എന്താണ് എയര്‍ ടര്‍ബുലന്‍സ്? മുന്‍കരുതലുകള്‍ എന്തെല്ലാം?

MAY 22, 2024, 4:00 PM

കാലാവസ്ഥ വ്യതിയാനം കാരണം പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ വിമാന യാത്രയ്ക്ക് വലിയ വെല്ലുവിളിയാണ്. ലണ്ടനില്‍ നിന്ന് സിംഗപൂരിലേക്ക് പറന്നുയര്‍ന്ന വിമാനം ആകാശച്ചുഴിയില്‍പ്പെട്ട വാര്‍ത്ത ഏവരെയും ഞെട്ടിച്ചതാണ്. ആ അപകടത്തില്‍ വിമാനം ശക്തമായി ആടിയുലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരില്‍ ഒരാള്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സിംഗപൂര്‍ എയര്‍ലൈസിന്റെ ബോയിങ് 777-300 ഇആര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരുമായി പറന്നുയര്‍ന്ന വിമാനം ബാങ്കോക്കില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു.

ഏകദേശം 37000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം അപ്രതീക്ഷിതമായാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. തുടര്‍ന്ന് ഏതാനും മിനിറ്റുകളോളം ശക്തമായി ആടിയുലഞ്ഞ വിമാനം 31,000 അടിയിലേക്ക് താഴ്ന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആകാശച്ചുഴിയില്‍പ്പെട്ട വിമാനം അതിശക്തമായി ആടിയുലയുന്നതിന്റെയും ആശങ്കയിലായ യാത്രക്കാരുടെ ദൃശ്യങ്ങളുമാണ് അതിലുള്ളത്. ഭയപ്പെട്ട യാത്രക്കാര്‍ സീറ്റുകളില്‍ മുറുകെ പിടിച്ചിരിക്കുന്നതും കാണാനാകും.

യാത്രക്കിടെ ഇത്തരത്തിലുള്ള ചെറിയ ആടിയുലച്ചിലുകള്‍ പതിവാണെങ്കിലും ശക്തമായി ആടിയുലയുകയും അതുമൂലം ഒരാള്‍ മരിക്കുകയും ചെയ്യുന്നത് അപൂര്‍വ്വമാണ്. ഇത്തരം സംഭവങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് യാത്രക്ക് മുമ്പായി സീറ്റ് ബെല്‍റ്റുകള്‍ ഇടാന്‍ നിര്‍ദേശം ലഭിക്കുന്നത്.

ആടിയുലഞ്ഞ ഇന്ത്യന്‍ വിമാനങ്ങള്‍

2018 മുതല്‍ 2022 ഡിസംബര്‍ വരെ ഇന്ത്യയില്‍ ഇത്തരത്തില്‍ 46 വിമാന അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2018 ല്‍ 8, 2019 ല്‍ 10, 2020 ല്‍ 7, 2021 ല്‍ 9, 2012 ല്‍ 12 എന്നിങ്ങനെയാണ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിവിധ കാരണങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ 2020 നും 2022 നും ഇടയില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത് 23 വിമാനങ്ങളാണ്. 2020 ല്‍ 7 വിമാനങ്ങളും 2021 ല്‍ 9 വിമാനങ്ങളും 2022 ല്‍ 7 വിമാനങ്ങളുമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയിട്ടുള്ളത്.

വിമാനത്തിലുണ്ടായ സാങ്കേതിക തകരാര്‍, ആടിയുലച്ചില്‍, പക്ഷി ഇടിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ എന്നിവ കാരണമാണ് അടിയന്തരമായി ലാന്‍ഡിങ് നടത്തിയിട്ടുള്ളത്. വിമാനത്തിലുണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ കാരണം യാത്രക്കാര്‍ക്ക് ചെറിയ പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ യാത്രക്കാരുടെ മരണം അപൂര്‍വ്വമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങളില്‍ അന്വേഷണം നടത്തുന്നത് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് (എഎഐബി).

2022 ല്‍ സ്പൈസ് ജെറ്റ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടുണ്ടായ അപകടത്തില്‍ പരിക്കേറ്റ അക്ബര്‍ അന്‍സാരിയെന്ന യാത്രക്കാരന്‍ മരിച്ചിരുന്നു. ഇതാണ് ഇന്ത്യയില്‍ ഇത്തരത്തില്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണം. സംഭവത്തിന് പിന്നാലെ അന്‍സാരിക്ക് ശരിയായ ചികിത്സ ലഭ്യമാക്കിയില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു.

ഇതിന് മുമ്പ് 1980 ലാണ് സമാന രീതിയുള്ള മരണം റിപ്പോര്‍ട്ട് ചെയ്തത്. വെസ്റ്റ് ബംഗാളിലെ രാംപൂര്‍ഹട്ടില്‍ വച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. 132 യാത്രക്കാരുമായി പുറപ്പെട്ട വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ടുണ്ടായ അപകടത്തെ തുടര്‍ന്നായിരുന്നു മരണം.

എന്താണ് എയര്‍ ടര്‍ബുലന്‍സ്?

വിമാനത്തിന്റെ ചിറകുകള്‍ക്ക് മുകളിലൂടെയുള്ള വായു പ്രവാഹം തടസപ്പെടുന്ന അവസ്ഥയാണ് എയര്‍ ടര്‍ബുലന്‍സ് അഥവാ വായു പ്രക്ഷുബ്ധത എന്ന് പറയുന്നത്. ചിറകിന് മുകളിലൂടെയുള്ള സമാന്തരമായ വായു പ്രവാഹത്തിന് പകരം വായു മുകളിലേക്കും താഴേക്കും പ്രവഹിക്കും. ഇത് വിമാനം ആടിയുലയാന്‍ കാരണമാകും. ഏഴ് തരത്തില്‍ ഇത്തരത്തില്‍ ടര്‍ബുലന്‍സ് സംഭവിക്കാറുണ്ട്. ശക്തമായുള്ള ഇത്തരം ടര്‍ബുലന്‍സുകള്‍ വിമാനം താഴേക്ക് പതിക്കാന്‍ വരെ കാരണമാകും.

ഇത് തടയാനാകുമോ?

അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വ്യതിയാനം അടക്കം എയര്‍ ടര്‍ബുലന്‍സിന് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇത്തരം കാലാവസ്ഥ വ്യതിയാനം മാത്രമാണ് ഈ പ്രശ്നത്തിന് കാരണമെന്ന് പൂര്‍ണമായും പറയാനാകുകയില്ല. ഈ അവസ്ഥകളെ തടയാന്‍ സാധിക്കില്ല. മറിച്ച് ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്താവുന്നതാണ്.

യാത്രക്കാര്‍ എങ്ങനെ സുരക്ഷിതരാകും?


എയര്‍ ടര്‍ബുലന്‍സ് സാധ്യത മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. എന്നാല്‍ ഇത്തരം സാധ്യതകളെല്ലാം തരണം ചെയ്യാന്‍ യാത്രക്കാര്‍ സുരക്ഷിതരായിരിക്കുകയാണ് വേണ്ടത്. യാത്രക്കിടെ അപ്രതീക്ഷിതമായി എയര്‍ ടര്‍ബുലന്‍സ് സംഭവിച്ചാല്‍ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാതിരിക്കണം. സീറ്റ് ബെല്‍റ്റില്‍ പിടിച്ചിരിക്കുന്നതാണ് ഏറ്റവും ഉത്തമം. വിമാനം ആടിയുലയുമ്പോഴുണ്ടാകുന്ന പരിക്കുകള്‍ ഒഴിവാക്കാന്‍ ഇത് ഗുണകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

ടര്‍ബുലന്‍സ് ഉണ്ടായാല്‍ യാത്രക്കാര്‍ പരിഭ്രാന്തരാകാതെ ജീവനക്കാരുടെ നിര്‍ദേശം പാലിക്കണം. അല്‍പം കുനിഞ്ഞിരിക്കുന്നതും നല്ലതാണ്. തലയ്ക്ക് മുകളിലെ റാക്കിലുണ്ടാകുന്ന ലഗേജുകള്‍ തലയിലേക്ക് വീഴാന്‍ സാധ്യയുള്ളതിനാല്‍ തലയ്ക്ക് മുകളില്‍ കൈകള്‍ വയ്ക്കുന്നതും നന്നായിരിക്കും. തീര്‍ത്തും അപ്രതീക്ഷിതമായുണ്ടാകുന്ന കുലുക്കം കാരണം ചിലര്‍ക്ക് ഛര്‍ദ്ദിയുണ്ടാകാന്‍ സാധ്യതയുണ്ട്. അത് ഒഴിവാക്കാനായി ഇടക്കിടയ്ക്ക് ദീര്‍ഘമായി ശ്വസിക്കുന്നത് നന്നായിരിക്കും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam