മിസ്സിസ്സാഗയിൽ മലയാളിത്തനിമയുടെ നിറവിൽ TCL ഓണം 2026 അവിസ്മരണീയമായി

SEPTEMBER 3, 2026, 8:39 AM

മിസ്സിസ്സാഗ: ഓണപ്പൂക്കളുടെ നിറവും തിരുവാതിരയുടെ താളവും വടംവലിയുടെ ആവേശവും നാടൻ ഓണസദ്യയുടെ രുചിയും ഒത്തുചേർന്നപ്പോൾ മിസ്സിസ്സാഗയിലെ പോൾ കോഫി പാർക്ക് ഒരുദിവസത്തേക്ക് കൊച്ചു കേരളമായി മാറി. ടീം കനേഡിയൻ ലയൺസ് (TCL) സംഘടിപ്പിച്ച 'TCL ഓണം 2026' മലയാളികളുടെ ആവേശകരമായ പങ്കാളിത്തത്തോടെ ഓഗസ്റ്റ് 30 ഞായറാഴ്ച പ്രൗഢഗംഭീരമായി അരങ്ങേറി.

രാവിലെ 10 മുതൽ വൈകുന്നേരം 7 വരെ നീണ്ടുനിന്ന ആഘോഷത്തിൽ കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് മലയാളി കുടുംബങ്ങൾ പങ്കെടുത്തു. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും സ്വന്തം നാടിന്റെ സംസ്‌കാരവും പാരമ്പര്യവും ആഘോഷിക്കാനും സൗഹൃദങ്ങൾ പുതുക്കാനും കുടുംബസമേതം ഒരുമിക്കാനും TCL ഒരുക്കിയ ഈ വേദി എല്ലാവർക്കും ഹൃദ്യമായ അനുഭവമായി.

കേരളീയ വേഷത്തിൽ അണിനിരന്ന മലയാളി മങ്കമാരുടെ മനോഹരമായ തിരുവാതിര ആഘോഷത്തിന് പ്രത്യേക ശോഭ നൽകി. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ നൃത്തകലാപരിപാടികൾ വേദിയെ സജീവമാക്കിയപ്പോൾ കാണികളുടെ നിറഞ്ഞ കൈയടികൾ പരിപാടികളുടെ ആവേശം ഇരട്ടിയാക്കി. കലയും സംസ്‌കാരവും മാത്രമല്ല, കായികവിനോദങ്ങൾക്കും മത്സരങ്ങൾക്കും ആഘോഷത്തിൽ വലിയ പ്രാധാന്യം നൽകി. വിവിധ പ്രായക്കാർക്കായി സംഘടിപ്പിച്ച മത്സരങ്ങൾക്കൊപ്പം ആവേശം നിറച്ച വടംവലി മത്സരം കാണികൾക്കും മത്സരാർത്ഥികൾക്കും ഒരുപോലെ ആവേശം പകർന്നു. സൗഹൃദ മത്സരങ്ങൾക്കിടയിലും ടീമുകളുടെ പോരാട്ടവീര്യം ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി.

vachakam
vachakam
vachakam


ഓണത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഭാഗമായ നാടൻ ഓണസദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. Kerala Curry House ഒരുക്കിയ കേരളത്തിന്റെ തനത് രുചികൾ നിറഞ്ഞ വിഭവസമൃദ്ധമായ സദ്യ പ്രവാസി മലയാളികൾക്ക് ഗൃഹാതുരത്വം നിറഞ്ഞ അനുഭവമാണ് സമ്മാനിച്ചത്. കാനഡയിലെ പ്രമുഖ സാമൂഹികസാംസ്‌കാരിക പ്രവർത്തകനും Choice Homes, Kerala Curry House, Coconut Groves, Taste of Malayalees Kokkadens Cakes തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയുമായ ശ്രീ ടോമി കൊക്കാറ്റ് (Broker of Record, Choice Homes Reatly Inc. Brokerage) ആയിരുന്നു TCL ഓണം 2026ന്റെ മെഗാ ടീം സ്‌പോൺസർ.

ഠഇഘ ഓണം 2026ന്റെ വിജയത്തിന് പിന്നിൽ സംഘടനാ നേതൃത്വത്തിന്റെയും വിവിധ കമ്മിറ്റികളുടെയും കൂട്ടായ പരിശ്രമം നിർണായകമായി. ടീം കനേഡിയൻ ലയൺസ് പ്രസിഡന്റ് നിഖിൽ വർഗീസ്, വൈസ് പ്രസിഡന്റ് റൈജു ദേവസിക്കുട്ടി, സെക്രട്ടറി തെരേസ തോംസൺ, ട്രഷറർ ബിനു ജോസഫ്, ജോയിന്റ് ട്രഷറർ ജിതിൻ ജോസഫ്, ജോയിന്റ് സെക്രട്ടറി മേരി സിറിയക്, മീഡിയ & കമ്മ്യൂണിക്കേഷൻസ് മാനേജർ വിനു ദേവസ്യാ, ഇവന്റ് മാനേജർമാരായ ജയ്ദീപ് ജോൺ, ദീപ ടോമി, യൂത്ത് അനിമേറ്റർ ബിനു ചെറിയാൻ, ആർട്‌സ് & കൾച്ചറൽ മാനേജർ ബിൻസി ബോബി ചെറിയാൻ, ധന്യ ബിബിൻ, മേഘ പുത്തൂരൻ, സ്‌പോർട്‌സ് മാനേജർ ഷെറിൻ ജോസഫ്, ജോസ് തോമസ്, ഷൈജു ജി.പി., എക്‌സ്ഓഫീഷ്യോ നിക്‌സൺ മാനുവൽ, കമ്മ്യൂണിറ്റി ഔട്ട്രീച്ച് ബിജു തോമസ്, യൂത്ത് ലീഡർമാരായ സാറ ജോസഫ്, ബിയ സെബാസ്റ്റ്യൻ എന്നിവരോടൊപ്പം മറ്റ് കൗൺസിൽ അംഗങ്ങളും കമ്മിറ്റി ഭാരവാഹികളും സന്നദ്ധപ്രവർത്തകരും പരിപാടിയുടെ വിജയത്തിനായി നേതൃത്വം നൽകി.

vachakam
vachakam
vachakam

ഓണം ഒരു ആഘോഷത്തിനപ്പുറം മലയാളിയുടെ ഒരുമയുടെയും സ്‌നേഹത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ്. ആ ആത്മാവിനെ പൂർണമായി ഉൾക്കൊണ്ട് സംഘടിപ്പിച്ച TCL ഓണം 2026, പ്രവാസി മലയാളികളുടെ കൂട്ടായ്മയുടെ ശക്തിയും കേരളീയ സംസ്‌കാരത്തിന്റെ സമൃദ്ധിയും ഒരിക്കൽ കൂടി വിളിച്ചോതി. തിരുവാതിരയുടെ താളവും വടംവലിയുടെ ആവേശവും കുട്ടികളുടെ ചിരിയും ഓണസദ്യയുടെ രുചിയും കുടുംബസംഗമത്തിന്റെ ഊഷ്മളതയും ആഘോഷത്തിന് പൂർണത നൽകി. മലയാളി എവിടെയുണ്ടോ അവിടെയുണ്ട് കേരളം; കേരളമുള്ളിടത്ത് ഓണവും. ആ സന്ദേശം ഹൃദയത്തിൽ നിറച്ച്, മിസ്സിസ്സാഗയിലെ മലയാളി സമൂഹത്തിന് TCL ഓണം 2026 സമ്മാനിച്ചത് ഒരു ആഘോഷദിനം മാത്രമല്ല, എന്നും ഓർമ്മയിൽ നിലനിൽക്കുന്ന ഒരു മനോഹരമായ കൂട്ടായ്മയുടെ അനുഭവം കൂടിയായിരുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam