തീവ വൈവിധ്യത്തിലും ഏകത്വത്തിന്റെ ദീപ്തി കണ്ടെത്താൻ വേദാന്തികൾക്കു കഴിയും. വൈരുധ്യങ്ങളെ അദൃശ്യമായിണക്കുന്ന ദൈവിക കരസ്പർശമുള്ള കാണാച്ചരടുകൾ ഗണിച്ചെടുക്കാനാകുമവർക്ക്. പക്ഷേ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയെ പരാജയപ്പെടുത്താൻ പൊരുതുന്ന ഇൻഡ്യ സഖ്യത്തിനുള്ളിൽ കൈകോർക്കലുകൾ ആവർത്തിക്കുന്നതിനപ്പുറമായി വൈരുധ്യങ്ങൾ നീങ്ങി ഏകത്വം കടന്നു വരുന്ന വഴികൾ കണ്ടെത്താൻ 'രാഷ്ട്രീയ വേദാന്തികൾ' ക്കാകുന്നില്ല.
രാഹുൽഗാന്ധിയെ മുന്നിൽനിർത്തുന്ന കോൺഗ്രസിനെതിരെ കേരളത്തിൽ സി.പി.എം ജീവന്മരണ പോരാട്ടത്തിലാണ്. മാഹിയിലെ സി.പി.എം എത്തി നിൽക്കുന്നതും വലിയ രാഷ്ട്രീയ പ്രതിസന്ധിയിൽ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരേ മണ്ഡലത്തിൽത്തന്നെ വ്യത്യസ്ത നിലപാട് സ്വീകരിക്കേണ്ടിവരുമോ എന്ന ആശങ്ക. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്കൊപ്പം നിൽക്കുമ്പോൾ അതേ മണ്ഡലത്തിന്റെ ഭാഗമായ മാഹിയിൽ എന്ത് നിലപാടെടുക്കുമെന്ന് സ്ഥിരീകരിക്കാനാകുന്നില്ല. പുതുച്ചേരിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ വി.വൈദ്യലിംഗത്തെ പിന്തുണയ്ക്കുന്നുവെന്നുമാ്രത്രമല്ല, പ്രചാരണരംഗത്ത് പരസ്യമായി അവർക്കൊപ്പം സി.പി.എം. പങ്കെടുക്കുകയും ചെയ്യുന്നു.
പത്രികാസമർപ്പണവേളയിലുംകോൺഗ്രസ് സ്ഥാനാർഥിക്കൊപ്പം സി.പി.എം.നേതാക്കളുണ്ടായിരുന്നു. എൻ.ഡി.എയാണ് ഇവിടെ മുഖ്യ എതിരാളി. ഡി.എം.കെ., മുസ്ലിം ലീഗ്, സി.പി.ഐ. കക്ഷികളുള്ള സഖ്യത്തിനൊപ്പമാണ് സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഭാഗമായാണ് മാഹിയിലെ സി.പി.എം. ഘടകം പ്രവർത്തിക്കുന്നത്. അവിടെകോൺഗ്രസിനെ പിന്തുണച്ചാൽകേരളത്തിലൊട്ടാകെയും വടകരയിൽ പ്രത്യേകിച്ചും സി.പി.എമ്മിനെതിരെ എതിരാളികൾ അത് ആയുധമാക്കുമെന്ന ആശങ്കയുണ്ട് പാർട്ടിക്ക്. വല്ലാത്ത ഗതികേടെന്ന് അടക്കം പറയുന്നു ഇടതു മുന്നണി പ്രവർത്തകർ.
ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് സ്വേച്ഛാധിത്യത്തിന്റെ പതിവു തന്ത്രമാണെന്ന കാര്യം പോലും ഇതിനിടെ, ഇൻഡ്യ മുന്നണി നേതാക്കൾ മറക്കുന്നു. തങ്ങളുടെ അധികാരം ഉറപ്പിക്കാൻ എതിരാളികളുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കുക എന്ന തന്ത്രം ചരിത്രാതീതകാലം മുതലേയുള്ളതാണ്. നമ്മുടെ രാജ്യത്ത് അതു നിരന്തരം ആവർത്തിക്കുന്നു. ഈ ഭിന്നിപ്പിക്കൽ തന്ത്രത്തെ അതിജീവിക്കാൻ എന്താണു മാർഗമെന്നത് ഏറ്റവും ഗൗരവതരമായ ചോദ്യം തന്നെ. ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്നന്നു എന്നു പറയുന്നവർ അക്കാര്യം ജനത്തെ ബോധ്യപ്പെടുത്താൻ തരിമ്പും ശ്രദ്ധ ചെലുത്തുന്നില്ല.
ദേശീയ തലത്തിലുള്ള നിലപാടല്ല ഇൻഡ്യ സഖ്യത്തിലെ പല കക്ഷികൾക്കും സംസ്ഥാന തലങ്ങളിലുള്ളത്. കേരളത്തിലും ബംഗാളിലും ഒക്കെ അതു വളരെ വ്യക്തം. ഡൽഹിയിൽ കൈകൊർത്തുപിടിച്ചുനിന്ന പ്രതിപക്ഷ നേതാക്കൾ പലരും സംസ്ഥാനങ്ങളിലെത്തുമ്പോൾ പരസ്പരം പോരടിക്കുന്നു. കേരളത്തിലാണ് ഈ ദുഃസ്ഥിതി ഏറ്റവും രൂക്ഷം. താത്വികമായ വിശകലനം കൊണ്ടൊന്നും ജനങ്ങൾക്കു മുന്നിൽ നിന്ന് ഇതു മറച്ചുപിടിക്കാനാവില്ല. പഴയകാല വോട്ടർമാരല്ല ഇപ്പോഴത്തെ വോട്ടർമാർ എന്ന കാര്യം മറന്നാണ് ഇക്കാര്യത്തിൽ വിവിധ പക്ഷങ്ങളിലെ നേതാക്കളുടെ വാചകക്കസർത്ത് മുറുകുന്നത്.
വലിയ രാഷ്ട്രീയ മാറ്റങ്ങളോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുമ്പോൾ ആ ജാഗ്രത അതിപ്രധാനം. ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യം കൂടി പ്രതിപക്ഷത്തിനുണ്ടാവുക സ്വാഭാവികം. ഭരണപക്ഷമാകട്ടെ പിടിച്ചുനിൽക്കാനും നിലവിലെ ഭൂരിപക്ഷം വർധിപ്പിക്കാനുമുള്ള തന്ത്രങ്ങളാണ് പയറ്റുന്നത്. രണ്ടും സ്വാഭാവികമായ കാര്യങ്ങൾ. അതേസമയം, അതിനായി ഇരുകൂട്ടരും സ്വീകരിക്കുന്ന മാർഗങ്ങളും വളച്ചുകെട്ടകന്നതാകണം. വോട്ടർമാർ അതാണിച്ഛിക്കുന്നത്.
ഭരണപക്ഷത്തും പ്രതിപക്ഷത്തും തർക്കങ്ങളുണ്ടാവുക സ്വാഭാവികം. അധികാരം കൈയിലുള്ളവർക്ക് നേതാക്കളെ മാത്രമല്ല അണികളെയും പിടിച്ചുനിർത്താൻ മാർഗങ്ങൾ പലതുണ്ടാവും. എന്നിട്ടും ചില സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് ഭിന്നതകളുടേതായ കനത്ത വെല്ലുവിളികൾ നേരിടേണ്ടിവരുന്നു. പ്രതിപക്ഷ ഇൻഡ്യ സഖ്യത്തിന്റെ കാര്യം പറയാനുമില്ല. ദേശീയ ഭരണ മുന്നണിയിൽ ബി.ജെ.പിയുടെ അടുത്തെങ്ങും എത്തില്ല സഖ്യകക്ഷികൾ. പക്ഷേ, പ്രതിപക്ഷത്ത് അതല്ല സ്ഥിതി. കോൺഗ്രസാണ് പ്രതിപക്ഷ സഖ്യത്തെ നയിക്കുന്നതെന്നാണു വയ്‌പ്പെങ്കിലും ആ സഖ്യത്തിലെ പല നേതാക്കളും അത് അത്രകണ്ട് അംഗീകരിക്കാൻ തയാറാകുന്നില്ല. അതേസമയം, കോൺഗ്രസിന്റെ ഇപ്പോഴത്തെ സ്ഥിതി നന്നായറിയാവുന്ന അവർ വിലപേശലിനുള്ള ഒരു അവസരവും പാഴാക്കുന്നുമില്ല.
ജയിലിനെ ഭയന്ന്
പ്രതിപക്ഷ പ്രമുഖരെ കേസിൽ പെടുത്തുകയും അറസ്റ്റു ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്യുമ്പോൾ മാത്രം സംരക്ഷിക്കപ്പെടേണ്ടതാണോ ജനാധിപത്യമെന്ന മൂർച്ഛയേറിയ ചോദ്യം ജനങ്ങൾ ഉയർത്തുന്നുണ്ട്. ഡൽഹി രാംലീലാ മൈതാനത്തു നടന്ന ഇൻഡ്യ സഖ്യ റാലിയുടെ മുദ്രാവാക്യം 'ജനാധിപത്യത്തെ രക്ഷിക്കൂ' എന്നായിരുന്നു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ശരദ് പവാർ,പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഫാറൂക്ക് അബ്ദുല്ല, സീതാറാം യെച്ചൂരി, ഡി. രാജാ, തേജസ്വി യാദവ്, ഉദ്ധവ് താക്കറെ, കെ.സി വേണുഗോപാൽ തുടങ്ങി നിരവധി നേതാക്കൾ പരസ്പരം കൈകോർത്തു നിൽക്കുന്ന ചിത്രം പ്രതിപക്ഷ സഖ്യത്തിന്റെ ഐക്യത്തിന്റെയും കെട്ടുറപ്പിന്റെയും യാഥാർഥ ചിത്രമാണോ എന്നതാണ് തുടർ ദിനങ്ങളിൽ കണ്ടറിയേണ്ടത്. ഇൻഡ്യ സഖ്യവുമായി ബംഗാളിൽ ഇടഞ്ഞു നിൽക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ പ്രതിനനിധിയായ ഡെറിക് ഒബ്രിയാനും രാംലീല മൈതാനത്തെ റാലിയിൽ കൈകോർത്തിരുന്നെങ്കിലും മമതയുടെ മനസ് ഇപ്പോഴും അവ്യക്തം.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌കേജരിവാളിന്റെ അറസ്റ്റും ജയിൽവാസവുമാണ് ഈ വമ്പൻ റാലിയുടെ അടിയന്തിര പ്രകോപനം. അരവിന്ദ്‌കേജരിവാളിന്റെ ഭാര്യ സുനിത, ഇഡി അറസ്റ്റു ചെയ്ത ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിഹേമന്ത്‌സോറന്റെ ഭാര്യ കൽപന എന്നിവർ റാലിയിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളായി.കേജരിവാളിന്റെ സന്ദേശം ഭാര്യ സുനിത റാലിയിൽ വായിച്ച് ആവേശം പകർന്നു. മാത്രമല്ല ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാൽ നടപ്പാക്കുന്ന ആറു കാര്യങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. ഡൽഹി മാതൃകയിൽ രാജ്യം മുഴുവൻ പാവപ്പെട്ടവർക്കു സൗജന്യ വൈദ്യുതി ഉൾപ്പെടെയുളളതാണീ വാഗ്ദാനങ്ങൾ. ഇതെല്ലാം സഖ്യത്തിന്റെ അനുമതിയോടെയാണോ എന്ന കാര്യം അവ്യക്തം. ഏതായാലും നടപ്പാക്കിയാൽ നാട്ടുകാർക്കു ഗുണം ചെയ്യുന്നതാണീ വാഗ്ദാനങ്ങളെല്ലാമെന്നതിൽ തർക്കമാവശ്യമില്ല.
അതേസമയം, നാട്ടുകാരെ കാണിക്കാൻ വേദിയിൽ
കൈകോർത്തതുകൊണ്ടു മാത്രം ഐക്യമാകില്ല. അതു താഴേ തട്ടിലേക്കും വരികയെന്നതാണു
പ്രധാനം. എങ്കിലേ ജനങ്ങൾ സഖ്യത്തെ വിശ്വസിക്കൂ എന്ന കാര്യം നേതാക്കൾ
മറന്നന്നാൽ എല്ലാം പ്രഹസനമാകും. ഈ തമാശക്കളിക്ക് ആവർത്തിച്ച് സാക്ഷ്യം
വഹിച്ചുകൊണ്ടിരിക്കുകയാണ് കേരളം.
പാറ്റ്‌നയിലും മുംബൈയിലുമൊക്കെ ഇന്ത്യ
സഖ്യത്തിന്റെ ഐക്യദാർഢ്യ സമ്മേളനങ്ങൾ നടന്നെങ്കിലും രാജ്യ തലസ്ഥാനത്ത്
ഇതാദ്യമായാണ് നേതാക്കളെല്ലാം കൈകോർത്തു നിൽക്കുന്നത്. സമ്മേളനത്തിൽ
സംസാരിച്ചവർ ഉയർത്തിക്കാട്ടിയ പ്രശ്‌നങ്ങളെല്ലാം തികച്ചും
പ്രസക്തമായവതന്നെ. ഭരണഘടനാ മാറ്റത്തിനും ജനങ്ങളുടെ അവകാശ നിഷേധത്തിനും വഴി
വയ്ക്കുന്നതാണ് നിലവിലെ ഭരണകക്ഷിയുടെ തുടർവിജയം എന്നു രാഹുൽ ഗാന്ധി
മുന്നറിയിപ്പു നൽകുന്നന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെക്കുറിച്ചുള്ള
ആശങ്കയും രാഹുൽ ആവർത്തിക്കുന്നുണ്ട്.
ഡൽഹി റാലിയുടെ സംഘാടനത്തിനു ആം ആ്ദ്മി പാർട്ടിയും കോൺഗ്രസുമാണു മുൻകൈ എടുത്തത്. പക്ഷേ അരിവന്ദ് കേജരിവാളിന്റെ അറസ്റ്റിലേക്കു നയിച്ച മദ്യനയ അഴിമതിയെക്കുറിച്ച് ആദ്യം ആരോപണം ഉന്നയിച്ചതു കോൺഗ്രസാണെന്ന് എതിർപക്ഷം ചൂണ്ടിക്കാട്ടുന്നു. അഴിമതിക്കാരെ രക്ഷിക്കാനാണ് ഇന്ത്യ സഖ്യം ഇപ്പോൾ ശ്രമിക്കുന്നതെന്നാണു മീററ്റിൽ യുപിയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ടുകൊണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇലക്ടറൽ ബോണ്ടണ്ട് വിവാദമുൾപ്പെടെയുള്ള കാര്യങ്ങളിൽ മോദിക്കും വിശദീകരണങ്ങളൊന്നുമില്ല. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും വാഗ്ദാനങ്ങളോടും നിലപാടുകളോടും പ്രതിബദ്ധത പുലർത്തുന്നുണ്ടോ എന്നതാണു പ്രധാനം. അതാണു ജനം വിലയിരുത്തുന്നതും.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1