കേരളത്തിലെ മൂന്ന് വൻ നഗരങ്ങളിലെയും തദ്ദേശസ്വയംഭരണം മാർക്‌സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലാണ് നടന്നുവരുന്നത്. തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രനും, കൊച്ചിയിൽ എം.അനിൽ കുമാറും കോഴിക്കോട്ട് ബീനാ ഫിലിപ്പുമാണ് മേയർമാർ. ഈ മൂന്നുപേരും അവരുടെ പദവികളിൽ ഇരുന്നുകൊണ്ട് ഈ നഗരങ്ങളെ ഭാവിയിലേക്ക് നോക്കി ആസൂത്രണം ചെയ്യുന്നുണ്ടോയെന്നത് വിലയിരുത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഈ മൂന്ന് നഗരങ്ങളുടെ പ്രസക്തിയും പ്രാധാന്യവും സാങ്കേതികമായി അപ്രത്യക്ഷമാകുന്ന വിധത്തിലുള്ള ജനസംഖ്യാ വിശകലനമാണ് നമുക്ക് വായിക്കാനാവുക. കാരണം, 11 വർഷം കഴിയുന്നതോടെ, 2035ൽ, കേരളത്തിന്റെ 95% പ്രദേശങ്ങളും നഗരസ്വഭാവം കൈവരിക്കുമെന്ന് കഷ്‌മെൻ ആന്റ് വെയ്ക്ഫീൽഡ് ഇന്ത്യാ റിസർച്ച് നടത്തിയ പഠനത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇങ്ങനെ ഒരു സംസ്ഥാനമൊട്ടാകെ നഗരസ്വഭാവം കൈവരിക്കുന്ന പ്രക്രിയ അരങ്ങേറുന്ന ഭൂപ്രദേശങ്ങളിൽ ദേശീയതലത്തിൽ തന്നെ കേരളം ഒന്നാം സ്ഥാനത്താണ്. രണ്ടാമത് തെലങ്കാന. കർണ്ണാടക മൂന്നാമതുമുണ്ട്. എന്നാൽ ഈ പ്രവചനങ്ങൾക്ക് അനുസൃതമായിട്ടല്ല, നമ്മുടെ നഗരങ്ങളുടെ ആസൂത്രണം നടന്നുവരുന്നത്. ആമയിഴഞ്ചാൻ തോട് ദുരന്തം നമ്മുടെ നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ നാം എത്രത്തോളം അനാസ്ഥയുള്ളവരാണെന്ന സൂചനയല്ലേ നൽകുന്നത് ?
കേരളത്തിലെ എല്ലാ നഗരങ്ങളും അതിവേഗം വളരുകയാണെന്ന് മേൽപ്പറഞ്ഞ സർവേയിലുണ്ട്. അതിവേഗം വളരുന്ന രാജ്യത്തെ 10 നഗരങ്ങളിൽ കൊച്ചിയും തിരുവനന്തപുരവുമുണ്ട്. എന്നാൽ ഈ പ്രൊജക്ഷനുകൾക്ക് നമ്മുടെ നഗരാസൂത്രണ തലത്തിൽ വലിയ പ്രാധാന്യം നൽകുന്നതായി കാണുന്നില്ല.
പഴയ സെൻസസും കോമൺസെൻസും
2011ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച് 2036ൽ ദേശീയതലത്തിൽ നഗരജനസംഖ്യ 38.2 ശതമാനം വർദ്ധിക്കുമെന്ന് കണക്കാക്കിയിരുന്നു. അടുത്ത 16 വർഷത്തിനുള്ളിൽ ഇതേ ശതമാനക്കണക്ക് 73 ശതമാനമാകുമെന്നും കണക്കുണ്ട്. പോപ്പുലേഷൻ പ്രൊജക്ഷനുവേണ്ടിയുള്ള ടെക്‌നിക്കൽ ഗ്രൂപ്പിന്റെ 2011-36 വർഷങ്ങളിലേയ്ക്കായുള്ള പഠനത്തിൽ രാജ്യത്തെ ജനസംഖ്യ 31.1 ശതമാനം വർദ്ധിക്കുമ്പോൾ, അവരിൽ നഗരങ്ങളിൽ വസിക്കുന്നവർ 21.8 കോടി പേരായിരിക്കുമത്രെ. ദക്ഷിണേന്ത്യയിലെ കേരള, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായിരിക്കും നഗരവൽക്കരണത്തിന്റെ തോത് വർധിക്കുകയെന്ന് ഈ ഔദ്യോഗിക സർവേയിലുമുണ്ട്. കേരളത്തിൽ നഗരങ്ങളിലെ ജനസംഖ്യ 52.5 ശതമാനത്തിൽ നിന്ന് 92.8 ശതമാനമായി വർദ്ധിക്കുന്നതു മൂലമുണ്ടാകുന്ന ആസൂത്രണ രംഗത്തെ വെല്ലുവിളി നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്. കേന്ദ്രസർക്കാർ ഈ യാഥാർത്ഥ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് സ്മാർട്ട് സിറ്റി മിഷൻ അമൃത് തുടങ്ങിയ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചതെങ്കിലും അവയുടെ നിർവഹണ പുരോഗതി അതിദയനീയമാണ്. മാത്രമല്ല, ഈ നഗരവൽക്കരണ സാധ്യതകളെ ചൂഷണം ചെയ്യാൻ ഒരുങ്ങിനിൽക്കുന്ന കോർപ്പറേറ്റുകളുടെ കള്ളലാക്കും നാം കാണുന്നതേയില്ല.
ജൽജീവൻ മിഷനു പിന്നിൽ എന്ത് ?
ഇന്ത്യയിലെ ജല സ്രോതസ്സുകളുടെ കണക്കെടുപ്പ് നേരത്തെ തന്നെ കുത്തകകൾ നടത്തിക്കഴിഞ്ഞിട്ടുണ്ട്. 300 ബില്യൺ ഡോളറിന്റെ ആഗോള ജല മാർക്കറ്റ് കൈയടക്കാൻ ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തെ ജലവിതരണമേഖല പൂർണ്ണമായി വിഴുങ്ങുന്നതിന് കേന്ദ്രസർക്കാർ കുത്തകകൾക്ക് പരവതാനി വിരിച്ചുകൊടുക്കുമ്പോൾ, ആ നീക്കങ്ങളെ പ്രതിരോധിക്കാൻ സി.പി.എം. പോലും ഇന്ന് സജീവമായി രംഗത്തില്ല.
കുടിവെള്ളത്തെ ഒരു 'ചരക്കാ'ക്കി മാറ്റിയതിലെ അന്താരാഷ്ട്ര അണിയറ നീക്കങ്ങൾക്കു പോലും മാർക്‌സിസ്റ്റ് ബുദ്ധിജീവികൾ ഇപ്പോൾ ചെവി കൊടുക്കുന്നില്ല. ജലം സംരക്ഷിക്കപ്പെടേണ്ട പ്രകൃതി വിഭവമാണെന്ന് 1972ലെ സ്റ്റോക് ഹോം പരിസ്ഥിതി കോൺഫറൻസ് വിലയിരുത്തി, 1977ൽ അർജന്റീനയിലെ മാർദൽ പ്ലാറ്റയിൽ ചേർന്ന ഐക്യരാഷ്ട്ര ജല കോൺഗ്രസ് കൃത്യമായ അളവിലും ഗുണമേന്മയിലും ജലം ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ചു. എഴുപതുകളിൽ ജലത്തെ ഒരു വിപണന വസ്തുവായി കാണാനുള്ള ശ്രമങ്ങൾ നടന്നുവെങ്കിലും ആ നീക്കം വിജയിച്ചത് 1992ൽ ഡബ്ലിനിൽ ചേർന്ന അന്തർ ദേശീയ പരിസ്ഥിതി കോൺഫറൻസിൽ വച്ചായിരുന്നു. വെള്ളത്തിന് സാമ്പത്തിക മൂല്യമുണ്ടെന്നും അതൊരു സാമ്പത്തിക ചരക്കാണെന്നും തുറന്ന് പ്രസ്താവിച്ചു. 1997ൽ മൊറോക്കോ ജല സമ്മേളനവും, 2000ലെ ഹേഗിലെ (നെതർലാൻഡ്‌സ്) സമ്മേളനവും വെള്ളത്തിന് പണം ഈടാക്കിയാലേ ഗുണമേന്മയും ലഭ്യതയും ഉറപ്പ് വരുത്താൻ കഴിയൂ എന്ന് വിലയിരുത്തി. കമ്പോളവത്ക്കരണത്തിനായി ജല മാനേജ്‌മെന്റിലെ പാളിച്ചകൾ അവർ മുന്നോട്ടുവച്ചു. ഈ സന്ദർഭത്തിലാണ് ജലത്തിന്റെ അധികമായ ഉപഭോഗവും ദുരുപയോഗവും മലിനീകരണവും തമസ്‌ക്കരിക്കപ്പെട്ടത്.
കിണർവെള്ളം വേണ്ട കുപ്പിവെള്ളം മതി
കേരളത്തിലെ ജലസമ്പന്നമായ കായലുകളും കുളങ്ങളും നദികളും തോടുകളും മാലിന്യ വാഹിനികളായി മാറിയത്, നമ്മുടെ ജനസംഖ്യാ വർദ്ധനവിന്റെ കമ്പോള സാധ്യതകളെ കുത്തകകൾ ചൂഷണം ചെയ്യാൻ തുടങ്ങിയതിന്റെ ആരംഭ സൂചനകളായി കണക്കാക്കുന്നതിൽ നമുക്ക് ജാഗ്രതക്കുറവുണ്ടായി. ജലം കമ്പോളച്ചരക്കാക്കുന്നതിനെപ്പറ്റിയുള്ള കേരള ശാസ്ത്ര പരിഷത്തിന്റെയും മറ്റും പോരാട്ടങ്ങൾ, പാർട്ടിയുടെ തന്നെ വിപ്ലവച്ചുവപ്പിൽ മാലിന്യം കലർന്നതോടെ വരിയുടയ്ക്കപ്പെടുകയായിരുന്നു. നമ്മുടെ വീട്ടുവളപ്പിലെ കിണറുകൾ എങ്ങനെയാണ് ഇങ്ങനെ മലിനീകരിക്കപ്പെട്ടത്? നമുക്ക് നീന്തിക്കുളിക്കുവാൻ കഴിഞ്ഞിരുന്ന കായലുകളും നദികളും തോടുകളും എങ്ങനെയാണ് വിഷവാഹിനികളായി മാറിയത് ? മാലിന്യ നിർമ്മാർജ്ജനമെന്നതിനു പകരം വിഷമാലിന്യങ്ങൾക്കായുള്ള കുപ്പത്തൊട്ടികളായി കായലും നദിയും തോടുമെല്ലാം മാറിയതോടെ, നാം കുപ്പിവെള്ളത്തിന്റെ ആരാധകരായി മാറി. 25 രൂപയിൽ അധികം ആയിരം ലിറ്റർ വെള്ളത്തിന് ചെലവ് വരുന്ന വെള്ളം വെറും നാല് രൂപയ്ക്ക് (പഴയ കണക്കാണ്) വിറ്റിരുന്ന ജല അതോറിറ്റിയെ സബ്‌സിഡി നൽകി താങ്ങി നിർത്തിയിരുന്ന സർക്കാർ ഇന്ന് സർക്കാർ സ്ഥാപനങ്ങളുടെ വാട്ടർചാർജ് പോലും കുടിശ്ശികയാക്കിയത് ഒരു 'ഹിഡൻ അജൻഡ'യുടെ ഭാഗമായി വേണം കാണാൻ. ലോകബാങ്കിന്റെ സഹായത്തോടെ 'ജലനിധി' എന്നൊരു പദ്ധതി ഈ നാട്ടിലുണ്ടായിരുന്നു. രാജ്യത്താകെ റൂറൽ വാട്ടർ സ്‌കീം നടപ്പാക്കുന്നുവെന്ന മുദ്രാവാക്യത്തിന്റെ മറവിലായിരുന്നു ജലനിധിയുടെ ആഗമനം, എന്നാൽ ഇതോടെ രാജ്യത്തിന്റെ ജലസമ്പത്തിന്റെ വിശദമായ കണക്ക് കടൽ കടക്കുകയായിരുന്നു. 1984മുതൽ നിഴൽ പോലെ ലോകബാങ്ക് കേരളത്തിന്റെ ജല വിതരണ രംഗത്ത് നിലയുറപ്പിച്ചിരുന്നുവെന്നത് ഒരു രഹസ്യമേയല്ല കുടിവെള്ളത്തിന്റെ ഒരു കാര്യം മാത്രം നാം ഉദാഹരണമായെടുത്താലും, കേരളം ഒരു സമ്പൂർണ്ണ നഗരമായി പരിണമിക്കുമ്പോഴുള്ള ജനകീയ വെല്ലുവിളികൾ ഇപ്പോഴും തമസ്‌ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
വേമ്പനാടിന്റെ വേവലാതികൾ
കേരളത്തിന്റെ ജൈവ വ്യവസ്ഥയുടെ നട്ടെല്ലാണ് വേമ്പനാട്ടുകായൽ. രാജ്യാന്തര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങൾക്കായുള്ള റാംസർ സൈറ്റ് പട്ടികയിൽ നിന്ന് വേമ്പനാട് കായൽ പുറത്തായ അവസ്ഥയാണ് നിലവിലുള്ളത്. കായലിന്റെ ജലസംഭരണ ശേഷി പോലും 20 വർഷത്തിനുള്ളിൽ വൻതോതിൽ കുറഞ്ഞതായി 2024 ജനുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. 60 വർഷത്തിനിടെ 30 ജീവി വർഗങ്ങൾ തന്നെ കായലിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. 1963ൽ മീൻ, ചെമ്മീൻ, ഞണ്ട് വിഭാഗങ്ങളിൽ 120 ഇനങ്ങളുണ്ടായിരുന്നത് 2023ൽ 90 ആയി. തണ്ണീർത്തട വിസ്തൃതി 50 ശതമാനമായും കായലിന്റെ ആഴം 1930ൽ എട്ടര മീറ്റർ ആയിരുന്നത് 1.8 മീറ്ററായും കുറഞ്ഞതും കണക്കുകളിലുണ്ട്. വേമ്പനാടായാലും പെരിയാർ നദിയായാലും മലിനീകരണത്തിന്റെ തോത് നിയന്ത്രിക്കുന്ന നടപടികൾ ആമയിഴയുന്ന വേഗത്തിൽ പോലും നടക്കുന്നില്ല.
പ്രതിജ്ഞ വേറെ, പ്രവൃത്തി വേറെ
നഗരാസൂത്രണത്തിന് ഏറെ പ്രാധാന്യം നൽകേണ്ട അധികൃതർ ജനങ്ങൾക്കായി തയ്യാറാക്കിയ ഒരു പ്രതിജ്ഞയുണ്ട്. മാലിന്യമുക്ത നവകേരളത്തിനായുള്ള പ്രതിജ്ഞ പൂർണ്ണമായി ഇവിടെ ഉദ്ധരിക്കുന്നില്ല. എന്നാൽ, സർക്കാർ ആശുപത്രികളും സർക്കാർ സ്ഥാപനങ്ങളും ഇപ്പോഴും എത്ര വൃത്തിഹീനവും മാലിന്യ പൂർണ്ണവുമാണെന്ന യാഥാർത്ഥ്യത്തിനു പുറത്ത് സർക്കാർ വിരിച്ചു പിടിക്കുന്ന പ്രതിജ്ഞാ പുതപ്പിനിടയിലൂടെയും ദുർഗന്ധം വമിക്കുന്നില്ലേ? നാടും നഗരവും ജലാശയങ്ങളും വൃത്തിഹീനമാക്കുന്നത് കുറ്റകരമാണെന്ന് സർക്കാർ നമ്മെക്കൊണ്ട് ഏറ്റു പറയിക്കുന്നുണ്ട്. അത്തരം പ്രവൃത്തികൾ സംസ്‌ക്കാര ശൂന്യവും നിയമവിരുദ്ധവുമാണത്രെ. ഇങ്ങനെ ചെയ്താലുള്ള പ്രത്യാഘാതങ്ങളെപ്പറ്റി ബോധ്യമുണ്ടെന്നും, പാഴ് വസ്തുക്കൾ വലിച്ചെറിയില്ലെന്നും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കില്ലെന്നുമെല്ലാം പ്രതിജ്ഞയിലുണ്ട്. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാനോ, പുകവലി പൊതു ഇടങ്ങളിൽ നിയന്ത്രിക്കാനോ, പുതുതലമുറയുടെ സാന്നിധ്യമുള്ള കലാലയങ്ങൾ പോലും വൃത്തിയായി സൂക്ഷിച്ച് അവർക്ക് മാതൃകയാകാനോ കഴിയാത്ത സർക്കാർ സംവിധാനങ്ങൾ നവകേരളത്തിന്റെ വികാസമനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാൻ കഴിയാത്തവിധം ഇന്ന് പണഞെരുക്കത്തിലും ഭരണനിസ്സംഗതയിലുമാണ്. കേരളമെന്ന പദം ഇത്രത്തോളം ആന്തരിക മാലിന്യങ്ങളും ബാഹ്യമായ വൃത്തികേടുകളും കൊണ്ട് നിറയ്ക്കാൻ നമ്മുടെ ഭരണകർത്താക്കൾ പ്രകടിപ്പിക്കുന്ന മഹാവൈഭവത്തിനു മുമ്പിൽ സാഷ്ടാംഗ പ്രണാമം
ആന്റണിചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1