ട്രംപ് ഇപ്‌ക്ടോ  ! ഒടുവില്‍ ഗാസ സമാധാനത്തിലേക്ക്: ട്രംപിന്റെ നൊബേല്‍ സ്വപ്‌നം സഫലമാകുമോ ?

OCTOBER 9, 2025, 12:38 AM

രണ്ട് വര്‍ഷത്തെ യുദ്ധം അവസാനിപ്പിച്ച് ഗാസ സമാധാനത്തിലേക്കേയ്ക്ക് നീങ്ങുമ്പോള്‍ ട്രംപിന്റെ നൊബേല്‍ അവകാശവാദവും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ട്രംപിന്റെ 20 നിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് കെയ്റോയില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും ധാരണയായത്. സമാധാന കരാറിന്റെ ആദ്യ ഘട്ടം ഉടന്‍ നിലവില്‍ വരുമെന്ന് ട്രംപ് അറിയിച്ചു. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കാനും ധാരണയായി.

ട്രംപ് ഇഫക്ട്

ധാരണ പ്രകാരം ഇസ്രയേല്‍ സൈന്യം മേഖലയില്‍ നിന്നും പൂര്‍ണമായി പിന്‍വാങ്ങും. ട്രംപ് മുന്നോട്ടുവച്ച 20 ഇന ഗാസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് ട്രംപ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. സമാധാനത്തിലേക്കുള്ള ആദ്യ ചുവടുകളായി ഇസ്രയേല്‍ അവരുടെ സൈന്യത്തെ ഇരുകൂട്ടരും അംഗീകരിക്കുന്ന മേഖലയയിലേക്ക് പിന്‍വലിക്കും. എല്ലാ കക്ഷികളോടും നീതിപൂര്‍വ്വം പെരുമാറും. ചരിത്രപരമായ കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ സഹകരിച്ച ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നി രാജ്യങ്ങളില്‍ നിന്നുള്ള മധ്യസ്ഥര്‍ക്ക് ട്രംപ് നന്ദി പറഞ്ഞു. സമാധാന സ്ഥാപകര്‍ അനുഗ്രഹീതരാണെന്നും ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

ട്രംപ് ഈജിപ്റ്റിലേയ്ക്ക്

വെടിനിര്‍ത്തല്‍ എത്രയും വേഗം നടപ്പാക്കാനും ബന്ദികളുടെ മോചനം വേഗത്തിലാക്കാനും ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകന്‍ ജറീദ് കഷ്‌നര്‍ എന്നിവരടങ്ങിയ യുഎസ് സംഘമാണ് നേതൃത്വം നല്‍കുന്നത്. താന്‍ ഈ ആഴ്ച ഈജിപ്റ്റിലെത്തിയേക്കുമെന്ന് ട്രംപും സൂചിപ്പിച്ചിട്ടുണ്ട്. സമാധാന കരാര്‍ ഒപ്പിടുന്നതിന് ട്രംപും സാക്ഷിയാകും. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികമായ ചൊവ്വാഴ്ച മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ച ട്രംപ്, യുദ്ധം ഉടന്‍ അവസാനിക്കുമെന്നും പശ്ചിമേഷ്യയില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷയുണ്ടെന്നും പ്രതികരിച്ചിരുന്നു. 

എന്തുകൊണ്ട് നൊബേല്‍ അവകാശവാദം

ഇത്തവണ സമാധാന നൊബേലിനായി ഏറ്റവുമധികം അവകാശവാദം ഉന്നയിച്ച വ്യക്തി ട്രംപാണ്. താന്‍ ഈ ബഹുമതിക്ക് അര്‍ഹനാണെന്ന് വിശദീകരിക്കാന്‍, പല വേദികളും ട്രംപ് ഉപയോഗപ്പെടുത്തിയിരുന്നു. അതിനൊക്കെ തക്കതായ കാരണങ്ങളും അദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പാക്കിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍, കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റ് എന്നിവര്‍ പുരസ്‌കാര സമിതിക്ക് ട്രംപിനെ നാമനിര്‍ദേശം ചെയ്തവരില്‍പ്പെടുന്നു.

കൂടാതെ യുഎസിലെ കോണ്‍ഗ്രസ് അംഗം ബഡ്ഡി കാര്‍ട്ടറും ട്രംപിനെ നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഏഴു രാജ്യാന്തര സംഘര്‍ഷങ്ങളെങ്കിലും അവസാനിപ്പിച്ചതിന് നൊബേല്‍ സമ്മാനം ലഭിച്ചില്ലെങ്കില്‍ അതു തന്റെ രാജ്യത്തിന് അപമാനമാകുമെന്ന് വെര്‍ജീനിയയില്‍ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കവെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ട്രംപ് വീണ്ടും അവകാശവാദം ഉന്നയിച്ചത്. ആ അവകാശവാദത്തിന് ഇന്ന് ഗാസ ഒരു ഉത്തരമായിരിക്കുകയാണ്.

'നിങ്ങള്‍ക്ക് നൊബേല്‍ സമ്മാനം ലഭിക്കുമോ? തീര്‍ച്ചയായും ലഭിക്കില്ല. ഒരു കാര്യവും ചെയ്യാത്ത ഒരാള്‍ക്ക് അവര്‍ അത് നല്‍കും. ഞാന്‍ നിങ്ങളോട് പറയുന്നു, അത് നമ്മുടെ രാജ്യത്തിനു വലിയ അപമാനമായിരിക്കും. എനിക്ക് അത് വേണ്ട. എന്നാല്‍ രാജ്യത്തിന് അത് ലഭിക്കണം. രാജ്യത്തിന് തീര്‍ച്ചയായും അത് ലഭിക്കണം, കാരണം ഇങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല' - ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു. 

ബന്ദി മോചനം ശനിയാഴ്ച ആരംഭിക്കും

ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ ഡൊണള്‍ഡ് ട്രംപിനെ നെതന്യാഹു ക്ഷണിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ദൈവത്തിന്റെ സഹായത്തോടെ ബന്ദികളെയെല്ലാം വീട്ടില്‍ തിരിച്ചെത്തിക്കുമെന്ന് നെതന്യാഹു പ്രസ്താവന നടത്തി. കരാര്‍ അംഗീകരിക്കുന്നതിനായി ഇന്ന് സര്‍ക്കാര്‍ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. ബന്ദികളെ മോചിപ്പിക്കുന്നത് ശനിയാഴ്ച ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

ജീവിച്ചിരിക്കുന്ന ബന്ദികളെ കൈമാറുമെന്ന് ഹമാസ്

ഗാസ സമാധാനപദ്ധതിയുടെ ആദ്യ ഘട്ട കരാര്‍ അംഗീകരിച്ചെന്ന് ഹമാസ് സ്ഥിരീകരിച്ചു. ധാരണപ്രകാരം ഇസ്രയേല്‍ സൈന്യം നിലവില്‍ നിലയുറപ്പിച്ചിരിക്കുന്ന പ്രദേശത്തു നിന്നു പിന്മാറുന്നതും ബന്ദികളെയും തടവുകാരെയും കൈമാറുന്നതും ഉള്‍പ്പെടുമെന്നും ഹമാസ് അറിയിച്ചു. എന്നാല്‍, വെടിനിര്‍ത്തല്‍ പൂര്‍ണമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ട്രംപിനോടും മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങളോടും ആവശ്യപ്പെട്ടുവെന്നും പ്രസ്താവനയില്‍ ഹമാസ് അറിയിച്ചു. കരാര്‍ ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകരിച്ച് 72 മണിക്കൂറിനുള്ളില്‍ ജീവിച്ചിരിക്കുന്ന ബന്ദികളെ കൈമാറുമെന്ന് ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു. മോചിപ്പിക്കുന്ന ബന്ദികളുടെയും പകരം വിട്ടയയ്ക്കേണ്ട പലസ്തീന്‍ തടവുകാരുടെയും പട്ടിക ബുധനാഴ്ച ഹമാസ് കൈമാറിയിരുന്നു.

ഗാസയില്‍ ബാക്കിയായതെന്ത് ?

രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും എത്തിച്ചേരാനാകാതെ, ആയിരക്കണക്കിന് ജീവനുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയിലാണ്. മനസിനും ശരീരത്തിനും മുറിവേറ്റ, നിരന്തരം പലായനം ചെയ്യേണ്ടിവന്ന ലക്ഷക്കണക്കിനാളുകള്‍. ബോംബാക്രമണങ്ങളില്‍ 90 ശതമാനവും തകര്‍ന്നുതരിപ്പണമായി ജീവിതയോഗ്യമല്ലാതായിതീര്‍ന്ന നാട്. നടന്നത് വംശഹത്യയാണെന്ന് ലോകം പറഞ്ഞിട്ടും ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക കമ്മിറ്റി അത് സ്ഥിരീകരിച്ചത് രണ്ടാഴ്ച മുന്‍പ് മാത്രമാണ്. യുദ്ധം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴാണ് സമാധാന ശ്രമങ്ങള്‍ക്ക് ഫലം ഉണ്ടായത്. അതിന് ട്രംപ് അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. പക്ഷേ ഗാസ ശാന്തമാകണമെങ്കില്‍ ഇനിയും കാത്തിരിക്കണം. കാരണം സംസ്‌കാരസമ്പന്നനായ മനുഷ്യന് ചിന്തിക്കാനാവുന്നതിനും അപ്പുറം ഭയാനകമാണ് അവിടത്തെ ഇന്നത്തെ സ്ഥിതി.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam