ഗാസയിലെ ഇസ്രായേല്‍ ആക്രമണം ലോകത്തെ എങ്ങനെ ബാധിക്കുമെന്ന സംശയങ്ങള്‍ പല കോണില്‍ നിന്നും ഉയര്‍ന്നിരിക്കുകയാണ്. ആ ഒരു പ്രദേശത്തെ മാത്രം ബാധിക്കുന്ന വിഷയമല്ലേ എന്ന തോന്നലായിരുന്നു പല രാജ്യങ്ങളുംവച്ചു പുലര്‍ത്തിയത്. എന്നാല്‍ പിന്നീട് ഈ തോന്നല്‍ മാറുകകയായിരുന്നു. ഗാസ ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ലോകത്തിലെ വ്യാപാര ശൃംഖലയുടെ ആകെ താളംതെറ്റിച്ചു.
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പലസ്തീന്‍കാരുടെ എണ്ണം 24000 പിന്നിട്ടു. ആക്രമണം നിര്‍ത്തണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ പോരാട്ടം തുടരുകയാണ്. എന്നാല്‍ പുറത്തു നിന്നുള്ള ചില ശക്തികളുടെ ഇടപെടലുണ്ടായതോടെ ഗാസ യുദ്ധം ഏഷ്യയെയും യൂറോപ്പിനെയും ഒരുപോലെ ബാധിക്കുകയാണ്. പലസ്തീന്‍, ഇസ്രായേല്‍, ലബ്നോന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളിലേക്ക് വരെ യുദ്ധസമാന സാഹചര്യമുാണ് ഉണ്ടായിരിക്കുന്നത്. ഇതിനിടെയാണ് ചെങ്കടലിലൂടെ ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകള്‍ ആക്രമിക്കാന്‍ യമനിലെ ഹൂതി വിമതര്‍ തുടക്കമിട്ടത്. ഇവരെ നേരിടാന്‍ അമേരിക്കയും ബ്രിട്ടനും യമനില്‍ ആക്രമണം നടത്തി. ശക്തമായ തിരിച്ചടി ഹൂതികള്‍ പ്രഖ്യാപിച്ചു. ഇറാന്റെ യുദ്ധ കപ്പല്‍ ചെങ്കടലിലേക്ക് എത്തുകയും ചെയ്തു.
ഹൂതികളുടെ ആക്രമണം രൂക്ഷമായതോടെ ചെങ്കടല്‍ വഴിയുള്ള എണ്ണ-ചരക്ക് കടത്ത് എന്നിവയെല്ലാം പ്രമുഖ കമ്പനികളെല്ലാം നിര്‍ത്തിവച്ചു. ഖത്തര്‍ ഇപ്പോള്‍ സുപ്രധാനമായ തീരുമാനം എടുത്തിരിക്കുകയാണ്. ചെങ്കടല്‍ വഴിയുള്ള പ്രകൃതി വാതക കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ ഖത്തര്‍ തീരുമാനിച്ചു. ഹൂതികള്‍ ഏത് സമയവും തിരിച്ചടിച്ചേക്കാമെന്ന സാഹചര്യമുണ്ടായതോടെയാണിത്. ഹൂതികളുമായി നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണമെന്നാണ് ഖത്തറിന്റെ അഭിപ്രായം.
യമനില്‍ അമേരിക്കയും ബ്രിട്ടനും നടത്തിയ ആക്രമണത്തെ ഒമാന്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ അപലപിച്ചു. ഹൂതികളെ നേരിടുമ്പോള്‍ വളരെ ആലോചിക്കണമെന്ന് സൗദി അറേബ്യ മുന്നറിയിപ്പും നല്‍കി. ഹൂതികള്‍ ഏത് രീതിയില്‍ തിരിച്ചടിക്കുമെന്ന് ഇതുവരെ വ്യക്തമല്ല. ഇറാന്‍ എല്ലാ പിന്തുണയും നല്‍കുന്ന യമനിലെ ഗോത്ര വിഭാഗമാണ് ഹൂതികള്‍. ഇതിനിടെ ഇസ്രായേല്‍ ചാര സംഘടനയുടെ ഇറാഖിലെ കേന്ദ്രം ബോംബിട്ട് തകര്‍ത്തുവെന്ന് ഇറാന്‍ അറിയിച്ചു.
യൂറോപ്പ് വൈദ്യുതി-ഊര്‍ജ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രധാനമായും ആശ്രയിച്ചിരുന്നത് റഷ്യയുടെ വാതകത്തെയാണ്. ഉക്രെയിന്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് വാതകം ഇറക്കുന്നത് യൂറോപ്പ് നിര്‍ത്തി. പകരം വലിയ തോതില്‍ ഖത്തര്‍ നല്‍കിവരികയായിരുന്നു. ലോകത്തെ രണ്ടാമത്തെ പ്രകൃതി വാതക ശക്തിയാണ് ഖത്തര്‍. ചെങ്കടല്‍ വഴി പ്രകൃതി വാതകം എത്തിക്കുന്നത് ഖത്തര്‍ നിര്‍ത്തുമ്പോള്‍ പ്രധാനമായും ബാധിക്കുക യൂറോപ്പിനെയാണ്. മാസത്തില്‍ 40 എല്‍എന്‍ജി ചരക്കു കപ്പലുകള്‍ ചെങ്കടലിലൂടെ കടന്നുപോകാറുണ്ട്. ഖത്തര്‍ ചെങ്കടല്‍ പാതയിലൂടെയുള്ള യാത്ര നിര്‍ത്തിയതോടെ ആശങ്കയിലായ റഷ്യയും വാതക കടത്ത് നിര്‍ത്തി. ജപ്പാനിലേക്ക് കൂടുതല്‍ വാതകം എത്തുന്നത് ഈ രണ്ട് രാജ്യങ്ങളില്‍ നിന്നാണ്.
ബാബുല്‍ മന്ദിബ് വഴി ചെങ്കടലില്‍ പ്രവേശിക്കുന്ന ചരക്കു കപ്പലുകള്‍ സൂയസ് കനാല്‍ വഴിയാണ് മെഡിറ്ററേനിയന്‍ കടലിലേക്കും യൂറോപ്പിലേക്കും പോകുക. ഈ വഴി അടഞ്ഞാല്‍ ആഫ്രിക്ക വഴി വളഞ്ഞ് പോകണം. ഇത് 12 ദിവസം കൂടുതല്‍ യാത്ര ചെയ്യേണ്ട വഴിയാണ്. പാനമ കനാലില്‍ വെള്ളം കുറഞ്ഞതിനാല്‍ അതുവഴിയുള്ള ചരക്കു കടത്തും സാധിക്കില്ല. ഇതോടെ ഖത്തര്‍ തീരുമാനം കടുപ്പിക്കുമ്പോള്‍ വലിയ പ്രതിസന്ധിയിലാകുന്നത് യൂറോപ്യന്‍ രാജ്യങ്ങള്‍ തന്നെ ആയിരിക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1