ഇറാന്‍-ഇസ്രായേല്‍ ബന്ധം ഉലഞ്ഞതിന് ശേഷം നടന്നതെന്ത്?

MAY 21, 2024, 11:44 PM

1948ല്‍ പാലസ്തീന്‍ പ്രദേശം വിഭജിച്ച് ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കുന്ന കാലത്ത് ഇറാനും ഇസ്രായേലും തമ്മില്‍ സൗഹൃദം നിലനിന്നിരുന്നു. ഇസ്രായേലിനെ അംഗീകരിച്ച രണ്ടാമത്തെ മുസ്ലിം ഭൂരിപക്ഷ രാജ്യമായിരുന്നു ഇറാന്‍. ബ്രിട്ടീഷുകാര്‍ പാലസ്തീന്‍ വിട്ടുപോകുമ്പോള്‍ പ്രദേശം വിഭജിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു. യുഎന്‍ 11 അംഗ രാജ്യങ്ങളുടെ പ്രത്യേക സമിതിയും രൂപീകരിച്ചിരുന്നു.

വിഭജന പദ്ധതിയെ എതിര്‍ത്ത മൂന്ന് രാജ്യങ്ങളില്‍ ഇന്ത്യയ്ക്കൊപ്പം ഇറാനുമുണ്ടായിരുന്നു എന്നത് മറ്റൊരു കാര്യം. ഇസ്രായേല്‍, അമേരിക്ക, ബ്രിട്ടന്‍ സഖ്യത്തോടും പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങളോടും തുല്യമായ ബന്ധം നിലനിര്‍ത്താനുള്ള തന്ത്രമായിരുന്നു ഇറാന്‍ അന്ന് സ്വീകരിച്ചത്. യുഎന്‍ അനുമതി നല്‍കിയതിനേക്കാള്‍ കൂടുതല്‍ പ്രദേശം ഇസ്രായേല്‍ ബലമായി പിടിക്കാന്‍ തുടങ്ങിയതോടെ പാലസ്തീന്‍കാര്‍ കൂട്ടത്തോടെ പലായനം ചെയ്യേണ്ടി വന്നു.

അക്കാലത്ത് ഷാ പഹ്ലവി ഭരണത്തിന് കീഴിലായിരുന്നു ഇറാന്‍. മുഹമ്മദ് റസാ പഹ്ലവിയായിരുന്നു ഭരണാധികാരി. 1925 മുതല്‍ 1979 വരെ ഇറാന്‍ ഭരിച്ചത് ഷാ പഹ്ലവി പരമ്പരയാണ്. ഇസ്രായേലിനെ ആദ്യമായി അംഗീകരിച്ച മുസ്ലിം ഭൂരിപക്ഷ രാജ്യം തുര്‍ക്കിയാണ്. രണ്ടാമത് ഇറാനായിരുന്നു. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇറാനില്‍ ഭരണം മാറി. 1979ല്‍ ഇസ്ലാമിക വിപ്ലവത്തിലൂടെ ആയത്തുല്ല അലി ഖുമൈനിയുടെ നേതൃത്വത്തില്‍ പുതിയ ഭരണകൂടം നിലവില്‍ വന്നു.

ഷാ ഭരണകൂടം പുറത്തായതോടെ ഇസ്രായേലുമായുള്ള വിദേശ നയവും മാറി. അമേരിക്കയെയും ഇസ്രായേലിനെയും ശത്രുപക്ഷത്ത് നിര്‍ത്തപ്പെട്ടു. ഇസ്രായേലുമായുള്ള എല്ലാ ബന്ധവും ഇറാന്‍ റദ്ദാക്കി. വിമാന സര്‍വീസ് നിര്‍ത്തി. പൗരന്മാര്‍ക്ക് പരസ്പരം രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പറ്റാതായി. ഇറാനിലെ ഇസ്രായേല്‍ എംബസി പലസ്തീന്‍ എംബസിയാക്കി മാറ്റി.

റമദാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ച ഖുദ്സ് ദിനമായി ആചരിച്ച് പലസ്തീന്‍കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഖുമൈനി ആഹ്വാനം ചെയ്തു. ഇസ്രായേലുമായുള്ള പിണക്കം ഒട്ടേറെ നഷ്ടങ്ങള്‍ ഇറാന് സമ്മാനിച്ചു. ഇരുരാജ്യങ്ങളും പരസ്പരം മല്‍സരിച്ച് ആയുധങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. ഇറാനെതിരെ അമേരിക്ക ഒന്നിന് പിറകെ ഒന്നായി ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ പിന്തുണയോടെ ഇസ്രായേല്‍ ആണവായുധം നിര്‍മിച്ചുവെന്ന് വാര്‍ത്തകളും പ്രചരിച്ചു. ഇറാന്‍ ആണവായുധം നിര്‍മിക്കാന്‍ ഒരുങ്ങിയതോടെ ഉപരോധം ശക്തമായി. ഇതോടെ വിദേശത്ത് നിന്നുള്ള ഇറക്കുമതിക്ക് ഇറാന്‍ വലിയ വെല്ലുവിളി നേരിട്ടു. അസംസ്‌കൃത എണ്ണ ആഗോള വിപണിയില്‍ വില്‍ക്കാന്‍ പറ്റാതായി. വലിയ സാമ്പത്തിക ഞെരുക്കത്തിലേക്ക് ഇറാന്‍ കൂപ്പുകുത്തി.

തുടര്‍ന്ന് റഷ്യ, ചൈന എന്നിവരുടെ പിന്തുണയോടെ പ്രതിസന്ധി മറികടക്കാന്‍ ഇറാന്‍ ശ്രമം നടത്തി. പശ്ചിമേഷ്യയില്‍ ഷിയാ സായുധ സംഘങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കി ഇറാന്‍ എതിര്‍ ചേരിയെ ചൊടിപ്പിക്കുകയും ചെയ്തു. ആണവ ശക്തികായാകാനുള്ള ഇറാന്റെ ശ്രമത്തിനിടെ പ്രമുഖരായ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെടുകയോ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയോ ചെയ്തു. ഇതിന് പിന്നില്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദാണ് എന്ന് ആരോപണം ഉയര്‍ന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം തുടങ്ങിയ ശേഷം ഹമാസിന് പിന്തുണ നല്‍കുന്നത് ഇറാനാണ് എന്ന് ഇസ്രായേല്‍ ആരോപിച്ചിരുന്നു. സിറിയയില്‍ വച്ച് ഇറാന്റെ പ്രമുഖ സൈനിക ഓഫീസര്‍മാരെ ഇസ്രായേല്‍ ബോംബിട്ട് കൊന്നതും ഇതിന് പിന്നാലെയാണ്. ഇസ്രായേലിനെതിരെ അറബ് ജനതയ്ക്കിടയില്‍ നിലനില്‍ക്കുന്ന വികാരം പരമാവധി മുതലെടുക്കാന്‍ ഇറാന്‍ ശ്രമിക്കുന്നുണ്ട്. ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ സാധിക്കുമെന്ന് ഇറാന്‍ കഴിഞ്ഞ മാസം തെളിയിക്കുകയും ചെയ്തു.

ഇതിനിടെയാണ് പ്രസിഡന്റ് ഇബ്രാഹീം റെയ്സി അസര്‍ബൈജാന്‍ അതിര്‍ത്തിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. പിന്നില്‍ മൊസാദിന്റെ സാന്നിധ്യം സംശയിക്കുന്നവരുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam