നീണ്ട പതിനെട്ട് മാസത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ നാവികരായിരുന്ന എട്ട് പേരെ മോചിപ്പിക്കാന്‍ ഖത്തര്‍ തയ്യാറായി. ഇന്ത്യ തീര്‍ത്ത നയതന്ത്രങ്ങളുടെ വിജയം. ഖത്തര്‍ അമീറുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തി ബന്ധവും തിരശീലയ്ക്ക് പിന്നില്‍ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചാണക്യബുദ്ധിയും നാവികരുടെ മോചനം സാധ്യമാക്കി. വിഷയത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സ്വീകരിച്ച നിലപാടുകളും നാവികരുടെ മോചനത്തില്‍ നിര്‍ണ്ണായകമായി.
നാവികസേനാംഗങ്ങളെ മോചിപ്പിക്കുന്നതിന് ഖത്തര്‍ അധികാരികളുമായി ഡോവല്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാജ്യത്തിന്റെ താത്പര്യങ്ങളും ആവശ്യങ്ങളും ഖത്തറിനെ അറിയിക്കുന്നതിനായി ഡോവല്‍ ദോഹയിലേക്ക് നടത്തിയ യാത്രകളും ചെറുതല്ല. ആദ്യം വധശിക്ഷ റദ്ദ് ചെയ്യപ്പെടുന്നു, പിന്നാലെ ജീവപരന്ത്യം ശിക്ഷയും ഒഴിവാക്കപ്പെട്ടു, ഒടുവില്‍ മലയാളികള്‍ ഉള്‍പ്പെടേയുള്ള എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങി.
ക്യാപ്റ്റന്‍ നവ്തേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബിരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍, രാകേഷ് കുമാര്‍ എന്നിവരായിരുന്നു ഖത്തറില്‍ ശിക്ഷിക്കപ്പെട്ടത്. ഇതില്‍ രാകേഷ് കുമാര്‍ മലയാളിയാണ്. ഖത്തറിന്റെ നടപടി ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമായിട്ടാണ് വിലയിരുത്തുന്നത്. ഉദ്യോഗസ്ഥരെ മോചിപ്പിച്ച ഖത്തര്‍ അമീറിന്റെ നിലപാടില്‍ ഇന്ത്യ നന്ദി അറിയിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദും ദുബായില്‍ നടത്തിയ കൂടിക്കാഴ്ചയാണ് ഉദ്യോഗസ്ഥരെ വെറുതെ വിടുന്നതില്‍ നിര്‍ണ്ണായകമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഖത്തറുമായുള്ള പ്രശ്നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഉദ്യോഗസ്ഥരുടെ മോചനം സാധ്യമാകില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ അവകാശപ്പെടുന്നു. മോചനം സാധ്യമാക്കാന്‍ ഔദ്യോഗിക ചാനലുകളും ബാക്ക് ചാനലുകളും ഉപയോഗിച്ച ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമായാണ് ഇതിനെ കാണുന്നത്. വിഷയം മോദിയുടേയും ഖത്തര്‍ അമീറിന്റേയും കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ ഇത് ഇതുവരെ ഇരു രാജ്യവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഒക്ടോബര്‍ 29 ാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഖത്തര്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി എട്ട് പേര്‍ക്കും വധശിക്ഷ വിധിച്ചത്. അതേസമയം, രഹസ്യസ്വഭാവമുള്ള നടപടിക്രമങ്ങളായതിനാല്‍ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നില്ല. മുങ്ങിക്കപ്പല്‍ നിര്‍മാണ രഹസ്യങ്ങള്‍ ഇസ്രായേലിന് ചോര്‍ത്തി നല്‍കിയതിനാണ് കേസെന്ന് മാത്രമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ശിക്ഷിക്കപ്പെട്ടവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളും ഔദ്യോഗികമായി പുറത്ത് വന്നിരുന്നില്ല.
വിചാരണയ്ക്ക് ശേഷം 2022 ഒക്ടോബര്‍ 26 ന് ഖത്തര്‍ കോടതി എട്ട് പേരെയും വധ ശിക്ഷയ്ക്ക് വിധിച്ചു. പിന്നാലെ ഖത്തര്‍ കോടതിയില്‍ വധശിക്ഷയ്ക്കെതിരെ ഇന്ത്യ അപ്പീല്‍ സമര്‍പ്പിച്ചു. നിയമപരമായി വിഷയത്തില്‍ പരിഹാരം കാണുക, അല്ലെങ്കില്‍ നയതന്ത്ര ബന്ധത്തിലൂടെ നാവികരുടെ മോചനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളായിരുന്നു ഇന്ത്യക്ക് മുന്നില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ ഖത്തര്‍ ഭരണകൂടവുമായി വിദേശകാര്യ മന്ത്രാലയം നിരന്തരമായി ബന്ധപ്പെട്ടു കൊണ്ടിരുന്നു. നാവികരുടെ കുടുംബങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും നിയമസഹായവും ഇന്ത്യ ഉറപ്പ് നല്‍കി.
ഖത്തര്‍ ഇന്ത്യയുടെ അപ്പീല്‍ അംഗീകരിച്ചതോടെയാണ് കേസില്‍ പുരോഗതികള്‍ ആരംഭിച്ചത്. ദുബായ് കാലാവസ്ഥാ ഉച്ചകോടിക്കിടെ, ഡിസംബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ കുറിച്ചും വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഉദ്യോഗസ്ഥരുടെ കാര്യം സംസാരിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. പിന്നാലെ കഴിഞ്ഞ ഡിസംബര്‍ 27-ന് നാവികസേനാ ഉദ്യോഗസ്ഥരുടെ വധശിക്ഷ തടവുശിക്ഷയായി കുറച്ചെന്ന ഖത്തര്‍ കോടതിയുടെ വിധി പുറത്തുവന്നു. ഖത്തര്‍ ഭരണാധികാരിയും നരേന്ദ്രമോദിയും തമ്മിലുള്ള ചര്‍ച്ചകളാണ് രാജ്യം ആഗ്രഹിച്ച വിധിയിലേക്ക് ഖത്തറിനെയെത്തിക്കാന്‍ കാരണം.
നാവിക സേനയില്‍ നിന്ന് വിരമിച്ച ശേഷം സ്വകാര്യ കമ്പനിക്ക് വേണ്ടി ജോലി ചെയ്തിരുന്നവരായിരുന്നു ഈ എട്ട് ഉദ്യോഗസ്ഥരും. ഖത്തറിന്റെ സായുധ സേനയ്ക്ക് പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്ന ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് എന്ന സ്വകാര്യ സ്ഥാപനത്തിലും കണ്‍സള്‍ട്ടന്‍സി സര്‍വീസസിലുമായിരുന്നു ഇവരുടെ ജോലി. റോയല്‍ ഒമാന്‍ എയര്‍ഫോഴ്സില്‍ നിന്ന് വിരമിച്ച സ്‌ക്വാഡ്രണ്‍ ലീഡറായ ഖമീസ് അല്‍ അജ്മിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി. കഴിഞ്ഞ വര്‍ഷം ഇവര്‍ക്കൊപ്പം അജ്മിയും അറസ്റ്റിലായെങ്കിലും 2022 നവംബറില്‍ ഇയാള്‍ മോചിതനായിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1