എന്താണ് 'കോര്‍ 5' ഗ്രൂപ്പ് ?

DECEMBER 16, 2025, 4:18 PM

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പുതിയ സഖ്യത്തിനുള്ള ഒരാശയം ഉരിത്തിരിഞ്ഞിരിക്കുകയാണ്. വിവിധ ലോകരാഷ്ട്രങ്ങളുമായി പ്രത്യേകിച്ച് ഇന്ത്യയുമായും ചൈനയുമായും തീരുവ യുദ്ധം പ്രഖ്യാപിച്ച ശേഷമുള്ള പുതിയ നീക്കമാണിത്. ചൈന, റഷ്യ, ഇന്ത്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് 'കോര്‍ 5' അല്ലെങ്കില്‍ 'സി 5' ഫോറം രൂപീകരിക്കാനുള്ള ആലോചനയിലാണ് ട്രംപ് ഭരണകൂടമെന്നാണ് യുഎസ് മാധ്യമമായ ഡിഫന്‍സ് വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരമ്പരാഗത ജി7 ചട്ടക്കൂടിനപ്പുറം ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളുമായി അമേരിക്കയുടെ ബന്ധം ശക്തമാക്കുന്നതിനുള്ള ദേശീയ സുരക്ഷാ തന്ത്രത്തിന്റെ ഭാഗമാണ് ഈ പുതിയ സഖ്യമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഡിജിറ്റല്‍ ന്യൂസ് പേപ്പറായ പൊളിറ്റിക്കോയിലും ഇത്തരമൊരു ആശയം രൂപപ്പെടുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ആശയം അതിവിദൂര സ്വപ്നമാണെങ്കിലും ഞെട്ടിക്കുന്നതല്ലെന്നാണ് പൊളിറ്റിക്കോ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

അതേസമയം ട്രംപ് ഭരണകൂടത്തിന്റെ പുതിയ ആശയം ഇതുവരെ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ഡിഫന്‍സ് വണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 100 കോടിയിലധികം ജനസംഖ്യയുള്ളതും തന്ത്രപരമായി പ്രാധാന്യമുള്ളതുമായ രാജ്യങ്ങളുടെ സഖ്യമാണ് ട്രംപ് ഭരണകൂടം മുന്നോട്ടുവെക്കുന്ന നിര്‍ദ്ദിഷ്ട 'സി 5' എന്ന ആശയം. യൂറോപ്യന്‍ സഖ്യങ്ങളെ ദീര്‍ഘകാലമായി ആശ്രയിക്കുന്നതില്‍ നിന്ന് മാറി വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളുമായുള്ള ഇടപെടലിന്  കൂടുതല്‍ മുന്‍ഗണന നല്‍കുന്നതിനുള്ള യുഎസിന്റെ മാറ്റത്തെയാണ് ഈ നിര്‍ദ്ദേശം സൂചിപ്പിക്കുന്നതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

യുഎസിന് യൂറോപ്പിലുള്ള സ്വാധീനത്തിന്റെ വിശാലമായ പുനക്രമീകരണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നതായി ഡിഫന്‍സ് വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പ്രാദേശികവും ആഗോളവുമായ ഫലങ്ങള്‍ സ്വതന്ത്രമായി രൂപപ്പെടുത്താന്‍ ശേഷിയുള്ള പ്രധാന ശക്തികളുമായുള്ള പങ്കാളിത്തം യുഎസ് കൂടുതലായി ആശ്രയിച്ചേക്കുമെന്ന സൂചനയാണ് നല്‍കുന്നതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.  'സി 5' ഫോറം എന്ന ആശയം നയതന്ത്രത്തോടുള്ള വ്യാപാരപരമായ സമീപനവുമായി യോജിക്കുന്നതാണ്. കര്‍ശന പ്രത്യയശാസ്ത്രത്തില്‍ നയിക്കപ്പെടുന്ന സഖ്യങ്ങളേക്കാള്‍ മറ്റ് ആഗോള ശക്തികളുമായുള്ള പ്രായോഗിക ഇടപെടലിന് മുന്‍തൂക്കം നല്‍കുന്നതാണ് 'സി 5' എന്ന ട്രംപിന്റെ പുതിയ ആശയം.

വിഷയാധിഷ്ടിതമായ സ്ഥിരം ഉച്ചകോടികള്‍ നടത്തുന്നതും കരട് തന്ത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നാണ് വിവരം. ആദ്യ ഉച്ചകോടി മിഡില്‍ ഈസ്റ്റ് സുരക്ഷയില്‍ പ്രത്യേകിച്ച് ഇസ്രായേലും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം സാധാരണനിലയിലാക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും നിര്‍ദ്ദിഷ്ട പദ്ധതി വ്യക്തമാക്കുന്നു. നിര്‍ണായകമായ അന്താരാഷ്ട്ര വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയെന്നതാണ് 'സി 5' ചട്ടക്കൂടിന്റെ ഉദ്ദേശ്യമെന്നും ഡിഫന്‍സ് വണ്‍, പൊളിറ്റിക്കോ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam