കീവ്: യുക്രെയ്നിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി റഷ്യ നടത്തിയ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് കുട്ടികളടക്കം 11 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിലും രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിലും തിങ്കളാഴ്ച പുലർച്ചെയായിരുന്നു റഷ്യയുടെ വൻ വ്യോമാക്രമണം. ആക്രമണത്തിൽ ചരിത്രപ്രസിദ്ധമായ പതിനൊന്നാം നൂറ്റാണ്ടിലെ 'കീവ്-പെചെർസ്ക് ലാവ്ര' (Kyiv-Pechersk Lavra) ക്രൈസ്തവ ആശ്രമ സമുച്ചയത്തിന് തീപിടിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി സെലൻസ്കിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഞായറാഴ്ച ഫോണിൽ വെവ്വേറെ ചർച്ചകൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് റഷ്യയുടെ ഈ പുതിയ ആക്രമണം. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള വാഷിംഗ്ടണിന്റെ നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് റഷ്യൻ നീക്കം.
"യുദ്ധം തുടരാനുള്ള തങ്ങളുടെ ഉദ്ദേശ്യം റഷ്യ ലോകത്തിന് മുന്നിൽ കാണിച്ചുതരുന്നത് ഇങ്ങനെയാണ്," ആക്രമണത്തിന് ഇരയായ സിവിലിയൻ കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് സെലൻസ്കി എക്സിൽ കുറിച്ചു. റഷ്യയുടെ ഈ ക്രൂരതയ്ക്ക് ജി7 രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ശക്തവും നിർണ്ണായകവുമായ മറുപടി ഉണ്ടാകണമെന്നും, ആക്രമണകാരിക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുക്രെയ്ന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, പ്രത്യേകം ആന്റി ബാലിസ്റ്റിക് ശേഷി ശക്തിപ്പെടുത്താൻ കൂടുതൽ പിന്തുണ നൽകണമെന്നും സെലൻസ്കി ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചു.
രാജ്യത്തുടനീളം റഷ്യ നടത്തിയ ആക്രമണങ്ങളിൽ 11 സിവിലിയന്മാരും അടിയന്തര രക്ഷാപ്രവർത്തകരും കൊല്ലപ്പെടുകയും 53 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. തലസ്ഥാനമായ കീവിൽ മാത്രം അഞ്ച് പേർ കൊല്ലപ്പെട്ടതായി മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. കീവിൽ പരിക്കേറ്റ 30 പേരിൽ അഞ്ചും ആറും വയസ്സുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്നുവെന്ന് സിറ്റി മിലിട്ടറി അഡ്മിനിസ്ട്രേഷൻ മേധാവി ടിമൂർ ടിഷെങ്കോ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
