യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള അങ്കം മുറുകുകയാണ്. ഒരു ഭാഗത്ത് ഇന്ത്യന്‍ വംശജയായ കമല ഹാരിസ് ശക്തമായ പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍ മറുവശത്ത് കനത്ത വെല്ലുവിളി ഉയര്‍ത്തി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉണ്ട്. പെട്ടെന്നൊരു വിജയിയെ പ്രവചിക്കുക അത്ര എളുപ്പമല്ല.
എന്നാല്‍ ഇതില്‍ യാതൊരു ഉത്കണ്ഠയും ഇല്ലാതെ ഒരു പ്രവചനം നടത്തിയിരിക്കുന്നത്, മറ്റാരുമല്ല അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രവചനത്തിന്റെ കാര്യത്തില്‍ പേരുകേട്ട അലന്‍ ലിച്ച്മാന്‍ ആണ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ നോസ്ട്രഡാമസ് എന്നാണ് അദ്ദേഹത്തെ പൊതുവെ വിളിക്കുന്നത്. ഇക്കുറി കമലയും ട്രംപും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ആരാവും വിജയി എന്ന കാര്യത്തില്‍ ലിച്ച്മാന്‍ യാതൊരു സംശയവും കൂടാതെ തന്റെ ഉത്തരം നല്‍കി കഴിഞ്ഞു.
ആരാവും വിജയി?
2024 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ വൈസ് പ്രസിഡന്റ് കൂടിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി കമലാ ഹാരിസ് വിജയിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ന്യൂയോര്‍ക്ക് ടൈംസ് പങ്കുവച്ച ഒരു വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'കമല ഹാരിസ് അമേരിക്കയുടെ അടുത്ത പ്രസിഡന്റാകും' എന്ന് ലിച്ച്മാന്‍ ആത്മവിശ്വാസത്തോടെ പറയുന്ന വീഡിയോ വലിയ രീതിയില്‍ വൈറലാകുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് നവംബര്‍ അഞ്ചിന് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ ഈ പ്രവചനം. ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന കമലാ ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും തമ്മിലാണ് കടുത്ത മത്സരം നടക്കുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കൃത്യമായി പ്രവചിച്ച റെക്കോര്‍ഡുള്ള ലിച്ച്മാന്‍, ട്രംപിന്റെ 2016 ലെ വിജയവും ബൈഡന്റെ 2020 ലെ ജയവും ഒക്കെ മുന്‍കൂട്ടി കണ്ട ചുരുക്കം ചിലരില്‍ ഒരാള്‍ മാത്രമാണ്.
അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ 50 വര്‍ഷത്തോളം ചരിത്രം പഠിപ്പിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. ഇക്കാലയളവില്‍ വികസിപ്പിച്ചെടുത്ത 'കീസ് ടു വൈറ്റ് ഹൗസ്' മോഡലിനെ അടിസ്ഥാനമാക്കിയാണ് ലിച്ച്മാന്‍ തന്റെ പ്രവചനങ്ങള്‍ നടത്താറുള്ളത്. ഈ രീതി വച്ചാണ് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ലിച്ച്മാന്‍ തെറ്റാതെ പ്രവചനങ്ങള്‍ നടത്തിയിട്ടുള്ളത്.
ഈ ശൈലിയില്‍ 13 ശരിയോ തെറ്റോ എന്നുള്ള ഉത്തരം പറയാന്‍ കഴിയുന്ന ചോദ്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് നിലവിലുള്ള പാര്‍ട്ടിയുടെ തോല്‍വിയുടെ സാധ്യത നിര്‍ണ്ണയിക്കുന്ന രീതി ആണെന്ന് വേണമെങ്കില്‍ പറയാം. ആറോ അതിലധികമോ കീകള്‍ നിലവിലെ സ്ഥാനാര്‍ത്ഥിക്ക് എതിരായാല്‍, അവര്‍ തോല്‍ക്കുമെന്ന് അര്‍ത്ഥം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1