അമേരിക്കന്‍ ഭരണകൂടം ഇപ്പോള്‍ ഒരു അസാധാരണ പ്രതിസന്ധി നേരിടുകയാണ്. ഒക്ടോബര്‍ ഒന്നിനാണ് അമേരിക്കയില്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നത്. അതിന് മുന്നോടിയായി യുഎസ് കോണ്‍ഗ്രസില്‍ ധന ബില്‍ പാസാക്കാത്തതാണ് അസാധാരണ സാഹചര്യത്തിന് വഴിയൊരുങ്ങിയിരിക്കുന്നത്.
ഫെഡറല്‍ സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വാര്‍ഷിക ഫണ്ടിംഗ് ബില്ലുകള്‍ പാസാകാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അമേരിക്കയില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാം നിര്‍ത്തിവയ്ക്കേണ്ട സാഹചര്യമുണ്ടാകും. അവശ്യ സേവനങ്ങള്‍ ഒഴികെ മറ്റ് എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രവര്‍ത്തനം സ്തംഭിക്കുന്ന സാഹചര്യമുണ്ടാകും.
ധന ബില്‍ കഴിഞ്ഞ ദിവസം യുഎസ് സെനറ്റില്‍ പാസാക്കാന്‍ ശ്രമം നടന്നെങ്കിലും ഡെമോക്രാറ്റുകളുടെ പിന്തുണ ഇല്ലാത്തതിനാല്‍ പരാജയപ്പെടുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ആയിരുന്നു വോട്ടെടുപ്പ്. ബില്‍ പാസാകാന്‍ 60 വോട്ടുകള്‍ എങ്കിലും ആവശ്യമാണ്. ഡെമോക്രാറ്റുകളുടെ പിന്തുണ ലഭിക്കാത്തതോടെ വോട്ടെടുപ്പ് പരാജയപ്പെടുകയായിരുന്നു. ഈ അസാധാരണ പ്രതിസന്ധിയുടെ മൂര്‍ധന്യാവസ്ഥയിലും ഇരു പാര്‍ട്ടികളും വിട്ടുവീഴ്ച ചെയ്യാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഡൊണാള്‍ഡ് ട്രംപും കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചകളിലും ഫലമുണ്ടായില്ല.
എട്ട് വര്‍ഷത്തിനിടെ ആദ്യമായാണ് യുഎസ് വീണ്ടും ഷട്ട്ഡൗണിലേക്ക് നീങ്ങുന്ന സാഹചര്യം ഉരുത്തിരിയുന്നത്. ആരോഗ്യ സംരക്ഷണ ചെലവുകളെ കുറിച്ച് റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും തമ്മിലുള്ള തര്‍ക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. കാലഹരണപ്പെട്ട ആരോഗ്യ പരിരക്ഷ ആനുകൂല്യങ്ങള്‍ നീട്ടുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ വോട്ട് ചെയ്യില്ലെന്നാണ് ഡെമോക്രാറ്റുകളുടെ നിലപാട്.
സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം തടസപ്പെട്ടാല്‍ അവശ്യ സര്‍വീസുകള്‍ ഒഴികെ ഫെഡറല്‍ ഏജന്‍സികള്‍ അടച്ചുപൂട്ടുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുന്ന സാഹചര്യമുണ്ടാകും. സൈനിക ഉള്‍പ്പെടെയുള്ളവര്‍ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടിവരും. 750,000 ഫെഡറല്‍ തൊഴിലാളികളെ ഇത് ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍
വിമാന സര്‍വീസുകളെ ബാധിക്കുമോ?
സാധാരണയായി ഷട്ട്ഡൗണ്‍ വിമാനത്താവളങ്ങളെയോ എയര്‍ലൈനുകളെയോ കാര്യമായി ബാധിക്കില്ല, പക്ഷേ യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടായേക്കാം. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ജോലി തുടരുമെങ്കിലും അവര്‍ക്ക് ശമ്പളം ലഭിക്കില്ല. ജീവനക്കാര്‍ ശമ്പളമില്ലാതെ തുടര്‍ച്ചയായി ജോലിക്ക് ഹാജരാകേണ്ടിവരുമ്പോള്‍, അത് അവരില്‍ മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ജോലിയില്‍ അത് പ്രതിഫലിക്കുകയും ചെയ്യും. അതിനാല്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്ന സേവനങ്ങളില്‍ കൂടുതല്‍ കാലതാമസം നേരിടേണ്ടി വന്നേക്കാം.
നേരത്തെ ഷട്ട്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളപ്പോഴൊക്കെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിട്ടുണ്ട്. വിമാന യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട കാര്യമിതാണ്. വിമാനത്താവളങ്ങളില്‍ ക്യൂവില്‍ കൂടുതല്‍ നേരം നില്‍ക്കേണ്ടി വന്നേക്കാം. അതിനാല്‍ അതിനനുസരിച്ച് യാത്രകള്‍ ആസൂത്രണം ചെയ്യണം.
ഒരു ഷട്ട്ഡൗണ്‍ കൊണ്ട് ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിക്കാമെന്നും ഈ പ്രതിസന്ധിയുടെ ഭാഗമായി ഡെമോക്രാറ്റുകള്‍ പിന്തുണയ്ക്കുന്ന പല ഫെഡറല്‍ പദ്ധതികളും ഇല്ലാതാക്കാന്‍ സാധിക്കുമെന്നും ട്രംപ് പറഞ്ഞു. നമുക്ക് ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയും, അവ ഡെമോക്രാറ്റുകളുടെ കാര്യങ്ങളായിരിക്കും. അവര്‍ പഠിക്കുന്നില്ല. അതുകൊണ്ട് തങ്ങള്‍ക്ക് മറ്റ് വഴികളില്ല. രാജ്യത്തിനുവേണ്ടി തനിക്കിത് ചെയ്യേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
സമയപരിധിക്കുള്ളില്‍ ധന ബില്‍ പാസാകാതെ വന്നതോടെ ഫെഡറല്‍ ഗവണ്‍മെന്റിന്റെ വലിയൊരു ഭാഗം പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യേണ്ടിവരും. ഈ സ്തംഭനാവസ്ഥ ഏഴ് ആഴ്ച വരെ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1