ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്സി കൊല്ലപ്പെട്ടത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മേഖല അശാന്തിയുടെ നിഴലില്‍ നില്‍ക്കവെ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിന്റെ കാരണം വ്യക്തമല്ല. മോശം കാലാവസ്ഥയാണ് ദുരന്തത്തിലേക്ക് നയിച്ചത് എന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. അതേസമയം വിശദമായ അന്വേഷണത്തിന് ഇറാന്‍ തുടക്കമിട്ടിട്ടുണ്ട്.
പ്രസിഡന്റ് മരിച്ചാല്‍ എന്താണ് ഇറാനിലെ നടപടിക്രമങ്ങള്‍ എന്ന സംശയം സ്വാഭാവികമാണ്. ഇറാനിലെ ഭരണ നിര്‍വഹണ വിഭാഗത്തിന്റെ മേധാവിയാണ് പ്രസിഡന്റ്. അതേസമയം രാജ്യത്തിന്റെ പരമോന്നത നേതാവായി പരിഗണിക്കുന്നത് ഷിയാ പണ്ഡിതരായ ആയത്തുല്ലമാരെയാണ്. നിലവിലെ ഷിയാ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയാണ് ഇറാന്റെ പരമോന്നത നേതാവ്.
ആത്മീയതയും ജനാധിപത്യവും ചേര്‍ന്നുള്ള ഭരണസംവിധാനമാണ് ഇറാനില്‍. പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുമെങ്കിലും ഇതിന്റെ മുകളിലാണ് ആത്മീയ നേതാവും അദ്ദേഹം നിയന്ത്രിക്കുന്ന ഗാര്‍ഡിയന്‍ കൗണ്‍സിലും. രാജ്യത്തിന്റെ അവസാന വാക്ക് ആത്മീയ നേതാവിന്റെതാണ്. അതേസമയം അന്താരാഷ്ട്ര വേദിയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് പ്രസിഡന്റായിരിക്കും.
പ്രസിഡന്റ് മരിക്കുകയോ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കാത്ത വിധം അസുഖ ബാധിതനാവുകയോ ചെയ്താല്‍ എന്താണ് അടുത്ത നടപടിക്രമം എന്ന് ഇറാന്റെ ഭരണഘടന വിശദീകരിക്കുന്നുണ്ട്. പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് നടക്കും. 50 ദിവസത്തിനകമാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടതും പുതിയ പ്രസിഡന്റിനെ കണ്ടെത്തേണ്ടതും. അതുവരെയുള്ള ഭരണത്തിന് പുതിയ സമിതി നിയോഗിക്കപ്പെടും.
ഇറാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 ലാണ് പ്രസിഡന്റ് മരിച്ചാല്‍ എന്താണ് നടപടിക്രമങ്ങള്‍ എന്ന് വിശദീകരിക്കുന്നത്. പ്രസിഡന്റിന്റെ ഉത്തരവാദിത്തം ഫസ്റ്റ് വൈസ് പ്രസിഡന്റ് ഏറ്റെടുക്കും. ആത്മീയ നേതാവിന്റെ അനുമതിയോടെയാകും ഈ ചുമതല ഏറ്റെടുക്കല്‍. ശേഷം ഒരു സമിതി രൂപീകരിക്കും. ഫസ്റ്റ് വൈസ് പ്രസിഡന്റ്, പാര്‍ലമെന്റ് സ്പീക്കര്‍, ജുഡീഷ്യറി മേധാവി എന്നിവര്‍ ഉള്‍പ്പെടുന്നതാകും സമിതി.
50 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റ് ചുമതല ഏറ്റെടുക്കുംവരെയാകും ഈ സമിതിയുടെ ദൗത്യം. ഇറാനിലെ ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബിര്‍ ആത്മീയ നേതൃത്വത്തോട് വലിയ കൂറ് പുലര്‍ത്തുന്ന വ്യക്തിയാണ്. ഇദ്ദേഹം ആക്ടിങ് പ്രസിഡന്റായി വൈകാതെ ചുമതലയേറ്റെടുക്കും. പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യുംവരെ വിദേശ രാജ്യങ്ങളുമായി കരാറുകളോ മറ്റോ പാടില്ല എന്നാണ് ചട്ടം.
ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറാണ് മുഹമ്മദ് ബാഖിര്‍ ഖാലിബഫ്. ഇദ്ദേഹത്തിന് പ്രസിഡന്റ് പദവിയില്‍ നോട്ടമുണ്ട് എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആത്മീയ നേതാവിന്റെയും ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെയും അനുമതി ലഭിക്കുന്നവരാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുക. 2021 ലാണ് പ്രസിഡന്റ് ഇബ്രാഹീം റെയ്സി തിരഞ്ഞെടുക്കപ്പെട്ടത്. 2025 വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു. ഖാംനഇക്ക് ശേഷം ഇറാന്റെ ആത്മീയ നേതാവായി ഇബ്രാഹീം റെയ്സി എത്തുമെന്ന പ്രചാരണവും ഉണ്ടായിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1