വായു മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയര്‍ന്നതോടെ പാകിസ്ഥാനിലെ ലാഹോറില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്ന് പഞ്ചാബ് പ്രവിശ്യയിലെ അധികൃതര്‍. ലഹോറിലെ വായു മലിനീകരണം ഉയര്‍ന്ന നിലയിലെത്തുകയും വായു ഗുണമേന്മാ സൂചിക 394 ആയി ഉയര്‍ന്ന സാഹചര്യത്തിലുമാണ് ഇത്തരമൊരു തീരുമാനത്തിലേയ്ക്ക് രാജ്യം എത്തിയത്.
ലോകത്ത് വായു മലിനീകരണം ഏറ്റവും കൂടുതലുള്ള നഗരങ്ങളുടെ പട്ടികയില്‍ ലാഹോര്‍ ഒന്നാമത് എത്തിയിരുന്നു. പാകിസ്ഥാന്റെ സാംസ്‌കാരിക തലസ്ഥാനമായാണ് ലാഹോര്‍ അറിയപ്പെടുന്നത്. ലോകത്ത് വായു മലിനീകരണം ഏറ്റവും കൂടുതലുള്ള നഗരങ്ങളുടെ പട്ടികയില്‍ ഇത് രണ്ടാം തവണയാണ് ലാഹോര്‍ മുന്നിലെത്തുന്നത്. കൃത്രിമ മഴ പെയ്യിക്കുന്നതിന് ക്ലൗഡ് സീഡിംഗ് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2023 ഡിസംബറില്‍ അപകടകരമായ തോതിലുള്ള വായു മലിനീകരണവും പുകമഞ്ഞും ചെറുക്കുന്നതിന് ക്ലൗഡ് സീഡിംഗ് നടത്തിയിരുന്നു. 35 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. എക്യുഐ എന്നത് വായുവിലെ വിവിധ മലിനീകരണ വസ്തുക്കളുടെ സാന്ദ്രത അളക്കുന്നതിനുള്ള സംവിധാനമാണ്. എഐക്യു 100 ന് മുകളിലാണെങ്കില്‍ അത് അനാരോഗ്യകരമാണ്. 150 മുകളിലാണെങ്കില്‍ ശരീരത്തിന് വളരെ അനാരോഗ്യകരമായാണ് കണക്കാക്കുന്നത്.
ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ലാഹോറിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രശ്നം പരിഹരിക്കുന്നതിനായി തങ്ങള്‍ നിരവധി പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ നഗരത്തില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണെന്ന് പഞ്ചാബ് ഇന്‍ഫൊര്‍മേഷന്‍ വകുപ്പ് മന്ത്രി അസ്മ ബൊഖാരി പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ കൃത്രിമ മഴ പെയ്യിക്കുന്നത് എന്നാണെന്ന വിവരങ്ങളൊന്നും അവര്‍ പങ്കുവെച്ചിട്ടില്ല. പുകമഞ്ഞ് ഉള്ള ഇടങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി 'ആന്റി സ്മോഗ് സ്‌ക്വാഡി'ന് പഞ്ചാബിലെ മറിയം നവാസ് സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുണ്ട്.
മലിനമായ പുക മഞ്ഞ് ശ്വസിക്കുന്നത് നഗരവാസികള്‍ക്കിടയില്‍ ചുമ, ശ്വാസതടസ്സം, കണ്ണിനുള്ളില്‍ അസ്വസ്ഥത, ചര്‍മത്തില്‍ അണുബാധ എന്നിവയ്ക്ക് കാരണമാകുന്നുണ്ട്. പുകയുടെയും മൂടല്‍മഞ്ഞിന്റെയും സംയുക്തമാണ് സ്മോഗ്(പുകമഞ്ഞ്) എന്ന് അറിയപ്പെടുന്നത്. വായു മലിനീകരണത്തിന് കാരണമായ ചില സൂക്ഷ്മകണങ്ങള്‍ തണുത്തതും ഈര്‍പ്പമുള്ളതുമായ വായുവുമായി കൂടിച്ചേര്‍ന്ന് ഭൂമിയുടെ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുമ്പോഴാണ് സ്മോഗ് ഉണ്ടാകുന്നത്. ഇത് കാഴ്ചാ പരിധി കുറയ്ക്കുകയും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
കൃഷി സ്ഥലങ്ങളില്‍ വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന്റെ അപകടങ്ങള്‍ സംബന്ധിച്ച് സ്‌ക്വാഡ് കര്‍ഷകരെ ബോധവത്കരിക്കും. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ അവരെ പരിചയപ്പെടുത്തുകയും ചെയ്യും. പുകമഞ്ഞിനെ നേരിടാന്‍ സ്വീകരിച്ച നടപടികളുടെ ഫലം പത്ത് വര്‍ഷത്തിനുള്ളില്‍ കാണാന്‍ കഴിയും. പഞ്ചാബ് പ്രവിശ്യയിലെ പാഠ്യപദ്ധതിയില്‍ പരിസ്ഥിതി സംരക്ഷണം ഒരു വിഷയമായി ഉള്‍പ്പെടുത്തിയിട്ടുണെന്ന് പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതലയുള്ള പഞ്ചാബിലെ മുതിര്‍ന്ന മന്ത്രി മറിയം ഔറംഗസേബ് വ്യക്തമാക്കി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1