അമേരിക്കയെ പങ്കാളിയാക്കി വന്‍ കളികള്‍ക്ക് യുഎഇ

SEPTEMBER 25, 2024, 6:20 PM

യുഎഇയും അമേരിക്കയും തമ്മില്‍ വ്യാപര ബന്ധം കൂടുതല്‍ ശക്തമാകുകയാണ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആദ്യ ഔദ്യോഗിക അമേരിക്കന്‍ യാത്ര യുഎഇ-യുഎസ് സാമ്പത്തിക വളര്‍ച്ചയെയും നവീകരണത്തെയും പ്രോല്‍സാഹിപ്പിക്കുമെന്നാണ് തിങ്കളാഴ്ച വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവരുമായി ഷെയ്ഖ് മുഹമ്മദിന്റെ കൂടിക്കാഴ്ചയുടെ അജണ്ടയില്‍ ഗാസയിലെ യുദ്ധം പോലുള്ള പ്രധാന പ്രാദേശിക വെല്ലുവിളികളെക്കുറിച്ചുള്ള ചര്‍ച്ചകളും ഉള്‍പ്പെട്ടേക്കും. എന്നാല്‍ പരമ്പരാഗതമായ ബന്ധത്തിന് അപ്പുറത്തേക്ക് ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ യുഎഇ ശ്രമിക്കുന്നതിനാല്‍ സാമ്പത്തിക പുനക്രമീകരണമാണ് പ്രാഥമിക ലക്ഷ്യമെന്നാണ് യുഎഇ പ്രസിഡന്റിന്റെ ഏറ്റവും മുതിര്‍ന്ന നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് ദുബായില്‍ ഒരു ബ്രീഫിംഗില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കുകയുണ്ടായി.

പ്രാദേശിക സംഘര്‍ഷം, എണ്ണ, പ്രതിരോധം എന്നിവയോടൊപ്പം തന്നെ വ്യാപാര പങ്കാളിത്തവും ചര്‍ച്ചാ വിഷയമാകും. സാമ്പത്തിക, സുരക്ഷാ സഹകരണം വിപുലീകരിക്കാന്‍ യുഎഇ പ്രസിഡന്റ് ശ്രമിക്കുമെന്ന് മാത്രമല്ല, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പുനരുപയോഗ ഊര്‍ജം, കാലാവസ്ഥ, ബഹിരാകാശം തുടങ്ങിയ പ്രധാന മേഖലകളിലും പുതിയ കാല്‍വെപ്പുകള്‍ നടത്തും.

യുഎഇയിലെ മുന്‍നിര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനമായ ജി 42-ല്‍ 1.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം മൈക്രോസോഫ്റ്റ് ഏപ്രിലില്‍ നടത്തിയിരുന്നു. ചൈനയുമായുള്ള നിക്ഷേപവും നയതന്ത്ര ബന്ധങ്ങളും നിലനിര്‍ത്തുന്നതിനൊപ്പം തന്നെ അമേരിക്കന്‍ നിക്ഷേപം ആകര്‍ഷിക്കുക എന്ന യുഎഇയുടെ ലക്ഷ്യത്തെ ശക്തിപ്പെടുത്തിക്കൊണ്ട് യുഎസിന്റെ പ്രധാന ബിസിനസ് നേതാക്കളുമായും ടെക് എക്‌സിക്യൂട്ടീവുകളുമായും അല്‍നഹ്യാന്‍ കൂടിക്കാഴ്ചകള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെയ്ജിംഗുമായി അമേരിക്കന്‍ സാങ്കേതിക വിദ്യ പങ്കിടുന്നതിനെക്കുറിച്ചുള്ള ഭയം കാരണം യുഎഇക്ക് ചിപ്പ് സാങ്കേതിക വിദ്യ നല്‍കുന്നതില്‍ അമേരിക്ക ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം ചില നിയന്ത്രണങ്ങളുണ്ടെങ്കിലും അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനില്‍ക്കുന്ന വ്യാപാര നിക്ഷേപ പങ്കാളിത്തമാണ് അമേരിക്കയ്ക്കും യുഎഇയ്ക്കും ഇടയിലുള്ളത്.

2023 ല്‍ യുഎഇയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 31.4 ബില്യണ്‍ ഡോളറായിരുന്നു. യുഎ ഇയിലേക്കുള്ള യു എസിന്റെ കയറ്റുമതി 24.8 ബില്യണ്‍ ഡോളറില്‍ കൂടുതലാണെന്ന് വാഷിംഗ്ടണ്‍ ഡി സി യിലെ യു എ ഇ എംബസിയും അറിയിച്ചിട്ടുണ്ട്. ലോകത്തെ എണ്ണ വിതരണത്തിന്റെ ഏകദേശം 4% ഉത്പാദിപ്പിക്കുന്ന യുഎഇക്ക് അമേരിക്കയില്‍ മൊത്തം 1 ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപമുണ്ട്. മാത്രമല്ല അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയും മുബദാലയും ഉള്‍പ്പെടെയുള്ള യുഎഇ സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ടെക്നോളജി മേഖലകളിലെ പ്രധാന നിക്ഷേപകരാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam