കേരളത്തിലെ കോൺഗ്രസിന് എന്തുപറ്റി..?

SEPTEMBER 9, 2025, 10:25 PM

കോൺഗ്രസ് പാർട്ടിയുടെ പൊതുസ്വഭാവം അതിന്റെ ജനകീയതയാണ്. അഭിപ്രായങ്ങൾ തുറന്നു പറയാനും പിണങ്ങാനും ഇണങ്ങാനും സ്വാതന്ത്ര്യമുള്ള രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിൽ വേറെ ഏതുണ്ട് ?. നേതാക്കൾ രണ്ടു സമാന്തര ചേരികളായി നയിച്ചിരുന്ന കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന് പല പ്രത്യേകതകളുമുണ്ടായിരുന്നു. ഒരു നേതാവിന്റെ നിലപാടിനോടും നയങ്ങളോടും എതിർപ്പുകൾ മറു ചേരിക്കൊപ്പം നിലകൊള്ളും.

രൂക്ഷമായ അഭിപ്രായ ഭിന്നതകളുണ്ടായാൽ പോലും പാർട്ടി വിട്ടു പോകില്ലെന്നതാണ് പ്രധാന കാര്യം. കെ.കരുണാകരനും എ.കെ ആന്റണിയും കോൺഗ്രസിനെ രണ്ടു ഗ്രൂപ്പുകളായി നയിച്ചതാണ്. അതിന്റെ തുടർച്ച ഉമ്മൻചാണ്ടി  രമേശ് ചെന്നിത്തല വിഭാഗങ്ങളിലുമുണ്ടായിരുന്നു. ആശയപരമായ വ്യത്യസ്ഥതയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുമൊക്കെ അതിൽ പ്രതിഫലിച്ചിരുന്നുവെങ്കിലും പാർട്ടി വളരുകയേ ഉണ്ടായിരുന്നുള്ളൂ.   

കേരളത്തിൽ കോൺഗ്രസ് പ്രസിഡന്റുമാരെ നിയമിക്കുമ്പോൾ അവരുടെ ആരോഗ്യവും പ്രായവുമൊക്കെ നോക്കിയിരുന്നുവെങ്കിൽ പലർക്കും കെ.പി.സി.സി. ഓഫീസ് പരിസരത്തുപോലും എത്താൻ സാധിക്കുമായിരുന്നില്ല. കെ.പി.സി.സി പ്രസിഡന്റുമാർ എപ്പോഴും ജനങ്ങളുടെ മനസിനൊത്തു പ്രവർത്തിക്കേണ്ടവരാണ്.

vachakam
vachakam
vachakam

സമീപകാലത്ത് കെ. സുധാകരനും വി.ഡി. സതീശനും മൂന്നാം തലമുറ നേതാക്കളെ മുന്നണിയിൽ നിർത്താൻ ശ്രമിച്ചു. കെ.സുധാകരന്റെ നേതൃത്വത്തിൽ ബൂത്ത് തലത്തിൽ പുന:സംഘടന നടപ്പാക്കി. ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. സി.പി.എമ്മിന്റെ അധികാരത്തെയും ആക്രമണങ്ങളെയും എതിരിട്ടു നിന്ന നേതാവ് സുധാകരനാണെന്ന് എല്ലാവരും സമ്മതിക്കുന്നു. പിണറായിയും സി.പി.എം ഗുണ്ടകളും ഏതെങ്കിലും ഒരു കോൺഗ്രസ് നേതാവിനെ ഭയന്നിട്ടുണ്ടെങ്കിൽ അത് കെ.സുധാകരനാണെന്ന് നിസംശയം പറയാം.

പക്ഷെ, കയ്യുംകാലും കെട്ടി അസുഖക്കാരനായി അദ്ദേഹത്തെ അപമാനിച്ചു വിടുകയായിരുന്നു. അദൃശ്യ ശക്തികളുടെ സമ്മർദ്ദത്തിൽ അദ്ദേഹം കെ.പി.സി.സി പ്രസിഡന്റിന്റെ പദവിയിൽ നിന്ന് പിന്മാറേണ്ടി വന്നു. അദ്ദേഹത്തെ മാറ്റിയ നടപടികൾ പാർട്ടി പ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കി. എന്തുകൊണ്ട് അദ്ദേഹത്തെ നീക്കി എന്ന് പാർട്ടി പ്രവർത്തകർക്ക് ഇപ്പോഴും മനസിലായിട്ടില്ല. പകരം വന്ന പ്രസിഡന്റ് സണ്ണി ജോസഫിനെ പാർട്ടിയെ പുന:സംഘടിപ്പിക്കുവാൻ അനുവദിക്കുന്നില്ല.

തദ്ദേശ തിരഞ്ഞെടുപ്പിനും അതിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിനും ഇനി മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. പ്രതിപക്ഷ പോരാട്ടങ്ങളുടെ മുൻനിരയിൽ നിൽക്കേണ്ട യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഇല്ലാതെ അനാഥരാണ്.

vachakam
vachakam
vachakam

കേരളത്തിലെ കോൺഗ്രസിന്റെ ശക്തി എപ്പോഴും ജനകീയ അടിത്തറയുള്ള നേതാക്കളായിരുന്നു. എന്നാൽ അവരെല്ലാം നിശ്ശബ്ദരാക്കപ്പെട്ടിരിക്കുകയാണ്. പാർട്ടിയെ ഭയം വേട്ടയാടുന്നു. 
കെ. കരുണാകരൻ മുതൽ രമേശ് ചെന്നിത്തല വരെ പ്രവർത്തകരെ ഹൃദയത്തിൽ ചേർത്തുനിർത്തിയിരുന്നു. അവർക്ക് അന്യബോധമില്ലായിരുന്നു.

ഉമ്മൻചാണ്ടിയുടെ കാലശേഷം അദ്ദേഹത്തെ സ്‌നേഹിച്ച വലിയൊരു വിഭാഗം പ്രവർത്തകർ ഇന്ന് ആശങ്കയിലും നിരാശയിലുമാണ്. സമീപകാലത്ത് രമേശ് ചെന്നിത്തല നടത്തിയ തുറന്നുപറച്ചിൽ അത്ഭുത്തോടെയാണ് പലരും കേട്ടത്. പാർലമെന്ററി പാർട്ടിയിൽ ഭൂരിപക്ഷം എം.എൽ.എമാരുടെയും ഉമ്മൻചാണ്ടിയെ പോലുള്ള ജനകീയ നേതാവിന്റെയും ഉറച്ച പിന്തുണ ചെന്നിത്തലയ്ക്ക് ഉണ്ടായിരുന്നു. ഒരൊറ്റ രാത്രികൊണ്ട് കേരളത്തിലെ പാർട്ടിയുടെ തീരുമാനം അട്ടിമറിച്ച് രമേശ് ചെന്നിത്തലയെ മാറ്റിനിർത്തിയത് ആരാണ്?.   

ഇനിയെങ്കിലും പാഠം ഉൾക്കൊണ്ട് നേതൃത്വം ഉണരണം. ഇപ്പോൾ അധികാരം ഒരാളിലേക്കോ അല്ലെങ്കിൽ അയാൾ തിരഞ്ഞെടുക്കുന്ന കുറച്ച് ആളുകളിലേക്കോ ചുരുങ്ങുന്ന ദയനീയ അവസ്ഥയാണ് നമ്മൾ കാണുന്നത്. പ്രതിപക്ഷ നേതാവ് പാർട്ടി പ്രസിഡന്റ് പറയുന്ന നയങ്ങൾക്കൊപ്പം പ്രവർത്തിക്കേണ്ടയാളാണ്.

vachakam
vachakam
vachakam

കേരളത്തിലെ കോൺഗ്രസിന്റെ ശക്തി എല്ലായ്‌പ്പോഴും ജനങ്ങളോടുള്ള അടുപ്പമായിരുന്നു. എന്നാൽ ഇന്ന് ആ പരമ്പരാഗത ജനകീയ ബന്ധം മങ്ങിയിരിക്കുകയാണ്.  വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ട് പാർട്ടിയെ പ്രതീക്ഷയോടെ മുന്നോട്ടുകൊണ്ടുപോകാൻ നേതൃത്വം തയ്യാറാകണം.

ജെയിംസ് കൂടൽ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam