ഒട്ടേറെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ഇടയിലാണ് ഇത്തവണ ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ചമ്പായി സോറന്റെ കൂടുമാറ്റവും മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന്റെ ജയില്‍ വാസവും ഒക്കെയായി നിരവധി മാറ്റങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.
അതേസമയം ഇത്തവണ എങ്ങനെയും സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ ഉറച്ച് തന്നെയാണ് ബിജെപി നീക്കം. അതിന്റെ ഭാഗമായി ഒട്ടേറെ തന്ത്രങ്ങളും അവര്‍ മെനയുന്നുണ്ട്. മറുവശത്ത് ഇന്ത്യ സഖ്യം എതിരിട്ട് നില്‍ക്കുന്നു. അതിന് നേതൃത്വം നല്‍കുന്നതാവട്ടെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും. അവരുടെ ഏറ്റവും പ്രധാന താരപ്രചാരകയായി മുന്‍നിരയില്‍ ഉള്ളത് കല്‍പന സോറന്‍ ആണ്.
ആരാണ് കല്‍പന സോറന്‍?
ജാര്‍ഖണ്ഡ് രാഷ്ട്രീയത്തില്‍ ഈ പേര് കേട്ട് തുടങ്ങിയിട്ട് അധിക നാളായിട്ടില്ല. ഈ വര്‍ഷം ജനുവരിയില്‍ ഇഡി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതോടെ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി പദം രാജിവച്ചതോടെയാണ് ഈ പേര് ശരിക്കും മാധ്യമങ്ങള്‍ ഏറ്റെടുത്ത് തുടങ്ങിയത്. ബിഹാറില്‍ റാബ്രി ദേവിയെ പോലെ അടുത്ത മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ കല്‍പനയെ അവതരിപ്പിക്കും എന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ രാഷ്ട്രീയത്തില്‍ ഒട്ടും പരിചയമില്ലാത്ത ഒരു സാധാരണ വീട്ടമ്മയായ കല്‍പന അതിന് മുതിരില്ലെന്ന് കരുതിയവരും ഒട്ടേറെ. പക്ഷേ ഈ പ്രതീക്ഷകളെ ഒക്കെ അസ്ഥാനത്താക്കിയാണ് അവര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചതും ബിജെപിയെ തോല്‍പിച്ചതും. കന്നിയങ്കത്തില്‍ തന്നെ വിജയം കണ്ടതോടെ കല്‍പന സോറന് താര പരിവേഷമാണ് കൈവന്നിരിക്കുന്നത്.
കല്‍പനയെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളുമായി താരതമ്യം ചെയ്യുന്നവരും ഉണ്ട്. എന്നാല്‍ സുനിത തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയില്ല. എങ്കിലും ബിജെപി വിമര്‍ശനത്തില്‍ ഇരുവര്‍ക്കും ഇടയിലെ സാമ്യതകള്‍ ഏറെയാണ്. കല്‍പനയാവട്ടെ ഒരു പടി കൂടി കടന്ന് ജനപ്രതിനിധിയുടെ പ്രിവിലേജ് കൂടി അണിഞ്ഞു.
ബിജെപിക്ക് വെല്ലുവിളിയാവുമോ കല്‍പന?
ഇക്കുറി ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യത്തിന്റെ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നവരില്‍ ഒരാളായിരിക്കും കല്‍പന സോറന്‍ എന്നുറപ്പാണ്. തിരഞ്ഞെടുപ്പ് തീയതി വരും മുന്‍പ് തന്നെ അവര്‍ കളത്തില്‍ ഇറങ്ങി കഴിഞ്ഞു. മായ സമ്മാന്‍ യാത്ര എന്ന പേരില്‍ ബിജെപിയുടെ പരിവര്‍ത്തന്‍ യാത്രയ്ക്ക് ബദലായി നടത്തുന്ന പരിപാടിയില്‍ ജെഎംഎമ്മിന്റെ കരുത്തേറിയ ശബ്ദമായി അവര്‍ മാറി കഴിഞ്ഞു.
ഇതോടെ ഇന്ത്യ സഖ്യത്തിന്റെ മുഖമായി കല്‍പന മാറുമെന്നാണ് കരുതപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ അവര്‍ തിരഞ്ഞെടുപ്പില്‍ എന്തായാലും മത്സരിച്ചേക്കും. പ്രത്യേകിച്ച് ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച ആത്മവിശ്വാസം കൈമുതലായി നില്‍ക്കുമ്പോള്‍. കൂടാതെ വനിതാ വോട്ടര്‍മാര്‍ക്ക് ഇടയില്‍ നല്ല സ്വാധീനം ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ തവണ ബിജെപിക്ക് ഹേമന്ത് സോറനെ മാത്രം നേരിട്ടാല്‍ മതിയായിരുന്നു എങ്കില്‍ ഇക്കുറി കാര്യങ്ങള്‍ വ്യത്യസ്തമാണ്. ജയില്‍ നിന്ന് കൂടുതല്‍ കരുത്തോടെ വന്ന സോറന്‍ ഭാര്യയെ ഒപ്പം നിര്‍ത്തി പ്രചരണം കൂടുതല്‍ കടുപ്പിക്കാനാണ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ റാലികളില്‍ എല്ലാം തന്നെ ഇതിന്റെ സൂചനകള്‍ കല്‍പന വാക്കുകളിലൂടെ നല്‍കി കഴിഞ്ഞു. ഇനി കാത്തിരിക്കേണ്ടത് വോട്ടെടുപ്പിനാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1