തൊഴിലാളിവര്‍ഗ നേതാവില്‍ നിന്ന് പ്രധാനമന്ത്രിയിലേക്ക്: കെയ്ര്‍ സ്റ്റാര്‍മറിന്റെ ലേബര്‍ പാര്‍ട്ടി ഇന്ത്യക്ക് നേട്ടമോ

JULY 5, 2024, 9:40 PM

2024ല്‍ ബ്രിട്ടനിലെ പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക് എത്തിയിരിക്കുകയാണ്. പതിനാല് കൊല്ലം നീണ്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തേരോട്ടം അവസാനിപ്പിച്ചാണ് ലേബര്‍ പാര്‍ട്ടിയുടെ ശക്തമായ തിരിച്ചുവരവ്.

രാജ്യത്തെ അടുത്ത പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ആണെന്നതില്‍ സംശയമില്ല. ഇന്ത്യന്‍ വംശജനായ റിഷി സുനകിനെ അധികാരത്തില്‍ നിന്ന് തെറിപ്പിച്ച് കൊണ്ടാണ് സ്റ്റാര്‍മറുടെ സ്ഥാനാരോഹണം. ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന പ്രധാനമന്ത്രി ആയിരുന്നു ഇന്ത്യക്കാരനായ റിഷി സുനക്. ഇന്ത്യയ്ക്ക് വേണ്ടി വിവിധ നയങ്ങളും അദ്ദേഹം കൊണ്ടു വന്നിരുന്നു. ബ്രിട്ടനിലെ അധികാര രാഷ്ട്രീയത്തില്‍ സംഭവിച്ചിരിക്കുന്ന മാറ്റങ്ങള്‍ ഇന്ത്യയെ എങ്ങനെ ബാധിക്കും എന്ന് നോക്കാം.

ഇന്ത്യ ഒരു ലോക സാമ്പത്തിക ശക്തിയായി കുതിക്കുന്നതിനിടെയാണ് ബ്രിട്ടനില്‍ ഭരണമാറ്റം ഉണ്ടായിരിക്കുന്നത്. ലോകം ഒരു പുത്തന്‍ ക്രമത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഇന്തോ - പസഫിക് മേഖലയിലെ അധികാര സംഘത്തില്‍ ഇന്ത്യ നിര്‍ണായക ശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ലേബര്‍ പാര്‍ട്ടിയുടെ ചരിത്ര വിജയത്തില്‍ താന്‍ അവരെ അഭിനന്ദിക്കുന്നുവെന്നാണ് രാജ്യാന്തര സാമ്പത്തിക വിദേശ നയ വിദഗ്ധന്‍ ഡോ.സുവ്രോകമല്‍ ദത്ത പ്രതികരിച്ചത്.

ഇന്ത്യ പുതിയ ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് വളരെയൊന്നും പ്രതീക്ഷിക്കുന്നില്ല. എങ്കിലും തീരെ പ്രതീക്ഷകള്‍ ഇല്ലാതെയുമില്ല. മുന്‍ ലേബര്‍ പാര്‍ട്ടി സര്‍ക്കാരുകള്‍ ചൈനയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. അതിന് ശേഷം രാജ്യാന്തര രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കുകയും തന്ത്രപരമായ ബന്ധങ്ങളില്‍ മാറ്റങ്ങളുണ്ടാകുകയും ചെയ്‌തെങ്കിലും ലേബര്‍ പാര്‍ട്ടിയുടെ നിലപാടുകളില്‍ വലിയ മാറ്റമൊന്നും ഇക്കുറി പ്രതീക്ഷിക്കേണ്ടതില്ല. പാകിസ്ഥാന്‍ ആകെ തകര്‍ന്നു. ചൈനയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുകളും ഉണ്ടായി.

ലേബര്‍ പാര്‍ട്ടിയുടെ പുതിയ പ്രധാനമന്ത്രിക്ക് മാറിയ ലോകക്രമത്തെക്കുറിച്ച് നിശ്ചയമുണ്ട് എന്നതാണ് ആശ്വാസം പകരുന്ന കാര്യം. പുത്തന്‍ ഭരണത്തിന്റെ കീഴില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷ.

കണ്‍സര്‍വേറ്റീവുകളുടെ ഭരണത്തില്‍ നിന്ന് വ്യത്യസ്തമായി എന്തായിരിക്കും സ്റ്റാര്‍മര്‍ ഇന്ത്യയോട് കൈക്കൊള്ളാന്‍ പോകുന്ന സമീപനമെന്ന് ഇന്ത്യയും ഉറ്റു നോക്കുകയാണ്. സ്വാഭാവികമായും പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി സ്റ്റാര്‍മറിനെ അഭിനന്ദിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ഒത്തൊരുമിച്ച പ്രവൃത്തിക്കേണ്ട സാഹചര്യമാണെന്ന് മോദി അഭിനന്ദന സന്ദേശത്തില്‍ സൂചിപ്പിക്കുകയും ചെയ്തു. ഒട്ടും വൈകാതെ താന്‍ ഭരണം ആരംഭിക്കുകയാണെന്നും ഉടന്‍ അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കരുതെന്നും സ്റ്റാര്‍മര്‍ പ്രസ്താവിച്ചു.

ലേബര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും ഇന്ത്യക്കെതിരാണെന്ന പൊതു ധാരണ നേരത്തേയുണ്ട്. 2019 ല്‍ ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോള്‍ ലേബര്‍ പാര്‍ട്ടി ഒരു അടിയന്തര പ്രമേയം പാസാക്കിയിരുന്നു.

കാശ്മീരില്‍ വലിയ മനുഷ്യാവകാശ പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്നും കാശ്മീരിലേക്ക് രാജ്യാന്തര നിരീക്ഷകരെ അനുവദിക്കണമെന്നുമായിരുന്നു അവരുടെ പ്രമേയത്തിലെ ഉള്ളടക്കം. പ്രധാന നേതാക്കളുടെ കരുതല്‍ തടങ്കലും വീട്ടു തടങ്കലും ചൂണ്ടിക്കാട്ടി കാശ്മീരികള്‍ക്ക് സ്വയം ഭരണ അവകാശം നല്‍കണമെന്നും അന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് വലിയ എതിര്‍പ്പുകളാണ് ഇതേത്തുടര്‍ന്ന് ലേബര്‍ പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. ഇതേത്തുടര്‍ന്ന് പാര്‍ട്ടി പിന്നീട് നിലപാട് മാറ്റി. കാശ്മീര്‍ വിഷയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയ കക്ഷി വിഷയമാണെന്ന് പാര്‍ട്ടി വിശദീകരിച്ചു.

2019 ല്‍ ലേബര്‍ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഒരു കാരണം കാശ്മീര്‍ പ്രമേയം ആണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ ആറു ശതമാനത്തോളം സംഭാവന ചെയ്യുന്ന പതിനെട്ട് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ വംശജരെ അവഗണിച്ചു കൊണ്ട് മുന്നോട്ടു പോകാന്‍ പുതിയ പ്രധാനമന്ത്രിക്കും സാധിക്കില്ലെന്ന് വ്യക്തമാണ്. ഏകദേശം 1.8 ദശലക്ഷത്തോളം വരുന്ന ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയിലേക്ക് ആറ് ശതമാനത്തിലധികം സംഭാവന നല്‍കുന്ന ഇന്ത്യയുമായും ബ്രിട്ടീഷ് ഇന്ത്യന്‍ സമൂഹവുമായും ലേബര്‍ അടുത്ത ബന്ധം തേടുമെന്ന് സ്റ്റാര്‍മര്‍ തന്നെ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യ വിരുദ്ധ വികാരങ്ങള്‍ ഇല്ലാതാക്കാനും നരേന്ദ്ര മോദി ഭരണകൂടവുമായി ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കുമെന്നും പാര്‍ട്ടി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ വാഗ്ദാനം വെറുംവാക്ക് ആയിരുന്നില്ല.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam