'ജനമൈത്രി' യുടെ ക്യാമറകളിൽ ഇടിമുറി, ഇടിക്കുള, ഡ്രാക്കുള...

SEPTEMBER 10, 2025, 8:21 AM

ഒരു കുലുക്കി സർബത്ത് കുടിച്ച ഹരത്തിലാണ് കേരളത്തിലെ സർക്കാർ ജീവനക്കാരും, പെൻഷൻകാരും. സർക്കാർ 20,000 കോടി രൂപ കടമെടുത്താണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകിയത്. കാണം വിറ്റല്ല, മലയാളിയുടെ പഴയകാല അടിവസ്ത്രത്തോട് സാദൃശ്യമുള്ളതെന്തോ ഒക്കെ വിറ്റാണ് ഓണഘോഷം സർക്കാർ അടിപൊളിയാക്കിയത്.

ഇന്നലെ (ചൊവ്വ) കൊട്ടും കുരവയുമായി സർക്കാർ വക ഔദ്യോഗിക ഓണഘോഷ പരിപാടികൾക്ക് തലസ്ഥാനത്ത് അന്ത്യമാവുകയും ചെയ്തു. ചാനലുകളിൽ ഓണബഹളം ആഴ്ചകൾക്കു മുമ്പേ തുടങ്ങിയിരുന്നു. ഓണം മാസ് ഓണമായും 'വക്കാ ലക്കാ' ഓണമായുമെല്ലാം ചില ഇലക്‌ട്രോണിക്‌സ് കടക്കാർ അടിച്ചു പൊളിച്ചു. മൊത്തം കാശു കൊടുത്ത് ഇപ്പോൾ മലയാളി ഒന്നും വാങ്ങുന്നില്ല. ഓണമാഘോഷിക്കാൻ എത്തിയ പ്രവാസി മലയാളികൾ മാത്രമാണ് രൊക്കം പണം കൊടുത്ത് എന്തെങ്കിലും വാങ്ങുന്നത്.

മലയാളി ഇപ്പോൾ മാസതവണകളായി (ഇ.എം.ഐ.) അടയ്ക്കാവുന്ന രീതിയിലാണ് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ വാങ്ങാറുള്ളത്. ഒറ്റത്തവണയല്ലാത്തതുകൊണ്ട് ഭാരിച്ച വിലകളുടെ ആഘാതമൊന്നും മലയാളി അറിയുന്നതേയില്ല. മാസക്കണക്കിനുള്ള തവണകളടച്ച് പലതും സ്വന്തമാക്കുന്നതാണ് ഇപ്പോഴത്തെ ഒരു ജീവിതശൈലി. അങ്ങനെ 'പത്ത് ന.പ' കൊടുക്കാതെ ലക്ഷത്തിനപ്പുറം വിലവരുന്നവയെല്ലാം വാങ്ങി ജനം ഹാപ്പിയായി കഴിയുകയാണിപ്പോൾ.

vachakam
vachakam
vachakam

ജനമൈത്രിയല്ല, 'ഇടി' മൈത്രി

ജനമൈത്രി പൊലീസ് സ്റ്റേഷനുകൾ കേരളത്തിന് അഭിമാനിക്കാവുന്ന ഒരു ക്രമസമാധാന പരിഷ്‌ക്കരണ നടപടിയായിരുന്നു. ഇതേ ജനമൈത്രി പൊലീസ് സ്റ്റേഷനുകൾ കോവിഡ് കാലം കഴിഞ്ഞതോടെ പരാതിക്കാർക്ക് ഇടിക്കൂടായി മാറിയെന്നാണ് പരാതി. വർഷങ്ങൾ പഴക്കമുണ്ട് പല കേസുകൾക്കും. പൊലീസ് വകുപ്പിനെയല്ല, വകുപ്പ് ഭരിക്കുന്ന പിണറായിയെ പ്രതിപക്ഷം ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന സി.പി.എം. ആരോപണം മുഴുവൻ പൊളിയാണെന്നു പറയാനാവില്ല എന്നാൽ സി.സി.ടിവി ദൃശ്യങ്ങളോടെ കുന്നുംകുളം ലോക്കപ്പ് മർദ്ദനം മാധ്യമങ്ങളിൽ തലക്കെട്ടുകൾ പിടിച്ചു പറ്റിയതോടെയാണ് എല്ലാം തകിടം മറിഞ്ഞത്.

കോവിഡ് കാലത്തു നയാപൈസ പൊലീസിന് കിമ്പളമായി കിട്ടിയിരുന്നില്ല. കോവിഡ് കഴിഞ്ഞപ്പോൾ എങ്ങനെയും മുടങ്ങിപ്പോയ കിമ്പളം സംഘടിപ്പിക്കാൻ ചില പൊലീസുകാർ ശ്രമിച്ചു തുടങ്ങി. ഒരു യൂത്തു കോൺഗ്രസുകാരന്റെ തലയ്ക്ക് ഡിഫിക്കാരൻ ചെടിച്ചട്ടിവച്ചടിച്ചതും മുഖ്യന്റെ ഗൺമാൻ സമരക്കാരെ വലിയ വടികൊണ്ട് തല്ലിച്ചതച്ചതെല്ലാം 'രക്ഷാകര പ്രവർത്തന'മാണെന്നു പിണറായി പറഞ്ഞതോടെ തരികിട നടത്താൻ ചില പോലീസുകാർക്ക് ആത്മവീര്യം കൂടുതൽ കിട്ടി. പണം കിട്ടാൻ പൊലീസ് എന്തും ചെയ്യുമെന്ന രീതിയിലുള്ള സംഭവങ്ങളാണ് ഇപ്പോൾ നാം പറഞ്ഞു കേൾക്കുന്നത്. കുറ്റക്കാരായ പൊലീസുകാർക്കെതിരെയുള്ള പരാതികൾ മുഖ്യമന്ത്രി പോലും അവഗണിച്ചുവെന്നു മാത്രമല്ല, ഒരാളെ ഡിവൈ.എസ്.പി.യായി പ്രെമോട്ട് ചെയ്തുവെന്നും പത്രങ്ങൾ പറയുന്നു.

vachakam
vachakam
vachakam

ഇടിക്കുളമാരും ഡ്രാക്കുളമാരും

ജനം നൽകുന്ന നികുതിപ്പണത്തിൽ നിന്ന് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയ ശേഷം അവരുടെ നെഞ്ചത്തേയ്ക്ക് തന്നെ കയറാൻ കേരളാ പൊലീസിലെ ചിലർക്കെങ്കിലും എങ്ങനെ ധൈര്യമുണ്ടായി? ഇവിടെ രണ്ട് കാരണങ്ങൾ കാണാം: ഒന്ന് : പൊലീസിലെ രാഷ്ട്രീയവത്ക്കരണം. രണ്ടാമതായി പൊലീസിലെ യൂണിയൻ രൂപീകരണം. പൊലീസുകാർ സംഘടിക്കുന്നത് സേനയിലുള്ളവരുടെ നന്മയ്ക്ക് വേണ്ടിയല്ലെന്ന് ഇപ്പോൾ വ്യക്തമായി കഴിഞ്ഞു. അതല്ലെങ്കിൽ തൊഴിൽ ഭാരം കൊണ്ട് 5 വർഷത്തിനുള്ളിൽ ആത്മഹത്യ ചെയ്ത 82 പൊലീസുകാരെ പൊലീസിലെ യൂണിയൻകാർ  മറന്നതെന്തുകൊണ്ട്? 5 വർഷം കഴിയുമ്പോൾ ഭരണം മാറാതിരുന്നതോടെ, പല കൈക്കൂലിക്കാരും പൊലീസിൽ കൂടുതൽ ശൗര്യത്തോടെ അഴിമതിയും മർദ്ദനവും തുടർന്നതായി വേണം കരുതാൻ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ടുകൊണ്ടിരിക്കുന്ന പൊലീസ് സ്റ്റേഷനുകളിലെ അക്രമ വിഷ്വലുകൾക്ക് നന്ദി പറയേണ്ടത് സുപ്രീംകോടതിയോടാണ്. അഞ്ചുവർഷങ്ങൾക്കു മുമ്പ്, 2020ലാണ് സുപ്രീംകോടതി പൊലീസ് സ്റ്റേഷനുകളിൽ രാത്രികാല കാഴ്ചപോലും ഉറപ്പാക്കുന്ന വിധം സിസിടിവികൾ സ്ഥാപിക്കാൻ ഉത്തരവിട്ടത്. ഈ ദൃശ്യങ്ങൾ ഒന്നരവർഷക്കാലം സൂക്ഷിച്ചുവയ്ക്കണമെന്നും, ആരെങ്കിലും പരാതിപ്പെട്ടാൽ ആ ദൃശ്യങ്ങൾ നൽകണമെന്നും കോടതി നിർദ്ദേശിക്കുകയുണ്ടായി. എന്നിട്ടും കഴിഞ്ഞ 8 മാസങ്ങൾക്കുള്ളിൽ രാജ്യത്ത് 11 കസ്റ്റഡി മരണങ്ങൾ അരങ്ങേറി ക്യാമറക്കണ്ണിൽ പെടാതെ പൊലീസ് വാഹനങ്ങളിലും മറ്റുമായി ഇന്നും പൊലീസിലെ 'ഇടിക്കുള' മാർ അഴിഞ്ഞാടുന്നുണ്ട്. രാഷ്ട്രീയ പ്രോത്സാഹനം കൂടി ലഭിക്കുന്നതോടെ ഇതേ 'ഇടിക്കുളച്ചേട്ടന്മാർ' ഡ്രാക്കുളമാരായി മാറുന്നു. 

vachakam
vachakam
vachakam

'പൊളിയോണ' വും 'കരഞ്ഞോണ' വും

കേരളത്തിൽ ചിലർ ഓണം അടിപൊളിയായി ആഘോഷിച്ചുവെന്നതാണ് നേര്. പക്ഷെ, 'കരഞ്ഞോണ'ക്കാരെയും ഇത്തവണ സങ്കടനിരയിൽ കാണാൻ കഴിഞ്ഞു. ആദ്യം കടലോരത്തെ കരഞ്ഞോണക്കാരെക്കുറിച്ചാകട്ടെ. മീൻപിടിക്കുന്നവർക്ക് ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പട്ടിണിയാണ് പതിവ്. ഈ പഞ്ഞ മാസങ്ങളിൽ വിതരണം ചെയ്യാനായി സമ്പാദ്യ സമാശ്വാസ പദ്ധതി എന്ന പേരിൽ സർക്കാർ 1500 രൂപ വീതം പിരിച്ച് പെട്ടിയിലിട്ടിരുന്നു. എന്നാൽ പഞ്ഞ മാസങ്ങളിൽ ഈ പണം മത്സ്യത്തൊഴിലാളികൾക്ക് കിട്ടിയില്ല. സെപ്തംബറിൽ മാത്രം 1 തവണ 'ആശ്വാസതുക' കിട്ടി. അത്രതന്നെ. ഇപ്പോൾ പിരിച്ചെടുത്ത തുകയെപ്പറ്റി സർക്കാർ മൗനം പാലിക്കുന്നു.

മത്സ്യത്തൊഴിലാളികളോട് കേന്ദ്രസർക്കാർ ചെയ്യുന്നതും കൊടും ചതിയാണ്. കേരളത്തിൽ 1,49,755 മത്സ്യത്തൊഴിലാളികളാണ് രജിസ്റ്റർ ബുക്കിലുള്ളത്. ഇവരിൽ 1,36,625 പേർ കടലിൽ നിന്ന് മീൻ പിടിക്കുന്നവരാണ്. 14,130 പേർ ഉൾനാടൻ മത്സ്യത്തൊഴിലാളികളും. പഞ്ഞ മാസങ്ങളിൽ ഈ മത്സ്യത്തൊഴിലാളികൾക്ക് കൊടുക്കാൻ കേന്ദ്രം നൽകേണ്ടത് 20.95 കോടി രൂപയാണ്. പക്ഷെ ആ തുക എന്തുകൊണ്ടോ കേന്ദ്രം ഇതുവരെ കൈമാറിയിട്ടില്ല.

അടുത്ത 'കരഞ്ഞോണ'ക്കാരെ നമുക്ക് എറണാകുളം ജില്ലയിലെ അമ്പലമുകളിൽ കാണാം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അഞ്ചു തവണ വാസയോഗ്യമല്ലെന്ന് പ്രഖ്യാപിച്ച അമ്പലമുകൾ അയ്യൻകുഴിയിലെ 9.5 ഏക്കറിൽ താമസിക്കുന്ന 42 കുടുംബങ്ങളാണ് ഓണനാളുകളിൽ ദുരിതം നിറഞ്ഞ ഓണമാഘോഷിക്കേണ്ടി വന്നത്. 2025 ജൂലൈ 8ന് കൊച്ചിൻ റിഫൈനറിയിൽ അഗ്‌നിബാധയുണ്ടായി. ഇതോടെ 42 കുടുംബങ്ങളെയും ചോറ്റാനിക്കരയിലെ ഒരു ലോഡ്ജിലേക്ക് അധികൃതർ മാറ്റുകയായിരുന്നു. ഇവർക്ക് സർക്കാർ ഭക്ഷണം നൽകിയിരുന്നു. ഒന്നരമാസം കഴിഞ്ഞപ്പോൾ സൗജന്യ ഭക്ഷണം കിട്ടാതായി. കമ്പനികളുടെ വായുമലിനീകരണം മൂലം പൊറുതിമുട്ടിയ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചവർ ഇപ്പോൾ രംഗത്തില്ല.

ലോഡ്ജ് ഉടമയാകട്ടെ, ഈ വീട്ടുകാരെ ഇറക്കിവിടാൻ ശ്രമിക്കുകയാണ്. ലോഡ്ജിലെ മുറികളിൽ ഭക്ഷണം പാചകം ചെയ്യാൻ ലോഡ്ജ് ഉടമ സമ്മതിക്കുന്നില്ല. വൃദ്ധരും രോഗികളും കുട്ടികളുമെല്ലാമടങ്ങിയ ഈ കുടുംബങ്ങളെ ഓണത്തിനു പോലും ഒരൊറ്റ രാഷ്ട്രീയക്കാരും തിരക്കിയെത്തിയില്ല. കൊച്ചിൻ റിഫൈനറിയുടെയും ഏച്ച്.ഒ.സി.യുടെയും മതിലുകൾക്കുള്ളിലുള്ള 9.5 ഏക്കർ സ്ഥലം ന്യായമായ വില ലഭിച്ചാൽ ഏതു കമ്പനിക്കും വിൽക്കാൻ 42 കുടുംബങ്ങളും സന്നദ്ധരാണ്. പക്ഷെ ഭൂമി ചുളുവിലയ്ക്ക് തട്ടിയെടുക്കാനുള്ള തന്ത്രമാണ് കമ്പനികൾ പയറ്റുന്നതെന്ന ആരോപണമുയർന്നിട്ടുണ്ട്.

നെറ്റ് വർക്ക് തകരാർ മൂലം ഓണക്കിറ്റുകളുടെ വിതരണം തടസ്സപ്പെട്ടതും റേഷൻ കടയുടമകൾക്കുള്ള ഉൽസവബത്ത (1000 രൂപ) മുടങ്ങിയതുമെല്ലാം അച്ചടി മാധ്യമങ്ങളിൽ എവിടെയൊക്കെയോ കൊച്ചു വാർത്തകളായി വളഞ്ഞുകൂടിക്കിടന്നു. തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ ആശാസമരക്കാരോടൊപ്പം ഓണദിനത്തിൽ കുറെ സമരക്കാരെത്തിയിരുന്നു. പശ ക്ഷാമം മൂലം പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളും ഓണനാളുകളിൽ അടഞ്ഞു കിടന്നു. 90% ഫാക്ടറിത്തൊഴിലാളികളും ഒഡീഷയിൽ നിന്നും ബംഗാളിൽ നിന്നുമുള്ള അന്യസംസ്ഥാനത്തൊഴിലാളികളാണ്. യൂറിയയുടെ വിലക്കയറ്റം മൂലം കപ്പയിൽ നിന്ന് പശയുണ്ടാക്കാനുള്ള ശ്രമം വിജയിച്ചത് പ്ലൈവുഡ് കമ്പനികൾക്ക് ആശ്വാസമാണ്.

2 വർഷമായി ശമ്പളം ഗഡുക്കളായി നൽകി വരുന്ന വെജിറ്റബിൾ ആന്റ് ഫ്രൂട്ട്‌സ് പ്രെമോഷൻ കൗൺസിലിലെ ജീവനക്കാർക്കും ഇത്തവണ ഓണദിനങ്ങൾ സങ്കട ദിനങ്ങളായിരുന്നു ശമ്പളം മുടങ്ങിയതിന്റെ പേരിൽ ഒരു ജോലിക്കാരൻ ഓഗസ്റ്റ് 7ന് ആത്മഹത്യ ചെയ്തിരുന്നു. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി കുടിശ്ശിക മാത്രം 11 കോടിയുണ്ട്. വിരമിക്കൽ ആനുകൂല്യം 3.5 കോടി, പി.എഫ്. കുടിശ്ശിക 18 ലക്ഷം എന്നിങ്ങനെയും ഈ സർക്കാർ ഏജൻസിക്ക് ബാധ്യത വന്നിട്ടുണ്ട്.
ഇത്തവണ ചൂരൽമല മുണ്ടക്കൈ ദുരിത ബാധിതരെ ഒരു ചാനലും ഓണദിനങ്ങളിൽ ഓർമ്മിച്ചതേയില്ല.

പകരം ആഗസ്റ്റ് 31ന് വയനാട് തുരങ്കപ്പാതയ്ക്ക് തറക്കല്ലിട്ട് ഓളം തീർക്കുകയാണ് സർക്കാർ ചെയ്തത്. വയനാട് ചുരത്തിലെ മണ്ണിടിച്ചിൽ ഓണനാളുകളെ ഭീതിയിലാഴ്ത്തിയെങ്കിലും, ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ തുരങ്കപ്പാതയെന്ന 'വിശേഷ കാര്യം' പറഞ്ഞ് വയനാട് ദുരിതബാധിതരുടെ ഓണദിനങ്ങൾക്കു മേൽ മാധ്യമങ്ങൾ കരിമ്പുതപ്പിട്ട് മറയ്ക്കുകയായിരുന്നു. ഇതിനിടെ കേന്ദ്ര സർക്കാരിന്റെ അതിക്രൂരമായ ഒരു 'ഓണത്തമാശ' കൂടി ഹൈക്കോടതിയിൽ നിന്ന് കേൾക്കേണ്ടി വന്നു.

വയനാട്ടിലെ ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളേണ്ടത് ഏത് മന്ത്രാലയമാണെന്ന കൺഫ്യൂഷനിലാണ് കേന്ദ്രമത്രെ. ഒരു ജനാധിപത്യ രാഷ്ട്രമായിട്ടും കുത്തക കമ്പനികളുടെ 'കിട്ടാക്കടം' എഴുതിത്തള്ളാൻ മൽസരിക്കുന്ന കേന്ദ്രഭരണകൂടം ഒരു നീതിപീഠത്തിന്റെ മുഖത്തുനോക്കി കേന്ദ്രം ഇങ്ങനെ പറഞ്ഞത്, ആ ദുരന്തബാധിതരുടെ മുമ്പിൽ പല്ലിളിച്ചു കാണിക്കലായി.

കടങ്ങളുടെ 'മല' കഠിനം തന്നെ

ഫയൽ അദാലത്തിലൂടെ സർക്കാർ മെഷിനറി അനങ്ങിത്തുടങ്ങിയെന്നാണ് നാം കരുതിയത്. പക്ഷെ ഫയലുകൾ തീർപ്പാക്കുന്നതിൽ ഇപ്പോഴും കാലതാമസമുണ്ട്. മാത്രമല്ല, സർക്കാരിലെ 15 വകുപ്പുകൾ വരവ് ചെലവ് കണക്കുകൾ ഇതുവരെ നൽകിയിട്ടില്ലെന്നും, അനാസ്ഥ തുടർന്നാൽ അച്ചടക്ക  നടപടി എടുക്കേണ്ടിവരുമെന്നും ചീഫ് സെക്രട്ടറി എ.ജയതിലക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. പൊതുവിദ്യാഭ്യാസം, ആരോഗ്യ വിദ്യാഭ്യാസം, ആരോഗ്യം, ഹോമിയോ, കോളജ് വിദ്യാഭ്യാസം, വ്യവസായം, പ്ലന്റേഷൻ, തദ്ദേശം, പുരാവസ്തു തുടങ്ങിയ വകുപ്പുകളിലെ ഡയറക്ടർമാരും ആരോഗ്യ സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മീഷണർ, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി, ഹൈക്കോടതി രജിസ്ട്രാർ, ഇലക്ഷൻ കമ്മീഷൻ സെക്രട്ടറി, ധനകാര്യ കമ്മീഷൻ സെക്രട്ടറി എന്നിവരുമാണ് ഇനിയും കണക്കുകൾ നൽകാത്തവർ.

7 ദിവസത്തിനകം കണക്ക് ബോധിപ്പിക്കണമെന്ന് ഉത്തരവിലുണ്ട്. ഈ കണക്കുകൾ ലഭിച്ചാൽ അവ ഏ.ജി. പരിശോധിച്ച് സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് കൈമാറണമെന്നാണ് ചട്ടം. കഴിഞ്ഞ 2 വർഷമായി കേരളം കണക്ക് നൽകുന്നില്ലെന്ന പരാതി കേന്ദ്രം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത്തവണ കണക്ക് കിട്ടിയില്ലെങ്കിൽ സംസ്ഥാനത്തിന്റെ ഇനിയുള്ള കടമെടുപ്പ് ഗോപിയാകുമെന്ന കാര്യം തീർച്ചയാണ്.

ആന്റണിചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam