യുഗാന്ത്യ മണിമുഴക്കം?സി.പി.എമ്മിനു ഞെട്ടൽ

JUNE 6, 2024, 10:39 AM

അധികാരം ദുഷിപ്പിക്കും; പരമാധികാരമാകട്ടെ അമിത ദുഷിപ്പിനുമിടയാക്കും: ഈ പരമ്പരാഗത നിരീക്ഷണത്തിന് ഇരട്ട അടിവരയിട്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നിരിക്കുന്നത്. 'പരിധി വിട്ട അപകട സാധ്യതയുള്ള രാഷ്ട്രീയ ബിംബങ്ങളായി' നരേന്ദ്ര മോദിയും പിണറായി വിജയനും മാറിയെന്ന് പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ കഴിഞ്ഞയാഴ്ച പങ്കിട്ട നിരീക്ഷണം അച്ചട്ടായി ഇതോടെ.

'മുണ്ടുടുത്ത മോദി'യല്ലേ പിണറായി വിജയൻ എന്ന് രാമചന്ദ്ര ഗുഹ ചോദിച്ചത് വോട്ടെണ്ണലിന് തൊട്ടുമുമ്പായിരുന്നെങ്കിലും കേരളത്തിലെ സമ്മതിദായകർ ഏറെ മുമ്പു തന്നെ ഇക്കാര്യം തിരിച്ചറിഞ്ഞിരുന്നുവെന്ന് വ്യക്തം. 'എന്തുകൊണ്ട് നമ്മൾ തോറ്റു' എന്നത് പാർട്ടിക്കുള്ളിൽനിന്ന് തന്നെ പിണറായി വിജയന് ഉടൻ നേരിടേണ്ടി വരുന്ന ഗൗരവതരമായ ചോദ്യമാകും. ഇതുവരെ നുരഞ്ഞു പൊന്തിയ വിവാദങ്ങൾക്കെന്നതു പോലെ അഴകൊഴമ്പൻ ഉത്തരം ക്യാപ്‌സ്യുളുകളാക്കി അണികൾക്ക് എത്തിച്ച് നൽകുക ഇക്കാര്യത്തിൽ സാധ്യമാകണമെന്നില്ല.          

കോഴിക്കോട്ട് എം.പി. വീരേന്ദ്രകുമാർ അനുസ്മരണത്തിൽ 'ഇന്ത്യ എങ്ങോട്ട്' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കവേ രാമചന്ദ്ര ഗുഹ പറഞ്ഞു: ''നേതൃബിംബങ്ങളും കുടുംബാധിപത്യവും നിലനിൽക്കുന്ന രാഷ്ട്രീയഘടനയാണ് രാജ്യം നേരിടുന്ന ആദ്യത്തെ വെല്ലുവിളി. നരേന്ദ്ര മോദി ദൈവമാണെന്ന് പറയുന്നു. അണികൾ അതേറ്റുപാടുന്നു. മോദി ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയബിംബമായി മാറുകയാണ്. ഇവിടെ നിങ്ങളുടെ മുഖ്യമന്ത്രിയും ചിലപ്പോൾ അത്തരത്തിലൊരു ബിംബമാണ്. ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപത്യസ്വഭാവമുള്ള കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഇ.എം.എസ്., നായനാർ, ജ്യോതിബസു, മണിക് സർക്കാർ എന്നിവരെ മുൻനിർത്തിയാണിതു പറയുന്നത്. '

vachakam
vachakam
vachakam

രാമചന്ദ്ര ഗുഹയെപ്പോലുള്ളവരുടെ നിരീക്ഷണം ഏതു വിധമായാലും, വോട്ടർമാരുടെ തീർപ്പ് വിപരീതമായാലും കേരളത്തിലെ ഇടതു ഭരണത്തെയും പിണറായിയുടെ നേതൃത്വത്തെയും വാഴ്ത്താൻ എം.വി. ഗോവിന്ദനും എ.കെ. ബാലനും, വിജയരാഘവനും മറ്റും മൽസരിച്ച് രംഗത്തിറങ്ങുമെന്നുറപ്പ്. താത്ത്വികമായി അവർ കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ പക്ഷേ, അണികളും ജനങ്ങളും ചോദിക്കും: 'എന്ത് കൊണ്ട് തോറ്റു?'. ജനങ്ങളെ പാർട്ടി മറന്നു, പാർട്ടിയെ ജനം മറന്നു... വളച്ചുകെട്ടില്ലാതെ, തോൽവിയെ ഇങ്ങനെ വിലയിരുത്താമെങ്കിലുംപാർട്ടിയുടെ 'രീതി' അതല്ലെന്നു മാത്രം.
2019ലെ പരാജയത്തിന് പാർട്ടിക്ക് ഉള്ളിൽ ഉത്തരമുണ്ടായിരുന്നു:

ശബരിമല വിവാദം. എന്നാൽ ഇത്തവണത്തെ തോൽവിക്ക് അമ്മാതിരി കാരണം ചൂണ്ടിക്കാട്ടാൻ പാർട്ടിക്ക് കഴിയില്ല. 'ജനത്തിന് മടുത്തു ' എന്ന കണ്ടെത്തൽ പരസ്യമായി ഏറ്റുപറയാനാകുന്നതെങ്ങനെ?. പാർട്ടിക്കും പിണറായി വിജയനും 2021ൽ ഭരണത്തുടർച്ചയുണ്ടായപ്പോൾ തന്നെ കേരളത്തിലും ബംഗാളിന്റെ ആവർത്തനം പ്രവചിച്ചു പല നിരീക്ഷകരും. പക്ഷേ, വരുന്ന തെരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു പാർട്ടിയും ചില നേതാക്കളും. ഇതിനിടെ ജനങ്ങളെ പാർട്ടി മറന്നു. പാർട്ടിയുടെ ജനകീയ മുഖം നഷ്ടമായി. ജനകീയനായ ഒരു നേതാവിനെ പോലും ഇന്ന് പാർട്ടിയിൽ ജനങ്ങൾ കാണുന്നില്ല.

കേരളത്തിലെ സി.പി.എം എന്ന് പറഞ്ഞാൽ അത് പിണറായി വിജയനായി. വി.എസ്. അച്യുതാനന്ദൻ കിടപ്പിലായതോടെ സർക്കാരിനെയും പാർട്ടിയെയും വിമർശിക്കാൻ പാർട്ടിക്കുള്ളിൽ ആളില്ലാതെയായി. പി. ജയരാജന്റെയും ജി.സുധാകരന്റെയും ചില മുറുമുറുപ്പുകൾ പുറത്ത് വന്നെങ്കിലും ആളിപ്പടർന്നില്ല. എന്തുകൊണ്ട് തോറ്റു എന്നു കണ്ടെത്താൻ സി.പി.എം. ഏറെ പണിപ്പെടേണ്ടതില്ലെന്നതാണ് വസ്തുത. ബംഗാളിലെ നേതാക്കളിൽ ബാക്കിയുള്ളവരോടു ചോദിച്ചാൽ, 35 കൊല്ലം സഹിച്ച ശേഷം ജനങ്ങൾ പാർട്ടിയെ പുറന്തള്ളിയ അനുഭവം പറഞ്ഞു തരും. പ്രബുദ്ധ കേരളത്തിലെ ജനങ്ങൾ പക്ഷേ ഏഴു കൊല്ലം കൊണ്ട് മടുത്തു. എന്തായാലും ഇത്തവണയും ബംഗാളിൽ 'പച്ച'തൊട്ടില്ല സി.പി.എം.

vachakam
vachakam
vachakam

ഒരേയൊരു കനൽ

2019ലെ പോലെ 'കനൽ ഒരു തരി 'മാത്രമാണ് പാർട്ടിക്ക് ഇക്കുറിയുമുള്ളത്. 2019ൽ ആലപ്പുഴയിലായിരുന്നു കനൽ എങ്കിൽ ഇത്തവണ അത് ആലത്തൂരിലായി. ആലത്തൂരിൽ കനൽ എരിയാതെ കാത്തതിന് നന്ദി പറയേണ്ടത് ടി.എൻ. സരസുവിനോടാണ്. കുട്ടി സഖാക്കൾ 'ശവകുടീരം' ഒരുക്കി യാത്രയാക്കിയ അതേ ടീച്ചറാണ് സഖാക്കളെ ഫലത്തിൽ രക്ഷിച്ചത്.

ആലത്തൂരിൽ ടി.എൻ. സരസു നേടിയ 1,88,230 വോട്ടുകളാണ് 20,111 വോട്ടിന്റെ ഭൂരിപക്ഷത്തിന് രാധാകൃഷ്ണൻ ജയിക്കാൻ കാരണമെന്ന വിശകലനമുണ്ട്. കഴിഞ്ഞ തവണ നേടിയതിനേക്കാൾ വോട്ട് നേടാൻ ബി.ജെ.പിക്ക് കഴിഞ്ഞു. വോട്ട് മറിഞ്ഞത് കോൺഗ്രസിന്റെ അക്കൗണ്ടിൽ നിന്നായതിനാൽ കനൽ കെട്ടില്ല. സി.പി.എമ്മിലെ പി.കെ. ബിജു ഒരു ലക്ഷത്തിന്റെ അടുത്ത് ഭൂരിപക്ഷത്തിന് ജയിച്ച ഇടത് കോട്ടയിലാണ് ഇത്തവണ കഷ്ടിച്ച് കടന്നു കൂടിയത്.

vachakam
vachakam
vachakam

പിഴവുകൾ...

ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് വൻ പരാജയമാണ് രണ്ടാം പിണറായി സർക്കാർ. തൊട്ടതെല്ലാം പിഴച്ചു. വിവാദങ്ങൾ ദിനംപ്രതിയെന്നോണം കടന്നു വന്നു. പിണറായിയുടെ മകൾ ടി. വീണയ്‌ക്കെതിരായ എക്‌സലോജിക്, കരിമണൽ കമ്മീഷൻ ആരോപണവും അതിന്റെ അന്വേഷണവും തിരിച്ചടിയായി. കരുവന്നൂർ ബാങ്ക് തട്ടിപ്പ് തൃശൂരിലെ തോൽവിയുടെ കാരണങ്ങളിൽ ഒന്ന് മാത്രം.

കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടക്കുന്ന ക്രമക്കേടുകൾ പുറത്ത് വന്നത് വോട്ടർമാരെ വ്യാപകമായി സ്വാധീനിച്ചു. സാമൂഹികക്ഷേമ പെൻഷൻ മുടങ്ങിയത് ഒരു വലിയ വിഭാഗത്തെ പാർട്ടിയിൽനിന്നും സർക്കാരിൽനിന്നും അകറ്റാൻ കാരണമായി. തുടർഭരണത്തിന് പാർട്ടിയെ സഹായിച്ചത് ക്ഷേമ പെൻഷനും സൗജന്യ കിറ്റുമായിരുന്നു. എന്നാൽ, മാസങ്ങളോളം പെൻഷൻ മുടങ്ങിയത് സാധാരണക്കാരനെ സംബന്ധിച്ച് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. പെൻഷൻ മുടങ്ങിയ വയോധിക പിച്ചയെടുത്തപ്പോൾ അവരെ ജന്മിയാക്കാനായിരുന്നു പാർട്ടി പത്രത്തിന് ധൃതി.
സർക്കാർ ആശുപത്രികളിൽ തുടർച്ചയായി ഉണ്ടായ ചികിത്സാ പിഴവുകളും സൗകര്യമില്ലായ്മയും വോട്ടിൽ പ്രതിഫലിച്ചു എന്ന് വേണം കരുതാൻ.

അഞ്ചു വർഷം വിലക്കയറ്റം ഉണ്ടാകില്ല എന്ന് പറഞ്ഞാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്. എന്നാൽ, തുടർന്ന് സകലതിനും വില കൂടി; കുടുംബ ബജറ്റ് താളം തെറ്റി. വീട്ടമ്മമാർ ആ കലി തീർത്തത് ഇ.വി.എമ്മിലായിരുന്നു. മുൻപ് തെരഞ്ഞെടുപ്പുകളിൽ അജൻഡ തീരുമാനിക്കുന്നത് സി.പി.എം. ആയിരുന്നു. മറ്റു പാർട്ടികൾ അതിനു പിന്നാലെ പോകും. എന്നാൽ, 2019 തൊട്ട് സ്ഥിതി മാറി. ആ തെരഞ്ഞെടുപ്പിൽ ശബരിമല ആയി അജൻഡ. ഹിന്ദുവിന് എതിരാണ് സി.പി.എം എന്ന സംഘപരിവാർ പ്രചാരണത്തിന്റെ മുനയൊടിക്കാൻ ഇത്തവണയും പാർട്ടിക്കായില്ല. കോൺഗ്രസും ബി.ജെ.പിയും ആണ് ഇത്തവണയും അജൻഡ തീരുമാനിച്ചത്.

എൻ.എസ്.എസ്. പൂർണമായും പാർട്ടിക്കെതിരായി. ഒരു ഭാഗം എസ്.എൻ.ഡി.പി. വോട്ടുകൾ ബി.ഡി.ജെ.എസിലേക്ക് മാറി. പാർട്ടിയുടെ വോട്ടു ബാങ്കുകളിൽ വിള്ളൽ വീണു. വടകരയിലെ വർഗീയ പ്രചാരണവും തിരിച്ചടിച്ചു. കിട്ടാവുന്നതിൽ ഏറ്റവും മികച്ച സ്ഥാനാർഥിയായിരുന്നു കെ.കെ. ശൈലജ. എന്നാൽ, ഷാഫി പറമ്പിൽ വന്നതോടെ സി.പി.എം. വർഗീയ കാർഡ് പുറത്തെടുത്തു. 'കാഫിർ' പ്രചാരണത്തിനെതിരേ വടകരയിലെ രാഷ്ട്രീയ വോട്ടർമാർ വിധിയെഴുതി.

കണ്ണൂരിലെ തോൽവിക്ക് ഉത്തരം പറയാൻ പിണറായി വിജയനും ഗോവിന്ദനും ഏറ്റവും വിഷമിക്കും. പിണറായിയുടെ ധർമടത്ത് പോലും കെ. സുധാകരൻ ലീഡ് പിടിച്ചു. ജനകീയരെന്ന് പാർട്ടി കരുതി കളത്തിലിറക്കിയവരിൽ കെ. രാധാകൃഷ്ണൻ ഒഴികെയുള്ളവർ തോറ്റത് വൻ തിരിച്ചടി തന്നെ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ 66,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചയാളാണ് ശൈലജ. എന്നിട്ടും വടകരയിൽ സംഭവിച്ചത് അസാധാരണ പരാജയം; കേരളത്തിൽ പാർട്ടിയുടെ ഇരുണ്ട ഭാവിയിലേക്കുള്ള കൈചൂണ്ടി പോലെ.

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam