മോദി മാജിക് കേരളത്തില്‍ നടപ്പിലാകുമോ? എന്താണ് മലയാളി പറയുന്നത്?

JANUARY 22, 2024, 3:29 PM

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നേട്ടം കൊയ്യാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ബിജെപി. പാര്‍ട്ടിയെ സംബന്ധിച്ചിടുത്തോളം ഇതൊരു പ്രസ്റ്റീജ് വിഷയമാണ. ബിജെപിക്ക് ഒരു സീറ്റെങ്കിലും നേടാനുള്ള ചാന്‍സാണ്. അത് പരമാവതി പ്രയോജനപ്പെടുത്തണം. അതിന് തൃശൂര്‍ ഇങ്ങ് എടുക്കുവാണെന്ന തരത്തിലാണ് നീക്കം. ഈ സീറ്റിലൂടെ കേരളത്തില്‍ ലോക് സഭയിലേക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.

പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായുള്ള സാന്നിധ്യം, സുരേഷ് ഗോപിയുടെ വ്യക്തി പ്രഭാവം, ക്രിസ്ത്യന്‍ വോട്ടര്‍മാരുടെ പിന്‍തുണ എന്നിങ്ങനെ പ്രതീക്ഷകള്‍ ഒരുപാടാണ്. പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോ വലിയ പരിപാടിയാക്കി മാറ്റിയിരുന്നു. അടുത്ത മാസം തിരുവനന്തപുരത്തും മോദിയെ കൊണ്ടുവരാനാണ് ശ്രമം. ദേശീയതലത്തിലെന്ന പോലെ കേരളത്തിലും ബിജെപിയുടെ എല്ലാ പ്രതീക്ഷകളും മോദിയിലാണ്. കൊച്ചിയില്‍ യുവാക്കളുമായുള്ള സംവാദം, തൃശൂരില്‍ വനിതാ സംഗമം, കൊച്ചിയില്‍ റോഡ് ഷോക്ക് പിന്നാലെ ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടെ യോഗം വിളിച്ചിരിക്കുകയാണ് പാര്‍ട്ടി. 2019 ലെ വിജയത്തിന് ശേഷം മോദി ആദ്യം വന്നത് ഗുരുവായൂര്‍ ക്ഷേത്രത്തിലാണ്. ഇത്തവണ തിരഞ്ഞെടുപ്പായി ഗുരുവായൂരില്‍ എത്തിയത് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായാണ്. ടാഗ് ലൈന്‍ ആക്കിമാറ്റിയ 'മോദി ഗ്യാരന്റി'യിലൂടെ വികസനം ഉയര്‍ത്തിയാണ് ബിജെപി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. മോദിമയത്തില്‍ എതിരാളികളുടെ പ്രചാരണങ്ങളെ മറികടക്കാമെന്നാണ് അണികളുടെ കണക്ക് കൂട്ടല്‍.

മോദിവഴി തന്നെയാണ് സഭാ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കല്‍ ശ്രമവംു നടന്നത്. സന്ദര്‍ശനങ്ങളിലെല്ലാം സഭാ നേതൃത്വവുമായുള്ള ചര്‍ച്ചകളും പ്രധാന അജണ്ടയായിരുന്നു. പര്‍ട്ടിയുടെ പ്രധാന അജണ്ടയാണ് ദക്ഷിണേന്ത്യ പിടിക്കല്‍ എന്നത്. കര്‍ണ്ണാടകയ്ക്ക് പിന്നാലെ തെലങ്കാനയിലും കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ ബിജെപി ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്. അതില്‍ തന്നെ ഒരു സീറ്റുമില്ലാത്ത കേരളത്തില്‍ മോദി വഴി വലിയ അത്ഭുതം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2019 ല്‍ 15.53 ആയിരുന്നു കേരളത്തിലെ പാര്‍ട്ടിയുടെ വോട്ട് വിഹിതം. പക്ഷെ ഇതിന്റെ ഇരട്ടിയിലേറെ ശതമാനം പേര്‍ മോദിയെന്ന നേതാവിനെ പിന്തുണക്കുന്നുവെന്നാണ് അടുത്തിടെ പാര്‍ട്ടി നടത്തിയൊരു സര്‍വേയിലെ കണക്ക്.
ജനുവരി 16, 17 തിയതികളിലെ സന്ദര്‍ശനത്തിന് പിന്നാലെ അടുത്ത മാസം പ്രധാനമന്ത്രിയുടെ റോഡ് ഷോ തലസ്ഥാനത്തും സംഘടിപ്പിക്കാനാണ് നേതാക്കളുടെ ശ്രമം. മോദി പ്രതിച്ഛായയിലാണ് പ്രതീക്ഷയെങ്കിലും അത് വോട്ടാക്കി മാറ്റുന്ന പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളെ കൂടി കണ്ടെത്തലാണ് പാര്‍ട്ടിക്ക് മുന്നിലെ മറ്റൊരു പ്രധാന വെല്ലുവിളി. സിനിമാ നടന്മാരെയും സാംസ്‌ക്കാരിക പ്രവര്‍ത്തകരേയുമെല്ലാം കൊണ്ട് വരാനുള്ള ശ്രമവും അണിയറയില്‍ സജീവമാണ്.

എന്നാല്‍ പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ മങ്ങലേല്‍ക്കുന്ന കണക്കുകള്‍ ആയിരുന്നു കഴഇഞ്ഞ മാസം പുറത്തുവന്ന ചില സര്‍വേകള്‍. കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തിന് മോശം മാര്‍ക്കാണ് സര്‍വേയില്‍ പങ്കെടുത്ത കൂടുതല്‍ പേരും നല്‍കിയത്. 25 ശതമാനം പേര്‍ കേന്ദ്ര ഭരണം ശരാശരി മാത്രമാണെന്ന് പറയുമ്പോള്‍ 23 ശതമാനം പേര്‍ മോശമാണെന്നും 21 ശതമാനം പേര്‍ വളരെ മോശമെന്നുമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തെ വിലയിരുത്തുന്നത്. വെറും അഞ്ചു ശതമാനം പേര്‍ മാത്രമാണ് ഭരണം വളരെ മികച്ചതാണെന്ന അഭിപ്രായമുള്ളവര്‍.

സെമിഫൈനല്‍ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മിന്നും ജയമാണ് ബിജെപി സ്വാന്തമാക്കിയത്. ഹിന്ദി ഹൃദയഭൂമിയിലെ മുന്നേറ്റം നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണെന്ന വിലയിരുത്തല്‍ വരുന്ന സമയത്താണ് കേരളത്തില്‍ കേന്ദ്രത്തെ തള്ളിപ്പറയുന്ന സര്‍വേ ഫലം വരുന്നത്.

മൂന്നു താമരയെങ്കിലും വിരിയുമെന്നും ഇരുപതിലധികം മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനം ലഭിക്കുമെന്നും ഉറച്ചു വിശ്വസിച്ചിരുന്ന ബി.ജെ.പിക്ക് 2021 ല്‍ കനത്ത തിരിച്ചടിയാണ് കേരളം നല്‍കിയത്. പ്രധാനമന്ത്രിയും അമിത്ഷായും നേരിട്ട് കളത്തിലിറങ്ങി പ്രചരണം നയിച്ചിട്ടും കേരളത്തിലുണ്ടായിരുന്ന ഒരു താമര കൂടി തണ്ടൊടിഞ്ഞ് വീഴുകയായിരുന്നു. ബി.ജെ.പി. മുന്നേറ്റം നടത്താന്‍ ഇടയുള്ള എല്ലാ മണ്ഡലങ്ങളിലും ഇനിയും ന്യൂനപക്ഷവോട്ടുകള്‍ ഒന്നടങ്കം മറുവശത്തെ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയിലേക്ക് ഒഴുകുമെന്നതില്‍ ആര്‍ക്കും സംശയമില്ല. കേരളത്തിലെ ബി.ജെ.പിക്ക് മുന്നില്‍ രണ്ടുവഴികളേ ഉള്ളൂ.

ഒന്നുകില്‍ മത ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയെടുത്ത് മിതവാദികളായ ന്യൂനപക്ഷ ഗ്രൂപ്പുകളുടെ പിന്‍തുണയോടെ വോട്ടുബാങ്ക് വിപുലപ്പെടുത്തുക. അല്ലെങ്കില്‍ മറുവശത്തെ വര്‍ഗീയ ധ്രുവീകരണത്തെ അത്രത്തോളം തന്നെ ഹിന്ദു സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് ഉയര്‍ത്തി കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കുക. ഇതില്‍ ഏതുവഴി സ്വീകരിച്ചാലും വോട്ടുവിഹിതത്തില്‍ കാര്യമായ പുരോഗതിയുണ്ടാക്കാനായാലും വിജയിച്ചുകയറാമെന്നതില്‍ ഉറപ്പൊന്നുമില്ല.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam