്ത നേതാക്കള്‍ സംയുക്ത പ്രസ്താവനയിറക്കി.
പാലക്കാട് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടായിരുന്നു ജിഫ്രി മുത്തുകോയ തങ്ങള്‍ക്കെതിരെയുള്ള പി.എം.എ. സലാമിന്റെ പ്രസ്താവന. പാണക്കാട് സാദിഖലി തങ്ങൾ അനുഗ്രഹിച്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ജയിച്ചപ്പോൾ മറ്റൊരു നേതാവ് അനുഗ്രഹിച്ച ഡോ. പി. സരിൻ മൂന്നാമതായെന്നും മുസ്ലീം സമുദായം ആർക്കൊപ്പമാണെന്ന് ഇതിലൂടെ വ്യക്തമായെന്നുമായിരുന്നു സലാമിന്റെ പരാമർശം. പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ചതിന് പിന്നാലെ കുവൈത്തിൽ വെച്ചായിരുന്നു പി.എം.എ. സലാമിന്റെ വിവാദ പരാമർശം.
തെരഞ്ഞെടുപ്പുകാലങ്ങളിൽ ആശീർവാദം തേടി സ്ഥാനാർഥികൾ പ്രമുഖ വ്യക്തിത്വങ്ങളെ സമീപിക്കാറുള്ളത് പതിവ് രീതിയാണെന്നും വരുന്നവരെ മാന്യമായി സ്വീകരിക്കുക എന്നത് മര്യാദയാണെന്നും സമസ്ത പ്രസ്താവനയില്‍ പറയുന്നു. ഇതിൻ്റെ പേരിൽ കേരള മുസ്ലീങ്ങളില്‍ സിംഹഭാഗത്തെ പ്രതിനിധീകരിക്കുന്ന സമസ്തയെന്ന മഹാപ്രസ്ഥാനത്തിൻ്റെ അമരക്കാരനെ ഒട്ടും മാന്യമല്ലാത്ത ശൈലിയിലാണ് സലാം ആക്ഷേപിച്ചിരിക്കുന്നതെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്